1 Tuesday
July 2025
2025 July 1
1447 Mouharrem 5

പി വി മുഹമ്മദ് മൗലവി ശ്രദ്ധേയനായ അറബി കവി

ഹാറൂന്‍ കക്കാട്‌


വളരെ ചുരുങ്ങിയ ആയുസ്സില്‍ ഒട്ടേറെ നവോത്ഥാന സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പരിഷ്‌കര്‍ത്താവായിരുന്നു പി വി മുഹമ്മദ് മൗലവി. ബഹുഭാഷാ പണ്ഡിതന്‍, പ്രഭാഷകന്‍, അധ്യാപകന്‍, അറബി കവി, സാഹിത്യകാരന്‍, പത്രപ്രവര്‍ത്തകന്‍ തുടങ്ങി വിവിധ മേഖലകളില്‍ അദ്ദേഹം ശോഭിച്ചു. കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ മതവീക്ഷണങ്ങളോടൊപ്പം അത് വളര്‍ത്തിക്കൊണ്ടുവന്ന മുസ്‌ലിം രാഷ്ട്രീയ പ്രബുദ്ധതയുടെയും ശക്തനായ വക്താവായിരുന്നു അദ്ദേഹം.
മലപ്പുറം ജില്ലയിലെ പുളിക്കല്‍ പ്രദേശത്ത് 1913-ല്‍ പേഴുംകാട്ടില്‍ വാലഞ്ചേരി ബീരാന്റെയും നുപ്പിടി ഖദീജയുടെയും മകനായാണ് പി വി മുഹമ്മദ് മൗലവിയുടെ ജനനം. പ്രദേശത്ത് നിരവധി മുസ്ലിം നവോത്ഥാന പരിശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി പുളിക്കലില്‍ സ്ഥാപിച്ച മുനവ്വിറ മദ്‌റസയിലായിരുന്നു പ്രാഥമിക പഠനം. പിതൃവ്യനായ പി പി ഉണ്ണിമൊയ്തീന്‍കുട്ടി മൗലവിയായിരുന്നു പ്രധാന അധ്യാപകന്‍. കോഴിക്കോട് മുഹമ്മദിയ്യ മദ്‌റസയിലായിരുന്നു തുടര്‍പഠനം. അദ്ദേഹം ഈ സ്ഥാപനത്തില്‍ വിദ്യാര്‍ഥിയായിരിക്കേയാണ്, 1925 ജൂണ്‍ 1, 2 തിയ്യതികളില്‍ കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ മൂന്നാം വാര്‍ഷിക സമ്മേളനം കോഴിക്കോട്ട് നടന്നത്. നവോത്ഥാന സംരംഭങ്ങളിലും ആദര്‍ശത്തിലും ആകൃഷ്ടനായ പന്ത്രണ്ടുകാരനായ പി വി ഈ സമ്മേളനത്തില്‍ പ്രസംഗിക്കാനുള്ള അനുവാദം ചോദിച്ച് സംഘാടകരെ സമീപിച്ചത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ശ്രദ്ധേയമായ നാഴികക്കല്ലായി മാറി. ആ കുട്ടിയുടെ ഹൃദ്യമായ പ്രസംഗം എല്ലാവര്‍ക്കും ഇഷ്ടമായി.
കേരള മുസ്‌ലിം ഐക്യസംഘം ജനറല്‍ സെക്രട്ടറി മണപ്പാട്ട് കുഞ്ഞിമുഹമ്മദ് ഹാജിയുടെ അഭ്യര്‍ഥന പ്രകാരം അദ്ദേഹത്തിന്റെ നാടായ കൊടുങ്ങല്ലൂരിനടുത്ത എറിയാട്ടേക്ക് പി വി യാത്രയായി. അങ്ങനെ ഹാജിയുടെ വീടായ ‘ഐക്യവിലാസം’ ബംഗ്ലാവില്‍ താമസിക്കുകയും എറിയാട് സ്‌കൂളില്‍ പഠിക്കുകയും ചെയ്തു. ഇതേ സമയം പരിസര പ്രദേശങ്ങളിലെ വിവിധ വേദികളില്‍ അദ്ദേഹം പ്രഭാഷകനായി. പിന്നീട് എറിയാടു നിന്ന് ആലുവയിലേക്ക് പോയി. 1932-ല്‍ കോഴിക്കോട് ചാലപ്പുറം ഗണപത് ഹൈസ്‌കൂളില്‍ നിന്ന് എസ് എസ് എല്‍ സി പരീക്ഷ പ്രൈവറ്റായി എഴുതി വിജയിച്ചു. തുടര്‍ന്ന് കോഴിക്കോട് ട്രെയിനിങ് സ്‌കൂളില്‍ നിന്ന് അധ്യാപക പരിശീലനം പൂര്‍ത്തിയാക്കി.
