8 Sunday
February 2026
2026 February 8
1447 Chabân 20

നവനിര്‍മ്മിതികളെ തിരസ്‌ക്കരിക്കുക

പി മുസ്തഫ നിലമ്പൂര്‍

വിശുദ്ധ ഇസ്‌ലാം സമ്പൂര്‍ണ മതമാണ്. അതിലെ വിധികളെല്ലാം ദൈവികമാണ്. നബി(സ)യിലൂടെ അല്ലാഹു അതിനെ സമ്പൂര്‍ണമാക്കി. നന്മയായിട്ടുള്ളതെല്ലാം അവന്റെ ദൂതനിലൂടെ നമ്മെ അറിയിച്ചു. ഏറ്റക്കുറവുകള്‍ ഒന്നും വരുത്താതെ തന്നെ. ”ഗ്രന്ഥത്തില്‍ ഞാന്‍ യാതൊന്നും വീഴ്ച വരുത്തിയിട്ടില്ല.” (അന്‍ആം 38)
”(നബിയേ) പറയുക: ഞാന്‍ ദൈവദൂതന്മാരില്‍ ഒരു പുതുമക്കാരനൊന്നുമല്ല. എന്നെകൊണ്ടോ നിങ്ങളെകൊണ്ടോ എന്ത് ചെയ്യപ്പെടും എന്ന്് എനിക്ക് അറിയുകയുമില്ല. എനിക്ക് ബോധനം നല്‍കുന്നതിനെ പിന്തുടരുക മാത്രമാകുന്നു ഞാന്‍ ചെയ്യുന്നത്. ഞാന്‍ വ്യക്തമായ താക്കീതുകാരന്‍ മാത്രമാകുന്നു.” (അഹ്കാഫ് 9). ”ഹേ, ദൂതരേ, നിന്റെ രക്ഷിതാവിങ്കല്‍ നിന്ന് നിനക്ക് അവതരിപ്പിക്കപ്പെട്ടത് നീ (ജനങ്ങള്‍ക്ക്) എത്തിച്ചു കൊടുക്കുക. അങ്ങനെ ചെയ്യാത്ത പക്ഷം നീ അവന്റെ ദൗത്യം നിറവേറ്റിയിട്ടില്ല. ജനങ്ങളില്‍ നിന്ന് അല്ലാഹു നിന്നെ രക്ഷിക്കുന്നതാണ്. സത്യനിഷേധികളായ ആളുകളെ അല്ലാഹു നേര്‍വഴിലാക്കുകയില്ല.” (മാഇദ 67). ”(നബിയേ) പിന്നീട് നിന്നെ നാം മതകാര്യങ്ങളില്‍ ഒരു തെളിഞ്ഞ മാഗത്തിലാക്കിയിരിക്കുന്നു. ആകയാല്‍ നീ അതിനെ പിന്തുടരുക. അറിവില്ലാത്തവരുടെ തന്നിഷ്ടങ്ങളെ നീ പിന്‍ പറ്റരുത്.” (ജാഥിയ 18)
ഇബ്‌നുമസ്ഊദ് (റ) പറയുന്നു: റസൂല്‍ (സ) പറഞ്ഞു: ”ജനങ്ങളേ, നിങ്ങളെ സ്വര്‍ഗവുമായി അടുപ്പിക്കുന്നതും നരകത്തില്‍ നിന്ന് അകറ്റുന്നതുമായ ഒരു കാര്യവും ഞാന്‍ നിങ്ങളോട് കല്‍പ്പിക്കാതിരുന്നിട്ടില്ല. നിങ്ങളെ നരകത്തിലേക്ക് അടുപ്പിക്കുകയും സ്വര്‍ഗത്തില്‍ നിന്നകറ്റുകയും ചെയ്യുന്ന ഒരു കാര്യവും ഞാന്‍ നിങ്ങള്‍ക്ക് നിരോധിക്കാതിരുന്നിട്ടുമില്ല.” (മുസ്വന്നഫ് ഇബ്‌നുശൈബ 34332, മിര്‍ഖാത്ത് 5300)
