1 Tuesday
July 2025
2025 July 1
1447 Mouharrem 5

ഫലസ്തീന്‍: ഇടിച്ചുനിരത്തലിനെതിരെ യു എന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍


ഫലസ്തീന്‍ വീടുകളും കെട്ടിടങ്ങളും ഇടിച്ചുനിരപ്പാക്കി മുന്നോട്ടുപോകുന്ന ഇസ്‌റാഈലിന്റെ നടപടിക്കെതിരെ യൂറോപ്യന്‍ യൂണിയനും ഐക്യരാഷ്ട്രസഭയും രംഗത്ത്. ജോര്‍ദാന്‍ താഴ്‌വരയിലെ ഹുംസ അല്‍ ബഖിയയിലെ ഫലസ്തീന്‍ സമൂഹത്തിന്റെ താമസസ്ഥലങ്ങള്‍ തകര്‍ക്കുന്നത് അടിയന്തരമായി അവസാനിപ്പിക്കണമെന്ന് വെള്ളിയാഴ്ച യു എന്‍ സുരക്ഷാസമിതി പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പശ്ചിമേഷ്യയില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ ആഴത്തിലുള്ള ആശങ്ക രേഖപ്പെടുത്തുന്നതായും ഫലസ്തീനില്‍ അടുത്തിടെ വര്‍ധിച്ചിട്ടുള്ള പൊളിച്ചുനീക്കലും സ്വത്തുവകകള്‍ കണ്ടുകെട്ടുന്നതും സംബന്ധിച്ചും ആശങ്ക രേഖപ്പെടുത്തുന്നതായും യൂറോപ്യന്‍ യൂണിയന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. എസ്‌തോനിയ, ഫ്രാന്‍സ്, അയര്‍ലാന്റ്, നോര്‍വേ, യു കെ എന്നീ രാജ്യങ്ങളാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. യൂറോപ്യന്‍ യൂണിയനിലെ അംഗങ്ങളുടെ ധനസഹായം ഉള്‍പ്പെടുത്തിയാണ് ഇസ്‌റാഈല്‍ ജോര്‍ദാന്‍ വാലിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. 41 കുട്ടികളടക്കം 70 പേര്‍ ബെദോഇന്‍ കമ്മ്യൂണിറ്റിയില്‍ താമസിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Back to Top