1 Sunday
December 2024
2024 December 1
1446 Joumada I 29

അംശാവകാശികളില്ലെങ്കില്‍ അനന്തരാവകാശം ശിഷ്ടാവകാശികള്‍ക്ക്

പി മുസ്തഫ നിലമ്പൂര്‍

അനന്തര സ്വത്തില്‍ നിന്ന് നിര്‍ണിത ഓഹരികളുടെ അവകാശികളായ അംശാവകാശികളുടേത് കഴിച്ചു ബാക്കിയുള്ള മുഴുവന്‍ സ്വത്തിനും അവകാശികളാകുന്ന ഉറ്റ ബന്ധുക്കളാണ് അസ്വബ (ശിഷ്ടാവകാശികള്‍). അംശാവകാശികളാരുമില്ലെങ്കില്‍ സ്വത്ത് മുഴുവന്‍ ഈ ശിഷ്ടാവകാശികള്‍ക്കാണ്. അംശാവകാശികളുടെ ഓഹരി കഴിഞ്ഞ് ബാക്കിയില്ലെങ്കില്‍ ഇവര്‍ക്ക് ഒന്നും ലഭിക്കുകയും ഇല്ല.
നബി(സ) പറഞ്ഞു: ”നിര്‍ണിത ദായധന വിഹിതങ്ങള്‍ അവയുടെ അകാശികളോട് ചേര്‍ക്കുക. ബാക്കി വരുന്നത് (പരേതനോട്) ഏറ്റവും അടുത്ത പുരുഷ ബന്ധുവിന് നല്‍കുക.” (ബുഖാരി 6732, മുസ്‌ലിം 1615)
അസ്വബ സബബിയ്യ, അസ്വബ നസബിയ്യ എന്നിങ്ങനെ രണ്ടു ഇനമുണ്ട്. സ്ത്രീയോ പുരുഷനോ ആയ അടിമ മോചകരാണ് അസ്വബ സബബിയ്യ. അസ്വബ നസബിയ്യ കുടുംബ ബന്ധം മുഖേനയുള്ള ശിഷ്ടാവകാശികളാണ്. അസ്വബ നസബിയ്യ മൂന്ന് വിഭാഗമാണ്.
(1). സ്വയം അവകാശികളാകുന്നവര്‍. നേരിട്ടോ പിതാവിന്റെ കുടുംബം വഴിയോ ഉള്ള പുരുഷന്മാര്‍ (ഇടയില്‍ സ്ത്രീകള്‍ വരാതെയുള്ള ബന്ധമാണിത്.): ഫുറുഅ് മുഖേന (പുത്രബന്ധമുള്ളവര്‍) ഉസ്വൂല്‍ (പിതൃത്വം) മുഖേന ബന്ധമുള്ളവരും സഹോദര ബന്ധങ്ങളും പിതൃബന്ധങ്ങളും ഇതില്‍ പെടുന്നു. അതായത് ആണ്‍മക്കളും അവരുടെ ആണ്‍മക്കളുമായി താഴോട്ട് പോകുന്ന തലമുറയാണ് ഫുറൂഅ്. അതു കഴിഞ്ഞാല്‍ ഉസ്വൂല്‍ (പിതൃദിശ) യിലേക്ക് നീങ്ങും. അതു കഴിഞ്ഞാല്‍ സഹോദര ദിശയിലും ശേഷം പിതൃദിശയിലും അസ്വബയായേക്കും.
ഒരേ പദവിയിലുള്ള പലയാളുകളുണ്ടായാല്‍ പരേതനോട് ഏറ്റവും അടുത്തവരെയാണ് പരിഗണിക്കുക. പദവിയിലും ബന്ധത്തിലും തുല്യരായാല്‍ ദായധനത്തില്‍ അവരെല്ലാവരും തുല്യ അവകാശികളാകും. അതായത് മാതാവും പിതാവും ഒത്ത സഹോദരനും പിതാവൊത്ത സഹോദരനും വന്നാല്‍ കൂടുതല്‍ ബന്ധമുള്ള മാതാവും പിതാവും ഒത്ത സഹോദരനെ പരിഗണിക്കും. എല്ലാവരും അതേ ബന്ധം തന്നെയാണെങ്കില്‍ അവകാശത്തില്‍ തുല്യമായി ഭാഗിക്കുകയാണ് വേണ്ടത്.
