30 Friday
January 2026
2026 January 30
1447 Chabân 11

ഫലസ്തീന്‍ സമ്പദ് വ്യവസ്ഥ അപകടകരം; സഹായം വേണമെന്ന് ലോകബാങ്ക്


ഫലസ്തീന്‍ സമ്പദ് വ്യവസ്ഥ കൂടുതല്‍ അപകടകരമാണെന്നും സഹായം നല്‍കണമെന്നും ആഹ്വാനം ചെയ്ത് ലോകബാങ്ക്. ഫലസ്തീനില്‍ ഭരണം നടത്തുന്ന ഫലസ്തീന്‍ അതോറിറ്റിക്കുള്ള പിന്തുണ വര്‍ധിപ്പിക്കണമെന്നും ലോകബാങ്ക് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ഥിച്ചു. വിദേശ സഹായ സംഭാവന ഗണ്യമായ രീതിയില്‍ കുറഞ്ഞു. ഇത് അസ്ഥിരപ്പെടുത്തുന്ന ബജറ്റ് പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. 2021 മേയില്‍ ഇസ്‌റാഈലിന്റെ തുടര്‍ച്ചയായ 11 ദിവസത്തെ ആക്രമണത്തിനിടയിലും ഉപരോധിത ഗസ്സ മുനമ്പിന്റെ സമ്പദ്‌വ്യവസ്ഥ 3.4 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇസ്‌റാഈല്‍ നടത്തിയ സൈനിക നടപടിയില്‍ 66 കുട്ടികള്‍ ഉള്‍പ്പെടെ 256 ഫലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്ന് യു എന്‍ പറയുന്നു. ഗസ്സയില്‍ നിന്ന് വിക്ഷേപിച്ച റോക്കറ്റുകളാല്‍ ഇസ്‌റാഈലില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. അതേസമയം, അധിനിവേശ വെസ്റ്റ് ബാങ്കിന്റെ സമ്പദ് വ്യവസ്ഥ 2021-ല്‍ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ഫലസ്തീനികളെ ഇസ്‌റാഈലില്‍ ജോലി കണ്ടെത്താന്‍ പ്രാപ്തരാക്കുന്ന ഇസ്‌റാഈലി വര്‍ക്ക് പെര്‍മിറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചതാണ് ഇതിന് ഭാഗികമായി ആക്കം കൂട്ടിയത്.

Back to Top