‘ചെറിയ കുട്ടി’യാണ് യു എസ് സ്റ്റേറ്റ് സെക്രട്ടറി: ഫലസ്തീന്‍ പ്രസിഡന്റ്

അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ നടത്തുന്ന അനധികൃത കുടിയേറ്റങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുന്ന യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ‘ചെറിയ കുട്ടി’യാണെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. കഴിഞ്ഞയാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന ഉന്നതതല അംഗങ്ങളുമായുള്ള സ്വകാര്യ യോഗത്തിലാണ് മഹ്മൂദ് അബ്ബാസ് ബ്ലിങ്കനുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് വ്യക്തമാക്കിയത്. ഫലസ്തീന്‍ സമാധാന കരാര്‍ പുനഃസ്ഥാപിക്കുന്നതിന് ഇസ്രായേലിനു മേല്‍ സമ്മര്‍ദം ചെലുത്താന്‍ യു എസ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ബ്ലിങ്കനോട് വ്യക്തമാക്കിയതായി മഹ്മൂദ് അബ്ബാസ് പറഞ്ഞു. ‘ചെറിയ കുട്ടീ, അപ്രകാരം ചെയ്യരുത്’ -താന്‍ ബ്ലിങ്കനോട് പറഞ്ഞു. 1956-ല്‍ യു എസ് പ്രസിഡന്റ് ഡൈ്വറ്റ് ഐസനോവര്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ഡേവിഡ് ബെന്‍ഗുരിയന് ഉത്തരവ് നല്‍കിയതിനു ശേഷം മാത്രമാണ് ഇസ്രായേല്‍ ഗസ്സാ മുനമ്പില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചതെന്ന് താന്‍ ബ്ലിങ്കനോട് വിശദീകരിച്ചതായും മഹ്മൂദ് അബ്ബാസ് കൂട്ടിച്ചേര്‍ത്തു. ഇസ്രായേലിനു ശക്തമായ പിന്തുണ നല്‍കിയതിന്റെ പേരില്‍ ബ്ലിങ്കന്‍ നേരത്തെയും വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്.
