പകരയുടെ കെട്ടുകഥകളും കറാമത്ത് വാദങ്ങളും
അലി മദനി മൊറയൂര്‍
‘നിന്നെ മാത്രമേ ഞങ്ങള്‍ ആരാധിക്കുകയുള്ളൂ. നിന്നോട് മാത്രമേ ഞങ്ങള്‍ സഹായം തേടുകയുള്ളൂ’ എന്ന ഇസ്‌ലാമിന്റെ അടിസ്ഥാന ആദര്‍ശം ഉറക്കെ പ്രഖ്യാപിച്ചപ്പോള്‍ അബൂജഹല്‍ അടക്കമുള്ള മക്കാ മുശ്‌രിക്കുകള്‍ ഉന്നയിച്ച ചോദ്യം ”ഇവര്‍ പല ആരാധ്യന്മാരെ ഒരൊറ്റ ആരാധ്യനാക്കുകയാണോ? തീര്‍ച്ചയായും ഇത് ഒരത്ഭുതകരമായ കാര്യം തന്നെയാണ്” (38:5) എന്നാണ്. എന്നാല്‍ ഇതേ മുശ്‌രിക്കുകളോട് ആരാണ് ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ച് പരിപാലിക്കുന്നതെന്ന് ചോദിച്ചാല്‍ അല്ലാഹുവാണെന്ന് അവര്‍ ഉറപ്പിച്ചു പറയുമായിരുന്നു (39:38). കപ്പലില്‍ യാത്ര ചെയ്യുമ്പോള്‍ കാറ്റും കോളും വന്ന് കപ്പലിനെ മുക്കിക്കളയുന്ന അവസ്ഥയെത്തിയാല്‍ ഇതേ മുശ്‌രിക്കുകള്‍ ഏകനായ അല്ലാഹുവിനെ മാത്രമേ വിളിച്ച് പ്രാര്‍ഥിച്ചിരുന്നുള്ളൂ (29:65, 31:32). മക്കാ മുശ്‌രിക്കുകളുടെ പോലും നിലപാടുകളെ മറികടക്കുന്ന വിധത്തിലുള്ള പ്രചാരണങ്ങളാണ് സി എം വലിയ്യുല്ലാഹി എന്ന പേരില്‍ അറിയപ്പെടുന്ന സി എം അബൂബക്കര്‍ മുസ്‌ലിയാരുടെ പേരില്‍ വലിയ വലിയ ഉസ്താദുമാര്‍ ഇന്ന് പ്രചരിപ്പിക്കുന്ന കെട്ടുകഥകള്‍. പകരയിലുള്ള ഒരു മുസ്‌ലിയാരാണ് ഇത് തുടങ്ങി വെച്ചത്. ഇപ്പോള്‍ അവരുടെ ‘ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി’ ഇത് ഏറ്റെടുത്തിരിക്കുകയാണ്. ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ച് പരിപാലിക്കുന്നതും ആകാശത്തു നിന്ന് മഴ വര്‍ഷിപ്പിച്ചു തരുന്നതും അല്ലാഹുവാണെന്ന് അബൂജഹലടക്കമുള്ള മക്കാ മുശ്‌രിക്കുകള്‍ അംഗീകരിച്ചിരുന്നു.
ലോകത്തെ നിയന്ത്രിക്കുന്ന
വലിയ്യ്
മക്കാ മുശ്‌രിക്കുകള്‍ അല്ലാഹുവിന് വകവെച്ചു നല്‍കിയ അധികാരംപോലും അല്ലാഹുവിന് നല്‍കാന്‍ നേരത്തെ പറഞ്ഞ മുസ്‌ലിയാന്മാര്‍ക്ക് സാധിക്കുന്നില്ല. ഈ പ്രപഞ്ചത്തെ അഖിലവും നിയന്ത്രിക്കുന്നത് സി എം വലിയ്യുല്ലാഹി ആണെന്നതാണ് ഇവരുടെ കണ്ടെത്തല്‍. ഇതിന് തെളിവായി ഇവര്‍ പറയുന്നത് സൂറത്തുന്നാസിആതിലെ അഞ്ചാമത്തെ വചനമാണ്: ”കാര്യം നിയന്ത്രിക്കുന്നവയും തന്നെയാണ് സത്യം”.
