പി കെ മൂസാ മൗലവി പത്രാധിപര്‍, ഖുര്‍ആന്‍ വിവര്‍ത്തകന്‍
ഹാറൂന്‍ കക്കാട്
കേരളീയ സാമൂഹിക ജീവിതത്തില്‍ വൈജ്ഞാനിക വെളിച്ചം പ്രസരിപ്പിച്ച ഉജ്വല പരിഷ്‌കര്‍ത്താവായിരുന്നു പി കെ മൂസാ മൗലവി. വിശിഷ്യാ, മുസ്‌ലിം സമുദായത്തെ യഥാര്‍ഥ വിജ്ഞാന മേഖലയിലേക്ക് ആകര്‍ഷിക്കുന്നതില്‍ അതിശക്തമായ ഇടപെടലുകളാണ് ഈ കര്‍മയോഗിയില്‍ നിന്നുണ്ടായത്.
1890-ല്‍ മലപ്പുറം ജില്ലയിലെ ഐക്കരപ്പടിക്കടുത്ത കുറിയടത്ത് പാണമ്പാറ കൊട്ടംപറമ്പത്ത് കോയ മുസ്‌ലിയാരുടേയും മര്‍യം ബീവിയുടേയും മകനായാണ് പി കെ മൂസാ മൗലവിയുടെ ജനനം. പിതാവും ജ്യേഷ്ഠസഹോദരന്‍ പി കെ മൊയ്തീന്‍ മുസ്‌ലിയാരും മതപണ്ഡിതരായിരുന്നു. ഈ പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും തണല്‍ മൂസാ മൗലവിയെയും സ്വാധീനിച്ചു. തലേക്കര, ഫറോക്ക്, കൊണ്ടോട്ടി, മൊറയൂര്‍, കൂട്ടായി തുടങ്ങിയ സ്ഥലങ്ങളിലെ ദര്‍സുകളില്‍ അദ്ദേഹം വിദ്യാര്‍ഥിയായി.
അറബി വ്യാകരണഗ്രന്ഥമായ അല്‍ഫിയ്യ എട്ടാം വയസ്സില്‍ തന്നെ അദ്ദേഹം പഠിച്ചു. ഖുര്‍ആനും നബിചരിത്രവുമായിരുന്നു മൂസാ മൗലവിയുടെ ഇഷ്ടവിഷയങ്ങള്‍. ഭൂമിശാസ്ത്രം, ഗോളശാസ്ത്രം തുടങ്ങിയവയിലും തല്‍പരനായിരുന്നു. മലയാളം, അറബി, ഉര്‍ദു ഭാഷകളില്‍ അദ്ദേഹം പ്രാവീണ്യം നേടി.
കുറച്ചുകാലം താമരശ്ശേരി കിഴക്കോത്ത് പള്ളിയില്‍ മുദരിസും ഖത്വീബുമായി ജോലി ചെയ്തതിന് ശേഷം മൂസാ മൗലവി വീണ്ടും വിദ്യ തേടാനിറങ്ങി. അങ്ങനെയാണ് വാഴക്കാട് ദാറുല്‍ ഉലൂമില്‍ വിദ്യാര്‍ഥിയാവുന്നത്. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ശിഷ്യത്വം മൗലവിയെ പുരോഗമന ആശയക്കാരനായ പണ്ഡിതനാക്കി മാറ്റി. അഞ്ചു വര്‍ഷം ദാറുല്‍ ഉലൂമില്‍ പഠിച്ചു. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി പ്രവര്‍ത്തന തട്ടകം കണ്ണൂര്‍ വളപട്ടണത്തേക്ക് മാറ്റിയപ്പോള്‍ മൂസാ മൗലവിയും അദ്ദേഹത്തെ പിന്തുടര്‍ന്ന് അവിടെ അധ്യാപനവൃത്തിയില്‍ നിരതനായി.
