യു എസ് പ്രതിഷേധം ഫലസ്തീനി മാധ്യമ പ്രവര്‍ത്തകയുടെ പുരസ്‌കാരം റദ്ദാക്കി
ഫലസ്തീനി മാധ്യമപ്രവര്‍ത്തക മാഹാ ഹുസൈനിക്ക് പ്രഖ്യാപിച്ച ധീരതയ്ക്കുള്ള മാധ്യമ പുരസ്‌കാരം (കറേജ് ഇന്‍ ജേണലിസം അവാര്‍ഡ്) റദ്ദാക്കിയിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ വിമന്‍സ് മീഡിയ ഫൗണ്ടേഷന്‍. ഗസ്സാ മുനമ്പില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത രണ്ട് സ്‌റ്റോറികളായിരുന്നു അവാര്‍ഡിനായി പരിഗണിച്ചത്. പുരസ്‌കാരം ലഭിച്ച മൂന്നു പേരില്‍ ഒരാളായിരുന്നു മാഹാ ഹുസൈനി. യുദ്ധസാഹചര്യത്തില്‍ ഗസ്സയിലെ വീടുകളില്‍ പ്രസവിക്കുന്ന സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചുള്ള റിപ്പോര്‍ട്ടിനും ബോംബ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ പക്ഷാഘാതം ബാധിച്ച ആറു വയസ്സുള്ള സഹോദരനെ മൈലുകളോളം ചുമക്കേണ്ടിവന്ന ഒരു പെണ്‍കുട്ടിയെ കുറിച്ചുമുള്ള റിപ്പോര്‍ട്ടുമായിരുന്നു പുരസ്‌കാരത്തിന് അര്‍ഹമായത്. എന്നാല്‍, മാഹാ ഹുസൈനിക്ക് പുരസ്‌കാരം നല്‍കിയതിനെതിരെ വിമര്‍ശനവുമായി യുഎസ് രംഗത്തെത്തുകയായിരുന്നു. ഇസ്രായേലി അധിനിവേശത്തിനെതിരായ ചെറുത്തുനില്‍പിനെ പിന്തുണച്ചുള്ള മാഹായുടെ പഴയ ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു യുഎസിലെ വലതുപക്ഷ ഗ്രൂപ്പുകളും ചില പ്രസിദ്ധീകരണങ്ങളും ഐ.ഡബ്ല്യൂ.എം.എഫിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചത്.