പി കെ ഇബ്‌റാഹീംകുട്ടി മൗലവി: പരിഷ്‌കരണ ചിന്തയും അറിവും സമന്വയിച്ച പണ്ഡിതന്‍
മുജീബ് കോക്കൂര്‍
പ്രശസ്ത ഇസ്‌ലാമിക കര്‍മ്മശാസ്ത്ര പണ്ഡിതനും നവോത്ഥാന ചിന്തകനുമായിരുന്നു കഴിഞ്ഞ ദിവസം വിടവാങ്ങിയ പി കെ ഇബ്‌റാഹീംകുട്ടി മൗലവി (82). പ്രഭാഷകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ മതരംഗത്തും പൊതുമണ്ഡലത്തിലും വ്യക്തിമുദ്ര പതിപ്പിച്ച സൗമ്യസാന്നിധ്യമായിരുന്നു മൗലവി.
രണ്ട് നൂറ്റാണ്ടു പഴക്കമുള്ള പ്രശസ്ത പണ്ഡിത കുടുംബമായ ചങ്ങരംകുളം കോക്കൂര്‍ പുത്തന്‍പുരക്കല്‍ തറവാട്ടില്‍ 1939-ലാണ് മൗലവിയുടെ ജനനം. പിതാവ് കുഞ്ഞവറു മുസ്‌ലിയാര്‍ ഹജ്ജ് കഴിഞ്ഞ് മടങ്ങവെയാണ് അന്തരിച്ചത്. ഇസ്‌ലാമിക വിജ്ഞാന ശാഖകളിലെ പരന്ന വായന കൊണ്ടും തീക്ഷ്ണമായ ചിന്ത കൊണ്ടും മുസ്‌ലിം പണ്ഡിതശ്രേണിയിലെ ഉന്നതസ്ഥാനീയനായിരുന്നു മൗലവി. ഫാറൂഖ് കോളജ് സ്ഥാപകന്‍ അബുസ്സബാഹ് മൗലവി മുതല്‍ ആദ്യകാല ഇസ്‌ലാമിക നവോത്ഥാന പരിഷ്‌കരണ നായകന്മാരില്‍ പലരുമായും വളരെ അടുപ്പമുണ്ടായിരുന്നു. നവോത്ഥാനം, പരിഷ്‌കരണം എന്നീ പ്രക്രിയകള്‍ ഏതെങ്കിലും കാലത്ത് ഏതെങ്കിലും ഒരു കുറ്റിയില്‍ കൊണ്ടുപോയി ബന്ധിക്കപ്പെടരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. ജീവിതാന്ത്യമാകുമ്പോള്‍ അദ്ദേഹത്തിലെ നവോത്ഥാന പുരോഗമന ചിന്ത മുരടിച്ചുപോകുകയല്ല കൂടുതല്‍ ജ്വലനാത്മകമാകുകയാണ് ചെയ്തത്. ഇത് അദ്ദേഹത്തെ വേറിട്ടു നിര്‍ത്തി.
പള്ളിദര്‍സുകളില്‍ നിന്നാണ് അദ്ദേഹം വൈജ്ഞാനിക യാത്ര തുടങ്ങിയത്. കൊടുങ്ങല്ലൂര്‍, കോക്കൂര്‍, കരുനാഗപ്പള്ളി തുടങ്ങി അക്കാലത്ത് പേരുകേട്ട പള്ളിദര്‍സുകളില്‍ അദ്ദേഹം വിദ്യാര്‍ഥിയായിരുന്നു. ചേകനൂര്‍ മൗലവി, എ പി അബ്ദുല്‍ഖാദര്‍ മൗലവി മുതലായവരുടെ സഹപാഠിയായിരുന്നു. ഫാറൂഖ് കോളജില്‍ നിന്ന് അറബിയില്‍ ബിരുദം നേടി. അകലാട്, മക്കരപ്പറമ്പ്, മാരായമംഗലം, എടപ്പാള്‍, മൂക്കുതല, കോക്കൂര്‍ ഗവ.ഹൈസ്‌കൂളില്‍ അറബിക് അധ്യാപകനായി സേവനം ചെയ്തു. ഖത്തര്‍, അബൂദബി, അല്‍ഐന്‍ എന്നിവിടങ്ങളില്‍ അധ്യാപകനായും മറ്റും ജോലി ചെയ്തിട്ടുണ്ട്. ദുബായ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റായിരുന്നു.