അല്ലാഹുവിന്റെ പ്രത്യേക സൃഷ്ടികളായ മലക്കുകളെക്കുറിച്ചാണ് ഇവിടെ പരാമര്‍ശം. ഈ ആയത്തിനു തൊട്ടുമുമ്പുള്ള ആദ്യത്തെ നാല് വചനങ്ങളിലും ഈ വചനത്തിലും മലക്കുകളെക്കുറിച്ചാണ് ഉദ്ദേശിക്കുന്നത് എന്ന് മുഫസ്സിറുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മലക്കുകള്‍ക്ക് അല്ലാഹുവിന്റെ കല്‍പനക്കനുസരിച്ചല്ലാതെ ഒന്നും പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല എന്ന് വിശുദ്ധ ഖുര്‍ആന്‍ പ്രസ്താവിച്ചിട്ടുണ്ട്. ‘അല്ലാഹുവിന്റെ കല്‍പനക്ക് എതിരായി അവര്‍ ഒന്നും പ്രവര്‍ത്തിക്കുകയില്ല. അവരോട് കല്‍പിക്കപ്പെട്ടത് മാത്രമേ അവര്‍ പ്രവര്‍ത്തിക്കുകയുള്ളൂ’ (66:6).
ആകാശഭൂമികളെ സൃഷ്ടിച്ച് പരിപാലിക്കുക എന്നത് അല്ലാഹുവിന്റെ ഉത്തരവാദിത്തമാണ്. അതിനെ സംരക്ഷിക്കുക എന്നത് അവന് ഭാരമുള്ളതുമല്ല എന്ന് ആയത്തുല്‍ കുര്‍സിയ്യില്‍ അല്ലാഹു പ്രഖ്യാപിച്ചിട്ടുണ്ട്. അവന്റെ അധികാര പീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍ക്കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രേ (2:255). ഒരു വിശ്വാസി നിത്യവും പാരായണം ചെയ്യേണ്ട ആയത്തുല്‍ കുര്‍സിയ്യിന്റെ ആശയം പോലും മനസ്സിലാക്കാത്തവരാണ് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തിയും അനുയായികളും എന്നത് മക്കാ മുശ്‌രിക്കുകളെക്കാള്‍ വിശ്വാസ ജീര്‍ണത ബാധിച്ചവരാണ് ഇവര്‍ എന്ന് നമ്മെ ആവര്‍ത്തിച്ച് ബോധ്യപ്പെടുത്തുകയാണ്.
മരിച്ചവരെ ജീവിപ്പിക്കുന്ന
വലിയ്യ്
സി എം വലിയുല്ലാഹിക്ക് മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുണ്ടെന്നാണ് ഇവരുടെ വാദം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് മരണപ്പെട്ട കൊടുവള്ളി സ്വദേശി അമ്പലക്കണ്ടി അസീസ് മുസ്‌ലിയാരുടെ ഭാര്യയെ അദ്ദേഹം പുനരുജ്ജീ വിപ്പിച്ചുവത്രേ. മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുറ്റവനാണ് സി എം വലിയ്യുല്ലാഹി അടക്കമുള്ള ഔലിയാക്കള്‍ എന്നാണ് ഇതിലൂടെ ഇവര്‍ ജല്‍പിക്കുന്നത്. വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനങ്ങള്‍ക്ക് വിരുദ്ധമാണിതെല്ലാം. ”അവന്‍ തന്നെയാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവന്‍. രാപ്പകലുകളുടെ വ്യത്യാസവും അവന്റെ നിയന്ത്രണത്തില്‍ തന്നെയാകുന്നു. അതിനാല്‍ നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കുന്നില്ലേ?” (23:80).
”അവനാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവന്‍. ഒരു കാര്യം അവന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ ‘ഉണ്ടാകൂ’ എന്ന് അതിനോട് അവന്‍ പറയുക മാത്രം ചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു”(40:68). വിശുദ്ധ ഖുര്‍ആനിനെ പിന്‍പറ്റുന്ന ഒരു മുസ്‌ലിമിന് ഒട്ടും അവ്യക്തത ഇല്ലാത്ത വിധം അല്ലാഹുവാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവന്‍ എന്നത് അല്ലാഹുവിന്റെ വചനത്തിലൂടെ അവന്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.
