പി സി മുഹമ്മദ് മദനി
മുജീബ് റഹ്മാന്‍ ചെങ്ങര
കാവനൂര്‍: എളയൂര്‍, ചെങ്ങര പ്രദേശങ്ങ ളില്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ സ്ഥാ പകരില്‍ പ്രമുഖനായ പി സി മുഹമ്മദ് മദനി (79) അന്തരിച്ചു. ചെറുപ്പത്തില്‍ പള്ളിദര്‍സില്‍ പഠിക്കുന്ന കാലത്ത് തന്നെ മുജാഹിദ് പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ട പിസിയുടെ ചരിത്രം ചെങ്ങര, എളയൂര്‍ പ്രദേശത്തെ പ്രസ്ഥാന ചരിത്രം കൂടിയാണ്. 1966-67 കാലയളവില്‍ പരിമിതമായ രീതിയില്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും 70-കളില്‍ ശക്തി പ്രാപിക്കുകയുമായിരുന്നു. എളയൂര്‍ മഹല്ല് ജുമുഅത്ത് പള്ളിയില്‍ തോട്ടക്കാട് അബ്ദുല്ലക്കുട്ടി മുസ്‌ലിയാര്‍ മലയാള പരിഭാഷയോടെ ഖുത്ബ നിര്‍വഹിച്ചിരുന്നു. അദ്ദേഹത്തിന് ശേഷം വന്ന ഖാദിമാര്‍ പരിഭാഷ നടത്താതിരിക്കുകയും ഖുത്ബയുടെ ഭാഷ സംബന്ധിച്ച് നാട്ടില്‍ പ്രധാന വിഷയമായി മാറുകയും ചെയ്തു.
1974-ല്‍ ഒരു ജുമുഅക്ക് ശേഷം കമ്മിറ്റിയുടെ അനുവാദത്തോടെ തന്നെ എളയൂര്‍ മഹല്ല് പള്ളിയില്‍ ഖുതുബയുടെ ഭാഷയെ കുറിച്ച് കിതാബുകള്‍ ഉദ്ധരിച്ച് പി സി നടത്തിയ പ്രസംഗത്തിന് ഉടനെ തന്നെ അന്നത്തെ ഖാദി മറുപടി പറഞ്ഞെങ്കിലും അദ്ദേഹം ഉദ്ധരിച്ച തെളിവുകളെ പരാമര്‍ശിക്കാതിരിക്കുകയും ചോദ്യങ്ങള്‍ നിരസിക്കുകയും ചെയ്തു. ഇത് തുടര്‍ന്നുള്ള വെള്ളിയാഴ്ചകളില്‍ പരസ്പരമുള്ള പ്രസംഗങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും ഖണ്ഡന പ്രസംഗങ്ങള്‍ക്കും വഴിവെക്കുകയായിരുന്നു. അക്കാലത്ത് ചെങ്ങരയില്‍ തുടര്‍ച്ചയായി നടന്നിരുന്ന പ്രഭാഷണ പരിപാടികളില്‍ പങ്കെടുക്കുകയും ചോദ്യങ്ങള്‍ക്ക് പ്രമാണങ്ങള്‍ ഉദ്ധരിച്ച് മറുപടി പറയുകയും ചെയ്യുമായിരുന്നു അദ്ദേഹം.
അദ്ദേഹം പുളിക്കല്‍ മദീനത്തുല്‍ ഉലൂമില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. ചെങ്ങര മസ്ജിദുല്‍ മുജാഹിദീനിന്റെ തുടക്കം മുതല്‍ ദീര്‍ഘകാലം അവിടെ ഖതീബായിരുന്നു. കാവനൂര്‍ പരിയാരക്കല്‍ ജി എല്‍ പി സ്‌കൂളിലെ അധ്യാപകനായിരുന്നു. ഇരിവേറ്റി, മീഞ്ചറ പ്രദേശങ്ങളിലും ദീര്‍ഘകാലം ഖുത്ബ നിര്‍വഹിച്ചിട്ടുണ്ട്. മസ്ജിദുല്‍ മുജാഹിദീന്‍ ചെങ്ങര പ്രസിഡണ്ട്, എളയൂര്‍ ജംഇയ്യത്തുല്‍ മുജാഹിദീന്‍ സ്ഥാപക നേതാവ്, എളയൂര്‍ മസ്ജിദുല്‍ മനാര്‍ പ്രസിഡണ്ട്, കെ ജെ യു നിര്‍വാഹക സമിതി അംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പരേതന്റെ പാപങ്ങള്‍ പൊറുത്തുകൊടുത്ത് നാ ഥന്‍ സ്വര്‍ഗപ്രവേശം നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍).