22 Sunday
December 2024
2024 December 22
1446 Joumada II 20

ഫലസ്തീന്‍ അതോറിറ്റി

എം എസ് ഷൈജു


1994 -ല്‍ യാസിര്‍ അറഫാത്ത് ഫലസ്തീന്‍ മണ്ണില്‍ മടങ്ങിയെത്തി. ഓസ്ലോ കരാര്‍ പ്രകാരം ഫലസ്തീന്‍ അതോറിറ്റിയെന്ന താത്കാലിക രാഷ്ട്ര സംവിധാനത്തെ ഇസ്‌റാഈല്‍ അംഗീകരിച്ചു. അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി യിസാഖ് റബിനും വിദേശ കാര്യമന്ത്രി ഷിമോണ്‍ പെരെസും കൂടി ഫലസ്തീന്‍ നേതാവ് യാസിര്‍ അറഫാത്തുമായി നോര്‍വെയുടെ തലസ്ഥാനമായ ഓസ്ലോയില്‍ നടത്തിയ രഹസ്യ ചര്‍ച്ചകളിലാണ് ഈ ഉടമ്പടി രൂപപ്പെട്ടത്. ഇത് ഒപ്പുവെച്ചത് വാഷിംഗ്ടണില്‍ വെച്ചായിരുന്നു. ഈ ഉടമ്പടിക്ക് പകരമായാണ് അക്കൊല്ലത്തെ സമാധാനത്തിനുള്ള നൊേബല്‍ സമ്മാനം റബിനും പെരെസിനും അറഫാത്തിനും കൂടി ലഭിക്കുന്നത്.
ഉടമ്പടി പ്രകാരം ഗസ്സയും വെസ്റ്റ് ബാങ്കിലെ ചില പ്രദേശങ്ങളും മാത്രമാണ് ഫലസ്തീന്‍ അതോറിറ്റിക്ക് ലഭിച്ചത്. ഏതാണ്ട് മൊത്തം ഫലസ്തീന്‍ ഭൂമിയുടെ മൂന്നു ശതമാനം മാത്രമായിരുന്നു ഇത്. ഘട്ടം ഘട്ടമായി കൂടുതല്‍ ഭൂമി വിട്ട് നല്‍കാമെന്നും ഇസ്‌റാഈല്‍ സമ്മതിച്ചു. ഖുദ്സുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഏറ്റവും അവസാനം മാത്രമേ നടത്തൂ എന്നതായിരുന്നു ഓസ്ലോ ഉടമ്പടിയുടെ മര്‍മം.
ഫലസ്തീനികള്‍ ഭൂരിപക്ഷവും അറഫാത്തിനെ സ്വീകരിച്ചപ്പോള്‍ ഹമാസ് അദ്ദേഹത്തെ നിര്‍ദയം നിരാകരിച്ചു. ഫതഹ് പാര്‍ട്ടിയായിരുന്നു അപ്പോഴും ഫലസ്തീനികളുടെ ഏറ്റവും വലിയ സംഘടന. 1994-ല്‍ തന്നെ ജോര്‍ദാനും ഇസ്‌റാഈലിനോട് നയതന്ത്ര ബന്ധങ്ങള്‍ ആരംഭിച്ചു. ഓസ്ലോ കരാറോടെ ഇസ്‌റാഈലിന് തങ്ങളെ അംഗീകരിക്കുന്ന രണ്ടാമത്തെ അറബ് രാഷ്ട്രത്തെയും കൂടി ലഭിച്ചു. ക്യാമ്പ് ഡേവിഡ് കരാറോടെ ഇസ്‌റാഈലുമായി ആദ്യം നയതന്ത്ര ബന്ധമാരംഭിച്ച ഈജിപ്ത് ഇസ്‌റാഈലിന്റെ സുഹൃദ് രാഷ്ട്രമായി മാറിക്കഴിഞ്ഞിരുന്നു. വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ നിന്ന് കൊണ്ട് തന്നെ യാസിര്‍ അറഫാത്ത് ഫലസ്തീന്‍ അതോറിറ്റിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തു. വെസ്റ്റ് ബാങ്കിലെ റാമല്ല അദ്ദേഹത്തിന്റെ ആസ്ഥാനമായി.
