8 Sunday
February 2026
2026 February 8
1447 Chabân 20

ഫലസ്തീന്‍ ക്രിസ്ത്യന്‍ ആധിപത്യത്തില്‍

എം എസ് ഷൈജു


ഫലസ്തീന്‍ ഒരു റോമന്‍ അധിനിവേശ പ്രദേശമായി മാറിയ കാലഘട്ടത്തിന് ശേഷം മാത്രമാണ് ജൂത ചരിത്രം അംഗീകൃതമായ തെളിവുകളുടെ പിന്‍ബലത്തോടെ ആധുനിക ചരിത്രത്തിന്റെ ഭാഗമായി മാറുന്നത്. അതുവരെ അവരുമായി ബന്ധപ്പെട്ട് പറയപ്പെടുന്നതും എഴുതപ്പെടുന്നതുമായ സംഭവങ്ങളും കഥകളുമെല്ലാം പുരാവൃത്തങ്ങളുടെ ഗണത്തിലേ ഉള്‍പ്പെടൂവെന്ന് നാം നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. ഗ്രീക്കുകാരുടെ മതപീഡന കാലത്തിന് ശേഷം അവിടെ റോമാക്കാര്‍ വന്നതില്‍ യഹൂദര്‍ പൊതുവെ സന്തുഷ്ടരായിരുന്നു. റോമന്‍ ഭരണത്തിന് കീഴില്‍ അവര്‍ പ്രശ്‌നങ്ങളില്ലാതെ കഴിഞ്ഞ് കൂടുകയും ചെയ്തു. റോമാ സാമ്രാജ്യത്തിന്റെ പ്രതിനിധിയാണ് അവരെ ഭരിച്ചത്. ഭരണീയരെ തൃപ്തിപ്പെടുത്താനായി അയാള്‍ അവരുടെ രണ്ടാം ദേവാലയത്തെ കൂടുതല്‍ വിസ്തൃതമാക്കിക്കൊടുക്കുകയും ചെയ്തു. റോമന്‍ ഭരണത്തിന് കീഴില്‍ യഹൂദരുടെ പുരോഹിതര്‍ക്ക് പ്രാധാന്യവും അംഗീകാരവും ലഭിച്ചിരുന്നു. ഇതൊക്കെ റോമന്‍ സാമ്രാജ്യത്തിന് വിധേയരാകാന്‍ അവരെ കൂടുതല്‍ പ്രേരിപ്പിച്ചു.
റോമാ സാമ്രാജ്യത്തിന് കീഴില്‍ സമ്പൂര്‍ണ സ്വതന്ത്രരായി യഹൂദര്‍ താമസിച്ച് പോരുമ്പോഴാണ് ചരിത്രപുരുഷനായ യേശുക്രിസ്തു യഹൂദ ഗോത്രത്തില്‍ ജനിക്കുന്നത്. മോശെക്ക് ശേഷം നിരവധി പുരോഹിതര്‍ ഓരോ കാലത്തും യഹൂദര്‍ക്കിടയില്‍ ഉണ്ടായിരുന്നു. പുരോഹിതന്മാരുടെ അപ്രമാദിത്യവും അതിപ്രസരവും തന്നെ അവരിലുണ്ടായിരുന്നു. യഹൂദരുടെ ആത്മീയാചാര്യന്മാരായിരുന്നു ഈ പുരോഹിതര്‍. ഇത്തരത്തിലുള്ള അനേകം യഹൂദ പുരോഹിതരെ ക്രൈസ്തവ പാരമ്പര്യവും ചരിത്ര പുരുഷന്മാരും ദൈവദൂതന്മാരുമായി കാണുന്നുണ്ട്. ഇവരില്‍ പലരേയയും സുദീര്‍ഘമായ ഒരു പ്രവാചകത്വ ശ്യംഖലയിലെ ഓരോ പ്രവാചകന്മാരായാണ് മുസ്‌ലിംകളും വിശ്വസിക്കുന്നത്.
