ഫലസ്തീനികളുടെ ഹജ്ജ് തടഞ്ഞ് ഇസ്രായേലിന്റെ പുതിയ ക്രൂരത
ഫലസ്തീനികളെ ഈ വര്‍ഷത്തെ ഹജ്ജില്‍ നിന്നു തടഞ്ഞ് ഇസ്രായേലിന്റെ പുതിയ ക്രൂരത. ഗസ്സയില്‍ നിന്നു പുറത്തുകടക്കാനുള്ള ഏക അതിര്‍ത്തിയായ റഫ ക്രോസിങിലൂടെ ഇസ്രായേല്‍ സൈന്യം സഞ്ചാരം നിഷേധിച്ചതോടെയാണ് നിരവധി ഫലസ്തീനികള്‍ക്ക് ഹജ്ജിന് പോകാന്‍ കഴിയാതെ വന്നത്. ഇത് പുതിയ യുദ്ധ കുറ്റകൃത്യമാണെന്നാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്. റഫ ക്രോസിംഗില്‍ ഇസ്രായേല്‍ അധിനിവേശം നടത്തിയതിനാല്‍ ആയിരക്കണക്കിന് ഫലസ്തീനികളെ ഹജ്ജ് തീര്‍ത്ഥാടനം നടത്തുന്നതില്‍ നിന്ന് വിലക്കിയതായി ഫലസ്തീന്‍ ഔഖാഫ്, മതകാര്യ മന്ത്രാലയം പറഞ്ഞു. ‘ആയിരക്കണക്കിന് ഗസ്സക്കാരെ ഹജ്ജ് നിര്‍വഹിക്കുന്നതില്‍ നിന്ന് തടയുന്നത് ആരാധനാ സ്വാതന്ത്ര്യത്തിന്റെയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും വ്യക്തമായ ലംഘനമാണ്, നമ്മുടെ ആളുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും എതിരെ ഇസ്രായേല്‍ അധിനിവേശം നടത്തിയ കുറ്റകൃത്യങ്ങളുടെ പരമ്പരയിലേക്ക് ചേര്‍ത്ത് വെക്കാവുന്ന പുതിയ യുദ്ധക്കുറ്റമാണിത്- മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷത്തെ ഹജ്ജ് നിര്‍വഹിക്കാന്‍ ഗസ്സയിലെ ജനങ്ങളെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇസ്രയേലിനോട് സമ്മര്‍ദ്ദം ചെലുത്തണമെന്ന് ഈജിപ്തിനോടും സുഊദി അറേബ്യയോടും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.