1976-ല്‍ പാവിട്ടപ്പുറത്ത് മദ്‌റസയായി ആരംഭിച്ച അസ്സബാഹ് വിദ്യാഭ്യാസ സ്ഥാപന സമുച്ചയങ്ങളുടെ ശില്‍പികളില്‍ പ്രധാനിയായിരുന്നു മൗലവി. അതിന്റെ വളര്‍ച്ചയുടെ ഓരോ പടവുകളിലും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും അധ്വാനവും വിയര്‍പ്പും ജാഗ്രതയും ഉള്‍ച്ചേര്‍ന്നു കിടക്കുന്നുണ്ട്. ഫാറൂഖ് കോളെജ് സ്ഥാപകന്‍ മൗലവി അബുസ്സ്വബാഹ് അഹമ്മദ് അലിയാണ് അദ്ദേഹത്തിന്റെ ഇഷ്ട ഗുരു. ‘നിങ്ങള്‍ ഇവിടെ ജീവിച്ചിരുന്നു എന്നതിന് ഒരു അടയാളം ബാക്കി വെക്കുക’ എന്ന ഗുരുവര്യന്റെ വാക്കുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് പാവിട്ടപ്പുറത്തെ ഇസ്‌ലാഹി വിദ്യാഭ്യസ സ്ഥാപനത്തിന് അസ്സ്വബാഹ് എന്ന് നാമകരണം ചെയ്തത്.
ആയോധനകലയിലുള്ള അറിവും കഴിവും അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു. വളരെ ചെറുപ്പം മുതല്‍ തന്നെ അഭ്യാസകല പഠിക്കാന്‍ അദ്ദേഹം ഗുരുമുഖങ്ങള്‍ തേടിയിറങ്ങിയിരുന്നു. ഇസ്‌ലാമിക കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ അദ്ദേഹത്തിന്റെ അറിവ് ആഴമുള്ളതായിരുന്നു. ജനങ്ങള്‍ ആശയ ഭേദമന്യേ ഇസ്‌ലാമിക ഫത്‌വകള്‍ ലഭിക്കാന്‍ അദ്ദേഹത്തെ സമീപിച്ചിരുന്നത് ഇതിന്റെ തെളിവാണ്. ഇസ്‌ലാമിക വിജ്ഞാനീയങ്ങളെ വളരുന്ന ലോകത്തിനു പ്രാപ്തമാക്കുന്ന ദൗത്യമാണ് പണ്ഡിതന്മാരുടേത് എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. അത് അദ്ദേഹം സ്വജീവിതം കൊണ്ട് അടയാളപ്പെടുത്തുകയും ചെയ്തു.
വളയംകുളം അസ്സബാഹ് എജ്യുക്കേഷണല്‍ കോംപ്ലക്‌സ്, എം വി എം സ്‌കൂള്‍, പാവിട്ടപ്പുറം അസ്സബാഹ് മസ്ജിദ്, ചങ്ങരംകുളം സലഫി മസ്ജിദ് തുടങ്ങിയവയുടെ സ്ഥാപക അംഗമാണ്. പാവിട്ടപ്പുറം, ചങ്ങരംകുളം, ഒതളൂര്‍, എറവറാംകുന്ന്, മൂക്കുതല, വളയംകുളം, പൊന്നാനി, നരണിപ്പുഴ, പള്ളിക്കര, കുന്നംകുളം, പെരുമ്പിലാവ്, എറിയാട്, വളവന്നൂര്‍ തുടങ്ങി സമീപ പ്രദേശങ്ങളിലെയും മറ്റും മിക്ക ജുമാ മസ്ജിദുകളിലും അദ്ദേഹം ഖുത്തീബ് ആയി സേവനം ചെയ്തിട്ടുണ്ട്.
ഭാര്യ ആയിഷക്കുട്ടി ടീച്ചര്‍. മക്കള്‍: പി ഐ മുജീബ് റഹ്മാന്‍, ഷാനിബ്, റാഫിദ (എം ജി എം സംസ്ഥാന സെക്രട്ടറി), നൗറത്ത്. മരുമക്കള്‍: പി പി ഖാലിദ് (കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി), നൂറുദ്ദീന്‍, ഫസീല, ശബ്‌ന.
അല്ലാഹു അദ്ദേഹത്തിന്റെ പാരത്രിക ജീവിതം സൗഭാഗ്യപൂര്‍ണമാക്കട്ടെ (ആമീന്‍)