8 Friday
August 2025
2025 August 8
1447 Safar 13

പള്ളിയില്‍ വെച്ച് തന്നെയാണ് നമസ്‌കരിച്ചത്

കെ എം ജാബിര്‍

രാത്രി നമസ്‌കാരത്തെക്കുറിച്ച് ഞാന്‍ എഴുതിയ ലേഖനത്തെ (ശബാബ്, 2023 ഏപ്രില്‍ 7) ആസ്പദമാക്കി കഴിഞ്ഞ ലക്കത്തില്‍ സി എം സി ഖാദര്‍ പറവണ്ണ എഴുതിയ വിമര്‍ശന കുറിപ്പ് കണ്ടു. എന്റെ ലേഖനത്തില്‍ ഞാന്‍ ഖണ്ഡിക്കാന്‍ ശ്രമിച്ചത് ‘റമദാനില്‍ ഇശാ നമസ്‌കാരത്തിനു ശേഷം പള്ളിയില്‍ വെച്ച് സംഘമായി നമസ്‌കരിക്കുന്ന രാത്രി നമസ്‌കാരം അനാചാരമാണ്’ എന്ന വാദത്തെയാണ്. അതില്‍, എതിര്‍ക്കുന്നവരുടെ പൊതുവായ ന്യായങ്ങള്‍ ഞാന്‍ ഉദ്ധരിക്കുകയും ചെയ്തിരുന്നു. ആ ന്യായങ്ങളെല്ലാം തന്നെ ദുര്‍ബലങ്ങളാണെന്നും ചരിത്രപരമായി നിലനില്‍പില്ലാത്തതാണെന്നും ഹദീസുകളെ അടിസ്ഥാനപ്പെടുത്തി മറുപടി പറയുകയാണ് ഞാന്‍ ചെയ്തത്.
നേരത്തേ ഞാന്‍ എഴുതിയത് ”റമദാനിലെ രാത്രി നമസ്‌കാരം പള്ളിയില്‍ ഇന്നു കാണുന്ന രീതിയില്‍ ഇശാ നമസ്‌കാരത്തിനു ശേഷം അനുബന്ധമായി നമസ്‌കരിക്കുന്നത് പുതുനിര്‍മിതമായ അനാചാരമാണെന്ന് ഇന്നു ചിലര്‍ വാദിക്കുന്നുണ്ട്. ഇശാഇനോട് അനുബന്ധിച്ചാകുന്നതും പള്ളിയില്‍ വെച്ചാകുന്നതുമാണ് അവര്‍ എതിര്‍ക്കുന്നതും നബിചര്യയില്‍ ഇല്ലാത്തതെന്ന് കട്ടായമായി പറഞ്ഞുകൊണ്ടിരിക്കുന്നതും. നബി(സ) രാത്രി നമസ്‌കരിച്ചതും ജനങ്ങള്‍ പിന്നില്‍ വന്നു പിന്തുടര്‍ന്നതും അറിഞ്ഞുകൊണ്ട് വ്യവസ്ഥാപിതമായി നടപ്പില്‍വരുത്തിയ കാര്യമല്ലെന്നും അതു പള്ളിയിലായിരുന്നില്ലെന്നും അതുതന്നെയും റസൂല്‍(സ) നിര്‍ത്തലാക്കുകയും ചെയ്‌തെന്നും പിന്നീട് രണ്ടാം ഖലീഫയാണ് ഇത്തരമൊരു സമ്പ്രദായം തുടങ്ങിവെച്ചതെന്നുമാണ് ഇക്കൂട്ടര്‍ ഇവരുടെ വാദത്തിനു തെളിവായി പറയുന്നത്. വാസ്തവത്തില്‍, സത്യത്തില്‍ നിന്നു പുറംതിരിഞ്ഞുനില്‍ക്കുന്ന തനി പിന്തിരിപ്പന്‍ വാദമാണിത്.”