അങ്ങനെയുള്ള ഒരു പുരോഹിതനായിരുന്നു സ്‌കര്യ. ഇസ്‌ലാമികധാരയില്‍ അദ്ദേഹം സക്കരിയ പ്രവാചകന്‍ എന്ന് വിളിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ മകന്‍ യോഹന്നാന്‍/ യഹ്‌യ പ്രവാചകനേയും തങ്ങളുടെ പൂര്‍വ പുരോഹിതരില്‍ ഒരാളായാണ് യഹൂദ ചരിത്രം കണക്കാക്കുന്നത്. സ്‌കര്യ പ്രവാചകന്റെ ചെറുമകനായാണ് യേശു ക്രിസ്തു ജനിക്കുന്നത്. പാരമ്പര്യം കൊണ്ട് യഹൂദരിലെ ആദരണീയനായ ഒരു പുരോഹിതനായി മാറേണ്ട ആളാണ് ക്രിസ്തു. പക്ഷെ ക്രിസ്തുവിന്റെ ജനനം മുതല്‍ അവര്‍ക്ക് ക്രിസ്തുവിനോട് ആഭിമുഖ്യക്കുറവുണ്ടായിരുന്നു. ക്രിസ്ത്യന്‍, ഇസ്‌ലാം വിശ്വാസങ്ങള്‍ പ്രകാരം യേശു ക്രിസ്തുവിന്റെ ജനനം ദൈവത്തിന്റെ ഒരത്ഭുത പ്രവര്‍ത്തനമാണെങ്കില്‍, ജൂതര്‍ അതിനെയൊരു അഭിശപ്ത ജനനമായിട്ടായിരുന്നു കണ്ടത്.
യഹൂദ പാരമ്പര്യത്തിനിണങ്ങും വിധമായിരുന്നില്ല ക്രിസ്തു ജീവിച്ചത്. യഹൂദ പ്രമാണങ്ങളോടും കാഴ്ചപ്പാടുകളോടും അദ്ദേഹം യോജിച്ചില്ല. സ്വതന്ത്രവും ലളിതവുമായ ഒരു ജീവിത വ്യാഖ്യാനത്തിലാണ് അദ്ദേഹം വിശ്വസിച്ചത്. അത് അദ്ദേഹം പ്രബോധനം നടത്തുകയും ചെയ്തു. യഹൂദരുടെ ജീവിതത്തിലെ സ്ഖലിതങ്ങള്‍ തിരുത്തുവാന്‍ യേശു ആഹ്വാനം ചെയ്തു. പ്രമാണങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും അമിതപ്രാധാന്യം നല്‍കുന്ന ഒരു ജനതക്കും തിരുത്തലുകള്‍ ഇഷ്ടമല്ല. യഹൂദ വിശ്വാസങ്ങള്‍ കഠിനവും സങ്കീര്‍ണവുമായതാണ്. അതിലെ കാഠിന്യങ്ങളെയും സങ്കീര്‍ണതകളെയും ലളിതമാക്കാനാണ് ക്രിസ്തു ശ്രമിച്ചത്. മതം ലളിതമാകുന്നതും സര്‍വര്‍ക്കും അത് പ്രാപ്തമാകുന്നതും എല്ലാ കാലത്തും പൗരോഹിത്യ താത്പര്യങ്ങള്‍ക്കെതിരാണല്ലോ. ക്രിസ്തുവിന്റെ വിഷയത്തിലും അത് തന്നെയാണ് സംഭവിച്ചത്. ക്രിസ്തു പ്രചരിപ്പിക്കുന്ന ആശയങ്ങള്‍ യഹൂദ പാരമ്പര്യങ്ങള്‍ക്ക് എതിരായതാണെന്ന് യഹൂദ നേതാക്കള്‍ കരുതി. യഹൂദ ജനത ക്രിസ്തുവിനൊപ്പം ചേര്‍ന്നാല്‍ തങ്ങളുടെ പാരമ്പര്യം കളങ്കപ്പെട്ട് പോകുമെന്നും അതിന് നാശം സംഭവിക്കുമെന്നും അവര്‍ ഭയപ്പെട്ടു. ഒന്നാമതേ, യേശു അവര്‍ക്ക് ജന്മനാ തന്നെ അസ്വീകാര്യനായിരുന്നു. കൂട്ടത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടിയായപ്പോള്‍ വിദ്വേഷവും പകയും ജൂത പുരോഹിതരില്‍ വന്യമായി. ക്രിസ്തുവിനെ വധിക്കാനുള്ള ഒരു തീരുമാനം അവര്‍ സംഘടിതമായി കൈക്കൊള്ളുകയും ചെയ്തു.
