2 Monday
December 2024
2024 December 2
1446 Joumada II 0

പള്ളികള്‍ അഭയകേന്ദ്രമായി മാറണം

അക്ബര്‍ വളപ്പില്‍

മഹല്ല് നവീകരണത്തില്‍ പ്രാദേശിക നേതൃത്വത്തിന്റെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി ശംസുദ്ദീന്‍ പാലക്കോടും ഡോ. യൂനുസ് ചെങ്ങരയും എഴുതിയ ലേഖനങ്ങള്‍ കാലഘട്ടം ആവശ്യപ്പെടുന്ന മഹല്ല് ശാക്തീകരണത്തിലേക്ക് ഏറെ വെളിച്ചം വീശുന്നതായി. ഈ വിഷയവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ അടിസ്ഥാനത്തിലും കാസര്‍കോഡ് മുതല്‍ പാലക്കാട് വരെയുള്ള പള്ളി ഭാരവാഹികളെ വിളിച്ചുകൂട്ടി നടത്തിയ ഏകദിന ശില്‍പശാലയും ഏതാനും മാസങ്ങള്‍ക്കു മുമ്പ് പ്രഗല്‍ഭരായ പണ്ഡിതന്മാര്‍ നേതൃത്വം നല്‍കി നടത്തിയിരുന്നത് ഓര്‍ക്കുകയാണ്. എന്നാല്‍ ഈ മഹത്തായ സംരംഭത്തിനു ശേഷം നമ്മുടെ പള്ളി ഭാരവാഹികളും ശാഖാ ഭാരവാഹികളും ഇത് എത്രമാത്രം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചുവെന്നു വിലയിരുത്തുകയോ ആവശ്യമായ ഇടപെടലുകള്‍ നടത്തുകയോ ചെയ്തിട്ടില്ല എന്നതാണ് അനുഭവ യാഥാര്‍ഥ്യം.
ഈ രണ്ടു ശില്‍പശാലകളിലും പങ്കെടുത്ത വിനീതനായ ശാഖാ ഭാരവാഹി എന്ന നിലയില്‍ ഒരു ഫോര്‍മാറ്റ് തയ്യാറാക്കി ശാഖയിലെ പരമാവധി വീടുകളില്‍ എത്തിക്കാന്‍ ശ്രമം നടത്തുകയും ഈ വിഷയത്തിന്റെ പ്രാധാന്യം വെള്ളിയാഴ്ച ഖുത്ബയിലൂടെ ഉണര്‍ത്തുകയും ചെയ്തു. എന്നാല്‍ നിര്‍ഭാഗ്യകരമെന്നു പറയട്ടെ, അത് വേണ്ടത്ര ഫലപ്രദമായില്ല. നമ്മുടെ പള്ളിയുമായി സഹകരിക്കുന്ന കുടുംബാംഗങ്ങളുടെ ഒരു കൃത്യമായ രജിസ്റ്റര്‍ സൂക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ ഉദ്യമം.
ഒരു നൂറ്റാണ്ട് കാലമായി ഇസ്‌ലാഹി നവോത്ഥാനത്തിനു നേതൃത്വം നല്‍കിയ മഹത്തുക്കളുടെ പിന്തുടര്‍ച്ചാവകാശികള്‍ എന്ന നിലയില്‍ നമ്മുടെ സംഘടനയ്ക്ക് ഈ മഹല്ല് ശാക്തീകരണ പ്രക്രിയയില്‍ നിര്‍ണായകമായ പങ്കുവഹിക്കാനുണ്ടെന്ന് വിലയിരുത്തുകയാണ്. അതത് പ്രദേശങ്ങളില്‍ നമുക്കും വേണം ഒരു പള്ളി എന്ന സ്വപ്‌നസാക്ഷാത്കാരത്തിനായി അങ്ങേയറ്റം കഷ്ടപ്പെടുന്ന ഭാരവാഹികള്‍, നിലവിലുള്ള സംവിധാനവും സ്ഥാപനവും സൗകര്യവും ഉപയോഗപ്പെടുത്തി നമ്മുടെ പള്ളികളും സ്ഥാപനങ്ങളും ഓഫീസുകളും അതത് പ്രദേശങ്ങളിലെ സാംസ്‌കാരിക കേന്ദ്രമായി പരിവര്‍ത്തിപ്പിക്കാന്‍ അടിയന്തരമായ ആലോചനകളും ഇടപെടലുകളും സദുദ്ദേശ്യത്തോടുകൂടി നടത്തേണ്ടിയിരിക്കുന്നു. പള്ളികള്‍ കെട്ടിലും മട്ടിലും രൂപകല്‍പനയിലും മാത്രം അതുല്യമായാല്‍ പോരാ. അവനവനില്‍ അര്‍പ്പിതമായ ഭാരവാഹിത്വം യഥാവിധി നാളെ സര്‍വശക്തനായ നാഥനു മുമ്പില്‍ ചോദ്യം ചെയ്യപ്പെടുമെന്ന ബോധവും നമുക്കുണ്ടായിരിക്കണം.
ന്യായമായ ഏതു പ്രശ്‌നങ്ങള്‍ക്കും ജാതി-മതഭേദമെന്യേ സമീപിക്കാന്‍ പറ്റുന്ന രൂപത്തില്‍ ഒരു അഭയകേന്ദ്രമായി പള്ളികള്‍ പരിവര്‍ത്തിപ്പിക്കപ്പെടണം. മനോഹരമായ പള്ളി നിര്‍മിച്ച് ഒരു ഇമാമിനെയും നിശ്ചയിച്ച്, സമയാസമയങ്ങളില്‍ ബാങ്ക്‌വിളിയും ജമാഅത്ത് നമസ്‌കാരങ്ങളും മാത്രം നിര്‍വഹിക്കപ്പെടുന്നതോടെ തീരുന്നതല്ല നമ്മുടെ കാലഘട്ടം ആവശ്യപ്പെടുന്ന ഉത്തരവാദിത്തം എന്ന തിരിച്ചറിവ് മഹല്ല് ഭാരവാഹികള്‍ക്കും സംഘടനാ നേതാക്കള്‍ക്കും ഉണ്ടാകേണ്ടിയിരിക്കുന്നു.

Back to Top