(2). മറ്റു ബന്ധുവിന്റെ അവകാശം കൊണ്ട് അവകാശിയാകുന്നവര്‍: ഒറ്റയ്ക്കാകുമ്പോള്‍ മൊത്തം സ്വത്തിന്റെ പകുതിയും ഒന്നിലധികമാകുമ്പോള്‍ മൂന്നില്‍ രണ്ടും അര്‍ഹിക്കുന്ന സ്ത്രീ അവകാശി അവളോടൊപ്പം സഹോദരന്‍ കൂടിയാകുമ്പോള്‍ അസ്വബയായിത്തീരുന്ന സ്ത്രീകള്‍. പുത്രി, പുത്രിമാര്‍ അല്ലെങ്കില്‍ പുത്രന്റെ പുത്രിമാര്‍ പൂര്‍ണ സഹോദരി അല്ലെങ്കില്‍ പിതാവൊത്ത സഹോദരിമാര്‍. ഇവര്‍ സഹോദരന്‍ മൂലമാണ് അസ്വബയായിത്തീരുന്നത്.
(3). മറ്റു ബന്ധുവിന്റെ കൂടെ മാത്രം അവകാശം ലഭിക്കുന്നവര്‍: മറ്റൊരു പെണ്‍ അവകാശിയോടൊപ്പം അവകാശം ലഭിക്കുന്ന അസ്വബക്കാരാണിത്. പൂര്‍ണ സഹോദര സഹോദരികള്‍ മകളോടോ മകന്റെ മകളോടോ ഒപ്പമാകുമ്പോള്‍ അസ്വബയാകുന്നു. പിതാവൊത്ത സഹോദര സഹോദരികള്‍ മകളോടോ മകന്റെ മകളോടോ ഒപ്പമാകുമ്പോള്‍ അസ്വബയാകുന്നു.
അധികാവകാശം
ശിഷ്ടാവകാശികള്‍ ആരും ഇല്ലെങ്കില്‍ ബാക്കി വന്ന സ്വത്ത് അവകാശികള്‍ക്ക് തന്നെ അവരുടെ വിഹിതത്തിന്റെ തോത് പ്രകാരം തിരിച്ചു നല്‍കുന്നതിനെ അര്‍റദ്ദ് (തിരിച്ചുനല്‍കുന്ന അധികാരവകാശം) എന്നു പറയുന്നു. ബൈതുല്‍മാലുണ്ടെങ്കില്‍ അതിലേക്കാണ് ഇത് നല്‍കുക. അല്ലെങ്കില്‍ അധികാവകാശമായി അവകാശികള്‍ക്കാണ് അതിന്റെ അവകാശം. ഭാര്യ, ഭര്‍ത്താവ് എന്നിവര്‍ക്ക് അധികാവകാശമില്ല.
ഔല്‍
അംശാവകാശികളുടെ വിഹിതങ്ങള്‍ പരിഗണിക്കുമ്പോള്‍ ഛേദത്തിനേക്കാള്‍ കൂടുതല്‍ അംശം വന്നാല്‍ വര്‍ധിപ്പിക്കുന്നതാണ് ഔല്‍. ഉമറിന്റെ(റ) കാലത്താണ് ഇത്തരം ഒരു പ്രശ്‌നം ഉണ്ടായത്. ഭര്‍ത്താവും രണ്ട് സഹോദരികളും അവകാശികളായി അനന്തര നിയമപ്രകാരം ഭര്‍ത്താവിന് രണ്ടിലൊന്നും സഹോദരിമാര്‍ക്ക് മൂന്നില്‍ രണ്ടും നല്‍കണം. ഭര്‍ത്താവിന് രണ്ടിലൊന്നു നല്‍കിയാല്‍ സഹോദരിമാര്‍ക്ക് ബാക്കിയുള്ളത് രണ്ടിലൊന്ന് മാത്രമാണ്. അദ്ദേഹം സ്വഹാബിമാരോട് കൂടിയാലോചനെ നടത്തി. അപ്പോള്‍ സൈദുബ്‌നു സാബിത്(റ), അബ്ബാസ്(റ), അലി(റ) എന്നിവരില്‍ നിന്ന് ഒരു