2 Tuesday
December 2025
2025 December 2
1447 Joumada II 11

അലവി മൗലവിയുടെ സഹധര്‍മിണി

സനിയ കല്ലിങ്ങല്‍


”ഇഞ്ചെ ഗേരണ്ടി കഴിയാനായിക്ക്ണ് പെങ്കുട്ട്യേ…. ഈ കട്ടിമ്മല്‍ കെടന്ന് പുഞ്ചിരിച്ച് മരിച്ചണം. വല്ലിപ്പ കെടക്ക്ണ വലിയ പള്ളിക്കാട്ടില്‍ തന്നെ കെടക്കണം, ന്നാ ഖബറിലൊറ്റക്കാന്ന പേടി ണ്ടാവൂലല്ലോ.. മാത്രല്ല, ഖബറ് വഴിയരികിലാകണം, ന്നാലല്ലേ പള്ളീക്ക് പോണോലെം വരുണേലേം സലാം കിട്ടാ…”
– സ്‌നേഹനിധിയായ വല്ലിമ്മയുടെ ഈ ആഗ്രഹങ്ങളൊക്കെ കഴിഞ്ഞ ദിവസത്തോടെ സഫലമായി… പ്രിയപ്പെട്ട വല്ലിമ്മ യാത്രയായി, ആവോളം സ്‌നേഹം കോരിത്തന്നു തീര്‍ത്ത്!
മുജാഹിദ് പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായിരുന്ന എടവണ്ണ എ അലവി മൗലവിയുടെ പ്രിയപത്‌നിയെന്ന മഹത് സ്ഥാനം അലങ്കരിക്കുമ്പോഴും, പണ്ഡിതരും എഴുത്തുകാരും അധ്യാപകരുമൊക്കെയായ മക്കളുടെ ഉമ്മയാകാനുള്ള ഭാഗ്യം കിട്ടിയപ്പോഴും, 92 വര്‍ഷത്തെ ജീവിതയാത്രയില്‍ ധാരാളം കയറ്റിറക്കങ്ങളിലൂടെ സഞ്ചരിച്ചപ്പോഴും ഒരു മനുഷ്യ ജന്മത്തിന് താങ്ങാവുന്നതിലേറെയുള്ള പരീക്ഷണങ്ങള്‍ അനുഭവിച്ചപ്പോഴുമെല്ലാം എന്റെ വല്ലിമ്മ വിനയാന്വിതയായിരുന്നു. ഒട്ടും പതറാതെ, ജീവിതത്തെയവര്‍ ഈമാനിന്റെ ശക്തിയില്‍ ഉറപ്പിച്ചു നിര്‍ത്തിയിരുന്നു!
പി സി മുഹമ്മദ് മുസ്‌ലിയാരുടെ മൂത്ത മകളായ പി സി ഫാത്തിമക്കുട്ടിയെന്ന വല്ലിമ്മ അലവി മൗലവിയുടെ ഭാര്യാപദം ഏറ്റെടുത്ത നാള്‍ മുതലേ, ശിര്‍ക്കിനും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെയുള്ള വല്ലിപ്പയുടെ പോരാട്ടത്തില്‍ കൂടെ നിന്നവളായിരുന്നു. എന്റെ ഉമ്മ എ ജമീല ടീച്ചറും അമ്മാവന്മാരായ അബ്ദുസ്സലാം സുല്ലമിയും അബ്ദു നദ്‌വിയും സഈദ്ക്കയുമൊക്കെ കുട്ടികളായ കാലത്താണത്രെ, ഓട്ടുപാറയില്‍ വെച്ച് വല്ലിപ്പ വധശ്രമത്തിനിരയായത്. ആ വിശേഷങ്ങള്‍ വല്ലിപ്പ വല്ലിമ്മയോട് പങ്കുവെച്ച കഥകള്‍ ഉമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.
