സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഫലസ്തീന്‍ ഭാവന
ടി ടി എ റസാഖ്
ജനീന്‍ എന്ന ഒരു അഭയാര്‍ഥി ക്യാമ്പ് തന്നെ ഉദാഹരണമായി എടുക്കുകയാണെങ്കില്‍, ഇന്നത്തെ അഭയാര്‍ഥി തലമുറ ജനിച്ചതും വളര്‍ന്നതും സ്വതന്ത്രരായിട്ടല്ല എന്നു മനസ്സിലാക്കാന്‍ പ്രയാസമുണ്ടാവില്ല. സമാധാനാന്തരീക്ഷത്തില്‍ പോലും ചെക്ക് പോയിന്റുകളും നിരീക്ഷണ കേന്ദ്രങ്ങളും ലോക്ഡൗണുകളും റോഡ് ബ്ലോക്കേഡുകളും വൈദ്യുത വേലികളും കടന്നുള്ള ഒരു സാധാരണ ഫലസ്തീനിയുടെ ദൈനംദിന ജീവിതം ‘മുറുകുന്ന ചങ്ങലകളില്‍ ഉരുകുന്ന ചിറകുകളുമായി’ എന്ന കവിവാക്യത്തെ അനുസ്മരിപ്പിക്കുന്നു. അറബി കവിതകളിലും നാടകങ്ങളിലുമെല്ലാമുള്ള മുഖ്യ ആവിഷ്‌കാരങ്ങളും സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതുതന്നെ. 23 അഭയാര്‍ഥി ബാലന്‍മാര്‍ ചേര്‍ന്നു പാടിയ ‘ഒരുമിച്ചൊന്നായ്’ എന്ന കവിതയുടെ വരികളില്‍ ലളിതമായി ഇക്കാര്യം വിശദീകരിക്കുന്നു:
സ്വാതന്ത്ര്യത്തിന്റെയും
സ്‌നേഹത്തിന്റെയും
മഷി കൊണ്ടാണ്
ഞങ്ങള്‍ക്കെഴുതേണ്ടത്.
***
സ്വതന്ത്രനായ ഒരഭയാര്‍ഥി
അവന്‍ ജീവിതമെന്ന
സ്വപ്‌നത്തെ
താലോലിക്കുമ്പോള്‍
അവനു വേണ്ടത്
ഒരേ ഒരൊന്ന് മാത്രം
ഒരു സന്തോഷ ഭവനത്തില്‍
അവകാശങ്ങളനുഭവിച്ച്
മറ്റേതൊരു
കുഞ്ഞിനെയും പോലെ
സ്വാതന്ത്ര്യത്തോടെ
ജീവിക്കാന്‍ കഴിയുക.
ഒരു ഫലസ്തീനി ബാലനോട് അവന്റെ സ്വപ്‌നങ്ങളെ കുറിച്ച് ചോദിച്ചാല്‍ അവന്‍ ആദ്യം പറയുന്നത് സ്വാതന്ത്ര്യത്തെ കുറിച്ചാണ്. ‘എന്റെ രാജ്യം ഏതെങ്കിലും കാലത്ത് സ്വതന്ത്രമാവുകയാണെങ്കില്‍ എനിക്കൊരു ഫുട്‌ബോള്‍ കളിക്കാരനാവണം’ എന്നത് അവന്റെ കൊച്ചു സ്വപ്‌നങ്ങളില്‍ പെട്ടതാണ്.
ഫലസ്തീനിലെ മക്കള്‍ കേള്‍ക്കുന്ന താരാട്ടുകള്‍ പോലും ”അന ദമ്മി ഫലസ്തീനി ഫലസ്തീനി, വബ്‌നു അഹ്‌റാറി” (ഞാന്‍, എന്റെ രക്തം ഫലസ്തീനിയാണ്. ഞാന്‍ സ്വതന്ത്രരുടെ മകനാണ്) എന്നാണ് തുടങ്ങുക.