ക്രിസ്തു വധത്തിനുള്ള ഒരു പദ്ധതിയുമായി യഹൂദര്‍ റോമന്‍ ഗവര്‍ണറുടെ പ്രതിനിധിയായ പിലാത്തോസിനെ സമീപിക്കുകയും അദ്ദേഹത്തെ വശത്താക്കുകയും ചെയ്തു. ക്രിസ്തുവിനെതിരെയുള്ള കുറ്റങ്ങള്‍ പിലാത്തോസിനെ ബോധ്യപ്പെടുത്താന്‍ അവര്‍ ശ്രമിച്ചു. കുറ്റ വിചാരണക്കായി റോമന്‍ പടയാളികളുമായി യഹൂദ നേതാക്കള്‍ ക്രിസ്തുവിനെ അന്വേഷിച്ചിറങ്ങി. ഗത്സമന തോട്ടത്തില്‍ നിന്ന് യഹൂദര്‍ ക്രിസ്തുവിനെ പിടികൂടി. വധ ശിക്ഷക്ക് വിധിക്കപ്പെട്ട ക്രിസ്തുവിനെ അവര്‍ മാരകമായി പീഡിപ്പിച്ചു എന്നും കുരിശിലേറ്റി വധിച്ചു കളഞ്ഞു എന്നുമാണ് ബൈബിള്‍ ചരിത്രം. എന്നാല്‍ യേശു ക്രിസ്തുവിനെ ദൈവം അവനിലേക്ക് ഉയര്‍ത്തിയെന്നും മറ്റാരെയെയോ ആണ് യഹൂദര്‍ വധിച്ചത് എന്നുമാണ് ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള ഖുര്‍ആനിക ഭാഷ്യം.
ഈ സംഭവത്തിന് ശേഷം ക്രിസ്തു ശിഷ്യര്‍ ജറുസലേമിലും അതിന് പുറത്തുള്ള ഫലസ്തീന്‍ പ്രദേശങ്ങളിലുമെല്ലാം യഹൂദരാല്‍ വ്യാപകമായി പീഡിപ്പിക്കപ്പെട്ടു. അവിടെ നിന്നും ജീവരക്ഷാര്‍ഥം പലായനം ചെയ്ത അവരില്‍ ഏറിയ പങ്കും റോമില്‍ അഭയം പ്രാപിച്ചു. അവിടെ രഹസ്യമായി അവര്‍ മതപ്രബോധനം ആരംഭിക്കുകയും ചെയ്തു. കുറെയധികം വര്‍ഷങ്ങള്‍ കൊണ്ട് റോമില്‍ ഗണ്യമായ ക്രിസ്തു അനുയായികള്‍ ഉണ്ടായി. യേശു ക്രിസ്തുവിന്റെ അധ്യാപനങ്ങള്‍ അവര്‍ രഹസ്യമായും പരസ്യമായും പ്രബോധനം ചെയ്ത് കൊണ്ടിരുന്നു. ജൂതരും റോമാക്കാരും തമ്മിലുണ്ടായിരുന്ന ബന്ധം വഷളാകുന്നതും ഏതാണ്ട് ഈ കാലത്ത് തന്നെയാണ്. യഹൂദര്‍ റോമാ സാമ്രാജ്യത്തിനെതിരില്‍ വിപ്ലവം നടത്തി. തുടര്‍ന്ന് റോം വമ്പന്‍ സൈന്യത്തെ അയച്ച് ജെറുസലേമിനെ ആക്രമിച്ചു. അതിഭീകരമായ ഒരാക്രമണത്തെയാണ് ജൂതര്‍ക്ക് നേരിടേണ്ടി വന്നത്. നഗരത്തില്‍ നിന്ന് വീണ്ടും ജൂതന്മാര്‍ ആട്ടിപ്പായിക്കപ്പെട്ടു. ഈ ആട്ടിപ്പായിക്കലുകളിലൂടെയാണ് ജൂതര്‍ യൂറോപ്പ് ഉള്‍പ്പെടെയുള്ള വിവിധ വന്‍കരകളിലേക്ക് എത്തിപ്പെടുന്നത്. എത്തിപ്പെട്ട ഇടങ്ങളിലെ സാഹചര്യങ്ങളോട് ഇണങ്ങി ജീവിക്കുമ്പോഴും തങ്ങളുടെ വംശീയ വ്യതിരിക്തത കലര്‍പ്പില്ലാതെ നിലനിര്‍ത്തുന്നതില്‍ അവര്‍ ശ്രദ്ധാലുക്കളായിരുന്നു.