പരലോക മോക്ഷത്തിനു വേണ്ടിയുള്ളതെല്ലാം നബി (സ) നമുക്ക് അറിയിച്ചു തന്നിട്ടുണ്ട്. അതില്‍ അകാരണമായി ബോധപൂര്‍വം ഒഴിവാക്കുന്നവര്‍ ധിക്കാരികളും വര്‍ധിപ്പിക്കുന്നവര്‍ പ്രവാചകന്റെ രിസാലത്തില്‍ വഞ്ചന ജല്‍പ്പിക്കുന്നവരുമാണ്. നബി(സ) പറഞ്ഞു: ”നമ്മുടെ ഈ കാര്യത്തില്‍ അതില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത വല്ലതും ആര് പുതുതായി ഉണ്ടാക്കിയാലും അത് തള്ളിക്കളയേണ്ടതാണ്.” (ബുഖാരി 2697, മുസ്‌ലിം 1718)
അബ്ദുര്‍റഹ്മാനുബ്‌നു അംറുസ്സലമി(റ) പറയുന്നു: നബി(സ) പറഞ്ഞു: ”(മതത്തില്‍) പുതുനിര്‍മ്മിതികളായതിനെ നിങ്ങള്‍ സൂക്ഷിക്കണേ. തീര്‍ച്ചയായും എല്ലാ പുതുനിര്‍മിതികളും ബിദ്അത്തും എല്ലാ ബിദ്അത്തും വഴികേടിലുമാണ്.” (മറ്റൊരു രിവായത്തില്‍) ‘വഴികേടുകളെല്ലാം നരകത്തിലുമാണ്’ എന്നും വന്നിട്ടുണ്ട്. (അബൂദാവൂദ് 4607, അഹ്മദ് 17185)
ബിദ്അത്തിന്റെ ആളുകള്‍ പരലോകത്ത് നിന്ദ്യരും നഷ്ടക്കാരുമായി നരകത്തില്‍ പതിക്കും. ”(നബിയേ) പറയുക: കര്‍മ്മങ്ങളില്‍ ഏറ്റവും നഷ്ടക്കാരായി തീര്‍ന്നവരെ സംബന്ധിച്ച് നാം നിങ്ങള്‍ക്ക് പറഞ്ഞു തരട്ടെയോ? ഐഹിക ജീവിതത്തിലെ തങ്ങളുടെ പ്രയത്‌നം പിഴച്ചു പോയവരത്രെ അവര്‍. അവര്‍ വിചാരിക്കുന്നതാകട്ടെ തങ്ങള്‍ നല്ല പ്രവര്‍ത്തനം നടത്തികൊണ്ടിരിക്കുന്നു എന്നാണ്.” (അല്‍കഹ്ഫ് 103, 104)
നല്ലതാണെന്ന് ധരിച്ച് പിഴവുകള്‍ പ്രവര്‍ത്തിക്കുന്നവരാണ് വലിയ നഷ്ടക്കാരെന്ന് ഈ വചനം ഓര്‍മ്മിപ്പിക്കുന്നു. മറ്റു പാപങ്ങളെക്കാള്‍ ഇബ്‌ലീസിനിഷ്ടം ബിദ്അത്തു ചെയ്യുന്നതാണ്. കാരണം തെറ്റു ചെയ്യുന്നവന്‍ കുറ്റബോധത്തില്‍ പശ്ചാത്തപിച്ചു മടങ്ങിയേക്കാം. എന്നാല്‍ ബിദ്അ ത്തുകാരന്‍ അത് നല്ലതാണെന്ന് ധരിക്കുന്നതിനാല്‍ പശ്ചാത്തപിക്കാനുള്ള സാധ്യത കുറവാണ്. ബിദ്അത്തുകാരന്‍ അതില്‍ നിന്നു പിന്മാറാതെ, സദ്പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കപ്പെടുകയുമില്ല എന്ന് സുഫ്‌യാനുസ്സൗരി(റ) വ്യക്തമാക്കിയിട്ടുണ്ട്.
അബ്ദുല്ലാഹിബ്‌നു അബ്ബാസ് (റ) പറയുന്നു: ”ജനങ്ങളില്‍ അല്ലാഹുവിന് വെറുപ്പുള്ള മൂന്ന് വിഭാഗമുണ്ട്. ഹറമില്‍ അക്രമം പ്രവര്‍ത്തിക്കുന്നവന്‍, ഇസ്‌ലാമിലായി നിന്ന് അനിസ്‌ലാമികാചാരം പിന്തുടരുന്നവന്‍, അന്യായമായി മുസ്‌ലിമിന്റെ രക്തം ചിന്താന്‍ താല്‍പര്യപ്പെടുന്നവന്‍.” (ബുഖാരി 6882). ”അന്നേ ദിവസം ചില മുഖങ്ങള്‍ താഴ്മ കാണിക്കുന്നതും പണിയെടുത്ത് ക്ഷീണിച്ചതുമായിരിക്കും. ചൂടേറിയ അഗ്നിയില്‍ അവ പ്രവേശിക്കുന്നതാണ്.” (ഗാശിയ 24)
പണിയെടുത്ത് ക്ഷീണിച്ചിട്ടും തല ഉയര്‍ത്താതെ നിന്ദ്യരായി നരകാഗ്നിയിലെത്തിയത് മേല്‍ സൂചിപ്പിച്ചപോലെ നല്ലതാണെന്നു കരുതി മാതൃകയില്ലാത്തത് പ്രവര്‍ത്തിച്ചതുകൊണ്ടാണ്. ഇത്തരക്കാര്‍ക്ക് റസൂലിന്റെ(സ) ഹൗദ്വുല്‍ കൗസറില്‍ നിന്ന് പാനജലം കിട്ടില്ലെന്ന് മാത്രമല്ല നബി(സ) അവരെ തട്ടിയകറ്റുന്നതുമാണ്.
സഅലുബ്‌നു സഅദ് (റ) പറയുന്നു റസൂല്‍(സ) പറഞ്ഞു: ”നിങ്ങള്‍ക്ക് മുമ്പേ ഞാന്‍ ഹൗദ്വുല്‍ കൗസറിന്റെ അടുക്കല്‍ എത്തുന്നതാണ്. എന്റെ അരികെ വന്നവര്‍ അതില്‍ നിന്ന് കുടിക്കും. അതില്‍ നിന്ന് കുടിച്ചവര്‍ക്ക് ഒരിക്കലും ദാഹിക്കില്ല. ചില ആളുകള്‍ എന്റെ അടുത്ത് ഹൗദ്വുല്‍ കൗസറിന്റെ അടുക്കല്‍ വരും. അവരെ ഞാനും അവര്‍ എന്നെയും അറിയും. പിന്നീട് എന്റെയും അവരുടേയും ഇടയില്‍ മറയിടപ്പെടുന്നതാണ്. അപ്പോള്‍ ഞാന്‍ പറയും: അവര്‍ എന്നില്‍ (എന്റെ സമുദായത്തില്‍) പെട്ടവരല്ലേ. താങ്കള്‍ക്ക് ശേഷം അവര്‍ മതത്തില്‍ പുതുതായി ഉണ്ടാക്കിയത് താങ്കള്‍ക്കറിയില്ല. അപ്പോള്‍ ഞാന്‍ പറയും: എനിക്ക് ശേഷം (മതത്തെ) മാറ്റം വരുത്തിയവര്‍ അകന്നു പോകട്ടെ. അകന്നു പോകട്ടെ.” (ബുഖാരി 7050)
സ്വന്തം കാഴ്ചപ്പാടുകളും നിരീക്ഷണങ്ങളും മതത്തിന്റെ പേരില്‍ അവതരിപ്പിക്കുന്നവര്‍ അല്ലാഹുവിന്റെ അധികാര അവകാശങ്ങളില്‍ നിന്നും കവരാനാണ് ശ്രമിക്കുന്നത്. ”അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവര്‍ക്കു നിശ്ചയിച്ചു കൊടുത്ത വല്ല പങ്കാളികളും അവര്‍ക്കുണ്ടോ? നിര്‍ണായക വിധിയെപ്പറ്റിയുള്ള കല്‍പന നിലവിലില്ലായിരുന്നെങ്കില്‍ അവര്‍ക്കിടയില്‍ ഉടനെ വിധികല്‍പ്പിക്കപ്പെടുമായിരുന്നു. അക്രമികളാരോ അവര്‍ക്ക് തീര്‍ച്ചയായും വേദനയേറിയ ശിക്ഷയുണ്ട്.” (ശൂറാ 21)
നബി(സ)യുടെ ഉല്‍ബോധനങ്ങളെല്ലാം, മതങ്ങളിലെ പുതുനിര്‍മ്മിതികളെ സംബന്ധിച്ച്് താക്കീതു നല്‍കുകയും നബിചര്യ പിന്‍പറ്റുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഓര്‍മ്മിപ്പിക്കാറുണ്ട്. നബി(സ) നല്ലചര്യയായി പഠിപ്പിക്കാത്ത കാര്യം, നല്ല ബിദ്അത്ത് എന്ന പേരില്‍ നടപ്പില്‍ വരുത്തുന്നത് പിഴച്ച മാര്‍ഗവും പിശാചിന്റെ പ്രേരണയുമാണ്.