കടുത്ത ദൈനംദിന നിയന്ത്രണങ്ങള്‍ കൂടാതെ, ഇടക്കിടെ ഇരമ്പിവരുന്ന ഹെലികോപ്റ്റര്‍ ഗണ്‍ഷിപ്പുകള്‍ക്കും മിസൈലുകള്‍ക്കും യുദ്ധടാങ്കുകള്‍ക്കും ഇടയില്‍ പതുങ്ങിക്കഴിയേണ്ടിവരുന്ന ഫലസ്തീനി ബാലന്‍മാര്‍ ഗുരുതരമായ മാനസികാഘാതം അനുഭവിക്കുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. അവരുടെ രക്ഷിതാക്കളും സഹോദരന്‍മാരും പലപ്പോഴും നീണ്ട ജയില്‍വാസം അനുഭവിക്കുന്നവരുമാണ്.
കടുത്ത ഉപരോധം മൂലം രൂക്ഷമായ തൊഴിലില്ലായ്മയാണ് നാട് അനുഭവിക്കുന്നത്. ജീവിതവൃത്തിക്കായി വൃദ്ധരും യുവാക്കളുമടങ്ങിയ ഫലസ്തീനി തൊഴില്‍ സമൂഹം പോവുന്നത് തങ്ങള്‍ ആട്ടിയിറക്കപ്പെട്ട കൃഷിയിടങ്ങളിലെ ഇസ്രായേലി അധിനിവേശ പ്രദേശത്തേക്കാണ്! ഫലസ്തീനെ അേപക്ഷിച്ച് മൂന്നിരട്ടിയാണത്രേ അവിടെ ദിവസക്കൂലി. വര്‍ക്ക് പെര്‍മിറ്റ് ലഭിച്ചവര്‍ തിരിച്ചറിയല്‍ കാര്‍ഡുമായി വിവിധ ചെക്ക് പോയിന്റുകള്‍ കടന്ന് ഇസ്രായേലി സേനയുടെ കര്‍ശന നിരീക്ഷണത്തില്‍ നടത്തുന്ന തൊഴില്‍യാത്രകള്‍ തന്നെ ലോകത്ത് സമാനതകളില്ലാത്ത നൊമ്പരക്കാഴ്ചകളാണ്.
ജനീനില്‍ നിന്ന് ഒരു തൊഴിലാളി രാത്രി 1.30ന് ഉണരുന്നു. 2 മണിക്ക് ചെക്ക് പോയിന്റിലെ ക്യൂവില്‍ സ്ഥാനം പിടിച്ചാല്‍ രാത്രി 3.30ന് ചെക്ക് പോയിന്റ് കടന്നേക്കാം.
62 വയസ്സ് പ്രായമുള്ള ഹസാ സഅ്ബ പറയുന്നു: വലിയ കായികശേഷി ആവശ്യമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഞങ്ങള്‍ അധികവും നിയോഗിക്കപ്പെടാറുള്ളത്. ഇസ്രായേല്യരെപ്പോലെ ജോലിസ്ഥിരതയോ ഭാവിസുരക്ഷാ പരിരക്ഷകളോ ഫലസ്തീനികള്‍ക്കില്ല (The Real News Network). വിദ്യാഭ്യാസരംഗത്തേക്കു വരുമ്പോള്‍ 30 ശതമാനത്തിലധികവും വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനാവാതെ തൊഴിലിനും സൈനിക പ്രവര്‍ത്തനങ്ങള്‍ക്കുമായി വഴിയില്‍ കൊഴിഞ്ഞുപോവുന്ന അവസ്ഥ (sagepub.com/journals).
ഇങ്ങനെ, ഞങ്ങളെ ആരും സംരക്ഷിക്കാനില്ല എന്ന ഭയാവേഗത്താല്‍ ഇരുളടഞ്ഞ ഭാവിയിലേക്ക് തുറിച്ചുനോക്കുന്ന വിദ്യാര്‍ഥി യുവജന സമൂഹമാണ് ഒരു വശത്തുള്ളത്.
