അനന്തരാവകാശം ലഭിക്കുന്ന അംശാവകാശികള്‍
പി മുസ്തഫ നിലമ്പൂര്‍
അനന്തരാവകാശികള്‍ നിര്‍ണിത ഓഹരിയുള്ളവരും ഓഹരി നിര്‍ണയിക്കപ്പെടാത്തവരുമുണ്ട്. ഓഹരി നിര്‍ണിതമായിട്ടുള്ളവരെ അസ്ഹാബുല്‍ ഫുറുള് (അംശാവകാശികള്‍) എന്നും നിര്‍ണയിക്കപ്പെടാത്തവരെ അസ്വബ (ശിഷ്ടാവകാശികള്‍) എന്നും പറയുന്നു. ഈ രണ്ടു വിഭാഗമാണ് അനന്തരസ്വത്തിന്റെ യഥാര്‍ഥ അവകാശികള്‍.
വിശുദ്ധ ഖുര്‍ആനില്‍ നിര്‍ണിത ഓഹരിയായി മൂന്നില്‍ രണ്ട്, രണ്ടില്‍ ഒന്ന്, മൂന്നില്‍ ഒന്ന്, നാലില്‍ ഒന്ന്, ആറില്‍ ഒന്ന്, എട്ടില്‍ ഒന്ന് എന്നീ ആറു വിഹിതങ്ങളാണുള്ളത്. ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ട ശേഷിപ്പ് ധനത്തിലെ മൂന്നില്‍ ഒന്ന് എന്ന ഏഴാമത്തെ വിഹിതം കൂടിയുണ്ട്.
മൂന്നില്‍ രണ്ടിന്റെ അവകാശികള്‍
അനന്തരാവകാശ നിയമത്തില്‍ ഏറ്റവും വലിയ ഓഹരി വിഹിതം മൂന്നില്‍ രണ്ടാണ്. നാലു വിഭാഗക്കാരാണ് ഇതിന്റെ അവകാശികള്‍. ഈ നാലു അവകാശികളും സ്ത്രീകളാണ്.
(1). പരേതന് രണ്ടോ അധിലധികമോ പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് സ്വത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം ലഭിക്കും.
(2). പരേതന്റെ ആണ്‍മക്കളുടെ രണ്ടോ അതിലധികമോ ഉള്ള പെണ്‍കുട്ടികള്‍.
(3). മാതാവും പിതാവും ഒന്നായ രണ്ടോ അതിലധികമോ ഉള്ള സഹോദരിമാര്‍.
(4). പിതാവ് ഒന്നായ രണ്ടോ അതിലധികമോ ഉള്ള സഹോദരങ്ങള്‍.
”ഇനി രണ്ടു സഹോദരികളാണ് ഉള്ളതെങ്കില്‍ അവന്‍ (സഹോദരന്‍) വിട്ടേച്ചുപോയ സ്വത്തിന്റെ മൂന്നില്‍ രണ്ട് ഭാഗം അവര്‍ക്കുള്ളതാണ്.” (വി.ഖു 4:176)
ഇതിന്റെ ആദ്യത്തെ രണ്ടവകാശികള്‍ ഉണ്ടെങ്കില്‍ അവസാനം പറഞ്ഞ രണ്ടവകാശികളും നിര്‍ണിതാവകാശികളില്‍ നിന്ന് പുറത്താകും.
രണ്ടില്‍ ഒന്നിന്റെ
അവകാശികള്‍
പകുതിയുടെ (രണ്ടില്‍ ഒന്ന്) അവകാശികളായി ഒരു പുരുഷനും നാലു സ്ത്രീകളും ഉള്‍പ്പടെ അഞ്ചു പേരാണുള്ളത്.
