ഫലസ്തീനികളുടെ വീട് തകര്‍ക്കല്‍ ഇസ്‌റാഈല്‍ വര്‍ധിപ്പിച്ചതായി യു എന്‍

ഫലസ്തീനികളുടെ വീട് തകര്‍ക്കുന്നത് ഇസ്‌റാഈല്‍ വര്‍ധിപ്പിച്ചതായി യു എന്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറൂസലമിലും അടക്കം 153 ഫലസ്തീനി വീടുകളാണ് ഇസ്‌റാഈല്‍ സൈന്യം കഴിഞ്ഞ ഒരു മാസം മാത്രം തകര്‍ത്തത്. 2009 മുതല്‍ ഇസ്‌റാഈല്‍ തകര്‍ത്ത വീടുകളുടെ എണ്ണം ഏറ്റവും ഉയര്‍ന്ന നിലയിലെത്തുന്നത് ഇത് നാലാം തവണയാണ്. ഫലസ്തീന്‍ മേഖലയിലെ മാനുഷികാവകാശങ്ങള്‍ ഏകീകരിക്കുന്ന യു എന്നിന്റെ ഏജന്‍സിയായ ഒ സി എച്ച് എ ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇസ്‌റാഈല്‍ നടപടി കാരണം 305 ഫലസ്തീനികളാണ് വീടുവിട്ടു പോകേണ്ടി വന്നത്. ഇതില്‍ 172 പേര്‍ കുട്ടികളാണ്. 435 പേര്‍ക്ക് അവരുടെ ഉപജീവന മാര്‍ഗങ്ങളോ മറ്റു സേവനങ്ങളോ തടസ്സപ്പെട്ടിട്ടുണ്ട്. 77 സഹായകേന്ദ്രങ്ങളാണ് ഇത്തരത്തില്‍ ഇസ്‌റാഈല്‍ സൈന്യം തകര്‍ത്തത്. ഇതില്‍ 47 എണ്ണം യൂറോപ്യന്‍ യൂണിയന്റെ ഫണ്ടിങ്ങില്‍ പ്രവര്‍ത്തിക്കുന്നവയാണ്. 2020-ലെ ശരാശരി വെച്ചുനോക്കുകയാണെങ്കില്‍ 2021-ല്‍ 65 ശതമാനമാണ് ഇസ്‌റാഈല്‍ അതിക്രമണങ്ങളില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. ഇസ്‌റാഈലിന്റെ ഫലസ്തീനികള്‍ക്കു നേരെയുളള അതിക്രമവും കുടിയേറ്റവും വര്‍ധിക്കുന്നതായാണ് ഇതിലൂടെ കാണിക്കുന്നത്.