ഇതില്‍, ആ സംഘനമസ്‌കാരം പള്ളിയില്‍ വെച്ചായിരുന്നു എന്നതിനും അത് റമദാനില്‍ തന്നെയായിരുന്നു എന്നതിനും ബുഖാരിയില്‍ തന്നെ തെളിവുണ്ടെന്നാണ് ഞാന്‍ പറഞ്ഞത്. ‘ബുഖാരി, ആയിശ(റ)യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന 1129ാം നമ്പര്‍ ഹദീസില്‍ റസൂലി(സ)ന്റെ രാത്രിനമസ്‌കാരത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ആ റിപ്പോര്‍ട്ടിന്റെ ആരംഭം ഇങ്ങനെയാണ്: ‘അന്ന റസൂലല്ലാഹി(സ) സ്വല്ലാ ദാത്ത ലൈലത്തിന്‍ ഫില്‍ മസ്ജിദി…’ ഒരു രാത്രിയില്‍ റസൂല്‍(സ) പള്ളിയില്‍ വെച്ച് നമസ്‌കരിച്ചു… അത് റമദാനിലായിരുന്നു. ബുഖാരിയിലെ റിപ്പോര്‍ട്ടില്‍ വ്യക്തമാണ് അത് പള്ളിയിലായിരുന്നു എന്നത്.
രണ്ടാമത്തെ കാര്യം, നബി(സ) തന്റെ പിറകില്‍ ജനങ്ങള്‍ തന്നെ നമസ്‌കരിച്ചുകൊണ്ട് പിന്തുടരുന്നുണ്ടെന്ന് അറിഞ്ഞിരുന്നുവെന്നും ബുഖാരിയുടെ റിപ്പോര്‍ട്ടില്‍ തന്നെയുണ്ട്. ഉദാഹരണത്തിന്, ബുഖാരി 1908ാം നമ്പര്‍ ഹദീസില്‍ അവസാന ഭാഗത്ത് ‘നിങ്ങളുടെ സാന്നിധ്യം ഞാന്‍ അറിയാതെ പോയിട്ടില്ല. നിങ്ങള്‍ക്ക് ഈ നമസ്‌കാരം നിര്‍ബന്ധമാക്കപ്പെടുന്നതും അത് നിര്‍വഹിച്ചുപോരാന്‍ നിങ്ങള്‍ അശക്തരായിത്തീരുന്നതും ഞാന്‍ ഭയപ്പെട്ടു’വെന്നു കാണാം. രാത്രിനമസ്‌കാരം പള്ളിയില്‍ ഔദ്യോഗിക സംഘാടനം ഇല്ലാത്ത ആ അവസ്ഥയിലാണ് റസൂല്‍(സ) മരിച്ചുപോയത്. ഇതുസംബന്ധമായി വന്ന ഒറ്റ റിപ്പോര്‍ട്ടിലും മേലില്‍ പള്ളിയില്‍ രാത്രിനമസ്‌കാരത്തിന്റെ ജമാഅത്ത് പാടില്ലെന്ന് വ്യാഖ്യാനിക്കാവുന്ന യാതൊരു പരാമര്‍ശവും നബി(സ)യില്‍ നിന്ന് ഉണ്ടായതായി കാണുന്നില്ല.
ഇത്ര വ്യക്തതയോടെ എഴുതിയിട്ടും മാന്യ സുഹൃത്ത് പറയുന്നത് നബി(സ) വീട്ടുമുറിയിലും പിന്തുടര്‍ന്ന സ്വഹാബിമാര്‍ പള്ളിയിലുമായിട്ടാണ് ആ നമസ്‌കാരം നടന്നതെന്നാണ്. ഖറജ… സ്വല്ലാ ഫില്‍ മസ്ജിദി… കസുറ അഹ്‌ലുല്‍ മസ്ജിദി… ഖറജ ഫ സ്വല്ലാ… അജസല്‍ മസ്ജിദു അന്‍ അഹ്‌ലി ഹി… എന്നെല്ലാം ബുഖാരിയുടെ റിപ്പോര്‍ട്ടിലുള്ളതാണ്. ‘പുറത്തേക്കു വന്നു’ എന്നു പറഞ്ഞിരിക്കെ പിന്നെയും വീട്ടുമുറിയില്‍ തന്നെയായിരുന്നു എന്നു വാദിക്കുന്നതിന്റെ അര്‍ഥം മനസ്സിലാകുന്നില്ല! ‘പള്ളിയില്‍’ എന്നു വ്യക്തമായി പറഞ്ഞിരിക്കെ, പിന്നെയും ‘വീട്ടിലെ മുറിയിലാ’യിരുന്നു എന്നു വാദിക്കുന്നതിന്റെ ഗുട്ടന്‍സും പിടികിട്ടുന്നില്ല! ഏറ്റവുമൊടുവില്‍ നാലാം ദിവസം നബി(സ) പള്ളിയിലേക്ക് വന്നില്ല. അതായത്, വിമര്‍ശകന്റെ ഭാഷയില്‍ ‘ജമാഅത്തിന് വരാതിരുന്നു’ എന്ന്. ഇതെന്തിന് ഇങ്ങനെ പ്രത്യേകം പറയണം?! ഇത് പറയുന്നതോടെ വിമര്‍ശകന്‍ വാദിച്ചുവന്നതെല്ലാം നിരര്‍ഥകമായില്ലേ? കാരണം, അതിനു മുമ്പുള്ള ദിനങ്ങളിലെല്ലാം ജമാഅത്തിനു കരുതിത്തന്നെ പുറത്തു വന്നുവെന്നല്ലേ അതിന്റെ മറുവശം? അതാകട്ടെ ഹദീസിന്റെ മൂലത്തില്‍ ഉണ്ടുതാനും!