1926-ല്‍ കോഴിക്കോട് മദ്‌റസത്തുല്‍ മുഹമ്മദിയ്യയില്‍ (ഇന്നത്തെ എം എം ഹൈസ്‌കൂള്‍) പി കെ മൂസാ മൗലവി അധ്യാപക ജോലിയില്‍ നിയമിതനായി. സ്‌കൂള്‍ ജോലി കഴിഞ്ഞാല്‍ നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളിയാവുക എന്നതായിരുന്നു മൗലവിയുടെ പതിവ്. വിവിധ ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ മൂസാ മൗലവിയും കൂട്ടുകാരും സജീവമായി. അക്കാലത്ത് പ്രമുഖ ഇസ്‌ലാഹി പണ്ഡിതന്‍ യൂസുഫ് ഇസ്സുദ്ദീന്‍ മൗലവി കോഴിക്കോട്ട് പ്രസംഗിക്കാന്‍ വന്നു. പരിപാടിയുടെ സംഘാടനത്തില്‍ പി കെ മൂസാ മൗലവിയാണ് പ്രധാന പങ്കുവഹിച്ചത്. അത് പല പ്രമുഖരെയും കുപിതരാക്കി. പരിപാടി കഴിഞ്ഞതോടെ മദ്‌റസത്തുല്‍ മുഹമ്മദിയ്യയില്‍ നിന്ന് മൂസാ മൗലവിയെ പുറത്താക്കി. ഇതേ തുടര്‍ന്ന് മയ്യഴി, കൊച്ചി, അത്തോളി, വടുതല തുടങ്ങിയ സ്ഥലങ്ങളിലെ സ്‌കൂളുകളിലും പള്ളികളിലുമാണ് പിന്നീട് മൗലവി സേവനമനുഷ്ഠിച്ചത്. സി എച്ച് മുഹമ്മദ് കോയ, പി പി ഉമര്‍ കോയ, ടി എ മജീദ് തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്.
സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായുള്ള ഖിലാഫത്ത് പ്രസ്ഥാനത്തില്‍ പി കെ മൂസാ മൗലവി പങ്കാളിയായിരുന്നു. അദ്ദേഹം ഖിലാഫത്ത് സമ്മേളനങ്ങളിലെ പ്രഭാഷകനായി മാറിയതോടെ പീഡനങ്ങളുടെയും ദുരിതങ്ങളുടെയും ദിനരാത്രങ്ങള്‍ വന്നുചേര്‍ന്നു. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ വേട്ടയാടലുകള്‍ ശക്തമായി.
വിശുദ്ധ ഖുര്‍ആനിന്റെ മൊഴിമാറ്റം കാലഘട്ടത്തിന്റെ അനിവാര്യതയായി തിരിച്ചറിഞ്ഞ പി കെ മൂസാ മൗലവി വളരെ ആത്മാര്‍ഥതയോടെ ആ രംഗത്തേക്കിറങ്ങി. അദ്ദേഹമെഴുതിയ പരിഭാഷ 1930-ല്‍ വക്കം അബ്ദുല്‍ഖാദര്‍ മൗലവിയുടെ പത്രാധിപത്യത്തിലുള്ള ദീപികയിലൂടെ പ്രകാശിതമായി. ഫാതിഹ അധ്യായമാണ് മൗലവി ആദ്യമായി ഭാഷാന്തരം ചെയ്തത്. തുടര്‍ന്ന് അല്‍ബഖറയുടെ പതിനാല് സുക്തങ്ങള്‍ പരിഭാഷപ്പെടുത്തി. സുറത്തുല്‍ ഇഖ്‌ലാസിന്റെ പരിഭാഷ അറബി മലയാളത്തില്‍ 1933-ല്‍ പുറത്തിറക്കി. 1937-ലാണ് അമ്മ ജുസ്അ് പരിഭാഷ പുറത്തിറക്കിയത്. സുറത്തു യാസീന്റെ പരിഭാഷ, തഫ്‌സീറു മുഅവ്വദതൈന്‍ എന്നിവയും അദ്ദേഹം എഴുതി.
