ഫലസ്തീനി സ്വരങ്ങളെ നിശ്ശബ്ദമാക്കുന്ന ഭീകരത
ഒക്ടോബര്‍ 7-നു ശേഷം, ഫലസ്തീനി വിദഗ്ധരുടെയും അവക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നവരുടെയും ശബ്ദം പുറത്തുകേള്‍ക്കാതാക്കി ഒരു കൂട്ടം മാധ്യമങ്ങള്‍. നൗറാ ഇറാകത്തുമായി തത്സമയ ടി വി അഭിമുഖം നടത്തിയ സി ബി എസ് വീഡിയോയില്‍ നിന്ന് ആ ഭാഗമേ നീക്കിക്കളഞ്ഞു. യൂസുഫ് മുനയ്യറും ഉമര്‍ ബദ്ദാറും എന്താണ് പറയാനുദ്ദേശിക്കുന്നതെന്നറിയിച്ചതോടെ സി എന്‍ എന്‍ അവരുടെ ടി വി പരിപാടി റദ്ദാക്കി. മെഹ്ദി ഹസനെയും അയ്മന്‍ മുഹ്‌യില്‍ദീനെയും പോലുള്ള അവതാരകരെ ഒതുക്കിക്കളഞ്ഞു. അവരുടെ വൈദഗ്ധ്യം ഏറെ ആവശ്യമായ കാലത്ത് അവരുടെ പരിപാടികള്‍ യാദൃച്ഛികമായി സംപ്രേക്ഷണം ചെയ്യാതെയായി. 2014 ജൂലൈയില്‍ ഗസ്സക്കെതിരെ ഇസ്രായേല്‍ യുദ്ധം നടത്തിയപ്പോഴും മാറ്റിനിര്‍ത്തപ്പെട്ടിരുന്നതിനാല്‍ മുഹ്‌യില്‍ദീന് പുതുതായൊന്നും തോന്നിയിട്ടുണ്ടാവില്ല. ന്യൂയോര്‍ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ്, ലോസ് ആഞ്ജലസ് ടൈംസ് എന്നീ മാധ്യമങ്ങള്‍ ഇസ്രായേലികളുടെ കൊലപാതകങ്ങളെ വിവരിക്കാന്‍ വികാരനിര്‍ഭരമായ ഭാഷ ഉപയോഗിക്കുകയും അവരുടെ മരണങ്ങള്‍ക്ക് അനുപാതങ്ങള്‍ക്കപ്പുറമായ ഊന്നല്‍ നല്‍കുകയും ചെയ്തതായി ഇന്റര്‍സെപ്റ്റ് പ്രസിദ്ധീകരിച്ച ഒരു പഠനം ചൂണ്ടിക്കാട്ടുന്നു.