സ്വഹാബി ഔല്‍ ചെയ്യാന്‍ ഉപദേശിച്ചു. അപ്പോള്‍ ഛേദങ്ങളെ ശിഷ്ടം വരാത്ത പൊതു സംഖ്യ പരിഗണിച്ചു. അതായത് ആറ് എന്നതിനെ ഏഴ് ആക്കി വര്‍ധനവു് വരുത്തി. ഭര്‍ത്താവിന് ഏഴില്‍ മൂന്നും രണ്ട് സഹോദരിമാര്‍ക്കുമായി 4/7 ഉം നല്‍കി. ഇതിലൂടെ കുറവ് വരുന്ന ഓഹരി വിഹിതം എല്ലാവരും അവരുടെ തോതനുസരിച്ച് ഉള്‍ച്ചേരുകയും നീതിയുക്തമായ വിഭജനത്തിന് സാധ്യമാകുകയും ചെയ്തു. ഇതു പ്രകാരം അടിസ്ഥാന ഛേദം ആറാണെങ്കില്‍ ഏഴ്, എട്ട്, ഒമ്പത്, പത്ത് എന്നിങ്ങനെ ഔല്‍ ചെയ്‌തേക്കാം. അടിസ്ഥാന ഛേദം പന്ത്രണ്ട് ആണെങ്കില്‍ പതിമൂന്ന്, പതിനഞ്ച്, പതിനേഴ് എന്നായും ഇരുപത്തിനാല് ഇരുപത്തി ഏഴായും ഔല്‍ ചെയ്‌തേക്കാം. എന്നാല്‍ രണ്ട്, മൂന്ന്, നാല്, എട്ട് എന്നീ അടിസ്ഥാന ഛേദങ്ങള്‍ അംശം അധികമാകാത്തതിനാല്‍ അവയെ ഔല്‍ ചെയ്യേണ്ടിവരികയില്ല.
അല്‍ഹജ്ബ്
അനന്തരാവകാശികളായിട്ടുള്ള എല്ലാവര്‍ക്കും ഒരേ സമയം അവകാശം ലഭിക്കുകയില്ല. അടുത്ത അവകാശി അകന്ന അവകാശിയെ അവകാശത്തില്‍ നിന്ന് തടയും. ഇതിനെയാണ് അല്‍ഹജ്ബ് (തടയല്‍) എന്ന് പറയുന്നത്. ഹജ്ബ് രണ്ട് വിഭാഗത്തിലുണ്ട്. ഒന്ന്, ഹജ്ബുന്നുഖ്‌സാന്‍ (ഭാഗികമായി തടയല്‍). ദായധന വിഹിതതത്തില്‍ കുറവ് വരുത്തുകയാണ് ഇത് ചെയ്യുന്നത്.
ഭര്‍ത്താവ്-പരേതയുടെ സന്താനങ്ങള്‍ പകുതിയില്‍ നിന്ന് നാലിലൊന്നായി കറയ്ക്കുന്നു. ഭാര്യ- പരേതന്റെ സന്താനങ്ങള്‍ നാലിലൊന്നില്‍ നിന്ന്. മാതാവ്- പരേതന്റെ സന്താനങ്ങള്‍, ഒന്നിലധികമുള്ള സഹോദരങ്ങള്‍ എന്നിവര്‍ മൂന്നില്‍ ഒന്നിനെ ആറില്‍ ഒന്നായി കുറയ്ക്കുന്നു. പിതാവ്- മകന്റെ സ്വത്ത് മുഴുവന്‍ ലഭിക്കുന്നതാണ്. എന്നാല്‍ മകന് സന്താനങ്ങളുണ്ടെങ്കില്‍ ആറില്‍ ഒന്ന് മാത്രമേ ലഭിക്കുകയുള്ളൂ. മകന്റെ മകള്‍ – മകന്‍ മകന്റെ മകളുടെ അവകാശത്തെ പകുതിയില്‍ നിന്ന് ആറില്‍ ഒന്നായി ചുരുക്കുന്നു. പിതാവൊത്ത സഹോദരി- പൂര്‍ണ സഹോദരി പിതാവ് ഒന്നായ സഹോദരിയുടെ അവകാശത്തെ കുറയ്ക്കുന്നു.