ഫലസ്തീന്‍ അതോറിറ്റി ഹമാസിനെ ചര്‍ച്ചക്ക് ക്ഷണിച്ചെങ്കിലും പരസ്പരം അംഗീകരിക്കാന്‍ കഴിയാതെ ആ സമ്മേളനം അലസിപ്പോയി. ഹമാസ് പോരാട്ട രംഗം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനമെടുത്തു. ഇസ്‌റാഈലി ചാര സംഘടനയും സിയോണിസ്റ്റുകളും ചേര്‍ന്ന് ഇന്‍തിഫാദയുടെ നായകരെ തെരഞ്ഞ് പിടിച്ച് വധിക്കാനുള്ള ഒരു ഗൂഢ പദ്ധതി തയാറാക്കുന്നുണ്ടായിരുന്നു. ഫത്ഹി ശഖാഖി, യഹ്‌യാ അയ്യാശ് എന്നീ നേതാക്കളുടെ വധം ഫലസ്തീനികളെ ഇളക്കി മറിച്ചു. സമാധാനം പുലര്‍ത്തുന്നതിനും കരാറുകള്‍ പാലിക്കുന്നതിനും ഫലസ്തീന്‍ അതോറിറ്റിക്ക് മേല്‍ വലിയ ബാധ്യതയുണ്ടായിരുന്നു. അതുകൊണ്ട് പോരാട്ടങ്ങളെ തടയാനും നേതാക്കളെ തടങ്കലിലാക്കാനും ഫലസ്തീന്‍ അതോറിറ്റി പരമാവധി ശ്രമിച്ചു.
യഥാര്‍ഥത്തില്‍ അതോറിറ്റി ചെകുത്താനും കടലിനുമിടയില്‍ പെട്ടത് പോലെയായിരുന്നു. സമാധാനം പുലര്‍ത്താനായി സ്വന്തം ജനതക്ക് മേല്‍ ബലം പ്രയോഗിക്കേണ്ട ഗതികേടിലാണ് അവരെത്തിച്ചേര്‍ന്നത്. ഇസ്‌റാഈലിലെ സ്ഥിതിഗതികളും രൂക്ഷമാകുകയായിരുന്നു. ഫലസ്തീനുമായി കരാറുണ്ടാക്കിയ ഗവണ്‍മെന്റിനെതിരില്‍ ജൂത തീവ്രവാദികള്‍ ആക്രോശങ്ങളുയര്‍ത്തി. വലിയ കലാപങ്ങളും അക്രമങ്ങളും അവിടെയും അരങ്ങേറി. 1995 നവംബറില്‍ ഒരു ജൂത തീവ്രവാദി ഇസ്‌റാഈല്‍ പ്രധാനമന്ത്രിയായിരുന്ന ഇസാഖ് റബിനെ കൊലപ്പെടുത്തുന്നതില്‍ വരെ പ്രതിഷേധങ്ങളെത്തിയെന്നതില്‍ നിന്ന് അവിടെ നടന്ന കലാപങ്ങളുടെ സ്വഭാവം നമുക്ക് ഊഹിക്കാം.
ബോംബാക്രമണങ്ങളുടെയും കൊലപാതകങ്ങളുടെയും അറസ്റ്റുകളുടെയും ഒരു മഹാപരമ്പര തന്നെ തൊണ്ണൂറുകളുടെ മധ്യത്തില്‍ ഫലസ്തീനില്‍ അരങ്ങേറി. പ്രക്ഷോഭങ്ങളെ നിയന്ത്രിക്കാനായി അതോറിറ്റിക്ക് പുതിയ ജയിലുകള്‍ തയാറാക്കേണ്ടി വന്നു. ആയിരങ്ങള്‍ അഴിക്കുള്ളിലായി. ഹമാസും ഫലസ്തീന്‍ അതോറിറ്റിയും നേര്‍ക്ക് നേര്‍ പോരാടുന്നതിലേക്കാണ് കാര്യങ്ങളെത്തി നിന്നത്. ഇസ്‌റാഈലുമായി സമാധാനം വരുത്താന്‍ സ്വന്തം ജനതയുമായി യാസിര്‍ അറഫാത്തിന് കലഹിക്കേണ്ടി വന്നു!
