3 Thursday
July 2025
2025 July 3
1447 Mouharrem 7

കണ്ണുകള്‍ മൂടിക്കെട്ടി, കൈകള്‍ ബന്ധിച്ച 30 മൃതദേഹങ്ങള്‍ ഗസ്സയിലെ സ്‌കൂള്‍ മുറ്റത്ത്‌


കണ്ണുകള്‍ തുണി ഉപയോഗിച്ച് മൂടിക്കെട്ടി, കൈകള്‍ പിറകിലേക്ക് ബന്ധിച്ച 30 മൃതദേഹങ്ങള്‍ ഗസ്സയിലെ സ്‌കൂള്‍ മുറ്റത്തെ മാലിന്യകൂമ്പാരത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സ്‌കൂള്‍ വൃത്തിയാക്കുകയായിരുന്ന ഫലസ്തീനികളാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഫലസ്തീനില്‍ നിന്ന് പിടികൂടിയവരെ ബന്ധനസ്ഥരാക്കി വെടിവെച്ചുകൊന്ന ശേഷം കൂട്ടത്തോടെ കുഴിച്ചിട്ടതാണെന്നാണ് നിഗമനം. ഇസ്രായേല്‍ കൈയേറിയ സ്‌കൂള്‍ മുറ്റത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് ഫലസ്തീന്‍ പ്രിസണേഴ്സ് ക്ലബ് സ്ഥിരീകരിച്ചു. ”അവരുടെ കൈകള്‍ പിന്നിലോട്ട് ബന്ധിച്ച്, കണ്ണുകള്‍ മൂടിക്കെട്ടിയാണ് കൊലപ്പെടുത്തിയത്. അതായത്, അവരെ പിടികൂടിയ ശേഷം വധിക്കുകയായിരുന്നു. ഇത് അധിനിവേശ സേന ഫലസ്തീന്‍ പൗരന്‍മാരോട് എന്തുമാത്രം ക്രൂരത കാണിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ്” -പ്രിസണേഴ്സ് ക്ലബ് പ്രസ്താവനയില്‍ പറഞ്ഞു.
ഗസ്സയില്‍ നിന്ന് ഇസ്രായേല്‍ പിടികൂടിയവരെ കൂട്ടത്തോടെ കൊലപ്പെടുത്തുന്നതായി മോചിപ്പിക്കപ്പെട്ടവര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഗസ്സയിലെ വിവിധ ഖബര്‍സ്ഥാനുകളില്‍നിന്ന് ഇസ്രായേല്‍ സൈന്യം മോഷ്ടിച്ച നൂറിലധികം മൃതദേഹങ്ങള്‍ കഴിഞ്ഞദിവസം തിരികെ നല്‍കിയിരുന്നു. റഫയിലെ കൂട്ടക്കുഴിമാടത്തില്‍ അവരെ അടക്കം ചെയ്തു. ഇതില്‍ ചില മൃതദേഹങ്ങള്‍ പരിശോധിച്ചപ്പോള്‍ ആന്തരികാവയവങ്ങള്‍ മോഷ്ടിച്ചതായി തെളിഞ്ഞുവെന്ന് ആരോഗ്യവിഭാഗം അറിയിച്ചിരുന്നു. ഒക്ടോബര്‍ ഏഴുമുതല്‍ ഗസ്സയില്‍ ഇസ്രായേല്‍ തുടരുന്ന വംശഹത്യയില്‍ 26,900 ഫലസ്തീനികള്‍ ഇതിനകം കൊല്ലപ്പെട്ടു. 65,949 പേര്‍ക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Back to Top