”ഞാനിന്നിവിടെ അന്റേം മക്കളുടെം കൂടെ നില്‍ക്കാനുണ്ടാകുമായിരുന്നില്ല, അല്ലാഹുവിനെ ശുക്ര്‍ ചെയ്ത് പ്രാര്‍ഥിക്കൂ” -വികാരവായ്‌പോടെ വല്ലിപ്പ വിവരിക്കുമ്പോഴും സാധാരണ സ്ത്രീകളില്‍ നിന്ന് വ്യത്യസ്തയായി ഏറെ കരുത്തില്‍ എല്ലാം കേട്ട് റബ്ബിന് ശുക്ര്‍ ചെയ്ത വല്ലിമ്മ, പിന്നീടുള്ള യാത്രകളിലും വല്ലിപ്പയുടെ തണലും ആശ്വാസവുമായിരുന്നുവത്രെ. വല്ലിപ്പയുടെ മരണസമയത്ത് വിങ്ങിപ്പൊട്ടിയ വല്ലിമ്മയോട് ‘ഏയ്, ഇതന്ന് സംഭവിക്കേണ്ടതല്ലായിരുന്നോ, അന്ന് കരയാതെ കൂടെ നിന്ന നീ ഇപ്പഴും കരയരുത്’ എന്നാണത്രെ വല്ലിപ്പ ആശ്വസിപ്പിച്ചത്.
വല്ലിമ്മയുടെ ഓര്‍മകള്‍ ഇഴ ചേര്‍ന്നതാണെന്റെ ജീവിതം മുഴുവന്‍. അടുത്ത കാലം വരെ, സുബ്ഹി മുതല്‍ ഇശാ വരെയുള്ള അഞ്ചു നേരവും അവര്‍ ജമാഅത്തിനായി പള്ളിയിലെത്തുമായിരുന്നു. ഒട്ടകത്തെയറുത്ത കൂലി നേടാന്‍ എല്ലാ വെള്ളിയാഴ്ചകളിലും അവര്‍ നേരത്തേ പള്ളിയിലെത്തും. മുന്‍നിര സ്വഫ്ഫില്‍ സ്ഥാനം പിടിക്കും. അല്‍കഹ്ഫ് ഓതിത്തീര്‍ക്കും. ജുമുഅ പിരിഞ്ഞാല്‍ മടിക്കുത്തില്‍ സൂക്ഷിച്ച നോട്ടുകളും നാണയങ്ങളും അര്‍ഹര്‍ക്ക് കൈമാറും.
ഏറെ ദാനശീലയായിരുന്നു വല്ലിമ്മ. മക്കളും ബന്ധുക്കളും സമ്മാനിക്കുന്ന മിഠായിപ്പൊതി മുതലുള്ള എല്ലാ സമ്മാനങ്ങളും അവര്‍ രോഗികള്‍ക്കും കുട്ടികള്‍ക്കും അശരണര്‍ക്കും വിതരണം ചെയ്യും.
വല്ലിമ്മ ദേഷ്യപ്പെടുന്നത് അപൂര്‍വമായേ ഞങ്ങള്‍ കണ്ടിട്ടുള്ളൂ. കുട്ടികളെ തല്ലുന്നതിനും ചീത്ത പറയുന്നതിനും മക്കളോടും മരുമക്കളോടും അവര്‍ കയര്‍ക്കും. കുഞ്ഞുമക്കള്‍ അത്രക്ക് ജീവനായിരുന്നു അവര്‍ക്ക്. പേരക്കുട്ടികളേയും അവരുടെ കുട്ടികളേയും അവരുടെ മക്കളേയും കാണാനുള്ള ഭാഗ്യം നാഥന്‍ വല്ലിമ്മാക്ക് നല്‍കി. അല്‍ഹംദുലില്ലാഹ്. എല്ലാ മക്കളെയും മടിയിലിരുത്തി അവര്‍ പ്രവാചക കഥകളും സഹാബി ചരിത്രങ്ങളും പറയും. ഫാത്തിമ ബീവിയെക്കുറിച്ചുള്ള ‘ഒരു പാത്രം കാരക്കയും…’ എന്ന പാട്ടു പാടും. ഇരയിമ്മന്‍ തമ്പിയുടെ ‘ഓമനത്തിങ്കള്‍ക്കിടാവോ’ ഈണത്തില്‍ ചൊല്ലും.