നല്ല ബിദ്അത്തും ചീത്ത ബിദ്അത്തും
മതത്തില്‍ പുതു നിര്‍മ്മിതികളെല്ലാം ബിദ്അത്തും ബിദ്അത്തുകളെല്ലാം വഴികേടിലുമാണെന്ന് നബി (സ) ആവര്‍ത്തിച്ച് ഉണര്‍ത്തിയ കാര്യമാണ്. വിശ്വാസികളാരും അതില്‍ സന്ദേഹിക്കുകയില്ല. എന്നാല്‍ ഉമര്‍(റ) പറഞ്ഞ നല്ല ബിദ്അത്തിന്റെ പൊരുള്‍ എന്താണ്? അത് ഭാഷാപരമായ പ്രയോഗമാണ്. നബി(സ)യില്‍ നിന്ന് മാതൃകയുള്ള കാര്യം പിന്നീട് നടപ്പിലാക്കിയപ്പോള്‍ ഭാഷാപരമായി പ്രയോഗിച്ച കാര്യമാണത് നബി(സ) നല്ലചര്യ നടപ്പിലാക്കിയാല്‍ എന്ന് പറഞ്ഞതിന്റെ പൊരുളും ഇതാണ്. ദരിദ്രരായ മുളര്‍ ഗോത്രക്കാര്‍ക്ക് സഹായം നല്‍കി മാതൃക രചിച്ചവരെ സംബന്ധിച്ചാണ് നല്ലചര്യ എന്ന് നബി (സ) വിശേഷിപ്പിച്ചത്. ഈ കര്‍മ്മം നബി(സ)യില്‍ നിന്ന് സ്ഥാപിതമായതാണ്.
പ്രവാചകന്റെ കാലത്ത് മൂന്ന് ദിവസം രാത്രി നമസ്‌കാരം പള്ളിയില്‍വെച്ച് നിര്‍വ്വഹിച്ചു. ആളുകള്‍ വര്‍ധിച്ചുവന്നു നിര്‍ബന്ധ കര്‍മ്മം പോലെ സ്വീകരിക്കുമെന്ന് ആശങ്കപ്പെട്ട നബി(സ) തന്റെ ഉമ്മത്തിനോടുള്ള കരുണയാല്‍ പിന്നീട് വീട്ടില്‍ നിന്ന് നമസ്‌കരിച്ചു. ഇതേ നിലപാട് അബൂബക്കറിന്റെ(റ) കാലത്ത് തുടര്‍ന്നു. ഉമര്‍(റ) ആദ്യ കാലവും ഇതാവര്‍ത്തിച്ചു. പിന്നീട് ആളുകള്‍ പല ഭാഗത്തും നിന്ന് രാത്രിയുടെ ആദ്യ സമയത്ത് ഉച്ചത്തില്‍ പാരായണം ചെയ്തു നമസ്‌കരിക്കുന്നതു കണ്ട ഉമര്‍(റ) ഉബയ്യ്ബ്‌നു കഅ്ബ്(റ), തമീമിദ്ദാരി (റ) എന്നിവരോട് കല്‍പ്പിക്കുകയാണുണ്ടായത്. ഇതിനെയാണ് നല്ല ബിദ്അത്ത് എന്ന് അദ്ദേഹം വിശേഷിപ്പിച്ചത്. ഇതിനാകട്ടെ നബി(സ)യുടെ മാതൃകയുമുണ്ട്.