പള്ളിയില്‍ വെച്ച് ഈ സംഘനമസ്‌കാരം വേണ്ട എന്നോ ഇശാ നമസ്‌കാരത്തിനു ശേഷം വേണ്ട എന്നോ മനസ്സിലാക്കാന്‍ ഹദീസ് മൂലത്തില്‍ എന്താണുള്ളത്? ഫര്‍ള് നമസ്‌കാരമൊഴിച്ച് സുന്നത്ത് നമസ്‌കാരങ്ങള്‍ വീടുകളില്‍ വെച്ച് നമസ്‌കരിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠം’ എന്ന് പറഞ്ഞാല്‍, പള്ളിയില്‍ വെച്ച് സുന്നത്ത് നമസ്‌കാരങ്ങള്‍ നിര്‍വഹിക്കുന്നത് ഹറാമാണെന്ന് അര്‍ഥമാക്കണോ? വിചിത്രമായ വ്യാഖ്യാനം തന്നെ. സംഘനമസ്‌കാരത്തില്‍ ആദ്യവരി ഏറ്റവും ശ്രേഷ്ഠമാണെന്നു പറഞ്ഞാല്‍ അതിനര്‍ഥം മറ്റു വരികളെല്ലാം വിലയില്ലാത്തതും നിഷിദ്ധവുമൊക്കെയാണെന്നാണോ?!
‘ഖലീഫമാരും പള്ളിയിലെ ജമാഅത്തില്‍ പങ്കെടുത്തിരുന്നില്ല’ എന്ന് താങ്കള്‍ പറയുന്നത് ഏതര്‍ഥത്തില്‍ മനസ്സിലാക്കണമെന്നാണ്? ആ ജമാഅത്ത് പള്ളിയില്‍ സംഘടിപ്പിക്കുന്നത് നിഷിദ്ധമായിരുന്നെങ്കില്‍, ഖലീഫമാര്‍ അതിനനുവാദം നല്‍കുമായിരുന്നോ? ഖലീഫമാരെക്കുറിച്ച്, നിഷിദ്ധ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവരതൊന്നും തിരുത്താതെയും നിരോധിക്കാതെയും നിസ്സംഗരായി, മൂകസാക്ഷികളായി നിലകൊള്ളുമെന്നാണോ ധരിക്കുന്നത്?
പ്രവാചകന്റെ(സ) പിന്നില്‍ രണ്ടുമൂന്നു ദിവസങ്ങള്‍ സഹാബിമാര്‍ പിന്തുടര്‍ന്ന് നമസ്‌കരിച്ചത് പ്രവാചകന്‍(സ) അറിഞ്ഞിരുന്നില്ല എന്നു പറഞ്ഞത് ഹദീസിന്റെ മൂലത്തില്‍ വ്യക്തമായി പരാമര്‍ശിക്കപ്പെട്ട കാര്യത്തെ നിഷേധിക്കലാണ്. പ്രവാചകന്‍ അറിഞ്ഞതും പ്രതികരിച്ചതും മുകളില്‍ ബുഖാരിയില്‍ നിന്നുദ്ധരിച്ചിട്ടുണ്ട്. കഴിഞ്ഞ ലക്കം കത്തില്‍ സൂചിപ്പിച്ചത് അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ്.

Back to Top