പഴയ അഞ്ചാംക്ലാസുകാരിയായ വല്ലിമ്മ നല്ല വായനക്കാരിയായിരുന്നു. ഖുര്‍ആന്‍ പരിഭാഷക്കു പുറമേ, പത്രവായനയും മറ്റു പുസ്തകവായനയും അവര്‍ക്കിഷ്ടമായിരുന്നു.
വല്ലിമ്മയുടെ പുരോഗമനപരമായ ചിന്തകള്‍ എന്നെ ഏറെ അത്ഭുതപ്പെടുത്തിയിരുന്നു. പെണ്‍കുട്ടികള്‍ നന്നായി പഠിച്ച് ജോലി വാങ്ങണമെന്നും, സ്വയം സമ്പാദിക്കണമെന്നും സ്വന്തം മക്കളോടെന്നതിലുപരി പരിചയമുള്ളവരോടൊക്കെ പറയും. ധാരാളം ദാനം ചെയ്യാന്‍ സ്വന്തം കൈകളില്‍ കാശുണ്ടാകുന്നത് നല്ലതല്ലേ എന്ന ചിന്തയായിരുന്നു വല്ലിമ്മക്കെന്നും.
അയല്‍പക്കക്കാര്‍ക്കും കുടുംബക്കാര്‍ക്കും നാട്ടുകാര്‍ക്കും പരിചയക്കാര്‍ക്കുമെല്ലാം അവരെ ഒരുപാട് ഇഷ്ടായിരുന്നു. ‘പെങ്കുട്ട്യേ’ എന്നായിരുന്നു ആണ്‍ പെണ്‍ ഭേദമില്ലാതെ അവരെല്ലാവരേയും വിളിച്ചിരുന്നത്. ആ വിളിയില്‍ നിറയെ നിഷ്‌കളങ്കമായ സ്‌നേഹമായിരുന്നു.
മുജാഹിദാവുക എന്നതില്‍ മാത്രം യാതൊരു വിട്ടുവീഴ്ചയും വല്ലിമ്മക്കില്ലായിരുന്നു.
പട്ടിണിക്കാലവും അനുഗൃഹീതമായ സുഭിക്ഷ കാലവും ജീവിതത്തിലവര്‍ അനുഭവിച്ചിട്ടുണ്ട്. ഏതു കാലത്തും മറ്റുള്ളവര്‍ക്ക് മാതൃകയാക്കാവുന്ന സാമ്പത്തിക വിദഗ്ധയായിരുന്നു അവര്‍.
അവസാന കാലങ്ങളില്‍ വല്ലിമ്മാക്ക് ജീവിതത്തിലേറ്റ ആഘാതങ്ങള്‍ കടുത്തവയായിരുന്നു. മൂത്ത മകന്‍ അബ്ദുറഹ്മാന്റെ വേര്‍പിരിയലിന്റെ മുറിവുണങ്ങും മുമ്പേ തൊട്ടു തൊട്ട വര്‍ഷങ്ങളിലായി അബ്ദുസ്സലാം സുല്ലമിയും സഈദ്ക്കയും വിട പറഞ്ഞു. ഇവിടെയൊന്നും അവര്‍ പതറിയില്ല. ‘സ്വര്‍ഗത്തീന്ന് ഓലെ കാണാലോ’ എന്ന ചിന്തയില്‍!
വല്ലിമ്മയുടെ ആഗ്രഹം പോലെ സ്വര്‍ഗത്തില്‍ വെച്ച് ഒത്തു കൂടാന്‍ അവര്‍ക്കും നമ്മള്‍ക്കും ഭാഗ്യമുണ്ടാവട്ടെയെന്ന പ്രാര്‍ഥനകള്‍ മാത്രമാണിപ്പോള്‍ ബാക്കി!

Back to Top