ബ്രിട്ടീഷ് ചരിത്രത്തിലാദ്യമായി ആയിരങ്ങള്‍ അണിനിരന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി

ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് ബ്രിട്ടീഷ് ജനത സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ചരിത്രത്തില്‍ രേഖപ്പെടുത്തും. പതിനായിരങ്ങള്‍ പങ്കെടുത്ത റാലിയില്‍ ബ്രിട്ടന്റെ ചരിത്രത്തില്‍ ഇത്തരത്തില്‍ ആദ്യത്തെ സംഭവമാണ്. ബ്രിട്ടന്‍ തലസ്ഥാനമായ ലണ്ടനില്‍ കഴിഞ്ഞ ദിവസം നടന്ന ഫലസ്തീന്‍ അനുകൂല റാലിയില്‍ ഒരു ലക്ഷത്തി എണ്‍പതിനായിരം പേരാണ് പങ്കെടുത്തതെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. മഴപെയ്യുന്നതൊന്നും വകവെക്കാതെയാണ് പതിനായിരങ്ങള്‍ ലണ്ടന്‍ തെരുവില്‍ ഫലസ്തീന് വേണ്ടി ശബ്ദിച്ചത്. ഫലസ്തീന്‍ പതാകയേന്തിയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും സെന്‍ട്രല്‍ ലണ്ടനില്‍ ഒത്തുകൂടി. ഗസ്സയിലും ഫലസ്തീനിലും സമാനതകളില്ലാതെ ആക്രമണങ്ങള്‍ നടത്തിയ ഇസ്‌റാഈലിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ശനിയാഴ്ചയാണ് ഫലസ്തീന്‍ അനുകൂലികള്‍ കൂറ്റന്‍ റലി നടത്തിയത്. പ്രതിഷേധക്കാര്‍ ലണ്ടനിലെ ട്രാഫാള്‍ഗര്‍ ചത്വരത്തില്‍ ഒത്തുചേര്‍ന്നു. ഫ്രന്റ്‌സ് ഓഫ് അല്‍ അഖ്‌സ, ഫലസ്തീന്‍ സോളിഡാരിറ്റി ക്യാംപയിന്‍ എന്നിവര്‍ സംയുക്തമായാണ് റാലി സംഘടിപ്പിച്ചത്. ബ്രിട്ടനിലെ മറ്റ് നഗരങ്ങളായ ബര്‍മിംഗ്ഹാം, ലിവര്‍പൂള്‍, ബ്രിസ്‌റ്റോള്‍, പീറ്റര്‍ബറോ, നോട്ടിംഗ്ഹാം എന്നിവിടങ്ങളിലും പ്രതിഷേധം അരങ്ങേറി. ഇസ്‌റാഈലിന്റെ നടപടിക്ക് ബ്രിട്ടന്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് റാലിയില്‍ പങ്കെടുത്തവര്‍ ബ്രിട്ടനോട് ആവശ്യപ്പെട്ടു. റാലിയില്‍ ട്രേഡ് യൂണിയന്‍ അംഗങ്ങള്‍, ലേബര്‍ പാര്‍ട്ടി എം പിമാര്‍, യുദ്ധവിരുദ്ധ പ്രചാരകര്‍ എന്നിവര്‍ പ്രസംഗിച്ചു.