അസൗറത്തു നഹ്ജുല്‍
അഹ്‌റാറി
വര്‍ജും അഅ്ദാഅക
ബിന്നാരി
(സ്വതന്ത്രരുടെ വഴി വിപ്ലവമാണ്. ശത്രുവിനെ തീ കൊണ്ട് എറിഞ്ഞോടിക്കുക) എന്ന് സ്വാതന്ത്ര്യത്തെ കുറിച്ച് പാടുന്ന തീവ്രവിപ്ലവ യുവത്വം മറുവശത്തു വളരുന്നു. ഫലസ്തീനി യുവതയുടെ എക്കാലത്തെയും രണ്ട് ചിത്രങ്ങളാണ് ഇവയെന്നു പറയാം. മറ്റു കുട്ടികളെ പോലെയുള്ള യാതൊരു സ്വാതന്ത്ര്യവും അവര്‍ അനുഭവിച്ചിട്ടില്ല. ഒരു സ്വതന്ത്ര രാജ്യത്ത് അവര്‍ ജീവിച്ചിട്ടുമില്ല. 13ാം വയസ്സില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ഇസ്രായേലി ജയിലില്‍ കഴിയുന്ന അഹ്മദ് മന്‍സാറക്ക് ഇപ്പോള്‍ 22 വയസ്സായിക്കാണും. തന്റെ കൂടെ ഉണ്ടായിരുന്ന ഒരു ബന്ധു പട്ടാളത്തെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി എന്നതാണ് കുറ്റം. കത്തി കാണിച്ച ബന്ധുവിനെ പട്ടാളം ഉടന്‍ തന്നെ വെടിവെച്ചു കൊന്നു.
ഫലസ്തീന്‍ അഭയാര്‍ഥികളുടെ വിദ്യാഭ്യാസ-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി മാത്രം പ്രവര്‍ത്തിക്കുന്ന യുഎന്‍ ഏജന്‍സിയാണ് യുനര്‍വ (ഡചഞണഅ). പക്ഷേ, അംഗരാ്രഷ്ടങ്ങളില്‍ നിന്ന് ആവശ്യമായ ഫണ്ടിന്റെ പകുതി പോലും ലഭിക്കുന്നില്ല എന്നാണ് യുനര്‍വ റിപ്പോര്‍ട്ട് ചെയ്യുന്നത് (അല്‍ജസീറ, 2023 ജൂണ്‍ 3). യുനര്‍വ പാര്‍ലമെന്റില്‍ സംസാരിച്ച അഹ്മദ് ദഖ എന്ന പതിനഞ്ചുകാരന്‍ തങ്ങളുടെ കുട്ടിക്കാലത്തെ വിശേഷിപ്പിച്ചത് കാണുക: ”കുട്ടികളായ ഞങ്ങള്‍ക്ക് കുട്ടിക്കാലം എന്ന ആശയത്തെക്കുറിച്ച് നോട്ടുപുസ്തകങ്ങളിലും പുസ്തകത്താളുകളിലും വായിച്ച അറിവ് മാത്രമാണുള്ളത്.”
മുഖാവമ
(പ്രതിരോധം)
പ്രസിദ്ധ ഫലസ്തീനി കവി ദര്‍വീഷിന്റെ ‘തിരിച്ചറിയല്‍ രേഖ’ എന്ന കവിതയിലെ ആശയം കാണുക:
എന്റെ പൂര്‍വികരുടെ
മുന്തിരിത്തോട്ടങ്ങളും
ഞാനും എന്റെ മക്കളും
നട്ടു നനച്ച
കൃഷിയിടങ്ങളും
മോഷ്ടിക്കപ്പെട്ടു.
എനിക്കും എന്റെ
പേരമക്കള്‍ക്കും
ഈ പാറക്കൂട്ടങ്ങളല്ലാതെ
ഒന്നും ബാക്കിയില്ല.
പക്ഷേ, എനിക്ക് വിശന്നാല്‍
എന്റെ കൈയേറ്റക്കാരന്റെ
മാംസം ഞാന്‍ ഭക്ഷിക്കും
അതുകൊണ്ട് എന്റെ
വിശപ്പിനെ സൂക്ഷിക്കുക.
ഒരു സാധാരണ ഫലസ്തീനിയുടെ പ്രതിരോധത്തിന്റെ തത്വശാസ്ത്രമാണ് ഏതാനും വരികളില്‍ ഇവിടെ ആവിഷ്‌കരിച്ചത്.
