ഫലസ്തീനികളെ ലോകകപ്പില്‍ പങ്കെടുക്കാന്‍ അനുവദിക്കണം: ഇസ്‌റാഈലിനോട് ഖത്തര്‍

ഫലസ്തീനികളെ ലോകകപ്പ് കാണാന്‍ അനുവദിക്കണമെന്ന് ഖത്തര്‍ ഇസ്‌റാഈലിനോട് ആവശ്യപ്പെട്ടു. ഖത്തറിന് ഇസ്‌റാഈലുമായി ഔദ്യോഗിക ബന്ധമില്ലെങ്കിലും ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ആവശ്യമുന്നയിച്ചത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന 10,000 ഇസ്‌റാഈലി ആരാധകര്‍ക്ക് പിന്തുണ നല്‍കാന്‍ ഖത്തറില്‍ ഇസ്‌റാഈലിന്റെ താല്‍ക്കാലിക കോണ്‍സുലാര്‍ ഓഫീസ് തുറക്കാന്‍ അനുവദിക്കുന്നതിനെ സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഓഫീസ് തുറക്കുകയാണെങ്കില്‍ ലോകകപ്പ്് അവസാനിക്കുന്ന മുറയ്ക്ക് ഓഫീസ് പൂട്ടുമെന്ന് ഇസ്‌റാഈല്‍ ദിനപത്രമായ ഹാരെറ്റ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്‌റാഈല്‍ അധിനിവേശ ഭരണകൂടത്തിന് അധിനിവേശ പ്രദേശങ്ങളിലേക്കും പുറത്തേക്കും ഫലസ്തീനികളുടെ സഞ്ചാരത്തിന് പൂര്‍ണ നിയന്ത്രണമുണ്ട്. ഇതിനര്‍ഥം, അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെ അനധികൃത താമസസ്ഥലങ്ങളില്‍ വസിക്കുന്ന 7,50,000 ഓളം ഇസ്‌റാഈല്‍ പൗരന്മാര്‍ക്ക് തടസ്സമില്ലാതെ വരാനും തിരിച്ചു പോകാനും കഴിയുമ്പോള്‍, ലോകകപ്പിലേക്ക് ഫലസ്തീനികള്‍ യാത്ര ചെയ്യുന്നത് തടയാനോ അനുവദിക്കാനോ ഇസ്‌റാഈലിന് കഴിയും. എന്നാല്‍ എത്ര ഫലസ്തീനികള്‍ക്ക് ഖത്തറിലേക്ക് പോകാനും തിരിച്ചു മടങ്ങാനും സാധിക്കുമെന്നത് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
