21 Sunday
July 2024
2024 July 21
1446 Mouharrem 14

ഫലസ്തീന്‍- ഇസ്‌റാഈല്‍ സംഘര്‍ഷം വിശകലനങ്ങളും പ്രതീക്ഷകളും

എം എസ് ഷൈജു


ഫലസ്തീന്‍- ഇസ്‌റാഈല്‍ സംഘര്‍ഷങ്ങള്‍ക്ക് ഇനിയെന്താണ് പരിഹാരമെന്നാണ് ലോകം ചോദിക്കുന്നത്. ഫലസ്തീന്‍ സംഘര്‍ഷങ്ങളുടെ ചരിത്രത്തില്‍ അവഗാഹമുള്ളവര്‍ക്ക് പോലും വ്യക്തമായൊരുത്തരം ഇതിന് നല്‍കാന്‍ കഴിയുന്നില്ല. ഒരു നിയമവും പാലിക്കാന്‍ തയാറാകാത്ത ഇസ്‌റാഈലാണ് മറുപക്ഷത്തുള്ളതെന്നത് കൊണ്ടാണ് ഈ അവ്യക്തത. അവരെ പിന്തുണക്കാന്‍ കച്ച കെട്ടിയിറങ്ങിയ അമേരിക്കയാണ് എപ്പോഴും കീറാമുട്ടിയാകുന്നത്. അന്താരാഷ്ട്ര വേദികളില്‍ തങ്ങളുടെ സ്വാധീനവും അധികാരവും ഉപയോഗിച്ച് ഇസ്‌റാഈലിനെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായി അമേരിക്ക നില്‍ക്കുന്നിടത്തോളം കാലം ഇതൊരു കീറാമുട്ടി തന്നെയായിരിക്കും.
1948-ല്‍ ഐക്യരാഷ്ട്രസഭ നിര്‍ദേശിച്ച വിഭജന രേഖയെ അംഗീകരിക്കുകയും ദ്വിരാഷ്ട്ര പദ്ധതിയോട് സഹകരിക്കുകയും ചെയ്തിരുന്നെങ്കില്‍ ഈ ദുര്യോഗങ്ങളുണ്ടാകുമായിരുന്നോ എന്നൊരു ചോദ്യമിവിടെ ഉയരുന്നുണ്ട്. അന്ന് 46 ശതമാനം ഭൂമിയാണ് അറബികള്‍ക്കായി മാറ്റി വെച്ചത്. അതില്‍ വെറും മൂന്ന് ശതമാനം ഭൂമിയില്‍ മാത്രമാണ് ഇന്ന് ഫലസ്തീന്‍ ജനത ചുരുങ്ങി നില്‍ക്കുന്നത്. ഏറ്റവും കുറഞ്ഞത് 15 ശതമാനം ഭൂമിയും കിഴക്കന്‍ ജറൂസലമും മടക്കിക്കൊടുക്കാന്‍ ഇസ്‌റാഈല്‍ തയാറായാല്‍ ഏതാണ്ട് പ്രശ്‌ന പരിഹാരമായി. കൊള്ള മുതലിന്റെ 15 ശതമാനം തിരികെ കൊടുത്താല്‍ പ്രശ്‌നമവസാനിപ്പിക്കാമെന്ന് മുതല്‍ നഷ്ടപ്പെട്ടവര്‍ പറയുന്ന ഗതികേടിലേക്ക് എത്തി നില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് മുകളിലെ ചോദ്യം പ്രസക്തമാകുന്നത്. ഫലസ്തീന്റെ ചരിത്രമോ അവരനുഭവിക്കുന്ന നീതി നിഷേധമോ തിരസ്‌കരണമോ ആനുഭാവികതയോടെ മനസിലാക്കാന്‍ കഴിയാത്തത് കൊണ്ട് മാത്രമാണ് ഇങ്ങനെയൊരു