ലോകത്തെ ഏറ്റവും സുസജ്ജമായ ആണവശക്തിയെ നേരിടാന്‍ ആവശ്യമായ സായുധസേനയോ സജ്ജീകരണങ്ങളോ ഫലസ്തീനികളുടെ കൈയില്‍ ഇന്നില്ല എന്നത് ആര്‍ക്കും അറിയുന്ന യാഥാര്‍ഥ്യമാണ്. എന്നാല്‍ നാടും വീടും നഷ്ടപ്പെട്ട് മഹാഭൂരിപക്ഷവും വിവിധ അഭയാര്‍ഥി കേന്ദ്രങ്ങളില്‍ കഴിയാന്‍ വിധിക്കപ്പെട്ട ഒരു ജനത കിട്ടാവുന്ന ഓരോ ആയുധവുമെടുത്തും ആയുധമില്ലാതെയും പ്രതിരോധമൊരുക്കുക സ്വാഭാവികം മാത്രം. 1967 വരെ ഓരോ ഫലസ്തീനിയും കരുതിയത് അറബ് ലോകത്തിന്റെ ശക്തിയില്‍ തങ്ങള്‍ക്ക് വൈകാതെത്തന്നെ മാതൃരാജ്യം തിരിച്ചുകിട്ടുമെന്നായിരുന്നു. എന്നാല്‍ 1967ലെ കുപ്രസിദ്ധമായ ആറു ദിന യുദ്ധം ആ പ്രതീക്ഷകള്‍ തകര്‍ത്തു.
ഇന്ന് ഫലസ്തീന്‍ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള ഒരു ചെറിയ പ്രദേശമൊഴികെ ബാക്കി മുഴുവന്‍ പ്രദേശങ്ങളും ഇസ്രായേലിന്റെ സൈനിക അധിനിവേശത്താല്‍ അസ്വസ്ഥമാണ്. സര്‍വേ പ്രകാരം ഇന്ന് 60% ഫലസ്തീനികളും പ്രതീക്ഷയര്‍പ്പിക്കുന്നത് സായുധ പ്രതിരോധ സമരത്തിലാണ്. കടുത്ത ചൂടേറ്റ പ്രഷര്‍ കുക്കറിനു സമാനമായ മനോനിലയിലാണ് ഇന്നോരോ ഫലസ്തീനിയും ജീവിക്കുന്നതെന്നാണ് ജനീനും ഗസ്സയും ജറൂസലമും നമ്മോട് പറയുന്നത്. അഞ്ചു വര്‍ഷത്തോളം നീണ്ടുനിന്ന ഒന്നാം ഇന്‍തിഫാദ മുതല്‍ അവരുടെ തീവ്രസമരോത്സുകത വര്‍ധിച്ചുവരുന്നതായി നാം കാണുന്നു. കല്ലും കവണയും പ്രാകൃതമായ മറ്റ് ആയുധങ്ങളും ഉപയോഗിച്ചുള്ള സായുധ ചെറുത്തുനില്‍പ് ഒരു പ്രതിരോധ മാര്‍ഗമായി അവര്‍ പരീക്ഷിച്ചറിഞ്ഞു. തദ്ഫലമായി പൊതുസ്ഥലങ്ങളും സ്വീകരണമുറികളുമെല്ലാം രക്തസാക്ഷികളുടെയും തടവില്‍ കഴിയുന്നവരുടെയും ചിത്രങ്ങളാല്‍ നിറഞ്ഞു. ജയില്‍മോചിതരായി വരുന്നവര്‍ക്കുള്ള ആശംസാവചനങ്ങള്‍ വേറെയും കാണാം. മെഡിറ്ററേനിയന്‍ കടലും ജോര്‍ദാന്‍ നദിയും പലപ്പോഴും രക്തം കൊണ്ട് ചുവന്നു.