റോമാക്കാര്‍ വിസ്തൃതമാക്കിക്കൊടുത്ത രണ്ടാം ദേവാലയം റോമന്‍ ചക്രവര്‍ത്തിയാല്‍ തന്നെ കല്ലോട് കല്ല് നശിപ്പിക്കപ്പെട്ടു. ജൂത നിര്‍മിതികളൊന്നും പിന്നീട് അവിടെ അവശേഷിച്ചില്ല. എല്ലാം തരിപ്പണമാക്കപ്പെട്ടു. അവശിഷ്ടങ്ങള്‍ക്ക് മുകളില്‍ പുതിയ നഗരവും നിര്‍മിക്കപ്പെട്ടു. ആ നഗരത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ജൂതര്‍ വിലക്കപ്പെട്ടു. അന്നത്തെ തകര്‍ച്ചയില്‍ നിന്ന് ആകെ രക്ഷപ്പെട്ടത് രണ്ടാം ദേവാലയത്തിന്റെ പടിഞ്ഞാറെ മതില്‍ക്കെട്ടിന്റെ ഒരു തകര്‍ന്ന ഭാഗം മാത്രമാണെന്നാണ് കരുതപ്പെടുന്നത്. ആ മതില്‍ ഭാഗമാണ് നാം നേരത്തെ പറഞ്ഞ വിലാപ മതില്‍. അതും തേടിയാണ് ലോകത്തെല്ലായിടത്തുമുള്ള ജൂതര്‍ ഇന്നും അവിടെ വരുന്നത്. ചരിത്രത്തില്‍ പിന്നീട് സംഭവിച്ച തുടര്‍ച്ചകളെയും സാമൂഹിക യാഥാര്‍ഥ്യങ്ങളെയുമൊക്കെ തിരസ്‌കരിച്ചും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് മനുഷ്യരില്‍ സംഭവിച്ച സാംസ്‌കാരികവും സാമൂഹികവുമായ വളര്‍ച്ചകളെ അവഗണിച്ചും ഒരു പൗരാണിക കാലത്ത് നടന്നു എന്ന് കരുതപ്പെടുന്ന ഒരു പുരാവൃത്തത്തിന്റെ ചുവട് പിടിച്ചാണ് ജൂതര്‍ ഇന്ന് ഇസ്രായേല്‍ എന്ന ഒരു രാഷ്ട്രം ഒരു ജന വിഭാഗത്തിന്റെ നെഞ്ചില്‍ സ്ഥാപിച്ചിരിക്കുന്നത്.
അതിനിടയില്‍ സംഭവിച്ച ഒരു വലിയ സംഗതിയാണ് റോമാ ചക്രവര്‍ത്തിയുടെ ക്രൈസ്തവ മതാശ്ലേഷണം. ലോകത്തിന്റെ മത ഘടനയില്‍ തന്നെ വലിയ മാറ്റം വരുത്താന്‍ പിന്നീട് നിദാനമായത് ഈയൊരു സംഭവമായിരുന്നു. ക്രിസ്തു മതത്തിന്റെ അഭൂതപൂര്‍വമായ വ്യാപനത്തിന് തുടക്കമിട്ട സംഭവം എന്ന് വേണമെങ്കില്‍ നമുക്ക് ഇതിനെ വിളിക്കാം. ഇന്ന് നാം കാണുന്ന പല മതങ്ങളുടെയും വ്യാപനത്തിനും ശക്തിക്കും പിന്നില്‍ ഓരോ കാലത്തും അതിനെ പിന്തുണച്ചിരുന്ന ഭരണകര്‍ത്താക്കള്‍ വലിയൊരു കാരണമായിട്ടുണ്ടെന്ന് ചരിത്രം നമുക്ക് പറഞ്ഞ് തരുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനേകക്കണക്കിന് ആത്മീയാചാര്യന്മാരാലും ചിന്തകരാലും സ്ഥാപിതമായ ദൈവശാസ്ത്ര സിദ്ധാന്തങ്ങളും ദര്‍ശനങ്ങളും എണ്ണമറ്റതുണ്ടെങ്കിലും ചക്രവര്‍ത്തിമാരുടെയും രാജാക്കന്മാരുടെയും പിന്തുണ കിട്ടിയതോ സ്വയം രാഷ്ട്രീയ ശക്തിയായി മാറിയിട്ടുള്ളതോ ആയവക്ക് മാത്രമേ വ്യാപന ശേഷി ലഭിച്ചിട്ടുള്ളൂ എന്നും നമുക്ക് മനസിലാക്കാന്‍ സാധിക്കും.