ചോദ്യം രൂപപ്പെടുന്നത് തന്നെ. ഒരു ജനതയെ അവരുടെ ദേശത്ത് നിന്ന് പുറന്തള്ളി തെരുവില്‍ നിര്‍ത്തിയിട്ട് 75 വര്‍ഷങ്ങള്‍ പിന്നിട്ട ഈ കാലത്ത് ഇവിടെ നിന്ന് നാം പിന്നിലോട്ട് തിരിഞ്ഞ് നിന്ന് നോക്കുന്നത് കൊണ്ടാണ് ഇങ്ങനെയൊരു ചോദ്യമുണ്ടാകുന്നത് തന്നെ. ആ ചോദ്യം പോലും വലിയൊരു നീതികേടാണ്. ഏകരാഷ്ട്ര സിദ്ധാന്തത്തിന്റെ പ്രസക്തി നഷ്ടപ്പെട്ട് കഴിഞ്ഞു. ലോകത്തിന്റെ വന്‍ ശക്തികളിലൊന്നായി ഇസ്‌റാഈല്‍ മാറി. അതുകൊണ്ട് തന്നെ ഇസ്‌റാഈല്‍ എന്ന അസ്തിത്വത്തെ അംഗീകരിച്ച് കൊണ്ടുള്ള പദ്ധതികള്‍ മാത്രമേ ഇനി പ്രായോഗികമാകുകയുള്ളൂ. ദ്വിരാഷ്ട്ര പദ്ധതിയെ ഒരിക്കലും അംഗീകരിക്കില്ലെന്ന നിലപാട് പുലര്‍ത്തിയിരുന്ന ഫലസ്തീന്‍ കക്ഷികള്‍ പോലും ഈ യാഥാര്‍ഥ്യം മനസിലാക്കി അവരുടെ നിലപാടുകളില്‍ മാറ്റം കൊണ്ടുവന്ന് കഴിഞ്ഞു.
സംഘര്‍ഷങ്ങളുടെയും പോരാട്ടങ്ങളുടെയും വഴികള്‍ വെടിഞ്ഞ് നയതന്ത്ര നീക്കങ്ങള്‍ ശക്തമാക്കുകയും വിട്ട് വീഴ്ചകളുടെ വഴികള്‍ സ്വീകരിക്കുകയും ചെയ്യുന്നതിലൂടെയേ പരിഹാരമുണ്ടാകൂ എന്ന് വിശ്വസിക്കുന്നവരുമുണ്ട്. എന്നാല്‍ ഫലസ്തീന്‍ പ്രശ്‌നങ്ങളുടെ സങ്കീര്‍ണമായ വഴിത്താരകളെപ്പറ്റി മനസ്സിലാക്കുന്നവര്‍ക്ക് ഈയൊരു വാദത്തിന്റെ അര്‍ഥമില്ലായ്മ വേഗം മനസിലാകും. ജീവിതം മുഴുവന്‍ പോരാട്ട വഴിയില്‍ സമര്‍പ്പിച്ച യാസിര്‍ അറഫാത്ത് എന്ന വിമോചന നായകന് സ്വന്തം ജനതയുടെ മുന്നില്‍ വിശ്വാസ്യത പോലും നഷ്ടപ്പെടുത്തിക്കളയേണ്ടി വന്നതിന് ഈ വിട്ട് വീഴ്ചകളുടെ പേരിലായിരുന്നു. വിട്ടുവീഴ്ചകളുടെ പരമകാഷ്ടയില്‍ നിന്ന് കൊണ്ടാണ് ഓസ്ലോ ഉടമ്പടിയില്‍ അദ്ദേഹം ഒപ്പ് വെക്കുന്നത്. അതിനപ്പുറം ഒരു വിട്ട്‌വീഴ്ച ഫലസ്തീന്‍ വിഷയത്തില്‍ സ്വീകരിക്കാനില്ല. എന്നിട്ട് പോലും ആ ധാരണകള്‍ പാലിക്കപ്പെട്ടില്ല. ലോകം മുഴുവന്‍ പിന്തുണ നല്‍കിയ ആ കരാര്‍ ഇസ്‌റാഈല്‍ നിര്‍ലജ്ജം ലംഘിച്ചു.