അല്ലാഹുവിനെ നിഷേധിക്കുന്നവരുടെ മുമ്പില്‍ അല്ലാഹുവിന്റെ കഴിവിനെയും മഹത്വത്തെയും ബോധ്യപ്പെടുത്തുമ്പോള്‍ വിശുദ്ധ ഖുര്‍ആന്‍ എടുത്തുപറഞ്ഞത് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവന്‍ എന്നതാണ്. ”നിങ്ങള്‍ക്ക് എങ്ങനെയാണ് അല്ലാഹുവിനെ നിഷേധിക്കുവാന്‍ കഴിയുക? നിങ്ങള്‍ നിര്‍ജീവ വസ്തുക്കളായിരുന്ന അവസ്ഥയ്ക്ക് ശേഷം അവന്‍ നിങ്ങള്‍ക്ക് ജീവന്‍ നല്‍കി. പിന്നെ അവന്‍ നിങ്ങളെ മരിപ്പിക്കുകയും വീണ്ടും ജീവിപ്പിക്കുകയും ചെയ്യുന്നു. പിന്നീട് അവങ്കലേക്കുതന്നെ നിങ്ങള്‍ തിരിച്ചു വിളിക്കപ്പെടുകയും ചെയ്യുന്നു” (2:28).
മുഅ്ജിസത്തിന്റെ ഭാഗമായി ഈസാ(അ) ‘മരിച്ചവരെ ഞാന്‍ ജീവിപ്പിക്കുകയും ചെയ്യും’ എന്ന് പ്രഖ്യാപിച്ചതായി കാണാം (3:49). അപ്പോള്‍ മരിച്ചവരെ ജീവിപ്പിക്കാനുള്ള കഴിവ് ഇത്തരം സി എമ്മു മാര്‍ക്കുണ്ടെന്ന കള്ളവാദത്തിലൂടെ ഈസാ നബി(അ)യുടെ മുഅ്ജിസത്തിനെക്കൂടി തള്ളിക്കളയുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്.
പെണ്‍കുട്ടിയെ ആണ്‍കുട്ടിയാക്കുന്ന
വലിയ്യ്
അഞ്ചു മാസം ഗര്‍ഭിണിയായ തന്റെ ഭാര്യ മുമ്പ് പ്രസവിച്ചതെല്ലാം പെണ്‍കുട്ടികളെയാണെന്ന് സി എമ്മിനോട് പരാതി പറഞ്ഞ ഉത്തമ അനുയായിയുടെ ഭാര്യയുടെ ഗര്‍ഭസ്ഥ ശിശുവിനെ ആണ്‍കുട്ടിയാക്കിക്കൊടുത്തതും സി എം വലിയ്യുല്ലാഹിയുടെ കറാമത്ത് കഥകളില്‍ സ്ഥാനം പിടിച്ച ഒന്നാണ്. അഥവാ ഗര്‍ഭാശയത്തില്‍ വെച്ചുതന്നെ ആവശ്യക്കാര്‍ക്ക് ആണ്‍കുട്ടിയെ പെണ്‍കുട്ടിയാക്കാനും പെണ്‍കുട്ടിയെ ആണ്‍കുട്ടിയാക്കാനും ഔലിയാക്കള്‍ക്ക് കഴിയുമെന്ന്! ഇതും ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണത്തിന് വിരുദ്ധമാണ്. ”അവന്‍ സ്രവിക്കപ്പെടുന്ന ശുക്ലത്തിലെ ഒരു കണമായിരുന്നില്ലേ? പിന്നെ അവന്‍ ഒരു ഭ്രൂണമായി. എന്നിട്ട് അല്ലാഹു (അവനെ) സൃഷ്ടിച്ചു, സംവിധാനിച്ചു. അങ്ങനെ അതില്‍ നിന്ന് ആണും പെണ്ണുമാകുന്ന രണ്ട് ഇണകളെ അവന്‍ ഉണ്ടാക്കി. അങ്ങനെയുള്ളവന്‍ മരിപ്പിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുള്ളവനല്ലേ” (75:37-40)
പുരുഷന്റെ ശുക്ലത്തിലെ ബീജം സ്ത്രീയുടെ അണ്ഡവുമായി ചേരുന്ന സമയത്തുതന്നെ കുഞ്ഞ് ആണോ പെണ്ണോ എന്നത് അല്ലാഹു തീരുമാനിക്കുന്നു. അല്ലാഹുവിന്റെ അധികാര പരിധിയില്‍പെട്ട ഈ കാര്യത്തെയും ഔലിയാക്കള്‍ക്ക് വിട്ടുകൊടുത്ത ഉസ്താദുമാര്‍ ഖുര്‍ആനിനെ പൂര്‍ണമായി നിരാകരിക്കുകയാണ് ചെയ്യുന്നത്. ”അല്ലാഹുവിനാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ ആണ്‍മക്കളെയും പ്രദാനം ചെയ്യുന്നു. അല്ലെങ്കില്‍ അവര്‍ക്ക് അവന്‍ ആണ്‍മക്കളെയും പെണ്‍മക്കളെയും ഇടകലര്‍ത്തി നല്‍കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരാക്കുന്നു. തീര്‍ച്ചയായും അവന്‍ സര്‍വജ്ഞനും സര്‍വ ശക്തനുമാകുന്നു” (42:49,50).
