23 Thursday
September 2021
2021 September 23
1443 Safar 15

പി കെ കുഞ്ഞബ്ദുല്ല ഹാജി ഓര്‍മയായി

കെ എല്‍ പി ഹാരിസ്, വളപട്ടണം


കണ്ണൂര്‍: ജില്ലയിലെ പാനൂര്‍ ഏലാങ്കോട് സ്വദേശിയും പ്രമുഖ വ്യവസായിയും മത, സാമൂഹ്യ, രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവുമായിരുന്ന പാക്കഞ്ഞി കുഞ്ഞബ്ദുല്ല ഹാജി വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ സ്വകാര്യ ആശുപത്രിയില്‍ വെച്ച് നിര്യാതനായി. 90 വയസ്സായിരുന്നു.
പാക്കഞ്ഞി കുഞ്ഞബ്ദുല്ല ഹാജി വ്യക്തി എന്നതിലുപരി ഒരു പ്രസ്ഥാനമായിട്ടാണ് നാട്ടില്‍ അടയാളപ്പെടുത്തപ്പെട്ടത്. രാഷ്ട്രീയ രംഗത്ത് മുസ്‌ലിംലീഗിലും മത നവോത്ഥാന രംഗത്ത് മുജാഹിദ് പ്രസ്ഥാനത്തിലും അദ്ദേഹം പ്രവര്‍ത്തിച്ചു. മുസ്‌ലിംലീഗിന്റെ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും കെ എന്‍ എമ്മിന്റെ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു അദ്ദേഹം. ഗള്‍ഫില്‍ അല്‍മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയിലൂടെ ആരംഭിച്ച് സ്വദേശത്തും വിദേശത്തുമായി വിപുലമായ വ്യവസായ ശൃംഖലയാണ് അദ്ദേഹം വളര്‍ത്തിയെടുത്തത്.
വളരെ ചെറുപ്പത്തിലേ കച്ചവട ആവശ്യാര്‍ഥം ഗള്‍ഫിലേക്ക് ജീവിതം പറിച്ച്‌നട്ട അദ്ദേഹത്തിന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ലാത്ത വിധം വളര്‍ച്ചയുടെ പടവുകളായിരുന്നു കാത്തിരുന്നത്. അല്ലാഹു ഒരു മനുഷ്യന് കൊടുക്കാവുന്ന ധാരാളം അനുഗ്രഹങ്ങള്‍ സമന്വിതമായി നല്‍കപ്പെട്ട അപൂര്‍വങ്ങളില്‍ അപൂര്‍വമായ വ്യക്തിത്വത്തിന്റെ ഉടമയാണ് പരേതന്‍. ധര്‍മ്മനിഷ്ഠ, വിനയം, സല്‍സ്വഭാവം, കുടുംബത്തെയും സമൂഹത്തിലെ പ്രയാസമനുഭവിക്കുന്നവരെയും ചേര്‍ത്ത് പിടിക്കുക തുടങ്ങി നിരവധി സ്വഭാവ സവിശേഷതകള്‍ അദ്ദേഹത്തില്‍ കാണാമായിരുന്നു.
ആദ്യകാലത്ത് ജമാഅത്തെ ഇസ്‌ലാമിയുടെ നയങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹം പിന്നീട് നവോത്ഥാന പ്രസ്ഥാന രംഗത്തേക്ക് കടന്നുവരികയായിരുന്നു. ഒരു പ്രദേശത്തെ വ്യത്യസ്ത കാഴ്ചപ്പാടുള്ള മത, രാഷ്ട്രീയ, സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളുകളെ മഹല്ല് എന്ന കുടക്കീഴില്‍ കൊണ്ടുവരാന്‍ സാധിച്ചു എന്നത് പാക്കഞ്ഞി കുഞ്ഞബ്ദുല്ല ഹാജിയുടെ ഗുണവിശേഷമായിരുന്നു.
ചെറുപ്പം മുതല്‍ക്കേ കച്ചവടത്തില്‍ ഇറങ്ങിയ പരേതന് ഭൗതിക വിദ്യാഭ്യാസം കൂടുതലായി കരസ്ഥമാക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും കച്ചവടക്കാരന്‍ എന്ന നിലയില്‍ തീര്‍ച്ചയായും ആധുനിക സമൂഹത്തിന് ഒരു പ്രമാണ പുസ്തകമായിരിക്കും അദ്ദേഹത്തിന്റെ ബിസിനസ് ജീവിതം. ശാന്തമായ സംസാരം, ആളുകളുമായുള്ള ഇടപെടല്‍ എന്നീ മേഖലകളില്‍ അനിതരസാധാരമായ സ്വാഭാവത്തിന്റെ ഉടമയാണദ്ദേഹം.
പ്രഗത്ഭനായ കച്ചവടക്കാരന്‍, രാഷ്ട്രീയക്കാരന്‍, മത സംഘടനാ സാരഥി എന്നതിലുപരി അശരണരും അഗതികളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ആളുകളുടെ അത്താണിയും അവരുടെ കണ്ണീരൊപ്പുന്നതിന് മുന്തിയ പരിഗണന നല്‍കുന്നതുമായ സമീപനമാമായിരുന്നു കുഞ്ഞബ്ദുല്ല ഹാജിയുടേത്. സ്വകാര്യമായ ഇടപെടലുകളില്‍ കൂടി മഴയും വെയിലും കൊള്ളാതെ കയറിക്കിടക്കാവുന്ന, അടുപ്പുകളില്‍ തീപുകയ്ക്കുന്ന, ഓര്‍ഫന്‍ കെയറിലൂടെ രക്ഷിതാവിന്റെ അഭാവം പരിഹരിക്കപ്പെടുന്ന നൂറ് കണക്കായ അഗതികളുടെയും അശരണരുടെയും വിധവകളുടെയും പ്രാര്‍ഥനകള്‍ അണമുറിയാതെ അദ്ദേഹത്തിന്റെ പാരത്രിക ജീവിതത്തിന് ഒരു മുതല്‍ക്കൂട്ടായി എന്നുമുണ്ടാകും.
അദ്ദേഹത്തിന്റെ വിയോഗം കുടുംബത്തിനും സൂഹത്തിനും സമുദായത്തിനും ഒരു പ്രദേശത്തിനാകെയും നികത്താനാകാത്ത വിടവാണ് വരുത്തിവച്ചത്. അദ്ദേഹത്തിന്റെ അഭാവത്തില്‍ പ്രയാസപ്പെടുന്ന ആളുകള്‍ക്ക് നല്ലൊരു പകരക്കാരനെ നാഥന്‍ നല്‍കി അനുഗ്രഹിക്കട്ടെ, അദ്ദേഹത്തെയും നമ്മെയും നാഥന്‍ അവന്റെ സ്വര്‍ഗീയാരാമത്തില്‍ ഒരുമിച്ചുകൂട്ടി അനുഗ്രഹിക്കുമാറാവട്ടെ. (ആമീന്‍)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x