കുട്ടികള്‍ ഇന്ന് ഉണ്ണുന്നത് ഏറെയും രക്തസാക്ഷികളുടെ വീരകഥകള്‍ കേട്ടുകൊണ്ടാണ്. 2002ലെ ഇസ്രായേലിന്റെ ജനീന്‍ ആക്രമണവേളയില്‍ ഒരു ഡസനോളം ഇസ്രായേലി ഭടന്‍മാരെ വധിച്ച മഹ്മൂദ് ത്വവാലിബേ പോലുള്ള പലരും ഇന്ന് അറബ് ലോകത്തെ വീരപുരുഷന്‍മാരാണ്. ധീരതയെ പാടിപ്പുകഴ്ത്താന്‍ ഇന്നും ഓരോ ഫലസ്തീനി ബാലനും പാടുന്ന പാട്ടുകളിലേറെയും തുടങ്ങുന്നത് ‘ത്വവാലിബേ… ത്വവാലിബേ…’ എന്നാണ്. മിതവാദികളായ ഫലസ്തീനിയന്‍ അതോറിറ്റിയുടെ (പിഎല്‍എ) ദേശീയ ഗാനം പോലും തുടങ്ങുന്നത് ‘ഫിദാഇ, ഫിദാഈ’ (സമര്‍പ്പിതനായ യോദ്ധാവ്) എന്ന സമരോത്സുകതയുടെ പദങ്ങള്‍ കൊണ്ടാണ്. ചെറുത്തുനില്‍പും മോചനവും സ്വാതന്ത്ര്യവും ഫലസ്തീനിന്റെ പൊതുവികാരമാണ് എന്നാണീ കവിതകളും വീരകഥകളും ലോകത്തോട് പറയുന്നത്. കവികള്‍ അധികവും പാടുന്നത് പ്രതികാരത്തെ കുറിച്ചും തങ്ങളുടെ ഭൂമിക്കും നാടിനും വേണ്ടി തങ്ങളുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന തീവ്രാഭിലാഷത്തെ കുറിച്ചുമാണ്.
ഫ്രീഡം തിയേറ്റര്‍
ഫലസ്തീനി വിദ്യാര്‍ഥികളുടെ മാനസികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്കായി ഇസ്രായേലീ മനുഷ്യാവകാശ പ്രവര്‍ത്തകയായ അര്‍നാ മെര്‍ കാമിഷ് ജനീനില്‍ സ്ഥാപിച്ച ഫ്രീഡം തിയേറ്റര്‍ പ്രസിദ്ധമാണ്. ഫലസ്തീനിന്റെ പ്രത്യേക സാഹചര്യം മുന്നില്‍ കണ്ട് തീവ്ര വികാരവിക്ഷോഭങ്ങളില്‍ നിന്ന് വിദ്യാര്‍ഥികളെ കരകയറ്റുക എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ടതാണെങ്കിലും, അവിടെ പരിശീലനം നേടിയ ചിലര്‍ പിന്നീട് ഇസ്രായേലിനുള്ളില്‍ നുഴഞ്ഞുകയറി നടത്തിയ ഫിദായീന്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെടുകയുണ്ടായി എന്നത് ആകസ്മികമല്ല.
‘അര്‍നായുടെ കുട്ടികള്‍’ എന്ന ഡോക്യുമെന്ററിയില്‍ ആ പോരാളികളുടെ കഥാവിവരണങ്ങളുണ്ട്. ഇതില്‍ കൊല്ലപ്പെട്ട യൂസുഫ് സ്വയ്താതിന്റെ കഥ ഒരു ‘തീവ്രവാദി’ എങ്ങനെ ജനിക്കുന്നു എന്നതിന്റെ ഉത്തമോദാഹരണമായി കാണാവുന്നതാണ്. തന്റെ സമീപത്തെ സ്‌കൂളില്‍ നടന്ന ഇസ്രായേലീ ബോംബാക്രമണത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്നു കിടക്കുന്ന ഒരു കുട്ടിയെ തോളിലെടുത്ത് വൈദ്യസഹായത്തിനായി ഓടുന്നതിനിടെ, കുട്ടി അദ്ദേഹത്തിന്റെ കൈകളില്‍ വെച്ചുതന്നെ അന്ത്യശ്വാസം വലിക്കുകയായിരുന്നു. ഇത്തരം ദാരുണ സംഭവങ്ങളുടെ ആഘാതത്തിലായിരിക്കാം ഉള്ളം കത്തുന്ന കനലുമായി, തീരാത്ത പ്രതികാരവാഞ്ഛയും മനസ്സില്‍ പേറി സ്വയം മരണത്തിന് തയ്യാറായ ഒരു ഭീകരന്‍ ജന്‍മമെടുക്കുന്നത്. ഇത് മതം അനുവദിക്കാത്ത യുദ്ധമുറയാണ് എന്നത് മറ്റൊരു ചര്‍ച്ചയാണ്. ലോകത്തിനു മുമ്പില്‍ ഇദ്ദേഹം ഭീകരവാദിയാണെന്നത് ശരിയാണെങ്കില്‍, മറുവശത്ത് വന്‍ നശീകരണായുധങ്ങളുടെ ബലത്തില്‍ നിരപരാധികളായ കുട്ടികളെയും സാധാരണക്കാരെയും കൊന്നൊടുക്കുന്ന സയണിസ്റ്റ് രീതി ഭീകരതയല്ലാതാവുന്നത് എന്തുകൊണ്ടാണ്?