(1). ഭര്‍ത്താവ്: സന്താനങ്ങളില്ലാതെ ഭാര്യ മരണമടഞ്ഞാല്‍ ഭര്‍ത്താവിന് പകുതി ലഭിക്കും. ”നിങ്ങളുടെ ഭാര്യമാര്‍ക്ക് സന്താനമില്ലാത്ത പക്ഷം അവര്‍ വിട്ടേച്ചുപോയ ധനത്തിന്റെ പകുതി നിങ്ങള്‍ക്കാകുന്നു.” (വി.ഖു 4:12)
(2). മകള്‍: പരേതന് ഒരു മകള്‍ മാത്രം അനന്തരാവകാശിയായാല്‍ മകള്‍ക്ക് സ്വത്തിന്റെ പകുതി ലഭിക്കും. ”ഒരു മകള്‍ മാത്രമാണെങ്കില്‍ അവള്‍ക്ക് പകുതിയാണുള്ളത്.” (വി.ഖു 4:11)
(3). മകന്റെ മകള്‍: മകനില്ലെങ്കില്‍ മകന്റെ മകള്‍ക്ക് സ്വത്തിന്റെ പകുതി ലഭിക്കും.
(4). സഹോദരി (മാതാവും പിതാവും ഒന്നായത്): സന്താനങ്ങള്‍ ഇല്ലാതെ ഒരു സഹോദരി മാത്രമാണുള്ളതെങ്കില്‍ സഹോദരിക്ക് സ്വത്തിന്റെ പകുതി ലഭിക്കും. ”അതായത് ഒരാള്‍ മരിച്ചു അയാള്‍ക്ക് സന്താനമില്ല, ഒരു സഹോദരിയുണ്ട് എങ്കില്‍ അയാള്‍ വിട്ടേച്ചുപോയതിന്റെ പകുതി അവര്‍ക്കുള്ളതാണ്.” (വി.ഖു 4;176)
(5). പിതാവ് ഒത്ത സഹോദരി: മാതാവും പിതാവും ഒത്ത സഹോദരിയുടെ അഭാവത്തില്‍ പിതാവ് ഒത്ത സഹോദരിക്ക് സ്വത്തിന്റെ പകുതി ലഭിക്കും.
മേല്‍പ്പറഞ്ഞ സ്ത്രീകളായ അവകാശികള്‍ക്ക് അവരുടെ പദവിയിലും ബന്ധത്തിലും തുല്യരായ മറ്റു സ്ത്രീകളോ അസ്വബക്കാരായ സഹോദരന്മാരോ ഇല്ലാത്തപ്പോഴാണ് പകുതിയുടെ അവകാശികളാകുക. അസ്വബക്കാരായ സഹോദരന്മാരുണ്ടെങ്കില്‍ സഹോദരന്റെ പകുതിയാണ് സഹോദരിക്ക് ലഭിക്കുന്നത്.
മൂന്നില്‍ ഒന്നിന്റെ അവകാശികള്‍
(1). മാതാവ്: പരേതന് മക്കളോ ആണ്‍മക്കളുടെ മക്കളോ ഒന്നില്‍ കൂടുതല്‍ സഹോദരീ സഹോദരന്മാരോ ഇല്ലാത്തപക്ഷം മാതാവിന് സ്വത്തിന്റെ മൂന്നില്‍ ഒന്ന് ലഭിക്കും. ”ഇനി അയാള്‍ക്ക് സന്താനമില്ലാതിരിക്കുകയും മാതാപിതാക്കള്‍ അനന്തരാവകാശികളായിരിക്കുകയുമാണെ
പരേതന് പിതാവും മക്കളും ഇല്ലാത്ത സന്ദര്‍ഭത്തില്‍ മാതാവൊത്ത രണ്ടോ അതിലധികമോ സഹോദര സഹോദരിമാരുണ്ടെങ്കില്‍ മാതാവിന് മൂന്നില്‍ ഒന്നിന് അവകാശമുണ്ടാകും. ”ഇനി അവര്‍ (സഹോദര സഹോദരിമാര്‍) അതിലധികം (രണ്ടോ അതിലധികമോ) പേരുണ്ടെങ്കില്‍ അവര്‍ മൂന്നില്‍ ഒന്നില്‍ അവകാശികളായിരിക്കും.” (വിഖു, 4:12)
(2). ഉമ്മയൊത്ത സഹോദരിമാര്‍: സന്താനങ്ങളോ പുരുഷന്മാരായ അവകാശികളോ ഇല്ലാതെ രണ്ടോ അതിലധികമോ വരുന്ന ഉമ്മയൊത്ത സഹോദരിമാര്‍ മൂന്നില്‍ ഒന്നിന് അവകാശികളായിരിക്കും.