ഫലസ്തീന്റെ ഒരു ഭാഗത്ത് സമാധാന പദ്ധതികള്‍ നടപ്പിലാക്കാനുള്ള എടുത്താല്‍ പൊങ്ങാത്ത ബാധ്യതയുമായി ഫലസ്തീന്‍ അതോറിറ്റിയും, മറുഭാഗത്ത് ഐതിഹാസികമായ പോരാട്ട വഴികള്‍ തുറക്കാന്‍ ഹമാസും യത്‌നിച്ച് കൊണ്ടിരുന്നപ്പോള്‍ ലബനാന്‍ കേന്ദ്രമാക്കി ഹിസ്ബുല്ലയും സായുധ പോരാട്ടം ഉഗ്രീഭവിപ്പിച്ചു. മറു ഭാഗത്ത് സമാധാന മാര്‍ഗം വെടിയാന്‍ ജൂത തീവ്രവാദികള്‍ ഇസ്‌റാഈല്‍ ഭരണാധികാരികളെ സമ്മര്‍ദപ്പെടുത്തി. അറബ് വിരോധത്തിലും ഫലസ്തീന്‍ വിരുദ്ധതയിലും രൂക്ഷത പുലര്‍ത്തുന്ന ഭരണാധികാരികള്‍ക്കായിരുന്നു സിയോണിസ്റ്റ് ലോബിയുടെയും ജൂത തീവ്രവാദികളുടെയും പിന്തുണ. അതുകൊണ്ട് ഭരണാധികാരികള്‍ക്ക് ഫലസ്തീന്‍ വിരോധം പുലര്‍ത്തുന്നതില്‍ മത്സരിക്കേണ്ടി വന്നു. ഇതിനിടയില്‍ പല തവണ ജൂത തീവ്രവാദികള്‍ മസ്ജിദുല്‍ അഖ്സ തകര്‍ക്കാന്‍ ശ്രമിച്ചു. ഗസ്സയില്‍ നിന്നുള്ള പോരാട്ട ശല്യം കുറയ്ക്കാനായി ഹമാസ് നേതാക്കളെ നാട് കടത്താനും ഹിസ്ബുല്ലയുമായി ചര്‍ച്ച നടത്താനുമാണ് ഇസ്‌റാഈല്‍ പിന്നീട് തുനിഞ്ഞത്.
2000 സപ്തംബറില്‍ രണ്ടാം ഇന്‍തിഫാദക്ക് തുടക്കമായി. ഏരിയല്‍ ഷാരോണിന്റെ മനപ്പൂര്‍വമായ ഒരു പ്രകോപനമാണ് ഇന്‍തിഫാദയിലേക്ക് നീങ്ങാന്‍ കാരണമായത്. ഷാരോണും സിയോണിസ്റ്റ് ശിങ്കിടികളും മസ്ജിദുല്‍ അഖ്‌സയുടെ അകത്തളങ്ങളില്‍ പാദരക്ഷകള്‍ ധരിച്ച് പ്രവേശിച്ചതിനെതിരെ ഫലസ്തീനില്‍ പ്രതിഷേധങ്ങളാരംഭിച്ചു. പ്രക്ഷോഭങ്ങള്‍ക്ക് ഒരു നവോര്‍ജം കാത്തിരുന്ന ഹമാസ് പ്രതിഷേധങ്ങളെ ആളിക്കത്തിച്ചു. ഒരിക്കല്‍ അസ്തമിച്ച് പോയ ഇന്‍തിഫാദയെ അവര്‍ വീണ്ടും കുടഞ്ഞുണര്‍ത്തി. ഫലസ്തീന്‍ തെരുവോരങ്ങളെ ഹമാസ് പ്രതിഷേധങ്ങളുടെ ജ്വാല കൊണ്ടലങ്കരിച്ചു. രക്തസാക്ഷിത്വങ്ങള്‍ കൊണ്ട് ഇന്‍തിഫാദയുടെ അഗ്‌നി ഫലസ്തീന്റെ ആകാശത്തോളം ആളിക്കത്തി.
കൊലപാതകങ്ങളും നാടുകടത്തലുകളും കൊണ്ടാണ് ഇസ്‌റാഈല്‍ ഇതിനെ നേരിട്ടത്. പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ അമേരിക്കയും ഇസ്‌റാഈലും ഫലസ്തീന്‍ അതോറിറ്റിയെ നിര്‍ബന്ധിച്ചു. സമാധാനത്തിന്റെയും നയതന്ത്രത്തിന്റെയും വഴിയിലൂടെ ഫലസ്തീന്‍ രാജ്യം യാഥാര്‍ഥ്യമാക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തില്‍ തന്നെയായിരുന്നു ഫലസ്തീന്‍ അതോറിറ്റി അപ്പോഴുമുണ്ടായിരുന്നത്. പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ അവരുടെ പോലീസ് ഫലസ്തീന്‍ തെരുവുകളിലേക്കിറങ്ങി. ഫലസ്തീനികള്‍ തന്നെ ഫലസ്തീനികളെ കൊല്ലുന്ന ദുര്യോഗത്തിനാണ് ഫലസ്തീന്‍ രാഷ്ട്രീയം പിന്നീട് സാക്ഷിയായത്.
