20 Monday
October 2025
2025 October 20
1447 Rabie Al-Âkher 27

പദവി ഉയര്‍ത്തുന്ന ഗ്രന്ഥം

എം ടി അബ്ദുല്‍ഗഫൂര്‍


ആമിര്‍ബിന്‍ വാസില അബൂത്വുഫൈല്‍ പറയുന്നു: അബ്ദുല്‍ ഹാരിസിന്റെ മകന്‍ നാഫിഅ്(റ) ഉസ്ഫാനില്‍വെച്ച് ഉമറുബ്നുല്‍ ഖത്താബി(റ)നെ കണ്ടുമുട്ടി. ഉമര്‍(റ) അദ്ദേഹത്തെ മക്കയില്‍ ഗവര്‍ണറായി നിശ്ചയിച്ചിരുന്നു. ഉമര്‍(റ) ചോദിച്ചു. താഴ്‌വരക്കാര്‍ക്ക് ആരെയാണ് താങ്കള്‍ പ്രതിനിധിയായി നിശ്ചയിച്ചുകൊടുത്തത്? അദ്ദേഹം പറഞ്ഞു: ഇബ്നു അബ്‌സ(റ)യെ അവര്‍ക്ക് പ്രതിനിധിയായി ഞാന്‍ നിശ്ചയിച്ചുകൊടുത്തു. അപ്പോള്‍ ഉമര്‍(റ) ചോദിച്ചു: ആരാണ് ഇബ്നു അബ്‌സ? അദ്ദേഹം പറഞ്ഞു. അദ്ദേഹം നമ്മുടെ അടിമകളില്‍പെട്ട ഒരാളാണ്. ഉമര്‍(റ) ചോദിച്ചു. നീ അവരുടെ മേല്‍ ഒരു അടിമയെ പ്രതിനിധിയായി നിശ്ചയിച്ചുവോ? അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും അദ്ദേഹം അല്ലാഹുവിന്റെ ഗ്രന്ഥം നന്നായി പാരായണം ചെയ്യുന്ന വ്യക്തിയാണ്; അനന്തരാവകാശ നിയമങ്ങളില്‍ അവഗാഹമുള്ളയാളാണ്. ജഡ്ജിയുമാണ്. അപ്പോള്‍ ഉമര്‍(റ) പറഞ്ഞു. എന്നാല്‍ നിങ്ങളുടെ നബി(സ) പറഞ്ഞിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു ഈ ഗ്രന്ഥംകൊണ്ട് ചില ജനവിഭാഗത്തെ ഉയര്‍ത്തുകയും വേറെ ചിലരെ താഴ്ത്തുകയും ചെയ്യുന്നു (ഇബ്നുമാജ, അല്‍ബാനി)

വിശുദ്ധ ഖുര്‍ആന്‍ മനുഷ്യരാശിക്ക് അല്ലാഹു നല്‍കിയ അനുഗ്രഹമാണ്. അന്ധകാരത്തില്‍ നിന്ന് പ്രകാശത്തിലേക്ക് നയിക്കുന്ന ഗ്രന്ഥമാണത്. പരീക്ഷണങ്ങളില്‍ അഭയവും പ്രയാസങ്ങളില്‍ രക്ഷയുമാണത്. മുന്‍കഴിഞ്ഞ സമുദായങ്ങളുടെ ചരിത്രവും വരാനിരിക്കുന്ന വാര്‍ത്തകളും അതില്‍ വിവരിച്ചിരിക്കുന്നു. ഒരു മനുഷ്യന്റെ ജീവിതഗതിയെ നിയന്ത്രിക്കാനുതകുന്ന നിയമങ്ങളതിലടങ്ങിയിരിക്കുന്നു. ജീവിതത്തില്‍ പിഴവുപറ്റാതിരിക്കാന്‍ മുറുകെ പിടിക്കേണ്ട ഗ്രന്ഥം. അത് അല്ലാഹുവിന്റെ ദൃഢതയുള്ള കയറാണ്. അതാണ് യഥാര്‍ഥ വഴി നമുക്ക് കാണിച്ചുതരുന്ന ഗ്രന്ഥം. ഇഹലോകത്ത് പിഴവിലാവാതിരിക്കാനും പരലോക വിജയം പ്രാപിക്കാനും സന്നദ്ധമാക്കുന്ന ഗ്രന്ഥമത്രെ അത്. ”അല്ലാഹു തന്റെ പൊരുത്തം തേടിയവരെ അത് മുഖേന സമാധാനത്തിന്റെ വഴികളിലേക്ക് നയിക്കുന്നു. തന്റെ ഉത്തരവ് മുഖേന അവരെ അന്ധകാരങ്ങളില്‍ നിന്ന് അവന്‍ പ്രകാശത്തിലേക്ക് കൊണ്ടുവരികയും നേരായ പാതയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു”(5:16).
ഖുര്‍ആന്‍ പഠിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന ഒരു ജനതയുടെ ഔന്നത്യത്തെ സൂചിപ്പിക്കുകയാണ് ഈ തിരുവചനം. അവിടെ അടിമ ഉടമ വിവേചനമില്ല. രാജാവും പ്രജയുമെന്ന വേര്‍തിരിവില്ല. ആര്‍ ആ ഖുര്‍ആനില്‍ അവഗാഹം നേടുന്നുവോ അവരാണ് പദവികള്‍ ഉയര്‍ത്തപ്പെടുന്നവര്‍. അവര്‍ക്കാണ് നേതൃത്വത്തിനുള്ള അര്‍ഹത. അവരാണ് അല്ലാഹുവിങ്കല്‍ ഉന്നതര്‍. അവര്‍ക്കാണ് ആദരവും അംഗീകാരവും. ഖുര്‍ആനിന്റെ നിര്‍ദേശങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുന്നവര്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്ത് ഈ തിരുവചനത്തിന്റെ ആശയം പ്രാധാന്യമര്‍ഹിക്കുന്നു. ഈ വേദഗ്രന്ഥത്തിന്റെ നിര്‍ദേശങ്ങളോട് നാം സ്വീകരിക്കേണ്ട സമീപനം എന്ത് എന്ന് ഈ തിരുവചനം വ്യക്തമാക്കുന്നു.

Back to Top