ഫലസ്തീന്‍ ജനതയുടെയും പോരാട്ടങ്ങളുടെയും ചരിത്രം
മുബാറക് മുഹമ്മദ്

ഫലസ്തീന്‍: തെരുവില്‍
നിര്‍ത്തപ്പെട്ട ജനത/
എം എസ് ഷൈജു/
വില:.230 രൂപ/
യുവത ബുക്‌സ് കോഴിക്കോട്
‘ഫലസ്തീന്‍ തെരുവില്‍ നിര്‍ത്തപ്പെട്ട ജനത’ എന്ന എം എസ് ഷൈജുവിന്റെ ഗ്രന്ഥം വായിക്കുന്നുവെങ്കില്‍ നാം കോവിഡ് കാലത്തിന്റെ തുടക്കത്തില്‍ നേരിട്ട നിയന്ത്രണങ്ങള്‍ എത്രത്തോളം ലഘുവായിരുന്നു എന്ന് നമുക്ക് ചിന്തിക്കേണ്ടി വരും. പ്രാര്‍ഥനാദിനമായ വെള്ളിയാഴ്ചകളില്‍ പോലും പുറത്തിറങ്ങാന്‍ വയ്യാതായിപ്പോകുന്ന ഒരു സമൂഹം. അവിടുത്തെ നേതാക്കള്‍ക്കു പോലും യാത്ര ചെയ്യണമെങ്കില്‍ മറുനാടന്‍ ഗവണ്‍മെന്റിന്റെ അനുമതി വേണമെന്നത് ഒരു സമൂഹത്തെ എത്രമേല്‍ അരക്ഷിതമാക്കുന്നതാണ്!
അത്രമേല്‍ ഗഹനമായതോ തീര്‍പ്പില്ലാത്തതോ ആയ ഫലസ്തീന്‍ വിഷയത്തെ എത്രമേല്‍ ഒതുക്കത്തോടെയാണ് ലേഖകന്‍ എഴുതി വെച്ചിരിക്കുന്നത് എന്നതു തന്നെയാണ് എഴുത്തിന്റെ മേന്മ. ഡോ. പിജെ വിന്‍സെന്റിന്റെ അവതാരിക ഗ്രന്ഥ വിഷയത്തെ കൃത്യമായി സ്പര്‍ശിക്കുന്നുണ്ട്. 1948-ല്‍ പാര്‍ട്ടീഷന്‍ പ്ലാനിന്റെ ഭാഗമായുണ്ടായ ഇസ്‌റാഈലിനെ ലോകമംഗീകരിച്ചു കഴിഞ്ഞു. എന്നാല്‍ 1967-ലെ ആറുദിന യുദ്ധത്തില്‍ ഇസ്‌റാഈല്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ നിന്ന് അവര്‍ പിന്‍വാങ്ങി ആ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഒരു സ്വതന്ത്ര ഫലസ്തീന്‍ ഉണ്ടാക്കുക എന്നതാണ് പരിഹാരമെന്ന് നോം ചോംസ്‌കി, എഡ്വേര്‍ഡ് സെയ്ദ് തുടങ്ങിയവരെ ഉദ്ധരിച്ചു കൊണ്ട് പി ജെ വിന്‍സെന്റ് പറഞ്ഞു വെച്ചതിന്റെ തുടര്‍ച്ചയായി ഗ്രന്ഥകാരന്‍ വിഷയത്തിലേക്ക് കടക്കുന്നു. സ്വന്തം അതിര്‍ത്തികളില്‍ ഒതുങ്ങി നില്‍ക്കാന്‍ ഇസ്‌റാഈല്‍ തയാറായാല്‍ അവസാനിക്കുന്ന പ്രശ്‌നമെന്ന് ഒറ്റവാക്കില്‍ വിഷയത്തെ പറഞ്ഞു വെക്കുന്നുണ്ട് ആദ്യ അധ്യായത്തില്‍.