തങ്ങളുടെ നാടന്‍ തോക്കുകള്‍ക്ക് ഫലസ്തീനെ മോചിപ്പിക്കാന്‍ കഴിയില്ല എന്നത് ഓരോ ഫലസ്തീനിക്കും ബോധ്യമുള്ളതാണ്. ഫ്രീഡം തിയേറ്ററിലെ തന്റെ ഏഴു സഹപാഠികള്‍ ഇസ്രായേലീ ആക്രമണത്തില്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് അഭയാര്‍ഥിയായ സകരിയ്യ സുബൈദി ആയുധമെടുക്കുന്നത്. തന്റെ തോക്കുകള്‍ക്കും കൈയിലെ ഉരുളന്‍ കല്ലുകള്‍ക്കും ഇസ്രായേലിനെ തോല്‍പിക്കാന്‍ കഴിയില്ല എന്ന് അദ്ദേഹത്തിനറിയാം. എന്നാല്‍ ഞങ്ങളുടെ ആയുധങ്ങള്‍ ഞങ്ങള്‍ അനുഭവിക്കുന്ന അധിനിവേശത്തിന്റെ ചിഹ്നം കൂടിയാണ്. ആയുധങ്ങള്‍ മാത്രമല്ല, ഞങ്ങളുടെ കഥകളും കവിതകളും ഗാനങ്ങളും സംസ്‌കാരവും തുടങ്ങി പലതും ഞങ്ങളുടെ മോചനത്തെ എളുപ്പമാക്കിയേക്കാം എന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ (എക്‌സ്‌പ്ലോര്‍ ഡോക്യുമെന്ററി). നാട്ടില്‍ കഴിഞ്ഞ അര നൂറ്റാണ്ടിലധികമായി ദിനംപ്രതി വര്‍ധിച്ചുവരുന്ന അരക്ഷിതാവസ്ഥയെ കുറിച്ച് ഹാലത് ഹിസാര്‍ (ഉപരോധം) എന്ന കവിതയില്‍ ദര്‍വീഷിന്റെ ഏതാനും വരികള്‍ ഇങ്ങനെ വായിക്കാം:
ഞാനേത് നിമിഷവും
വിടപറയും
സുഹൃത്തുക്കള്‍
എനിക്കൊരു
വിടവാങ്ങല്‍ വിരുന്നിന്
സദാ തയ്യാറാണ്.
അവിടെ, ഓക്കുമര
തണലില്‍
എനിക്കൊരു
കുഴിമാടമൊരുക്കും
മാര്‍ബിള്‍ ഫലകത്തിലൊരു
സമയക്കുറിയും.