ചെയ്യുന്ന കാര്യം നല്ലതാണെന്ന് തോന്നിയതുകൊണ്ട് ദീനില്‍ ചര്യയാകില്ല. ഭൂരിപക്ഷമുള്ളതുകൊണ്ട് മതകാര്യവുമാകില്ല. ”ഭൂമിയിലുള്ളവരില്‍ അധിക പേരെയും നീ അനുസരിക്കുന്ന പക്ഷം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്നും നിന്നെ അവര്‍ തെറ്റിച്ചു കളയുന്നതുമാണ്. ഊഹത്തെ മാത്രമാണ് അവര്‍ പിന്തുടരുന്നത്. അവര്‍ അനുമാനിക്കുക മാത്രമാണ് ചെയ്യുന്നത്.” (അന്‍ആം 116)

നല്ല ബിദ്അത്തും സ്വഹാബികളും
നല്ലതാണെന്ന് ദര്‍ശിച്ച് സ്വഹാബിമാരാരും ബിദ്അത്ത് ചെയ്തില്ലെന്ന് മാത്രമല്ല, ഗൗരവമായി കാണുകയും ഭയപ്പെടുകയും ചെയ്തു. അതിനെതിരെ അവര്‍ താക്കീതുചെയ്യുകയുമുണ്ടായി. നാഫിഅ് (റ) പറയുന്നു: ഒരാള്‍ ഇബ്‌നു ഉമറിന്റെ(റ) സമീപത്ത് വെച്ച് തുമ്മുകയും ശേഷം അല്‍ഹംദുലില്ലാഹ്, വസ്സലാമു അലാ റസൂലില്ലാ എന്ന് (സ്തുതിയോടൊപ്പം സലാമും) ചൊല്ലി. അപ്പോള്‍ ഇബ്‌നുഉമര്‍ (റ) പറഞ്ഞു: നബി(സ) ഇപ്രകാരം നമ്മെ പഠിപ്പിച്ചട്ടില്ല.” (തിര്‍മിദി 2738, മിശ്കാത്ത് 4744)
നബി(സ)യുടെ മേല്‍ സലാം പറയുന്നത് ശ്രേഷ്ടമായിട്ടുപോലും നബി(സ) പഠിപ്പിക്കാത്ത ഒരു സ്ഥാനത്ത് അത്് അനുവദിക്കുന്നില്ല.
ഗുളൈഫ് ബ്‌നു ഹാരിസ് (റ) പറയുന്നു: ”മിന്‍ബറില്‍ വെച്ച് വെള്ളിയാഴ്ച കൈ ഉയര്‍ത്തി പ്രാര്‍ഥിക്കുന്നതിനും സുബ്ഹ്, അസര്‍ നമസ്‌കാര ശേഷം കഥനങ്ങള്‍ വിവരിക്കുന്നതിനും ജനങ്ങളെ സംഘടിപ്പിക്കാന്‍ നിര്‍ദേശിച്ച് അബ്ദുല്‍ മാലികുബ്‌നു മര്‍വാന്‍ എന്റെടുക്കലേക്ക് ഒരാളെ നിയോഗിച്ചു. ഞാന്‍ പറഞ്ഞു: ഇത് അനാചാരമാണ്. ഇതിനൊന്നിനും തന്നെ ഞാന്‍ നിങ്ങളില്‍ വരില്ല. കാരണം നബി(സ) പറഞ്ഞിട്ടുണ്ട്. ആരെങ്കിലും ബിദ്അത്തുണ്ടാക്കിയാല്‍ തത്തുല്യമയ ഒരു സുന്നത്ത് തിരോധാനപ്പെടാതിരിക്കില്ല. സുന്നത്ത് മുറുകെ പിടിക്കലാണ് ബിദ്അത്തിനേക്കാള്‍ ഉത്തമം.” (ഫത്ഹുല്‍ബാരി)
ഇത്തരത്തില്‍ ഒട്ടേറെ സംഭവങ്ങള്‍ സ്വഹാബികളിലും താബിഉകളിലും ഉണ്ടായിട്ടുണ്ട്. കാര്യങ്ങള്‍ ഗ്രഹിക്കാന്‍ ഇത് മതിയാകും. ഹുദൈഫ(റ) പറഞ്ഞു: ”നബി(സ)യുടെ സ്വഹാബികള്‍ ചെയ്യാത്ത ഒരു ആരാധനയും നിങ്ങള്‍ ചെയ്യരുത്. തീര്‍ച്ചയായും പൂര്‍വ്വീകര്‍ പില്‍ക്കാലക്കാര്‍ക്കായി ഒന്നും ബാക്കിവെച്ചിട്ടില്ല.” (ഹില്‍യത്തു അബൂനഈം 9:218)
ഇസ്‌ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനില്‍ ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന്‍ നഷ്ടക്കാരില്‍പ്പെട്ടവനുമായിരിക്കും. (ആലു ഇംറാന്‍ 85)

Back to Top