ഫലസ്തീനെ പിന്തുണച്ച് തുര്‍ക്കി
ഫലസ്തീന്‍ ലക്ഷ്യത്തിനായി ശക്തമായ രീതിയില്‍ തന്നെ പിന്തുണ നല്‍കുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി അങ്കാറയില്‍ വെച്ച് ഉര്‍ദുഗാന്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അല്‍അഖ്‌സയുടെ ചരിത്രപരമായ പ്രാധാന്യം മാറ്റാനുള്ള ഒരു ശ്രമവും തന്റെ സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. തുര്‍ക്കിയ എന്ന നിലയില്‍, ഞങ്ങള്‍ ഫലസ്തീനിയന്‍ ലക്ഷ്യത്തെ സാധ്യമായ ഏറ്റവും ശക്തമായ രീതിയില്‍ പിന്തുണയ്ക്കുന്നത് തുടരും. അനധികൃത കുടിയേറ്റക്കാരുടെ അക്രമങ്ങളില്‍ ഞങ്ങള്‍ക്ക് അഗാധമായ ഉത്കണ്ഠയുണ്ടെന്നും സംയുക്ത പത്രസമ്മേളനത്തില്‍ ഉര്‍ദുഗാന്‍ പറഞ്ഞു. പുണ്യസ്ഥലങ്ങളുടെ, പ്രത്യേകിച്ച് അല്‍അഖ്‌സ മസ്ജിദിന്റെ ചരിത്രപരമായ തല്‍സ്ഥിതി മാറ്റാന്‍ ശ്രമിക്കുന്ന ഒരു പ്രവൃത്തിയും ഞങ്ങള്‍ക്ക് അംഗീകരിക്കാനാവില്ല. ഫലസ്തീനികളുടെ ഐക്യവും അനുരഞ്ജനവുമാണ് ഈ പ്രക്രിയയിലെ പ്രധാന ഘടകങ്ങളെന്നും ഇസ്‌റാഈല്‍ ‘ചുവന്ന വര’ കടന്നതായും അദ്ദേഹം പറഞ്ഞു. ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണിനിടെ 60 ഫലസ്തീനികളെ ഇസ്‌റാഈല്‍ സൈന്യം കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് 2018ല്‍ തുര്‍ക്കി ഇസ്‌റാഈലുമായി അകന്നിരുന്നു.