റോമന്‍ ചക്രവര്‍ത്തി ക്രിസ്തുമതാനുയായി ആയതോടെ റോമിലുള്ള ക്രിസ്ത്യന്‍ മത പ്രചാരണം ദ്രുതഗതിയിലായി. റോമന്‍ സാമ്രാജ്യം മെല്ലെ മെല്ലെ പൂര്‍ണമായും ക്രിസ്തീയവല്‍ക്കരിക്കപ്പെടുകയായിരുന്നു. ചക്രവര്‍ത്തിയുടെ മാതാവും ക്രിസ്ത്യന്‍ വിശ്വാസം സ്വീകരിച്ചിരുന്നു. അക്കാലത്താണ് ജറുസലേമില്‍ ഇന്ന് കാണുന്ന ക്രൈസ്തവ നിര്‍മിതികള്‍ക്ക് തുടക്കം കുറിച്ചത്. യേശുവിനെ കുരിശിലേറ്റി എന്ന് കരുതപ്പെടുന്ന സ്ഥലത്ത് ചക്രവര്‍ത്തിനി ഒരു ആരാധനാലയം സ്ഥാപിച്ചു. അതാണ് ഇന്നത്തെ ഉയര്‍ത്തെഴുന്നേല്‍പ് പള്ളി. അഉ 395ല്‍ റോമന്‍ സാമ്രാജ്യം വിഭജിക്കപ്പെടുകയും അതില്‍ നിന്ന് ബൈസാന്തിയന്‍ സാമ്രാജ്യം എന്ന പേരില്‍ ഒരു പുതിയ ഭരണകൂടം ഉണ്ടാകുകയും ചെയ്തു. ഫലസ്തീന്‍ പൂര്‍ണമായും ബൈസാന്തിയന്‍ സാമ്രാജ്യത്തിന് കീഴിലായി.
യഹൂദര്‍ ഓടിപ്പോയതോടെ ജെറുസലേം പൂര്‍ണമായും ക്രിസ്ത്യന്‍ അധീനതയിലായി. നിരവധി ക്രിസ്തീയ സ്മാരകങ്ങളും ആരാധനാലയങ്ങളും അവിടെയുണ്ടായി. ഉയര്‍ത്തെഴുന്നേല്‍പ് പള്ളി ക്രിസ്ത്യന്‍ പൗരോഹിത്യത്തിന്റെ ആസ്ഥാനമായി നിലകൊണ്ടു. അതി ഭീകരമായ യഹൂദ കൂട്ടക്കൊലയുടെ നാളുകളായിരുന്നു തുടര്‍ന്ന് സംഭവിച്ചത്. ക്രിസ്തു ഘാതകരായ ജൂതന്മാര്‍ക്കെതിരെയുള്ള ക്രൈസ്തവ വിശ്വാസികളുടെ രോഷം ആക്രമണങ്ങള്‍ക്ക് ആക്കം കൂട്ടി. യേശു യഹൂദ വംശക്കാരനായിരുന്നുവെങ്കിലും ക്രിസ്ത്യാനികള്‍ യഹൂദ വംശക്കാരായിരുന്നില്ല. വളരെ പരിമിതമായ ആളുകള്‍ മാത്രമേ യഹൂദ വംശത്തില്‍ നിന്നുള്ളവരായി ക്രിസ്ത്യാനികളില്‍ ഉണ്ടായിരുന്നുള്ളൂ. അത് കൊണ്ട് തന്നെ വംശീയമായ ബോധങ്ങള്‍ കൊണ്ടുള്ള ഒരു പരിഗണനയും ഫലസ്തീനില്‍ ജൂതന്മാര്‍ക്ക് കിട്ടിയില്ല. ജറുസലേമിന് പുറത്ത്, ഫലസ്തീന്റെ മറ്റ് പ്രദേശങ്ങളില്‍ പാര്‍ത്ത് വന്ന ജൂതന്മാരില്‍ മഹാ ഭൂരിപക്ഷവും ജീവരക്ഷാര്‍ഥം അവിടം വിട്ട് യൂറോപ്പിലേക്കും മറ്റും ഓടിപ്പോയി. ജറുസലേം നഗരത്തില്‍ ഒറ്റ ജൂതനും നേരത്തെ തന്നെ ഇല്ലാതായിരുന്നു. ജെറുസലേം മെല്ലെ ഒരു ചെറിയ ക്രിസ്ത്യന്‍ മതരാഷ്ട്രമായി മാറി.
(തുടരും)

Back to Top