നമസ്‌കരിക്കാത്ത വലിയ്യ്
സി എം വലിയ്യുല്ലാഹി നമസ്‌കരിക്കാറുണ്ടായിരുന്നില്ല. ഒരിക്കല്‍ മുതിര്‍ന്ന ഒരു പണ്ഡിതന്‍ തന്നെ ഇത് അദ്ദേഹത്തോട് ചോദിച്ചുവത്രേ. അപ്പോള്‍ സി എം അയാളുടെ കൈ വെള്ള നിവര്‍ത്തിക്കാണിച്ചുകൊടുത്തു. അത് ടെലിവിഷന്‍ സ്‌ക്രീന്‍ പോലെ തിളങ്ങി. അപ്പോള്‍ സി എം പരിശുദ്ധ ഹറമില്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്നു.
അപ്പോള്‍ നാട്ടില്‍ നമസ്‌കരിക്കാതെ നടന്നിരുന്ന സി എം വലിയ്യ് അതേസമയം തന്നെ ഹറമില്‍ നമസ്‌കരിച്ചു എന്നതാണ് കറാമത്ത് കഥ. ഒരു വിശ്വാസി യുദ്ധരംഗത്തു പോലും നമസ്‌കാരം ഉപേക്ഷിക്കരുത് എന്നതാണ് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. മാത്രവുമല്ല, അത് സമയം നിര്‍ണയിക്കപ്പെട്ട ഒരു നിര്‍ബന്ധ ബാധ്യതയാണ്. ”തീര്‍ച്ചയായും നമസ്‌കാരം സത്യവിശ്വാസിക്ക് സമയം നിര്‍ണയിക്കപ്പെട്ട ഒരു നിര്‍ബന്ധ ബാധ്യതയാകുന്നു” (4:103). കാഫിറിന്റെയും വിശ്വാസിയുടെയും ഇടയിലുള്ള വ്യത്യാസമായി പ്രവാചകന്‍(സ) പഠിപ്പിച്ചത് നമസ്‌കാരമാണ്. ഇത്തരത്തില്‍ നമസ്‌കാരം ഉപേക്ഷിക്കുന്നവരെ അല്ലാഹുവിന്റെ ഔലിയാക്കളായി പരിചയപ്പെടുത്തുന്നവര്‍ ഇസ്‌ലാമിന്റെ ശത്രുക്കളാണ്.
വിസയും പാസ്‌പോര്‍ട്ടുമില്ലാത്തവര്‍ വിദേശത്ത് കുടുങ്ങിയാല്‍ സി എം ശൈഖിനെ മനസ്സില്‍ ധ്യാനിച്ചാല്‍ അവിടുന്ന് യാതൊരു പ്രയാസവുമില്ലാതെ നാട്ടിലെത്താന്‍ സാധിക്കുക, പി എസ് സി പരീക്ഷാഹാളില്‍ ഉത്തരം കിട്ടാതെ വലയുമ്പോള്‍ ശൈഖിനെ മനസ്സില്‍ ധ്യാനിച്ചാല്‍ മറ്റാരും കാണാതെ പരീക്ഷാഹാളിലെത്തി മുരീദിന് ഉത്തരങ്ങള്‍ പറഞ്ഞുകൊടുക്കുന്ന ശൈഖുമാര്‍, കള്ളക്കടത്ത് രക്ഷപ്പെടുത്താന്‍ സഹായിക്കുന്ന ഔലിയാക്കള്‍ ഇങ്ങനെ സകല കള്ളത്തരങ്ങള്‍ക്കും തട്ടിപ്പിനും വെട്ടിപ്പിനും കൂട്ടുനില്‍ക്കുന്നവരാണ് സമസ്തക്കാര്‍ പരിചയപ്പെടുത്തുന്ന പല ഔലിയാക്കളും.