തലശ്ശേരിയില്‍ നിന്ന് ചന്ദ്രിക പ്രസിദ്ധീകരണം ആരംഭിച്ചപ്പോള്‍ പി വി മുഹമ്മദ് മൗലവിയും കൂടെയുണ്ടായിരുന്നു. തലശ്ശേരിയില്‍ താമസമാക്കിയ അദ്ദേഹം കൂടുതല്‍ സമയം ചന്ദ്രികയുടെ വളര്‍ച്ചയ്ക്കു വേണ്ടി കഠിനാധ്വാനം ചെയ്തു. ചന്ദ്രികയുടെ സഹപത്രാധിപരായും മാനേജറായും പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകള്‍ ചന്ദ്രികയിലൂടെ വായനക്കാരിലെത്തി. 1935-ല്‍ അദ്ദേഹം തലശ്ശേരിയില്‍ നിന്ന് സ്വന്തം നാട്ടിലേക്കു തന്നെ തിരിച്ചുവന്നു. തുടര്‍ന്ന് പരപ്പനങ്ങാടി ടി എച്ച് ഇ സ്‌കൂളിലും ചാലിയം മനാര്‍ എലിമെന്ററി സ്‌കൂളുകളിലും അധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്നു.
കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതാവായിരുന്നു അദ്ദേഹം. സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായിരുന്നു. 1935 ജനുവരി 5-ന് പുളിക്കലില്‍ നടന്ന ജംഇയ്യത്തുല്‍ ഉലമയുടെ വാര്‍ഷിക സമ്മേളനത്തില്‍ മാപ്പിള സ്‌കൂളുകളില്‍ മാപ്പിള അധ്യാപകരെ തന്നെ നിയമിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് അട്ടിമറിക്കുന്നതില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചത് അദ്ദേഹമായിരുന്നു. ജംഇയ്യത്തുല്‍ ഉലമയുടെ കീഴില്‍ പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളജ് സ്ഥാപിക്കുന്നതില്‍ അദ്ദേഹം നിര്‍വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണ്.
1935 ഫെബ്രുവരിയില്‍ കെ എം മൗലവിയുടെ പത്രാധിപത്യത്തില്‍ കേരള ജംഇയ്യത്തുല്‍ ഉലമ തുടങ്ങിയ അറബിമലയാള മാസികയായ അല്‍മുര്‍ശിദിലെ പ്രധാന ലേഖകനായിരുന്നു പി വി.
ആധുനിക ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ പ്രമുഖനായ ശൈഖ് ത്വന്‍ത്വാവി ജൗഹരിയുടെ ‘അല്‍ ഖുര്‍ആന്‍ വ ഉലൂമുല്‍ അസ്വരിയ്യ’ എന്ന ഗ്രന്ഥം അദ്ദേഹം വിവര്‍ത്തനം ചെയ്തു. ‘ഖുര്‍ആനും ആധുനിക ശാസ്ത്രങ്ങളും’ എന്ന പേരില്‍ അല്‍മുര്‍ശിദ് ഈ വിവര്‍ത്തനം തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചു. 1939 ഏപ്രില്‍ വരെയാണ് അല്‍മുര്‍ശിദ് പുറത്തിറങ്ങിയത്. 1949ല്‍ മാസിക പുനഃപ്രസിദ്ധീകരിച്ചെങ്കിലും ഒരു വര്‍ഷത്തോളമാണ് നിലനിന്നത്. അല്‍മുര്‍ശിദിന്റെ പുനരാഗമനത്തില്‍ ആഹ്ലാദഭരിതനായി പി വി രചിച്ച അറബി കവിത ഏറെ പ്രസിദ്ധമാണ്. മുസ്‌ലിം ലിറ്ററേച്ചര്‍ സൊസൈറ്റിയുടെ കീഴില്‍ വിശുദ്ധ ഖുര്‍ആന്‍ പരിഭാഷയുടെ പ്രവര്‍ത്തനങ്ങള്‍ എം സി സി അബ്ദുര്‍റഹ്മാന്‍ മൗലവിയുടെ നേതൃത്വത്തില്‍ തുടങ്ങിയപ്പോള്‍ പ്രധാന സഹായിയായി പി വി ഉണ്ടായിരുന്നു.