ശേഷിപ്പ് ധനത്തില്‍ നിന്ന് മൂന്നിലൊന്ന്
ഈ വിഹിതം ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടില്ല. ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടതാണ്. ഉമറിന്റെ(റ) കാലത്താണ് ഇതിന് ആസ്പദമായ മസ്അല ഉണ്ടായത്. അതിനാല്‍ ഇതിനെ മസ്അല ഉമരിയ്യ എന്നു പറയുന്നു. ഒരു സ്ത്രീ മരണമടഞ്ഞു. ഭര്‍ത്താവും മാതാപിതാക്കളും അനന്തരാവകാശികളായുണ്ട്. സന്താനമില്ലാത്തതിനാല്‍ ഭര്‍ത്താവിന് രണ്ടിലൊന്ന്, ബാക്കി പകുതിയുടെ മൂന്നിലൊന്ന് മാതാവിന്, ബാക്കി മുഴുവനും പിതാവിനും നല്‍കുന്നു.
നാലില്‍ ഒന്നിന്റെ അവകാശികള്‍
നാലില്‍ ഒന്നിന്റെ അവകാശികള്‍ ഭാര്യയും ഭര്‍ത്താവുമണ്.
(1). ഭാര്യ: ഭര്‍ത്താവിന് മക്കളോ പുത്രന്മാരുടെ മക്കളോ ഇല്ലെങ്കില്‍ ഭാര്യമാര്‍ക്ക് നാലില്‍ ഒന്ന് ലഭിക്കും. ”നിങ്ങള്‍ക്ക് (ഭര്‍ത്താവ്) സന്താനമില്ലെങ്കില്‍ നിങ്ങള്‍ വിട്ടേച്ചുപോയ ധനത്തില്‍ നിന്ന് നാലില്‍ ഒന്നാണ് അവര്‍ക്ക് (ഭാര്യ) ഉള്ളത്.” (വിഖു 4:12)
(2). ഭര്‍ത്താവ്: ഇനി അവര്‍ക്ക്് (ഭാര്യ) സന്താനമുണ്ടായിരുന്നാല്‍ അവര്‍ വിട്ടേച്ചു പോയതിന്റെ നാലില്‍ ഒന്ന് നിങ്ങള്‍ക്ക് (ഭര്‍ത്താവ്) ആയിരിക്കും.
