30 Monday
June 2025
2025 June 30
1447 Mouharrem 4

പടവാള്‍ നിര്‍മാതാവായ വയോധികന്‍

സി കെ റജീഷ്‌


ചൈനക്കാരനായ ഋഷിവര്യന്‍ ചുവാങ് സു പറഞ്ഞ ഒരു കഥയുണ്ട്. മഹാരാജാവിന് വേണ്ടി പടവാളിന്റെ രൂപമുണ്ടാക്കി കൊടുത്തിരുന്ന ഒരു കലാകാരനുണ്ടായിരുന്നു. വയസ്സ് തൊണ്ണൂറിലെത്തിയെങ്കിലും അസാമാന്യമായ കൃത്യതയോടെയായിരുന്നു അയാള്‍ ആ പ്രവൃത്തി ചെയ്തിരുന്നത്. എത്ര ധൃതിപിടിച്ച് ചെയ്താലും അയാള്‍ക്ക് അതില്‍ പിഴവൊന്നും സംഭവിക്കുമായിരുന്നില്ല.
ഒരു ദിവസം രാജാവ് വയോധികനോട് ചോദിച്ചു: ഇത് സ്വാഭാവികമായ കഴിവാണോ? അതല്ലെങ്കില്‍ അസാമാന്യ ഫലങ്ങളുണ്ടാക്കാന്‍ താങ്കള്‍ മറ്റ് വല്ല മാര്‍ഗങ്ങളും പ്രയോഗിക്കുന്നുണ്ടോ? വാള്‍ നിര്‍മാതാവ് മറുപടി നല്‍കി: ഇരുപത്തിയൊന്നാം വയസ്സില്‍ പടവാളുകളുടെ രൂപം നിര്‍മിക്കാന്‍ തുടങ്ങിയതാണ്. എന്റെ ശ്രദ്ധ മുഴുവന്‍ അതില്‍ കേന്ദ്രീകരിക്കാന്‍ തുടങ്ങി. വാളുകളുടെ രൂപമുണ്ടാക്കുന്നത് എനിക്ക് ആവേശമായി. മറ്റൊന്നും കാര്യമാക്കാതെ എന്റെ മുഴുശ്രദ്ധയും ഊര്‍ജവും പൂര്‍ണമായി ഞാനെന്റെ കലയ്ക്ക് നല്‍കി. അതാണെന്റെ വൈദഗ്ധ്യത്തിന്റെ രഹസ്യം.
നമ്മുടെ കഴിവും മികവുമുയര്‍ത്താന്‍ സാധിക്കുന്ന ഇഷ്ടമേഖലകള്‍ ഓരോരുത്തര്‍ക്കുമുണ്ട്. അതിന്റെ പോഷണത്തിനായി മുഴുശ്രദ്ധയും ഊര്‍ജവും വിനിയോഗിക്കുമ്പോഴാണ് ഫലപ്രാപ്തിയിലെത്തുന്നത്. നമ്മുടെ കര്‍മപദ്ധതികളിലേക്ക് മുന്‍ഗണനകളെ അനുബന്ധിപ്പിച്ചില്ലെങ്കില്‍ മറ്റുള്ളവരുടെ മുന്‍ഗണനകളായിരിക്കും അതില്‍ നിക്ഷേപിക്കപ്പെടുന്നത്. നമ്മുടെ സിദ്ധികളുടെ അടിത്തറയില്‍ പടുത്തുയര്‍ത്തേണ്ട കര്‍മമേഖല നമുക്ക് സ്വന്തമാണ്. അതിന്റെ മുന്‍ഗണനയ്ക്ക് ഊന്നല്‍ നല്‍കുമ്പോള്‍ മറ്റു ചിലതിനോട് ‘നോ’ (പറ്റില്ല) എന്ന് മനോഹരമായി പറയാന്‍ പഠിക്കണം. നാം പണിതുയര്‍ത്തേണ്ട ലോകത്തിന് വേണ്ട രചനാത്മകമായ ശക്തി നമുക്കുണ്ട്. അത് മറ്റുള്ളവരുടെ താല്പര്യത്തിനനുസരിച്ച് പണയപ്പെടുത്തേണ്ടതല്ല.
സമയം ലാഭിക്കാന്‍ ഒരേ സമയത്ത് പല ജോലികള്‍ ചെയ്യുന്നവരുണ്ട്. ഇത് നമ്മുടെ ഫോക്കസ് നഷ്ടപ്പെടുത്തുന്നു. ഒരു ജോലിയും ഭംഗിയായി ചെയ്യാന്‍ കഴിയാത്ത അവസ്ഥ സംജാതമാകുന്നു. ജീവിതത്തില്‍ തന്നെ വലിയ വില കൊടുക്കേണ്ട അവസ്ഥയുണ്ടാകുന്നു. വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിച്ചതിന്റെ പേരില്‍ വിളിച്ചു വരുത്തിയ അശ്രദ്ധ ഒരായുസ്സ് മുഴുവന്‍ തീരാനഷ്ടം സമ്മാനിക്കുന്നു. നാം ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ പൂര്‍ണതയ്ക്ക് ഒരു കാര്യം നാം ‘ശ്രദ്ധിച്ചേ തീരൂ’. ഒരു സമയത്ത് ഒരു പ്രവൃത്തി ശീലിക്കുകയെന്നതാണത്. ഒരു സമയത്ത് ഒന്നിലധികം കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുമ്പോള്‍ അത് ക്രിയാത്മകത നഷ്ടപ്പെടുത്തുന്നു. ഉദ്ദേശിക്കുന്ന ഫലപ്രാപ്തി ലഭിക്കാതാകുന്നു. ഇരുതോണിയില്‍ കാല്‍വെച്ചവന് വ്യക്തമായ ദിശാസഞ്ചാരം അസാധ്യമാണ്. ജീവിതയാത്രയിലും ഈ അലക്ഷ്യ ബോധം ഇല്ലാതിരിക്കുവാനുള്ള ജാഗ്രതയാണ് വേണ്ടത്. സ്രഷ്ടാവിന്റെ ഈ വചനം ഏറെ ചിന്തനീയമാണ്: ”യാതൊരു മനുഷ്യനും അവന്റെ ഉള്ളില്‍ അല്ലാഹു രണ്ട് ഹൃദയങ്ങളുണ്ടാക്കിയിട്ടില്ല.” (33:4)
ഒരു പ്രവൃത്തിയിലേര്‍പ്പെടുമ്പോള്‍, മറ്റ് കാര്യങ്ങളില്‍ മനസ്സ് അലയുക സ്വാഭാവികമാണ്. ഒന്നില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ ലക്ഷ്യം പാളാതെ വിജയം നേടാം. അമേരിക്കന്‍ ദേശീയ ടീമിന്റെ ഗോള്‍കീപ്പറായിരുന്ന ടീം ഹോവാര്‍ഡിന്റെ അനുഭവം മൂഹൈ എഴുതുന്നുണ്ട്. 2014-ല്‍ അമേരിക്കയും ബെല്‍ജിയവും തമ്മില്‍ നടന്ന മത്സരത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് 16 സേവുകളാണ് ഹോവാര്‍ഡ് നടത്തിയത്. അതേക്കുറിച്ച് അദ്ദേഹം പറഞ്ഞു: ‘ആ വിസില്‍ മുഴങ്ങിയപ്പോള്‍ മറ്റെല്ലാം മാഞ്ഞുപോയി’. അതില്‍ മുഴുശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ വിജയം കണ്ടു.

Back to Top