സ്റ്റോപ്പില്ലാത്തിടത്ത് ട്രെയിന്‍ നിറുത്താന്‍ സി എം വലിയ്യിനെ മനസ്സില്‍ കരുതി കൈ കാട്ടിയാല്‍ സാധ്യമാകുമത്രേ. കാലാവസ്ഥ മോശമായതിനാല്‍ തിരിച്ചുവിട്ട വിമാനത്തിനുള്ളില്‍ സി എം വലിയ്യിനെ ഓര്‍ത്തപ്പോള്‍ അതില്‍ നിന്ന് ചാടി ഇറങ്ങാന്‍ സാധിച്ച കഥകളും പ്രചുര പ്രചാരത്തിലുണ്ട്.
ഇങ്ങനെ പ്രചരിപ്പിക്കപ്പെടുന്ന കെട്ടുകഥകളുടെ വക്താക്കള്‍ ഒരുവേള അബൂജഹലിനേക്കാള്‍ തരംതാഴുകയാണ് ചെയ്യുന്നത്. ‘നിന്നെ മാത്രമേ ഞങ്ങള്‍ ഇബാദത്ത് ചെയ്യൂ, നിന്നോട് മാത്രമേ ഞങ്ങള്‍ സഹായം തേടൂ’ എന്ന് ദിവസവും പതിനേഴ് തവണ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്ന ഒരു മുസ്‌ലിമിന് യോജിക്കാത്ത കെട്ടുകഥകളാണിവയെല്ലാം. അല്ലാഹുവിന് ജീവിതത്തെ പരിപൂര്‍ണമായി സമര്‍പ്പിച്ച് അല്ലാഹുവിന്റെ കല്‍പനകളെ പരിപൂര്‍ണമായി നിലനിര്‍ത്തി അല്ലാഹുവും അവന്റെ പ്രവാചകനും നിര്‍ദേശിച്ച കാര്യങ്ങള്‍ കൃത്യമായി അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ചുകൊണ്ട് പ്രവര്‍ത്തിച്ചു മുന്നേറുന്നവനാണ് യഥാര്‍ഥ വലിയ്യ്. അവരില്‍ പെട്ടവരാണ് നാമിപ്പോള്‍ ഹജ്ജ് മാസത്തില്‍ അയവിറക്കുന്ന ഹാജര്‍(റ), ഇസ്മാഈല്‍(റ) തുടങ്ങിയവര്‍.
അവരില്‍ അശ്‌റഫുല്‍ ഖല്‍ഖായി അറിയപ്പെടുന്ന അന്ത്യ പ്രവാചകനാണ് ഔലിയാക്കളില്‍ ഉത്തമര്‍. അവരെല്ലാവരും യഥാര്‍ഥ വിശ്വാസം നിലനിര്‍ത്തി ജീവിതത്തില്‍ ധാര്‍മികബോധമുള്ളവരായി ജീവിച്ചവരാണ്. അങ്ങനെ ജീവിച്ചാല്‍ നമുക്കും ഔലിയാക്കളുടെ പദവിയിലെത്താന്‍ സാധിക്കും. ”ശ്രദ്ധിക്കുക. അല്ലാഹുവിന്റെ മിത്രങ്ങളാരോ അവര്‍ക്ക് യാതൊരു ഭയവുമില്ല. അവര്‍ ദു:ഖിക്കേണ്ടി വരികയുമില്ല. വിശ്വസിക്കുകയും സൂക്ഷ്മത പാലിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരത്രേ അവര്‍. അവര്‍ക്കാണ് ഐഹിക ജീവിതത്തിലും പാരത്രിക ജീവിതത്തിലും സന്തോഷവാര്‍ത്തയുള്ളത്” (10:62-64).