രണ്ട്, ഹജ്ബുല്‍ ഹിര്‍മാന്‍ (അവകാശത്തെ തടയല്‍). ചില അവകാശികളുടെ സാന്നിധ്യം മറ്റു ചില അവകാശികളെ തടയും. ഇതാണ് പൂര്‍ണമായ അവകാശം തടയല്‍. അടുത്ത ബന്ധു അകന്ന ബന്ധുവിനെ അവകാശങ്ങളില്‍ തടയുക എന്നതാണ് ഇതിന്റെ തത്വം. ഇത് അല്പം വിശാലമായ ഭാഗമാണ്. മേല്‍ പറഞ്ഞ തത്വമാണ് പരിഗണിക്കേണ്ടത്. ചില പ്രധാന ഹജ്ബ് സംബന്ധിച്ച് നോക്കാം.
പുത്രന്‍, പുത്രര്‍ എന്നിവര്‍ പൗത്രന്മാരെ തടയുന്നു. ഒരു മകള്‍- മാതാവ് മാത്രമൊത്ത സഹോദര സഹോദരിമാരെ തടയുന്നു. രണ്ടോ അതിലധികമോ പുത്രിമാര്‍- ഒരു മകള്‍ തടയുന്നവരെ തടയും. കൂടാതെ മകന്റെ പുത്രിമാരെയും തടയും. പിതാവ്- പിതാമഹന്‍, സഹോദര സഹോദരിമാര്‍, പിതൃവ്യന്മാര്‍ എന്നിവരെ തടയുന്നു. മാതാവ്- മാതാമഹിയെ തടയുന്നു. പിതാമഹന്‍- മാതാവ് മാത്രമൊത്ത സഹോദരി സഹോദരമാരെ തടയുന്നു. പൂര്‍ണ സഹോദരന്മാര്‍- പിതാവ് മാത്രമൊത്ത സഹോദര സഹോദരിമാര്‍, അവരുടെ സന്താനങ്ങള്‍, സഹോദരീ സന്താനങ്ങള്‍, പിതൃവ്യന്മാര്‍, പിതൃവ്യ സന്താനങ്ങള്‍ എന്നിവരെ തടയുന്നു.
രണ്ടോ അതിലധികമോ പൂര്‍ണ സഹോദരിമാര്‍ – പിതാവ് മാത്രമൊത്ത സഹോദരിമാരെ തടയുന്നു. പൂര്‍ണ സഹോദരി ഒന്ന് മാത്രമാണെങ്കില്‍ തടയുകയില്ല. പിതാവ് മാത്രമൊത്ത സഹോദരന്മാര്‍- പൂര്‍ണ സഹോദര സന്താനങ്ങള്‍, പിതൃവ്യന്മാര്‍, അവരുടെ സന്താനങ്ങള്‍ എന്നിവരെ തടയുന്നു. പിതാവ് മാത്രമൊത്ത സഹോദരിമാര്‍- സ്വ സന്താനങ്ങളെ തടയും. മാതാവ് മാത്രമൊത്ത സഹോദര സഹോദരിമാര്‍- സ്വ സന്താനങ്ങളെ തടയും. പൂര്‍ണ സഹോദര പുത്രന്മാര്‍ – പിതാവ് മാത്രമൊത്ത സഹോദര പുത്രന്മാര്‍, പിതൃവ്യന്മാര്‍, അവരുടെ സന്താനങ്ങള്‍ എന്നിവരെ തടയുന്നു. പിതാവ് മാത്രമൊത്ത സഹോദര സന്താനങ്ങള്‍- പിത്യവ്യന്മാര്‍, പിത്യവ്യസന്തതികള്‍ എന്നിവരെ തടയും. പൂര്‍ണ പിതൃവ്യ സന്തതികള്‍- പിതാവ് മാത്രമൊത്ത പിതൃവ്യന്‍, പിതൃവ്യസന്താനങ്ങള്‍ എന്നിവരെ തടയും. പൂര്‍ണ പിതൃവ്യ സന്തതികള്‍ – പിതാവ് മാത്രമൊത്ത പിതൃവ്യസന്തതികളെ തടയും.