ഇത്രയൊക്കെ നടന്നിട്ടും ഫലസ്തീന്‍ സായുധ പോരാട്ടങ്ങളെ നിയന്ത്രിക്കുന്നതില്‍ അറഫാത്തും ഫലസ്തീന്‍ അതോറിറ്റിയും പരാജയമാണെന്നാണ് ഇസ്‌റാഈല്‍ വിലയിരുത്തിയത്. 2002 മാര്‍ച്ചില്‍ അടുത്തടുത്ത മൂന്ന് ദിവസങ്ങളിലായി ഹമാസ് 17 ജൂത പട്ടാളക്കാരെയും ഒരു ഇന്റലിജന്‍സ് ഓഫീസറെയും 20 സിവിലിയന്മാരെയും വകവരുത്തി. യാസിര്‍ അറഫാത്തിന്റെ വെസ്റ്റ് ബാങ്കിലെ ആസ്ഥാന മന്ദിരമുള്‍പ്പടെ ഫലസ്തീനിലെ നിരവധി കെട്ടിടങ്ങള്‍ തകര്‍ത്തും കൂട്ട ബോംബിംഗ് നടത്തിയുമാണ് ഇസ്‌റാഈല്‍ തിരിച്ചടിച്ചത്. അമേരിക്ക ഈ ആക്രമണങ്ങള്‍ക്കെല്ലാം നൈതിക പിന്‍ബലമുണ്ടാക്കിക്കൊടുക്കാനും ഇസ്‌റാഈല്‍ ഒറ്റപ്പെട്ട് പോകാതിരിക്കാനും കഠിന പരിശ്രമം നടത്തിക്കൊണ്ടിരുന്നു. അന്താരാഷ്ട്രാ നീതിന്യായ കോടതി സ്ഥാപിച്ച് ഫലസ്തീന്‍ പ്രശ്‌നം അവിടെ ചര്‍ച്ച ചെയ്യാമെന്ന വാഗ്ദാനത്തില്‍ നിന്ന് അമേരിക്ക പുറകോട്ട് പോയി. എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്ത വിധം അക്രമ സംഭവങ്ങള്‍ ഇസ്‌റാഈലിലും ഫലസ്തീനിലുമായി അരങ്ങേറി. ഒന്നിന് രണ്ട് എന്ന വണ്ണം രണ്ട് കൂട്ടരും തിരിച്ചടിച്ച് കൊണ്ടിരുന്നു.
ഹമാസിനെ അമേരിക്ക ഭീകര സംഘടനയായി പ്രഖ്യാപിക്കുകയും അവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു. ഹമാസ് എന്ന സംഘടനയുടെ ആചാര്യനും നയശില്പിയും പോരാട്ട വീര്യത്തിന്റെ ആള്‍ രൂപവുമായി നിലകൊണ്ടത് പണ്ഡിതനും വിപ്ലവകാരിയുമായ ശൈഖ് അഹ്മദ് യാസീനായിരുന്നു. ആതുര ശുശ്രൂഷാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാമൂഹിക കേന്ദ്രങ്ങള്‍, വായനശാലകള്‍, മറ്റു സേവന, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെയാണ് ഹമാസ് ഫലസ്തീനിയന്‍ സമൂഹത്തില്‍ ഇടം നേടിയത്. ഏകപക്ഷീയവും ജനാധിപത്യ വിരുദ്ധവുമായ യാസിര്‍ അറഫാത്തിന്റെ നയങ്ങളെയും തീരുമാനങ്ങളെയും അവര്‍ ജനകീയമായി ഓഡിറ്റ് ചെയ്തു. സായുധ പോരാട്ടത്തെ മാര്‍ഗമായി സ്വീകരിക്കുന്നില്ലെങ്കിലും ലോകത്തെ അനേകം ഇസ്‌ലാമിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഈയൊരു ഹമാസിയാന്‍ നയം സ്വീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്.