അബ്രഹാം പ്രവാചകന്റെ കാലത്തെ ജൂത, ക്രിസ്ത്യന്‍, മുസ്‌ലിം വിഭാഗങ്ങളുടെ പരസ്പര പൂരകത്വങ്ങളെ സ്പര്‍ശിച്ചാണ് ഫലസ്തീന്‍- ഇസ്‌റാഈല്‍ ദേശങ്ങളുടെ ചരിത്രം മുന്നോട്ടു നീങ്ങുന്നത്. വിശ്വാസവുമായി ബന്ധപ്പെട്ട ദൈവീക വാഗ്ദത്ത ഭൂമിയും ചരിത്രാതീതകാലം മുതല്‍ക്കു തന്നെ രേഖപ്പെടുത്തപ്പെട്ട ദേശവും തമ്മിലുള്ള നിലയ്ക്കാത്ത സംഘര്‍ഷങ്ങളുടെ തീ ഇന്നും അണയാതെ നില്ക്കുന്നതെന്തുകൊണ്ടെന്ന് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
ക്രിസ്തു ഘാതകരായ യഹൂദരോടുള്ള ക്രിസ്തീയ ഭരണാധികാരികളുടെ അവജ്ഞയും പീഡനങ്ങളും ആധുനിക ഫലസ്തീന്‍- ഇസ്‌റാഈല്‍ ദ്വന്ദ്വയുദ്ധങ്ങളിലേക്ക് വന്നതിന്റെ കാലചരിത്രങ്ങള്‍ കൃത്യമായ അടുക്കോടെ തുടര്‍ന്നു വായിക്കാവുന്നതാണ്. അബ്രഹാം പ്രവാചകനില്‍ തുടങ്ങുന്ന ചരിതം അതതു കാലങ്ങളിലെ മഹാപുരുഷന്മാരിലൂടെയും സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ജീവിതങ്ങളിലൂടെയും കൃത്യമായി പരാമര്‍ശിച്ചു പോകുന്നു എന്നതിനാല്‍ ഗ്രന്ഥവായന ഒരിടത്തും നിലയ്ക്കാതെ നിറുത്താന്‍ ഗ്രന്ഥകാരനു സാധിക്കുന്നുണ്ട്.
ഇസ്‌ലാമിന്റെ ഫലസ്തീനിലെ ഉദയം, കുരിശുയുദ്ധം, ഖുദ്‌സ് വിഷയം, സ്വലാഹുദ്ദീന്‍ അയൂബി, ഉസ്മാനിയ ഖിലാഫത്ത്, നെപ്പോളിയന്‍, ഒന്നാം ലോകയുദ്ധകാലത്തെ സയണിസത്തിന്റെ ആഗോള ഗൂഢാലോചനകള്‍, രണ്ടാം ലോകയുദ്ധാനന്തരം ഫലസ്തീനു സംഭവിച്ച വന്‍ പിഴവ് എന്നിവ ദിശാബോധത്തോടെ തന്നെ പറഞ്ഞു വെക്കുന്നുണ്ട് ഗ്രന്ഥകാരന്‍. തുടര്‍ന്ന്, അറബ് ലോകങ്ങളുടെ ഐക്യബോധത്തെ തരിപ്പണമാക്കാന്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഇസ്‌റാഈലിന്റെ കുറുക്കന്‍ ബുദ്ധിയോടു ചേര്‍ന്ന് നടത്തിയ ഒളിച്ചു കളികള്‍ ആശ്ചര്യത്തോടെയേ വായിക്കാന്‍ കഴിയുകയുള്ളൂ.
എഡ്വേര്‍ഡ് സെയ്ദ്, യാസിര്‍ അറഫാത്ത് എന്നീ ആത്മ ബാന്ധവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാക്കിയ ഓസ്‌ലോ കരാര്‍, 1967-ലെ ആറുദിന യുദ്ധാനന്തര പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തെയും എണ്ണ സമ്പത്ത് കൈവശമുണ്ടായിട്ടും അമേരിക്കന്‍ വിധേയത്വത്തിലേക്ക് പോയ മേഖലയിലെ ഭരണ നേതൃത്വങ്ങള്‍ തുടങ്ങിയവയെ കുറിച്ച് കൃത്യമായ അവലംബങ്ങളോടെ വിശദീകരണം നടത്തിയ ശേഷം ആധുനിക ഇസ്‌റാഈലും ഫലസ്തീനും ഇന്‍തിഫാദ, ഹമാസ്, ഫലസ്തീന്‍ അതോറിറ്റി, വെസ്റ്റ് ബാങ്ക്, ഗസ്സ എന്നു തുടങ്ങി ഏതാണ്ടെല്ലാ രാഷ്ട്രീയ സംജ്ഞകളും ഗ്രന്ഥം കൃത്യതയോടെ പറയുന്നുണ്ട്. .