സായുധ പോരാട്ടത്തിന്റെ വഴികളിലൂടെ ഒരു പരിഹാരം സാധ്യമല്ല എന്ന് എല്ലാവര്‍ക്കുമറിയാം. കാരണം ഓരോ സായുധ പോരാട്ടങ്ങളെയും സിയോണിസ്റ്റുകള്‍ എങ്ങനെയാണ് അവര്‍ക്കനുകൂലമാക്കി മാറ്റിയതെന്ന ചരിത്രം നമുക്ക് മുന്നില്‍ തന്നെയുണ്ട്. ദേശ രാഷ്ട്രങ്ങളുടെ രൂപീകരണത്തിന് ശേഷം ഏകപക്ഷീയമായ സൈനിക ഇടപെടലുകള്‍ വഴി രാഷ്ട്രീയ പരിഹാരങ്ങള്‍ ഉണ്ടായിട്ടുള്ള സംഭവങ്ങള്‍ അതീവ വിരളമാണ്. വേണമെങ്കില്‍ ഈസ്റ്റ് തിമോറിനെയോ അയര്‍ലന്റിനെയോ ഒക്കെ ചൂണ്ടിക്കാണിക്കാമെന്ന് മാത്രം. അപ്പോഴും ചില ചോദ്യങ്ങളുണ്ട്. ലോകത്തിന് മുഴുവന്‍ മാരക പ്രഹര ശേഷിയുള്ള ആയുധങ്ങള്‍ ഉത്പാദിപ്പിച്ച് നല്കിക്കൊണ്ടിരുന്ന ഇസ്‌റാഈലുമായി എന്ത് തരം സായുധ പോരാട്ടമാണ് ഫലസ്തീന്‍ നടത്തേണ്ടത്? അറബ് രാജ്യങ്ങള്‍ പോലും കേവലമായ സാമ്പത്തിക സഹായങ്ങളില്‍ മാത്രമായി അവരുടെ ഫലസ്തീന്‍ പ്രതിബദ്ധതയെ ചുരുക്കി നിര്‍ത്തുകയും, ഇസ്‌റാഈല്‍ അമേരിക്കന്‍ താത്പര്യങ്ങള്‍ക്കെതിരില്‍ അവരൊന്നും ഒരു ചെറുവിരല്‍ പോലുമുയര്‍ത്തി പ്രതിഷേധിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ എന്ത് പിന്തുണയാണ് അവരില്‍ നിന്നൊക്കെ ഫലസ്തീന് ലഭിക്കുക? ഒട്ടും പ്രതീക്ഷ നല്‍കുന്ന ഉത്തരങ്ങളല്ല മേല്‍ പറഞ്ഞ രണ്ട് ചോദ്യങ്ങള്‍ക്കും ലഭിക്കാനുണ്ടാകുക.
കഴിഞ്ഞ 75 വര്‍ഷങ്ങളായി ഇസ്‌റാഈലിലെ അറബ് ജനത അനുഭവിച്ച പ്രാന്തവത്കരിക്കപ്പെട്ട ജീവിതങ്ങളെക്കുറിച്ച് അവര്‍ക്ക് തന്നെ ബോധ്യങ്ങളുണ്ടായി വരികയാണ്. ഇസ്‌റാഈലിനെപ്പോലെ ബഹുകക്ഷി ജനാധിപത്യമുള്ള ഒരു രാജ്യത്ത് അവരുടെ ജനസംഖ്യ നിസാരമായതല്ല. രാജ്യത്തിന്റെ മുഖ്യധാരാ രാഷ്ട്രീയത്തിന്റെയും അത് വഴി അധികാരത്തിന്റെയും ഇടങ്ങളിലേക്ക് അവരുടെ പ്രതിനിധാനങ്ങള്‍ കൂടി എത്തിപ്പെടുകയാണെങ്കില്‍ രാജ്യം കൈക്കൊള്ളുന്ന തീരുമാനങ്ങളില്‍ അതിന്റെ അലയൊലികള്‍ എത്തുമെന്നതില്‍ സംശയമില്ല. ഫലസ്തീനും ഇസ്‌റാഈലും തമ്മിലുണ്ടാകുന്ന സംഘര്‍ഷങ്ങളില്‍ ഇസ്‌റാഈലിനുള്ളിലുള്ള ജനാധിപത്യവാദികള്‍ തന്നെ വലിയ പ്രതിരോധം തീര്‍ക്കുന്നുണ്ട്. രാജ്യത്തെ അറബ് രാഷ്ട്രീയത്തിന് കൂടി അതിനോടൊപ്പം ഏകീകൃതമായി ചേര്‍ന്ന് നില്‍ക്കാന്‍ സാധിച്ചാല്‍ അതൊരു ആഭ്യന്തര സമ്മര്‍ദമായി മാറും.
മറ്റൊരു പ്രധാന സംഗതി, അമേരിക്കയിലെ പുതു തലമുറയുടെ നിലപാടുകളാണ്. അമേരിക്കയുടെ ഏകപക്ഷീയമായ ഇസ്‌റാഈല്‍ പക്ഷപാതത്തോട് അവരില്‍ ഭൂരിപക്ഷത്തിനും വിയോജിപ്പാണ്. 2021-ല്‍ അമേരിക്കക്കാര്‍ക്കിടയില്‍ നടന്ന ഒരു സര്‍വേ ഫലം ഈയൊരു നിരീക്ഷണത്തെ ബലപ്പെടുത്തുന്നുണ്ട്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 71 ശതമാനവും ഇസ്‌റാഈലുമായി അമേരിക്ക അതിന്റെ ചങ്ങാത്തം തുടരണമെന്ന അഭിപ്രായക്കാരാണ്. എന്നാല്‍ 65 വയസിന് മുകളില്‍ പ്രായമുള്ളവരുടെ മാത്രം അഭിപ്രായം പരിശോധിച്ചാല്‍, അവരില്‍ 83.8 ശതമാനമാളുകളും ഇസ്‌റാഈല്‍ ബന്ധത്തെ പിന്തുണക്കുന്നു. പക്ഷെ 30 വയസിന് താഴെയുള്ള അമേരിക്കന്‍ യുവത്വത്തിന്റെ 45.5 ശതമാനം ആളുകള്‍ മാത്രമേ ഇസ്‌റാഈല്‍ അമേരിക്കയുടെ സഖ്യകക്ഷിയായി തുടരുന്നതിനെ ഇഷ്ടപ്പെടുന്നുള്ളൂ. 54.5 ശതമാനം അമേരിക്കന്‍ യുവത്വവും വിശ്വസിക്കുന്നത് ഇസ്‌റാഈലിനെ പിന്തുണയ്ക്കുന്നത് വഴി അമേരിക്കയുടെ വിശ്വാസ്യതക്കും അന്തസിനും പരിക്കേല്‍ക്കുന്നുണ്ട് എന്നാണ്. ഇത്തരം ബോധങ്ങള്‍ അമേരിക്ക പോലെയുള്ള ഒരു രാജ്യത്തിനകത്ത് രൂപപ്പെടുന്നു എന്നത് ഒട്ടും നിസാരവല്‍ക്കരിക്കേണ്ടതല്ല.
മാറുന്ന സാഹചര്യങ്ങളെ സംബന്ധിച്ച് ഇസ്‌റാഈലും ശ്രദ്ധാലുക്കളാണ്. അറബ് രാജ്യങ്ങളുമായി നയതന്ത്ര ബന്ധമാരംഭിക്കുക എന്നത് അവരുടെയും കൂടി ആവശ്യമാണ്. ഏതെങ്കിലും അറബ് രാജ്യങ്ങളിലൂടെയല്ലാതെ ഏഷ്യയിലെയോ യൂറോപ്പിലെയോ ഒരു രാജ്യവുമായും കരമാര്‍ഗം ബന്ധപ്പെടാന്‍ അവര്‍ക്ക് കഴിയില്ല. അവരുടെ വാണിജ്യവും വ്യാവസായികവുമായ വളര്‍ച്ചക്ക് അറബ് രാജ്യങ്ങളുടെ സഹകരണം പ്രധാനപ്പെട്ടതാണെന്നും അവര്‍ മനസിലാക്കുന്നുണ്ട്. അയണ്‍ ഡോം പോലെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങള്‍ ആഭ്യന്തര സുരക്ഷയ്ക്കായി തയാറാക്കിയിട്ടുണ്ടെങ്കിലും ഫലസ്തീന്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്ന പ്രയാസങ്ങള്‍ അവര്‍ക്കറിയുകയും ചെയ്യാം. ഒരു വിധത്തില്‍ പറഞ്ഞാല്‍ ഫലസ്തീന്‍ പ്രശ്‌നങ്ങളില്‍ ഒരു പരിഹാരമുണ്ടാകേണ്ടത് ഇസ്‌റാഈന്റെ കൂടി ആവശ്യമാണ്. പക്ഷെ അതെങ്ങനെയായിരിക്കുമെന്നതില്‍ മാത്രം ആര്‍ക്കും ഒരു പിടിയുമില്ല.
ഇസ്‌റാഈല്‍ യു എ ഇയുമായി നടത്തിയ കരാറിന് അവര്‍ നല്‍കിയിരിക്കുന്ന പേര് അബ്രഹാം കരാറെന്നാണ്. അബ്രഹാമെന്നത് ഇസ്‌റാഈല്‍ ജനതയെയും അറബ് ജനതയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പൈതൃകം കൂടിയാണ്. ആ പേരില്‍ ഒരു കരാര്‍ രൂപപ്പെടുമ്പോള്‍ അതിന് ഒരുപാട് മാനങ്ങളുണ്ട്. ഫലസ്തീനിലെ അറബികളടക്കമുള്ള മിഡില്‍ ഈസ്റ്റിലെ അറബ് ജനതക്ക് ഇസ്‌റാഈലി ജനതയോടുള്ള പൊക്കിള്‍ക്കൊടി ബന്ധത്തെ മുന്‍ നിര്‍ത്തി ഒരു കരാര്‍ രൂപപ്പെടുമ്പോള്‍ അതിന്റെ രാഷ്ട്രീയ പ്രതിഫലനങ്ങള്‍ എങ്ങനെയൊക്കെയായിരിക്കുമെന്നത് നിരീക്ഷിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്. നിലവില്‍ ഫലസ്തീന്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ ശ്രമിച്ച് കൊണ്ടിരിക്കുന്ന ഇറാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ അറബികളുടെതല്ല. അവര്‍ പേര്‍ഷ്യന്‍, തുര്‍ക്ക് ജനതകളാണ്. അവരെ അവഗണിച്ചും അറബികളെ കൂടെ നിര്‍ത്തിയും ഇസ്‌റാഈല്‍ മുന്നോട്ട് പോകുമ്പോള്‍ അത് ഏത് വിധത്തിലാകും ഫലസ്തീന്‍ വിഷയത്തില്‍ പ്രതിഫലിക്കുക എന്നത് ഇനി കാണാനിരിക്കുന്ന കാര്യങ്ങളാണ്.
ഒരു നൂറ്റാണ്ടിലധികമായി ഒരു ഭൂപ്രദേശത്തെ മുഴുവന്‍ സംഘര്‍ഷഭരിതമാക്കിക്കൊണ്ടിരിക്കുന്ന പ്രശ്‌നത്തിന് ഒരു പരിഹാരമുണ്ടായേ മതിയാകൂ. ഒരു കാലത്ത് അല്ലെങ്കില്‍ മറ്റൊരു കാലത്ത് അത് സംഭവിക്കും. ലോക ചരിത്രം അങ്ങനെ വിശ്വസിക്കാനാണ് നമ്മെ പ്രേരിപ്പിക്കുന്നത്. പക്ഷെ അത് എങ്ങനെ, എപ്പോള്‍ എന്നൊന്നും ഇന്ന് പറയാന്‍ കഴിയില്ല. അതുവരെ ആ ജനതയോട് പോരാട്ടമവസാനിപ്പിക്കാന്‍ പറയാന്‍ ലോകത്താര്‍ക്കും കഴിയില്ല. നീതിക്കും നിലനില്‍പ്പിനും വേണ്ടി മാത്രമല്ല, അവരുടെ തലമുറകളുടെ ആത്മാഭിമാനത്തിന് കൂടിയാണ് അവര്‍ പോരാടുന്നത്. നീതിയുടെയും അധിനിവേശ വിരുദ്ധതയുടെയും രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവര്‍ അവര്‍ക്ക് പിന്തുണ നല്കിക്കൊണ്ടിരിക്കും.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x