എട്ടില്‍ ഒന്നിന്റെ
അവകാശി
(1). ഭാര്യ: ഭര്‍ത്താവിന് മക്കളോ ആണ്‍മക്കളുടെ മക്കളോ അവകാശിയായി ഉണ്ടെങ്കില്‍ ഭാര്യക്ക് എട്ടില്‍ ഒന്ന് ലഭിക്കും. ”ഇനി നിങ്ങള്‍ക്ക് സന്താനമുണ്ടായിരുന്നാല്‍ നിങ്ങള്‍ വിട്ടേച്ചു പോയതില്‍ നിന്ന് എട്ടില്‍ ഒന്നാണ് അവര്‍ക്കുള്ളത്.” (വി.ഖു. 4:12)
ആറില്‍ ഒന്നിന്റെ അവകാശികള്‍
(1). പിതാവ്, (2). മാതാവ്. പരേതന് മക്കളോ ആണ്‍മക്കളുടെ മക്കളോ ഉണ്ടെങ്കില്‍ മാതാവിനും പിതാവിനും ആറില്‍ ഒന്ന്് ലഭിക്കും. ”മരിച്ച ആള്‍ക്ക് സന്താനമുണ്ടെങ്കില്‍ അയാളുടെ മാതാപിതാക്കളില്‍ ഒാരോരുത്തര്‍ക്കും അയാള്‍ വിട്ടേച്ചു പോയ സ്വത്തിന്റെ ആറില്‍ ഒന്ന് വീതം ഉണ്ടായിരിക്കുന്നതാണ്.” (വി.ഖു 4:11)
പരേതന് മക്കളോ മകന്റെ മക്കളോ ഇല്ലാതെ ഒന്നില്‍ കൂടുതല്‍ സഹോദര സഹോദരിമാര്‍ ഉണ്ടെങ്കില്‍ മാതാവിന് ആറില്‍ ഒന്നാകുന്നു. ”ഇനി അയാള്‍ക്ക് (സന്താനങ്ങള്‍ ഇല്ലാതെ മരണപ്പെട്ട) സഹോദരങ്ങള്‍ ഉണ്ടായിരുന്നാല്‍ അയാളുടെ മാതാവിന് ആറില്‍ ഒന്ന് ഉണ്ടായിരിക്കും.” (വി.ഖു 4:11). പിതാവുണ്ടെങ്കില്‍ സഹോദരര്‍ക്ക് അവകാശമുണ്ടാകില്ല.
(3). പിതാമഹന്‍: പരേതന് സന്താനങ്ങള്‍ ഉണ്ടാകുകയും പിതാവില്ലാതിരിക്കുകയും ചെയ്യുമ്പോള്‍ പിതാമഹന് ആറില്‍ ഒന്ന് ലഭിക്കും
(4). മകന്റെ മകള്‍: പരേതന് ഒന്നില്‍ കൂടുതല്‍ പെണ്‍മക്കളില്ലെങ്കില്‍ മകന്റെ പെണ്‍മക്കള്‍ക്ക് ആറില്‍ ഒന്ന് ലഭിക്കും. പരേതന് ആണ്‍മക്കളുണ്ടെങ്കില്‍ ഇവര്‍ക്ക് അവകാശമില്ല.
(5). പിതാവ് ഒന്നായ സഹോദരി: മാതാപിതാക്കള്‍ ഒന്നായ സഹോദരി അനന്തരാവകാശിയായുണ്ടെങ്കില്‍ പിതാവ് ഒന്നായ സഹോദരിക്ക് ആറില്‍ ഒന്ന് ലഭിക്കും
(6). ഉമ്മയൊത്ത സഹോദരന്‍: ഉമ്മ മാത്രം ഒന്നായ സഹോദരനോ സഹോദരിയോ ഉണ്ടെങ്കില്‍ ആറില്‍ ഒന്നിന് അവകാശിയാകും. ”അനന്തരമെടുക്കുന്ന പുരുഷനോ സ്ത്രീയോ പിതാവും മക്കളുമില്ലാത്ത ആളായിരിക്കുകയും അയാള്‍ക്ക് (മാതാവൊത്ത) ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരിക്കുയോ ചെയ്താല്‍ അവരില്‍ (സഹോദരി സഹോദരന്മാര്‍) ഓരോരുത്തര്‍ക്കും ആറിലൊരു അംശം ലഭിക്കുന്നതാണ്.” (വി.ഖു 4:12)
(7). വല്യുമ്മ (പിതാമഹ, മാതാമഹ): പിതാവ് ജീവിച്ചിരിപ്പില്ലെങ്കില്‍ പിതാമഹയും മാതാവ് ജീവിച്ചിരിപ്പില്ലെങ്കില്‍ മാതാമഹയും ആറിലൊന്നിന് അവകാശികളാണ്