1940-ല്‍ ഖുര്‍ആനിന്റെ സമ്പൂര്‍ണ പരിഭാഷ തയ്യാറാക്കി. കെ എം മൗലവി, എം സി സി അബ്ദുറഹ്മാന്‍ മൗലവി എന്നിവര്‍ പരിഭാഷയില്‍ സഹായിച്ചു. കെ എം സീതീ സാഹിബ്, കെ എം മുഹമ്മദലി സാഹിബ് എന്നിവരായിരുന്നു മലയാള ഭാഷ പരിശോധകര്‍. ഇസ്‌ലാമിക വിശ്വാസങ്ങളും കര്‍മങ്ങളും, തുഹ്ഫത്തുല്‍ഈദ് എന്നീ പുസ്തകങ്ങളും ചടുലവും ചിന്താര്‍ഹവുമായ നൂറുകണക്കിന് ലേഖനങ്ങളും പി കെ മൂസാ മൗലവി എഴുതിയിട്ടുണ്ട്.
1959-ല്‍ മുഹമ്മദ് അമാനി മൗലവി തിരൂരങ്ങാടി യതീംഖാനയുടെ മാനേജരായി ജോലി ചെയ്യുന്ന കാലത്ത് വിശുദ്ധ ഖുര്‍ആന് വ്യാഖ്യാനം എഴുതാനുള്ള ആഗ്രഹം കെ എം മൗലവി അമാനി മൗലവിയുമായി പങ്കുവെച്ചു. തുടര്‍ന്ന് അമാനി മൗലവി, പി കെ മൂസാ മൗലവി, എ അലവി മൗലവി എന്നിവരടങ്ങിയ പരിഭാഷാ സമിതിക്ക് രൂപം നല്‍കി. അല്‍കഹ്ഫ് അധ്യായം മുതല്‍ അന്നാസ് വരെയുള്ള ഭാഗമാണ് ഈ മൂന്നംഗ വ്യാഖ്യാതാക്കള്‍ തുടങ്ങി വെച്ചത്. എന്നാല്‍, 1961 സപ്തംബറില്‍ അനാരോഗ്യത്തെ തുടര്‍ന്ന് പി കെ മൂസ മൗലവി ഖുര്‍ആന്‍ വ്യാഖ്യാന ഉദ്യമത്തില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. പില്‍ക്കാലത്ത് സര്‍വരാലും പ്രശംസിക്കപ്പെട്ട വിശുദ്ധ ഖുര്‍ആന്‍ വിവരണ ഗ്രന്ഥപരമ്പരയിലെ സൂറത്തുന്നംല് വരെ ആ പണ്ഡിത പ്രതിഭകള്‍ ഒന്നിച്ച് പൂര്‍ത്തീകരിച്ചു.
കേരളത്തില്‍ നവോത്ഥാനത്തിന്റെ വെള്ളിനക്ഷത്രമായി ഉദിച്ച അല്‍മനാര്‍ എന്ന പ്രസിദ്ധീകരണത്തിന്റെ പിറവിക്ക് മുന്‍കൈയെടുത്ത പി കെ മൂസാ മൗലവി എല്ലാ അര്‍ഥത്തിലും ഇതിന്റെ ജീവനാഡിയായി മാറി. 1950-ല്‍ പ്രസിദ്ധീകരണം ആരംഭിച്ച അല്‍മനാര്‍ ദ്വൈവാരികയുടെ പത്രാധിപരായി പി കെ മൂസാ മൗലവിയെ തെരഞ്ഞെടുത്തു. മരണം വരെ, നാലര പതിറ്റാണ്ടോളം അല്‍മനാറിന്റെ എഡിറ്ററായി അദ്ദേഹം സേവനമനുഷ്ഠിച്ചു.
ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ സംഘാടനത്തില്‍ നിരവധി മാതൃകകള്‍ മൂസാ മൗലവി സൃഷ്ടിച്ചു. കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ സ്ഥാപക വൈസ് പ്രസിഡന്റായും കെ എം മൗലവിയുടെ നിര്യാണത്തെ തുടര്‍ന്ന് പ്രസിഡന്റായും അദ്ദേഹം സംഘടനയുടെ നേതൃത്വത്തില്‍ സേവനമനുഷ്ഠിച്ചു. മദ്‌റസാ പാഠപുസ്തകങ്ങളുടെ രചനയിലും മൗലവിയുടെ സേവനങ്ങള്‍ വിലപ്പെട്ടതായിരുന്നു. പാഠപുസ്തക രചനയില്‍ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയോടൊപ്പം അദ്ദേഹവും പങ്കുകൊണ്ടു.
1935-ല്‍ ആരംഭിച്ച ഇസ്‌ലാമിക് ലിറ്ററേച്ചര്‍ സൊസൈറ്റി ചരിത്രത്തില്‍ ഇടം നേടിയ കൂട്ടായ്മയാണ്. ഇസ്‌ലാമിക പുസ്തകങ്ങളുടെ പ്രസാധനവും പ്രചാരണവും ലക്ഷ്യംവെച്ച് രൂപീകരിച്ച ഈ സംരംഭത്തിന് പി കെ മൂസാ മൗലവിയാണ് പ്രധാന പങ്കുവഹിച്ചത്. ഖുര്‍ആന്‍ പരിഭാഷ പുറത്തിറക്കുക എന്നത് സൊസൈറ്റിയുടെ പ്രധാന ലക്ഷ്യമായിരുന്നു. എന്നാല്‍ അല്‍ബഖറ അധ്യായത്തിന്റെ ഏതാനും ഭാഗങ്ങള്‍ മാത്രമേ അവര്‍ക്ക് പ്രസിദ്ധീകരിക്കാനായുള്ളൂ.
ഫറോക്ക് റൗദത്തുല്‍ ഉലൂം അസോസിയേഷന്‍, പുളിക്കല്‍ മദീനത്തുല്‍ ഉലൂം, തിരൂരങ്ങാടി മുസ്‌ലിം യത്തീംഖാന, മലപ്പുറം മുസ്‌ലിം ഹൈസ്‌കൂള്‍ തുടങ്ങിയവയുടെ പിറവിയിലും മൂസ മൗലവി സജീവ സാന്നിധ്യമായിരുന്നു. ഇവയുടെയെല്ലാം സ്ഥാപക അംഗമായിരുന്ന മൗലവി സംഘടനകളുടേയും സ്ഥാപനങ്ങളുടേയുമെല്ലാം വളര്‍ച്ചയില്‍ നിസ്സീമമായ സേവനങ്ങള്‍ ചെയ്തിട്ടുണ്ട്.
നല്ലൊരു സഞ്ചാരപ്രിയനായിരുന്നു പി കെ മൂസാ മൗലവി. സിംഗപ്പൂരിലും സിലോണിലുമൊക്കെ പോയി അദ്ദേഹം താമസിച്ചിരുന്നു. കലാപരിപാടികള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന മൗലവി ആള്‍ ഇന്ത്യാ റേഡിയോയില്‍ വന്നിരുന്ന ശാസ്ത്രീയ സംഗീതത്തിന്റെ പതിവ് ശ്രോതാവായിരുന്നു.
ദിശയും ദിക്കുമറിയാതെ ഇരുട്ടില്‍ ചക്രശ്വാസംവലിച്ചിരുന്ന ഒരു കാലഘട്ടത്തിലെ ജനങ്ങളെ നേര്‍വഴിക്ക് നയിക്കുന്നതില്‍ ഋജുമാനസനായി ഇടപെടുകയും മാതൃകാജീവിതം നയിക്കുകയും ചെയ്ത സാത്വികനായിരുന്ന പി കെ മൂസാ മൗലവി എന്ന സൂര്യതേജസ്സ് 1991 ജൂണ്‍ 27-ന് നിര്യാതനായി. ഭൗതിക ശരീരം സിയാംകണ്ടം പുത്തലം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു.