ഫലസ്തീനി പാഠപുസ്തകങ്ങള്‍ ഇസ്‌റാഈല്‍ തിരുത്തിയെഴുതുന്നു

ഫലസ്തീനി പാഠപുസ്തകങ്ങള്‍ നിരോധിക്കാനും തിരുത്തിയെഴുതാനുമുള്ള ഇസ്രായേലിലെ ജറൂസലം മുനിസിപ്പാലിറ്റിയുടെ ശ്രമത്തിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കളും വിദ്യാര്‍ഥികളും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇസ്രായേല്‍ പാഠ്യപദ്ധതി കൊണ്ടുവരാനുള്ള ശ്രമത്തിനെതിരെ അധിനിവേശ കിഴക്കന്‍ ജറൂസലമില്‍ രക്ഷിതാക്കളുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്. നൂറിലധികം വിദ്യാലയങ്ങളാണ് കഴിഞ്ഞ ദിവസം അടച്ചുപൂട്ടിയത്. രക്ഷിതാക്കളുടെ ഏകോപന സമിതിയും ജറൂസലമിലെ ഫലസ്തീന്‍ ദേശീയ ഇസ്‌ലാമിക സേനയും സമ്പൂര്‍ണ പണിമുടക്കിന് ആഹ്വാനം ചെയ്തു. അടഞ്ഞുകിടക്കുന്ന ക്ലാസ്മുറികളുടെ ചിത്രങ്ങള്‍ നിവാസികളും മാധ്യമപ്രവര്‍ത്തകരും പങ്കുവെച്ചിരുന്നു. ഇസ്രായേലിന്റെ ശ്രമം വിജയിച്ചാല്‍, ജറൂസലമിലെ 90 ശതമാനം വിദ്യാഭ്യാസത്തില്‍ അവര്‍ക്ക് നിയന്ത്രണമുണ്ടാകും- രക്ഷിതാക്കളുടെ ഏകോപന സമിതി നേതാവ് അല്‍ശമാലി പറഞ്ഞു. ജറൂസലമില്‍ 28-ഓളം വിദ്യാലയങ്ങളുണ്ട്. നഴ്‌സറി വിദ്യാലയങ്ങള്‍ മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ 1,15,000 വിദ്യാര്‍ഥികള്‍ വിവിധ സ്ഥാപനങ്ങളിലായി പഠിക്കുന്നുണ്ട്.