കേരളത്തിലെ ഏറ്റവും പ്രഗല്‍ഭനായ അറബി കവിയായിരുന്നു പി വി. അദ്ദേഹത്തിന്റെ തൂലികാനാമം അബൂലൈല എന്നായിരുന്നു. അല്‍മുര്‍ശിദ് മാസികയിലാണ് അദ്ദേഹത്തിന്റെ അറബി കവിതകള്‍ അധികവും പ്രസിദ്ധീകൃതമായത്. നിരവധി അപ്രകാശിത രചനകളുമുണ്ട്. മുഹമ്മദ് നബി(സ)യെക്കുറിച്ചുള്ള ദീര്‍ഘമായ കവിത, 1941ലെ കൊടുങ്കാറ്റിനെയും പ്രളയത്തെയും ഇതിവൃത്തമാക്കിയുള്ള കവിത, മുഹമ്മദ് അലി ജിന്ന, മൗലാനാ ശൗക്കത്ത് അലി എന്നിവരുടെ മരണത്തില്‍ അനുശോചിച്ചുകൊണ്ടുള്ള വിലാപകാവ്യങ്ങള്‍ എന്നിവ പ്രസിദ്ധമാണ്. ആത്മമിത്രം കെ കെ എം ജമാലുദ്ദീന്‍ മൗലവിയുമായി അദ്ദേഹം കത്തിടപാടുകള്‍ നടത്തിയിരുന്നത് അറബി കവിതകളുടെ രൂപത്തിലായിരുന്നു. മദ്രാസിലേക്കു ജോലിക്ക് പോകുമ്പോള്‍ ജമാലുദ്ദീന്‍ മൗലവിക്കെഴുതിയ വിരഹഗീതം വളരെ പ്രശസ്തമാണ്. ഹൈസ്‌കൂള്‍ അറബി പുസ്തകത്തിലെ പാഠമായി ഇത് തെരഞ്ഞെടുക്കപ്പെട്ടു. പ്രവാചകനെ നിന്ദിച്ചുകൊണ്ട് മിഷനറിമാര്‍ പുറത്തിറക്കിയ ക്ഷുദ്രരചനകള്‍ക്കെതിരില്‍ പി വി രചിച്ച മലയാള കവിതകള്‍ വലിയ കോളിളക്കങ്ങള്‍ ഉണ്ടാക്കിയിരുന്നു.
സര്‍വേന്ത്യാ മുസ്‌ലിം ലീഗിന്റെ കേരളത്തിലെ ആദ്യകാല അമരക്കാരനായിരുന്നു പി വി. സീതി സാഹിബുമായുള്ള ആത്മബന്ധവും ചന്ദ്രികയുമായുള്ള അടുപ്പവും ഉര്‍ദുവില്‍ പ്രസിദ്ധീകരിച്ചിരുന്ന മുസ്‌ലിം ലീഗ് സാഹിത്യങ്ങളുമായുള്ള സമ്പര്‍ക്കവും ഇതിന് ശക്തി പകര്‍ന്ന ഘടകങ്ങളാണ്. 1936-ല്‍ മലബാറില്‍ തലശ്ശേരി, തിരൂരങ്ങാടി, കോഴിക്കോട് എന്നിവിടങ്ങളിലെ സര്‍വേന്ത്യാ മുസ്‌ലിം ലീഗിന്റെ ആദ്യ ശാഖകളുടെ രൂപീകരണത്തില്‍ പി വി മുഹമ്മദ് മൗലവിയിലെ രാഷ്ട്രീയ നേതാവ് നിര്‍ണായക സാന്നിധ്യമായിരുന്നു. കെ എം സീതി സാഹിബ്, സത്താര്‍ സേട്ട് തുടങ്ങിയവരോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന് പിവിയും കര്‍മനൈരന്തര്യത്തിന്റെ നിറവസന്തങ്ങള്‍ തീര്‍ത്തു. 1941-ല്‍ കൊടുങ്കാറ്റിലും പ്രളയത്തിലും പെട്ട് കഷ്ടപ്പെട്ട ജനങ്ങളെ സംരക്ഷിക്കുന്നതിന് മുസ്‌ലിം ലീഗ് രൂപീകരിച്ച റിലീഫ് കമ്മിറ്റിയുടെ പ്രധാന സംഘാടകനായിരുന്നു അദ്ദേഹം.
