ഫലസ്തീന് ഐക്യദാര്‍ഢ്യം: ശാശ്വത സമാധാനം ആഹ്വാനം ചെയ്ത് അറബ് ഉച്ചകോടി
മേഖലയുടെ സുസ്ഥിരത, വികസനം, കാലാവസ്ഥാ വ്യതിയാനം എന്നിങ്ങനെ മര്‍മ പ്രധാന വിഷയങ്ങള്‍ക്കൊപ്പം ഗസ്സയിലെ ഇസ്രായേല്‍ അക്രമവും ചര്‍ച്ച ചെയ്ത് 33-ാമത് അറബ് ഉച്ചകോടി. മിഡില്‍ ഈസ്റ്റില്‍ സമാധാനത്തിനായി അന്താരാഷ്ട്ര സമ്മേളനം വിളിക്കണമെന്ന് അധ്യക്ഷത വഹിച്ച ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ആവശ്യപ്പെട്ടു. ഫലസ്തീന്‍ രാഷ്ട്രത്തിന് പൂര്‍ണ അംഗീകാരം നല്‍കുകയും ഐക്യരാഷ്ട്രസഭയില്‍ അംഗത്വം നല്‍കുകയും വേണം. മേഖലയില്‍ സംഘര്‍ഷങ്ങളാല്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് വിദ്യാഭ്യാസപരവും ആരോഗ്യപരവുമായ സേവനങ്ങള്‍ നല്‍കാന്‍ പ്രത്യേക പദ്ധതി വേണം. മേഖലയില്‍ അന്തിമവും നീതിയുക്തവുമായ സമാധാനം കൈവരിക്കേണ്ടത് അടിയന്തിരാവശ്യകതയാണ്. അനുരഞ്ജന സമീപനത്തിലൂടെയും ഗൗരവമായ രാഷ്ട്രീയ സംവാദത്തിലൂടെയും ഇത് സാധ്യമാക്കണം. സാമ്പത്തികം, സാങ്കേതിക വിദ്യ, ഡിജിറ്റല്‍ പരിവര്‍ത്തനം എന്നിവയില്‍ അറബ് സഹകരണം വര്‍ധിപ്പിക്കണം. മേഖലയുടെ സുസ്ഥിരതയും വികസനവും ഉറപ്പാക്കാനുള്ള നിരവധി പദ്ധതികളും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഫലസ്തീനിലെ സഹോദരങ്ങള്‍ക്കെതിരെ നടക്കുന്ന ക്രൂരമായ ആക്രമണത്തെ നേരിടാന്‍ സംയുക്ത ഇടപെടലുണ്ടാകേണ്ടതുണ്ടെന്ന് സുഊദി അറേബ്യ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു