ഫലസ്തീനെ അംഗീകരിച്ചില്ലെങ്കില്‍ ഇസ്രയേലുമായി നയതന്ത്ര ബന്ധമില്ല; നിലപാട് കടുപ്പിച്ച് സുഊദി
1967ലെ അതിര്‍ത്തി കരാര്‍ പ്രകാരമുള്ള സ്വതന്ത്ര ഫലസ്തീനെ അംഗീകരിക്കാന്‍ തയാറായില്ലെങ്കില്‍ ഇസ്രയേലുമായി യാതൊരു തയതന്ത്ര ബന്ധവുമുണ്ടാകില്ലെന്ന് സുഊദി അറേബ്യ. ഗസ്സയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും കിഴക്കന്‍ ജറൂസലം ഫലസ്തീന്റെ തലസ്ഥാനമായി അംഗീകരിക്കണമെന്നും സുഊദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഇസ്രയേല്‍- സുഊദി നയതന്ത്രം സാധാരണ നിലയിലേക്ക് മാറുന്നുവെന്ന യു എസ് ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബിയുടെ പ്രതികരണത്തിനു മറുപടിയായാണ് സുഊദി ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തേ, ഹമാസ്- ഇസ്രയേല്‍ യുദ്ധം രൂക്ഷമായതോടെയാണ് സുഊദി അറേബ്യ- ഇസ്രയേല്‍ നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീണത്. ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തില്‍ 1200 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഗസ്സയില്‍ നടത്തിയ തിരിച്ചടിയില്‍ നാലു മാസത്തിനിടെ 27,000ത്തിലേറെ ഫലസ്തീന്‍കാരാണ് കൊല്ലപ്പെട്ടത്. മേഖലയില്‍ നിന്ന് പിന്മാറാന്‍ സൈന്യം തയാറായിട്ടില്ല. ഇതിനിടെയാണ് കടുത്ത നിലപാടുമായി സുഊദി രംഗത്തുവന്നത്.