രണ്ടാം ലോകമഹായുദ്ധകാലത്ത് മദിരാശി ഗവ. കോളജില്‍ അധ്യാപകനായിരുന്നു പി വി. 1943-ല്‍ അവിടെ നിന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ഇന്റര്‍വ്യൂ പാസായ അദ്ദേഹം വാര്‍ പ്രൊപഗേറ്റര്‍ തസ്തികയില്‍ നിയമിതനായി. മദ്രാസ് റെജിമെന്റ് ആര്‍മിയില്‍ രണ്ടര വര്‍ഷത്തോളം സേവനമനുഷ്ഠിച്ച അദ്ദേഹത്തിന് പ്രസ് സൂപ്രണ്ടായി സ്ഥാനക്കയറ്റം ലഭിച്ചു. യുദ്ധം കഴിഞ്ഞാല്‍ സ്വാതന്ത്ര്യം എന്ന വാഗ്ദാനത്തില്‍ നിന്ന് ബ്രിട്ടീഷുകാര്‍ പിറകോട്ടു പോയതോടെ 1945 നവംബറില്‍ ജോലി രാജിവെച്ച് പി വി നാട്ടിലേക്ക് മടങ്ങി. പിന്നീട് 1946-ല്‍ തിരൂരങ്ങാടി നൂറുല്‍ ഇസ്‌ലാം മദ്‌റസയുടെ പ്രധാനാധ്യാപകനായി ചേര്‍ന്നു.
എന്നാല്‍ സ്വാതന്ത്ര്യാനന്തരം പാകിസ്താനിലേക്കു പോകാനായിരുന്നു പി വിയുടെ തീരുമാനം. സഹപ്രവര്‍ത്തകനായിരുന്ന സത്താര്‍ സേട്ടിന്റെ വഴി പിന്‍തുടരുകയായിരുന്നു അദ്ദേഹം. 1950-ല്‍ മദിരാശി വഴി കറാച്ചിയിലേക്ക് അദ്ദേഹം യാത്രയായി. തീവണ്ടിയിലിരുന്ന് തിരൂരങ്ങാടി നൂറുല്‍ ഇസ്‌ലാം മദ്‌റസയിലെ സഹപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം അറബിയില്‍ ഒരു കവിതയെഴുതി അയച്ചു. വേര്‍പാടിന്റെ നോവും നൊമ്പരവും കലര്‍ന്ന ആ കവിത തപാല്‍ വഴി ലഭിച്ചപ്പോള്‍ എല്ലാവരും പൊട്ടിക്കരഞ്ഞതായി അന്ന് നൂറുല്‍ ഇസ്‌ലാമില്‍ സേവനമനുഷ്ഠിച്ചിരുന്ന പ്രമുഖ ഇസ്‌ലാഹി പണ്ഡിതന്‍ കെ ഉമര്‍ മൗലവി എഴുതിയിട്ടുണ്ട്.
കറാച്ചിയിലെ സുഊദി അറേബ്യ വിദേശകാര്യ മന്ത്രാലയത്തില്‍ പരിഭാഷകനായി അദ്ദേഹത്തിന് ജോലി ലഭിച്ചു. പാകിസ്താനില്‍ നിന്ന് പിന്നീട് സുഊദി അറേബ്യയിലെ മക്കയിലേക്കു പോയ പി വിയുടെ അവസാന കാലം ഈ പുണ്യഭൂമിയിലായിരുന്നു. ക്ഷയരോഗത്തെ തുടര്‍ന്ന് മക്കയിലെ പാകിസ്താനി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ മരണം. 1951 ജൂൈല 18-ന് 39-ാം വയസ്സിലായിരുന്നു ദുഃഖാര്‍ദ്രമായ ആ വേര്‍പാട്. മക്കയിലെ മുഅല്ല ഖബര്‍സ്ഥാനിലാണ് അദ്ദേഹത്തിന്റെ ഭൗതിക ശരീരം സംസ്‌കരിച്ചത്.

Back to Top