15-ാമത്തെ വയസില്‍ വീണ് പരിക്കേറ്റതോടെ പൂര്‍ണമായും വീല്‍ ചെയറിലായ ശൈഖ് യാസീന്‍ മരണം വരെ ചലനമറ്റ ശരീരവുമായി വീല്‍ ചെയറില്‍ തന്നെ തുടര്‍ന്ന ഒരു പോരാളിയായിരുന്നു. പല തവണ ഇസ്‌റാഈല്‍ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ച ശൈഖ് യാസീനാണ് ഹമാസിന്റെ പോരാട്ട വീര്യത്തിന്റെ ആത്മാവ് എന്ന് ഇസ്‌റാഈലിന് അറിയാമായിരുന്നു. 2004-ല്‍ ശൈഖ് യാസീനെ വധിക്കുക എന്ന തീരുമാനം കൈക്കൊള്ളാന്‍ ഇസ്‌റാഈല്‍ തയാറായി.
തന്റെ വസതിക്കടുത്തുള്ള ആരാധനാലായത്തില്‍ പ്രഭാത നമസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങിയ ശൈഖ് യാസീനെയും 6 അംഗരക്ഷകരെയും വധിച്ച് കൊണ്ട് ഇസ്‌റാഈല്‍ അവരുടെ ഏറ്റവും നിന്ദ്യമായ കൊല പരമ്പരയ്ക്ക് തുടക്കമിട്ടു. ശൈഖ് യാസിന്റെ കൊലപാതകം ലോകത്തെ തന്നെ ഞെട്ടിച്ചു. ശൈഖ് യാസിന്റെ വധത്തെ അപലപിച്ച് കൊണ്ട് ഐക്യരാഷ്ട്ര സഭയില്‍ വന്ന പ്രമേയം പോലും അമേരിക്ക വീറ്റോ ചെയ്ത് പരാജയപ്പെടുത്തി. ഐക്യരാഷ്ട്ര സഭയില്‍ അമേരിക്കയുടെ ഏറ്റവും വലിയ ഫലസ്തീന്‍ വിരുദ്ധ ആയുധം അവരുടെ വീറ്റോ അധികാരമായിരുന്നു. ബാക്കി മുഴുവന്‍ പേരും അംഗീകരിച്ചാലും സവിശേഷാധികാരമുള്ള ഒരു രാഷ്ട്രം ഭൂരിപക്ഷ തീരുമാനത്തെ അട്ടിമറിക്കുന്ന വീറ്റോ എന്ന ജനാധിപത്യ വിരുദ്ധതയുടെ പിന്‍ബലത്തില്‍ തള്ളപ്പെട്ട ഫലസ്തീന്‍ പ്രമേയങ്ങള്‍ ആധുനിക ജനാധിപത്യ സങ്കല്പങ്ങളെ നോക്കി പല്ലിളിച്ച് കൊണ്ടിരിക്കുകയാണ്.
ശൈഖ് യാസീന്റെ വധമുയര്‍ത്തിയ അന്താരാഷ്ട്ര പ്രതിഷേധങ്ങളുടെ ചൂട് ആറാതെ നില്‍ക്കുമ്പോള്‍ തന്നെ ഹമാസിന്റെ രണ്ടാം നേതാവും ഹമാസിന്റെ സഹസ്ഥാപകനുമായ ഡോ. അബ്ദുല്‍ അസീസ് റന്‍തീസിയെ വധിക്കാനുള്ള തിണ്ണമിടുക്ക് കൂടി ഇസ്‌റാഈല്‍ കാണിച്ചു. ഐക്യരാഷ്ട്ര സഭയുടെ ആവലാതികള്‍ക്ക് പുല്ലുവില പോലും ഇസ്‌റാഈല്‍ കല്‍പിച്ചില്ല. ഐക്യരാഷ്ട്രസഭ എന്ന സംവിധാനം ആരംഭിച്ചതിന് ശേഷം അതിന്റെ അന്തസും അസ്തിത്വവും ഏറ്റവും കൂടുതല്‍ ചോദ്യം ചെയ്യപ്പെട്ട ഏക സന്ദര്‍ഭം ഫലസ്തീന്‍ വിഷയത്തില്‍ അതെടുത്ത നിലപാടുകളുടെ പേരിലാണ്. നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തിയും കരാറുകള്‍ നഗ്‌നമായി ലംഘിച്ചുമാണ് ഇസ്‌റാഈല്‍ ഇന്ന് വരെയുള്ള അതിന്റെ ചാരിത്രം പൂര്‍ത്തിയാക്കി നില്‍ക്കുന്നത്.

Back to Top