1 Sunday
December 2024
2024 December 1
1446 Joumada I 29

പൊട്ടിത്തെറിക്കുന്ന പേജറുകള്‍


ഗസ്സയില്‍ നിരപരാധികളും നിസ്സഹായരുമായ അര ലക്ഷത്തോളം മനുഷ്യരെ കൂട്ടക്കുരുതി നടത്തിയിട്ടും ചോരക്കൊതി മാറാത്ത സയണിസ്റ്റ് ഭീകര ഭരണകൂടം ലബനാനിലെ പേജര്‍ ആക്രമണത്തിലൂടെ പശ്ചിമേഷ്യയെ കൂടുതല്‍ സംഘര്‍ഷത്തിലേക്കും രക്തരൂക്ഷിതമായ ഏറ്റുമുട്ടലിലേക്കും തള്ളിവിട്ടിരിക്കുകയാണ്. ഇസ്രായേല്‍ – ലബനാന്‍ അതിര്‍ത്തി നേരത്തെ തന്നെ സംഘര്‍ഷഭരിതമാണ്. പേജര്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വരുംനാളുകളില്‍ ഈ സംഘര്‍ഷം കൂടുതല്‍ ശക്തിപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. ഇസ്രായേലിനെതിരെ മിസൈല്‍ ആക്രമണങ്ങള്‍ കടുപ്പിച്ച് ഹിസ്ബുല്ലയും ലബനാന്‍ പ്രദേശങ്ങളില്‍ ആകാശാക്രമണം വ്യാപിപ്പിച്ച് ഇസ്രായേലും ഇതിനകം തന്നെ യുദ്ധസമാന അന്തരീക്ഷം സൃഷ്ടിച്ചുകഴിഞ്ഞു.
പേജര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഇസ്രായേല്‍ നേരിട്ട് ഏറ്റെടുത്തിട്ടില്ല. അതേസമയം ഉത്തരവാദിത്തം നിഷേധിക്കാനും അവര്‍ തയ്യാറായിട്ടില്ല. മാത്രമല്ല ഹിസ്ബുല്ലയെ ഇല്ലാതാക്കാന്‍ എന്തും ചെയ്യുമെന്ന് ഇസ്രായേല്‍ പ്രതിനിധി തന്നെ യു എന്നില്‍ വ്യക്തമാക്കിയതില്‍ നിന്ന് പേജര്‍ ആക്രമണങ്ങള്‍ക്കു പിന്നില്‍ ആരുടെ കരങ്ങളാണെന്ന് പകല്‍പോലെ വ്യക്തമാണ്. ഇസ്രായേല്‍ തന്നെ നിര്‍മിച്ച സ്ഫോടക വസ്തുക്കള്‍ നിറച്ച 5000ത്തോളം പേജറുകളാണ് ലബനാനില്‍ വിതരണം ചെയ്തതെന്നും ഒറ്റ കമാന്‍ഡിലൂടെ ഇവ പൊട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പേജറുകള്‍ ലബനാന് കൈമാറാന്‍ ഇടനില നിന്ന നോര്‍വേ പൗരനായ മലയാളിയുടെ ഉടമസ്ഥതയിലുള്ള ഷെല്‍ കമ്പനിയിലേക്കും അന്വേഷണം നീളുന്നുണ്ട്. നോര്‍വേ പൊലീസ് തന്നെയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
ഹിസ്ബുല്ലയുടെ ആക്രമണങ്ങളെ തുടര്‍ന്ന് ഉത്തരമേഖലയില്‍ നിന്ന് കുടിയൊഴിഞ്ഞുപോയ അരലക്ഷത്തോളം ഇസ്രായേലികള്‍ക്ക് സ്വന്തം നാടുകളിലേക്ക് തിരിച്ചെത്താനുള്ള അവസരം ഒരുക്കുകയാണ് ലക്ഷ്യമെന്നാണ് ഹിസ്ബുല്ലക്കെതിരായ നടപടിയെ ന്യായീകരിക്കാന്‍ ഇസ്രായേല്‍ നിരത്തുന്ന വാദം. മേഖലയില്‍ ഒന്നാകെ സംഘര്‍ഷത്തിന്റെ വിത്തു പാകിയത് തങ്ങളാണെന്ന കാര്യം സൗകര്യപൂര്‍വ്വം മറച്ചുവെച്ചാണ് ഇസ്രായേലിന്റെ ഈ ന്യായീകരണം.
