22 Sunday
December 2024
2024 December 22
1446 Joumada II 20

ഫലസ്തീന്‍ അനുകൂല പോസ്റ്റ്: ഡച്ച് താരവുമായുള്ള കരാര്‍ റദ്ദാക്കി ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബ്


ഫലസ്തീന്‍ അനുകൂല പോസ്റ്റിന്റെ പേരില്‍ ഡച്ച് ഫുട്‌ബോള്‍ താരം അന്‍വര്‍ എല്‍ ഗാസിയുമായുള്ള കരാര്‍ റദ്ദാക്കി ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബ് മെയിന്‍സ്. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുടെയും കമന്റുകളുടെയും പേരില്‍ ഗാസിയുടെ കരാര്‍ റദ്ദാക്കുന്നുവെന്നു മാത്രമാണ് ക്ലബ് അറിയിച്ചിരിക്കുന്നത്. നേരത്തേ ഡിലീറ്റ് ചെയ്ത പോസ്റ്റിന്റെ പേരില്‍ എല്‍ ഗാസിയെ ക്ലബില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച മുതലാണ് അദ്ദേഹത്തെ വീണ്ടും പരിശീലനം നടത്താന്‍ അനുവദിച്ചത്. കരാര്‍ റദ്ദാക്കിയതിനു പിന്നാലെ ‘ഒറ്റയ്ക്കാണെങ്കിലും സത്യത്തിനായി നിലകൊള്ളു’മെന്ന് ഗാസി ട്വിറ്ററില്‍ കുറിച്ചു. ഗസ്സയിലെ ജനങ്ങളുടെ ദുരിതങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തന്റെ തൊഴില്‍ നഷ്ടപ്പെടുന്നത് ഒന്നുമല്ലെന്നും ഗാസി വ്യക്തമാക്കി. നേരത്തേ, ഒക്ടോബര്‍ 27ന് തന്റെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്നും മുഴുവന്‍ മനുഷ്യരുടെയും സമാധാനത്തിനായാണ് താന്‍ ആഹ്വാനം ചെയ്തതെന്നും അദ്ദേഹം അറിയിച്ചിരുന്നു.

Back to Top