ഫലസ്തീനിലെ യുദ്ധകുറ്റകൃത്യങ്ങളെക്കുറിച്ച് ഐ സി സി അന്വേഷണം ആരംഭിച്ചു

ഫലസ്തീനില്‍ ഇസ്‌റായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധ കുറ്റകൃത്യങ്ങളെക്കുറിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി(ഐ സി സി) പ്രാഥമിക അന്വേഷണം ആരംഭിച്ചു. സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇരു വിഭാഗത്തെയും കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്ന് കോടതിയുടെ പ്രോസിക്യൂട്ടര്‍ വ്യാഴാഴ്ച അറിയിച്ചു. ഫലസ്തീന്‍ യുദ്ധ കുറ്റകൃത്യ കേസില്‍ തങ്ങള്‍ക്ക് അധികാരപരിധി ഉണ്ടെന്ന് കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്ത് യു എസും ഇസ്‌റായേലും രംഗത്തു വന്നിരുന്നു. അഞ്ച് വര്‍ഷത്തോളം നീണ്ടുനിന്ന കഠിനമായ പ്രാഥമിക പരിശോധനയെ തുടര്‍ന്നാണ് സമഗ്ര അന്വേഷണം ആരംഭിക്കാനുള്ള തീരുമാനം ഞങ്ങളുടെ ഓഫീസ് എടുത്തതെന്ന് പ്രോസിക്യൂട്ടറായ ഫാതു ബെന്‍സൗദ പറഞ്ഞു. അതേസമയം, ഐ സി സിയുടെ തീരുമാനത്തെ യു എസ് ശക്തമായി എതിര്‍ക്കുന്നതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് യു എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഫലസ്തീനികളും ഇസ്‌റായേലികളും നടത്തിയ യുദ്ധക്കുറ്റങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ വഴിയൊരുക്കുമെന്നാണ് കോടതി അറിയിച്ചത്.