അന്താരാഷ്ട്ര മര്യാദകളെയെല്ലാം കാറ്റില്‍ പറത്തി ഇസ്രായേല്‍ നടത്തുന്ന നരമേധത്തെ തടയുന്നതു പോയിട്ട്, അതിനെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും യു എന്നിനു കഴിയുന്നില്ല എന്നതാണ് ഖേദകരം. സിവിലിയന്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളെ ആയുധമാക്കി മാറ്റുക വഴി പേജര്‍ ആക്രമണത്തിലൂടെ ഇസ്രായേല്‍ നടത്തിയത് രാജ്യാന്തര ധാരണകളുടെ ലംഘനമാണെന്ന് യു എന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേലിന്റെയും മൊസാദിന്റെയും ചാരക്കണ്ണുകളില്‍ നിന്ന് രക്ഷനേടാനാണ് ആശയ വിനിമയങ്ങള്‍ക്ക് ഹിസ്ബുല്ല അടക്കമുള്ള സംഘങ്ങള്‍ ആദ്യകാല ആശയ വിനിയമ ഉപാധിയായ പേജറുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഹിസ്ബുല്ലയോ ഹമാസോ മാത്രമല്ല ഇവ ഉപയോഗിക്കുന്നത്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമല്ലാത്ത പ്രദേശങ്ങളില്‍ ആശയ വിനിയമത്തിനായി അസംഖ്യം സാധാരണ മനുഷ്യരും ഇതിനെ ആശ്രയിക്കുന്നുണ്ട്.
ലബനാനിലെ പേജര്‍ സ്ഫോടന പരമ്പരകള്‍ തന്നെ ഇതിന് തെളിവാണ്. വീടുകളിലും മാര്‍ക്കറ്റുകളിലും ജനത്തിരക്കേറിയ മറ്റിടങ്ങളിലും വരെ സ്ഫോടനമുണ്ടായി. ഏഴു വയസ്സുള്ള കുട്ടി വരെ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. ഇറാന്‍ നയതന്ത്ര പ്രതിനിധി അടക്കമുള്ളവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എലിയെ കൊല്ലാന്‍ ഇല്ലം ചുടുക എന്ന പഴമക്കാരുടെ പ്രയോഗം തന്നെയാണ് ഇസ്രായേല്‍ നടത്തിയതെന്ന് ചുരുക്കം. ഹിസ്ബുല്ലയെ വേട്ടയാടാനെന്ന പേരില്‍ സാധാരണക്കാരായ നൂറു കണക്കിന് മനുഷ്യരെയാണ് അവര്‍ ഒറ്റ ദിവസം കൊണ്ട് കൊന്നൊടുക്കിയത്. ഇസ്രായേലിന്റെ യുദ്ധക്കുറ്റകൃത്യങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്ന അമേരിക്കയും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങള്‍ക്കും ഈ രക്തത്തില്‍ പങ്കുണ്ട്. തങ്ങളുടെ നയതന്ത്ര പ്രതിനിധി ഉള്‍പ്പെടെ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ഇറാനും വരും നാളുകളില്‍ കാഴ്ചക്കാരാകുമെന്ന് കരുതാനാകില്ല. ഇത് വരും ദിവസങ്ങളില്‍ പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിനു മേല്‍ സംഘര്‍ഷം വിതയ്ക്കുകയും കുട്ടികളും സ്ത്രീകളും വൃദ്ധനജനങ്ങളും അടക്കം അസംഖ്യം മനുഷ്യരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുകയും ചെയ്യും. ഇസ്രായേലിന്റെ ഈ ചോരക്കൊതിക്ക് എന്നാണ് ഒരറുതിയുണ്ടാവുക?

Back to Top