20 Saturday
April 2024
2024 April 20
1445 Chawwâl 11

ഫലസ്തീനില്‍ പുകയുന്ന അശാന്തി

അര്‍ശദ് കാരക്കാട്

ഫലസ്തീനിലെ തീരപ്രദേശത്ത് നിന്ന് ഹമാസ് ഇസ്‌റാഈലിലേക്ക് റോക്കറ്റ് വിക്ഷേപിച്ചുവെന്ന് ആരോപിച്ച് ഉപരോധിക്കപ്പെട്ട ഗസ്സ മുനമ്പില്‍ ഇസ്‌റാഈല്‍ ആക്രമണം നടത്തിയത് മെയ് 10-നായിരുന്നു. പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് യു എന്‍ സുരക്ഷാ സമിതി ജറൂസലമില്‍ അടിയന്തര യോഗം വിളിക്കുകയും ലോക നേതാക്കള്‍ യുദ്ധസാഹചര്യം ഇല്ലാതാക്കാന്‍ ഇടപെടുകയും ചെയ്തു. ബൈത്തുല്‍ മുഖദ്ദിസിലെ ഇസ്‌റാഈല്‍ സേനയുടെ നരനായാട്ട് ലോകം പ്രശ്‌നസങ്കീര്‍ണതയോടെ കാണുകയും അപലപിക്കുകയും ചെയ്തു.
11 ദിവസം നീണ്ടുനിന്ന ഇസ്‌റാഈല്‍-ഫലസ്തീന്‍ യുദ്ധത്തില്‍, 66 കുട്ടികള്‍ ഉള്‍പ്പെടെ 260 ഫലസ്തീനികളും രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 13 ഇസ്‌റാഈലുകാരും കൊല്ലപ്പെട്ടു. മെയ് 21-ന് ഈജിപ്തിന്റെ മധ്യസ്ഥതയോടെ വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമാവുകയും ചെയ്തു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നെങ്കിലും ഇസ്‌റാഈലിന്റെ ഫലസ്തീന്‍ സമീപനത്തില്‍ മാറ്റം വന്നിട്ടില്ലെന്നതാണ് ഫലസ്തീനികള്‍ക്കെതിരെ ക്രൂരമായ പീഡനവും ആക്രമണവും അവസാനിക്കാതെ തുടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യം സാക്ഷ്യപ്പെടുത്തുന്നത്. ഫലസ്തീനികളുടെ അന്ത്യം കാണുന്നത് വരെ അത് ഒരിക്കലും മാറുകയില്ലെന്നതിന് ചരിത്രവും വര്‍ത്തമാനവും സാക്ഷിയാണ്.
ഇസ്‌റാഈലിന്റെ 11 ദിവസത്തെ ആക്രണമത്തിന് ആഴ്ചകള്‍ക്ക് ശേഷം, വീണ്ടും ആക്രമണങ്ങള്‍ തുടര്‍ന്നു. അതിന് വെടിനിര്‍ത്തല്‍ കരാറുകളും, സമവായ ശ്രമങ്ങളും തടസ്സമാകുന്നില്ലെന്നത് വിചിത്രമായ കാര്യമൊന്നുമല്ല. കാരണം, ഇസ്‌റാഈലിന്റ രാഷ്ട്രീയ നിലപാട് അതല്ലാതെ മറ്റൊന്നാകാന്‍ സാധ്യതയില്ലെന്നതാണ്. ഒടുവിലായി, ഫലസ്തീന്‍ പ്രദേശങ്ങളില്‍ നിന്ന് അഗ്നി ബലൂണുകള്‍ പ്രയോഗിച്ചുവെന്ന് ആരോപിച്ച് ജൂലൈ 4-ന് രാത്രി ഉപരോധിക്കപ്പെട്ട ഗസ്സ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങളില്‍ ഇസ്‌റാഈല്‍ ആക്രമണം നടത്തിയിരുന്നു. മെയ് മാസത്തിലെ ആക്രമണത്തിന് ശേഷം ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിയ നാലാമത്ത വ്യോമാക്രമണമാണ് ജൂലൈ 4-ന് രാത്രിയിലുണ്ടായ ആക്രമണം. രാജ്യത്തെ ദുരിതത്തിലാഴ്ത്തുകയും, കരകയറാനുള്ള യാതൊരു സാഹചര്യം സാധ്യമാക്കാതിരിക്കുകയും ചെയ്യുന്ന ഇസ്‌റാഈല്‍ ഭരണകൂടത്തിന്റെ നടപടികള്‍ക്ക് വിവിധ ഉദാഹരണങ്ങള്‍ നിരത്താന്‍ കഴിയും. ഗസ്സയില്‍ ഭരണം നടത്തുന്ന ഹമാസിനെ ഇസ്‌റാഈല്‍ പ്രഹരിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസങ്ങളില്‍ ഫലസ്തീന്‍ പ്രദേശങ്ങളിലേക്ക് ആവശ്യമായ ചില സഹായങ്ങള്‍ എത്തിക്കുന്നതിന് ഇസ്‌റാഈല്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിരുന്നെങ്കിലും, കര-വ്യോമ-നാവിക മേഖലകളില്‍ 14 വര്‍ഷമായി ഉപരോധം തുടരുകയാണ്. തുറന്ന ജയിലെന്ന് ഗസ്സയെ വിശേഷിപ്പിച്ചത് യു എന്നാണ്. അത് അക്ഷരാര്‍ഥത്തില്‍ ശരിയാണ്. കൊറോണ മഹാമാരി വ്യാപിച്ച പശ്ചാത്തലത്തില്‍ ഫലസ്തീനികളുടെ ജീവിത സാഹചര്യം കൂടുതല്‍ സങ്കീര്‍ണമായി തീര്‍ന്നിരിക്കുകയാണ്.
ഇസ്‌റാഈല്‍ പണിയെടുത്തുകൊണ്ടിരിക്കുന്നത് ഫലസ്തീന്‍ ഭൂമി കൈയേറി ഫലസ്തീനികളെ ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടിയാണ്. ജൂതജനതയുടെ ദേശ-രാഷ്ട്രമാണ് ഇസ്‌റാഈലെന്ന വിവാദ നിയമം സുപ്രീംകോടതി ജൂലൈ 8-ന് ശരിവെച്ചത് അത്തരമൊരു ലക്ഷ്യ പൂര്‍ത്തീകരണത്തിന്റെ ഭാഗമാണ്. ഇസ്‌റാഈല്‍ ഫലസ്തീനികള്‍ക്കെതിരെ വിവിധ സൈനിക ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും, ഫലസ്തീനില്‍ ഇപ്പോള്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരിക്കുന്നത് അധിനിവേശ ഇസ്‌റാഈല്‍ വെസ്റ്റ് ബാങ്കിന്റെ ഭാഗങ്ങളില്‍ ഭരണംനടത്തുന്ന ഫലസ്തീന്‍ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളാണ്. ഫലസ്തീന്‍ സുരക്ഷാ സംവിധാനം പ്രതിഷേധത്തെ കടുത്ത രീതിയില്‍ കൈകാര്യം ചെയ്യുന്നത് ഇസ്‌റാഈല്‍ അധിനിവേശത്തിന്റെ ഏജന്റായി ഫലസ്തീന്‍ അതോറിറ്റി പ്രവര്‍ത്തിക്കുന്നുവെന്ന തോന്നല്‍ ഫലസ്തീനികളില്‍ ബലപ്പെടുത്തുകയാണ്. രാജ്യത്തിനകത്തെയും പുറത്തെയും ശത്രുവിനെ കണ്ടെത്തിയാല്‍ മാത്രമേ ഫലസ്തീനികളുടെ രാഷ്ട്രീയ പ്രവര്‍ത്തനം ശരിയാകുകയുള്ളൂ.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x