വളരെ ഹ്രസ്വമായ ഒരു സംഗ്രഹമാണ് മുകളില്‍ പരാമര്‍ശിച്ചത്. അടുപ്പമുള്ള ബന്ധു അകന്ന ബന്ധുവിനെ തടയുന്നു എന്നതാണ് തത്വം. സാന്ദര്‍ഭികമായി അവകാശികളുടെ പദവിയും ബന്ധവും പരിഗണിച്ചാണ് വിഭജനം നടത്തുക. ഭാഗിക വിലക്ക് ഉണ്ടായേക്കാമെങ്കിലും പൂര്‍ണ വിലക്ക് ഒരിക്കലും ഇല്ലാത്തവര്‍ മാതാവ്, പിതാവ്, മകന്‍, മകള്‍, ഭര്‍ത്താവ്, ഭാര്യ എന്നിവരാണ്. ചില സന്ദര്‍ഭങ്ങളില്‍ പിതാവും പിതാമഹനും ഒരേ സമയം നിര്‍ണിത ഓഹരിക്കാരായ അംശാവകാശികളിലും, നിര്‍ണിത ഓഹരിയില്ലാത്ത ശിഷ്ടാവകാശികളിലും പങ്കാളികളായേക്കാം. പൂര്‍ണമായി വിഹിതം തടയപ്പെടുന്നവരുടെ സാന്നിധ്യം ചിലപ്പോള്‍ മറ്റുള്ളവരുടെ ഓഹരി കുറയ്ക്കുകയോ കുറവു വരുത്തുകയോ ചെയ്‌തേക്കാം.
ദവുല്‍ അര്‍ഹാം
അംശാവകാശവും ശിഷ്ടാവകാശവും നിശ്ചയിക്കപ്പെടാത്ത പരേതന്റെ കുടുംബക്കാരനാണ് ദവുല്‍ അര്‍ഹാം. സ്വഹാബികളുടെ കാലം മുതല്‍ തന്നെ ഇവര്‍ക്ക് അനന്തര സ്വത്ത് നല്കുന്നത് സംബന്ധിച്ച് ഭിന്നവീക്ഷണങ്ങളുണ്ട്. ഖുലഫാഉര്‍റാശിദുകളില്‍ അലി(റ) ഒഴികെ മൂന്ന് പേരും ഇവര്‍ക്ക് അനന്തര സ്വത്ത് ഇല്ലെന്നും അത് ബൈത്തുല്‍ മാലില്‍ നിക്ഷേപിക്കേണ്ടതാണെന്നും അഭിപ്രായമുള്ളവരാണ്. ഇമാം ശാഫിഈ(റ), ഇമാം മാലിക്(റ) എന്നിവരും ഈ അഭിപ്രായക്കാരാണ്. എന്നാല്‍ ദാറുല്‍ അര്‍ഹാമിന് അവകാശമുണ്ടെന്ന വീക്ഷണമാണ് അലി(റ), ഇബ്‌നു അബ്ബാസ്(റ), ഇബ്‌നു മസ്ഊദ്(റ), ഇമാം അബൂഹനീഫ(റ), ഇമാം അഹ്മദ്(റ) എന്നിവര്‍ക്കുള്ളത്.
നമ്മുടെ രാജ്യത്തെപ്പോലെ, ബൈത്തുല്‍ മാല്‍ ഇല്ലാത്ത സാഹചര്യത്തില്‍, ഇവരെ പരിഗണിക്കുന്നതിന് തടസ്സമില്ല. പതിനൊന്ന് പേരാണ് ഈ ബന്ധുക്കളുടെ കൂട്ടത്തില്‍ പരിഗണിക്കുന്നത്. (1) മകളുടെ മക്കള്‍, (2) സഹോദരിയുടെ മക്കള്‍, (3) സഹോദര പുത്രിമാര്‍, (4) പിതൃവ്യ പുത്രിമാര്‍, (5) ഉമ്മയൊത്ത പിതൃവ്യര്‍ (6) മാതൃസഹോദരര്‍, (7) മാതൃസഹോദരിമാര്‍, (8) പിതൃസഹോദരിമാര്‍, (9) മാതാ മഹന്‍, (10) ഉമ്മയുടെ പിതാമഹി, (11) ഉമ്മയൊത്ത സഹോദര സന്തതികള്‍.

Back to Top