വെസ്റ്റ്ബാങ്കിനു ചുറ്റുപാടും പരന്നുകിടക്കുന്ന കുന്നും മലകളും താഴ്‌വരകളും കൃഷിയിടങ്ങളും മാത്രമല്ല, 80% ജലസ്രോതസ്സുകളും നിയന്ത്രിക്കുന്നതും അധിനിവേശ സേനയാണ്. ഏറ്റവുമധികം ശുദ്ധജല ദൗര്‍ലഭ്യം നേരിടുന്ന നാടായി ഫലസ്തീന്‍ മാറിക്കഴിഞ്ഞു. ഉപരോധം മൂലം സാധനസാമഗ്രികള്‍ തടയപ്പെട്ടതുകൊണ്ട് ഗസ്സയില്‍ പണിതുതുടങ്ങിയ ജലശുദ്ധീകരണശാല വര്‍ഷങ്ങളായി പാതിവഴിയില്‍ കിടക്കുന്നു. സ്വന്തം ആകാശത്തിനും ഭൂമിക്കും വേണ്ടി മാത്രമല്ല, ശുദ്ധജലത്തിനു വേണ്ടി കൂടിയാണ് ഓരോ ഫലസ്തീനിയുടെയും പ്രതിരോധം.
വെസ്റ്റ്ബാങ്കിലെ വൃദ്ധകര്‍ഷകന്‍ സഈദ് അബ്ദുല്‍ഖാദറിന് പറയാനുള്ളത് സ്വയം പ്രതിരോധത്തിന്റെ കഥകളാണ്. ”ഒരു പ്രഭാതത്തില്‍ ഇസ്രാ യേലി കുടിയേറ്റക്കാര്‍ നൂറുകണക്കിന് ആടുകളെയും പശുക്കളെയുമായി എന്റെ കൃഷിയിടം കൈയേറി. ഞാനും മുപ്പതോളം വരുന്ന കുടുംബാംഗങ്ങളോടൊപ്പം അവരെ നേരിട്ടു. മറ്റാരും ഞങ്ങളെ സഹായിക്കാന്‍ വന്നില്ല. അവര്‍ തല്‍ക്കാലം പിന്തിരിഞ്ഞുവെങ്കിലും ദിനേനയെന്നോണം കൂടുതല്‍ സ്ഥലങ്ങളിലേക്ക് അവര്‍ കടന്നുകയറിക്കൊണ്ടിരിക്കുന്നു. കര്‍ഷകര്‍ അവരുടെ കൃഷിയും ഉറവകളും ഉപേക്ഷിക്കുകയാണ്. മരണമാണിതിലും ഭേദം. ഇതാണ് പ്രതിരോധത്തിന്റെ ലളിതമായ മനഃശാസ്ത്രം” (ഫലസ്തീന്‍ ജലസ്രോതസ്സുകളുടെ ആയുധവത്കരണം, അല്‍ജസീറ).
കുട്ടികളും വൃദ്ധരും മാത്രമല്ല, നിഷ്പക്ഷരായ നിരവധി പത്രപ്രവര്‍ത്തകരും ഇസ്രായേലി ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ജനീനില്‍ കൊല്ലപ്പെട്ട അല്‍ജസീറയുടെ ഫലസ്തീനിയായ പത്രപവര്‍ത്തക ഷിറിന്‍ അബൂ ആഖിലയുടെ കുടുംബത്തിന് അന്താരാഷ്ട്ര നിയമമനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കാന്‍ ഇസ്രായേല്‍ തയ്യാറായിട്ടില്ല. റിപ്പോര്‍ട്ടിങിനിടെ കൊല്ലപ്പെട്ട ഇരുപതോളം ഫലസ്തീനി പത്രപ്രവര്‍ത്തകര്‍ക്കും ഇതേ അവസ്ഥയാണ്. അതേസമയം 2009ല്‍ കൊല്ലപ്പെട്ട ബ്രിട്ടീഷ് പത്രപ്രവര്‍ത്തകന്‍ മില്ലറുടെ കുടുംബത്തിന് 1.75 ദശലക്ഷം പൗണ്ടാണ് ഇസ്രായേല്‍ നഷ്ടപരിഹാരമായി നല്‍കിയത്. ബ്രിട്ടീഷ് ഭരണകൂടത്തെ പോലുള്ള പാശ്ചാത്യ പിന്തുണയോ സമ്മര്‍ദബലമോ ഇല്ലാത്ത ഫലസ്തീനി പൗരന്‍മാരുടെ കാര്യത്തില്‍ ഇത്തരം അന്താരാഷ്ട്ര മര്യാദകളൊന്നും ബാധകമല്ല.