പി എ സെയ്ത് മുഹമ്മദ് ചരിത്രമെഴുതിയ മഹാപ്രതിഭ
ഹാറൂന്‍ കക്കാട്
കേരള ചരിത്ര രചനയില്‍ അമൂല്യ സംഭാവനകളര്‍പ്പിച്ച പ്രതിഭാധനനായിരുന്നു പി എ സെയ്ത് മുഹമ്മദ്. പുതുതലമുറയില്‍ പലര്‍ക്കും ഇദ്ദേഹം അപരിചിതനാണ്. പത്രപ്രവര്‍ത്തകനും ഗവേഷകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന ഈ ചരിത്രകാരന്റെ ജീവിതം വിസ്മയകരമായ ഏടുകളാണ്.
തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിലെ ആല എന്ന പ്രദേശത്ത് പൊന്നുംകുഴിയില്‍ അഹമ്മദുണ്ണി സാഹിബിന്റെ മകനായി 1928-ലാണ് പി എ സെയ്തു മുഹമ്മദിന്റെ ജനനം. എടവനക്കാടു നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. കൊടുങ്ങല്ലൂര്‍ ഹൈസ്‌കൂളില്‍ നിന്ന് സ്‌കൂള്‍ ഫൈനല്‍ പരീക്ഷ പാസ്സായി. പിന്നീട് ഇനേഴത്ത് പരമേശ്വന്‍ പിള്ളയുടെ കീഴില്‍ സംസ്‌കൃതം അഭ്യസിച്ച് സാഹിത്യ വിശാരദ് പാസ്സായി. തുടര്‍ന്ന് കുറച്ച് കാലം ഭാഷാധ്യാപകനായി സേവനമനുഷ്ഠിച്ചു. പിന്നീട് മുഴുസമയ പത്രപ്രവര്‍ത്തനം തട്ടകമായി തെരഞ്ഞെടുക്കുകയായിരുന്നു.
വായനയും എഴുത്തും ബാല്യം മുതലേ പി എ സെയ്തു മുഹമ്മദിന്റെ ഇഷ്ട മേഖലയായിരുന്നു. ഇളംപ്രായത്തിലേ അദ്ദേഹം സാഹിത്യ ലേഖനങ്ങള്‍ എഴുതിത്തുടങ്ങി. 1942- ല്‍ തൃശൂരില്‍ സംഘടിപ്പിച്ച ഐക്യകേരള സമ്മേളനത്തില്‍ പ്രസംഗം, ഉപന്യാസം എന്നീ മത്സരങ്ങളില്‍ അദ്ദേഹം ഒന്നാം സമ്മാനം നേടി. 1949-ല്‍ ദക്ഷിണ അമേരിക്കയില്‍ നടന്ന ലോക യുവജന സാംസ്‌കാരിക സമ്മേളനത്തിലെ ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുത്തു.
കൊടുങ്ങല്ലൂരില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്ക് താമസം മാറ്റിയതോടെ കൂടുതല്‍ ചടുലമായ സാംസ്‌കാരിക ഉദ്യമങ്ങളില്‍ അദ്ദേഹം കര്‍മനിരതനായി. സാമൂഹിക നവോത്ഥാനത്തിന് പത്രപ്രവര്‍ത്തനമേഖലയിലൂടെ പല കാര്യങ്ങളും ചെയ്യാന്‍ കഴിയുമെന്ന് മനസ്സിലാക്കിയ അദ്ദേഹം ജനശക്തി മാസികയുടെ പത്രാധിപസ്ഥാനം ഏറ്റെടുത്തു. തുടര്‍ന്ന് യുവകേരളം, സ്വര്‍ഗം എന്നീ മാസികകള്‍ അദ്ദേഹം സ്വന്തമായി പ്രസിദ്ധീകരിച്ചു. ഗ്രന്ഥലോകം, സാഹിത്യലോകം, ചരിത്രം ത്രൈമാസിക എന്നിവയുടെ പത്രാധിപ സമിതി അംഗമായും സേവനമനുഷ്ഠിച്ചിരുന്നു.
വിഖ്യാത ചരിത്രകാരനും സാഹിത്യ വിമര്‍ശകനുമായിരുന്ന കേസരി എ ബാലകൃഷ്ണപിള്ളയുമായി അടുത്ത സ്‌നേഹബന്ധം സ്ഥാപിക്കാന്‍ സാഹിത്യപ്രവര്‍ത്തനം വഴി സെയ്ത് മുഹമ്മദിന് കഴിഞ്ഞു. വടക്കന്‍ പറവൂരിലെ മാടവന പറമ്പിലുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ സെയ്തു മുഹമ്മദ് പതിവ് സന്ദര്‍ശകനായിരുന്നു. അദ്ദേഹത്തിന്റെ വൈജ്ഞാനിക ദാഹം മനസ്സിലാക്കിയ കേസരി ബാലകൃഷ്ണപിള്ള ഒരു ശിഷ്യനോടെന്ന പോലെയായി പിന്നീടുള്ള ഇടപെടലുകള്‍. സെയ്ത് മുഹമ്മദ് എന്ന ഉജ്വലനായ ചരിത്രകാരനെ വളര്‍ത്തുന്നതില്‍ ഈ ആത്മബന്ധം വലിയ പങ്കുവഹിച്ചു.
1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ രക്തസാക്ഷിയായ ഹെമുകലാനിയുടെ ജീവചരിത്രമാണ് സെയ്തു മുഹമ്മദിന്റെ ആദ്യ കൃതി. കേരള മുസ്ലിം ഡയറക്ടറി എന്ന പേരില്‍ ആദ്യമായി മുസ്‌ലിംകളുടെ സ്ഥിതി വിവരക്കണക്ക് പ്രസിദ്ധീകരിച്ചത് പി എ സെയ്ത് മുഹമ്മദാണ്. കേരളത്തിലെ മുസ്‌ലിംകളുടെ മതപരവും വിദ്യാഭ്യാസപരവും സാമൂഹികവും ഔദ്യോഗികവുമായ സ്ഥിതിവിവരക്കണക്കുകള്‍ ലഭ്യമല്ലാതിരുന്ന കാലത്ത് അത് ശേഖരിക്കുന്നതിന് വേണ്ടി കേരളത്തിന്റെ മുക്കുമൂലകളില്‍ ചെന്നെത്തി വളരെയേറെ കഷ്ടപ്പെട്ടാണ് അദ്ദേഹം ഈ ഗ്രന്ഥം തയ്യാറാക്കിയത്.
മൗലാനാ മുഹമ്മദലി, ചരിത്ര കേരളം, കേരള മുസ്ലിം ചരിത്രം, മുഗള്‍ സാമ്രാജ്യത്തിലൂടെ ഒരു യാത്ര, ചരിത്രത്തിലെ ശിലാ കുസുമങ്ങള്‍, സഞ്ചാരികള്‍ കണ്ട കേരളം, കുട്ടികളുടെ കേരള ചരിത്രം, കേരള ചരിത്ര ചിന്തകള്‍, ആദിവാസികള്‍, സംസ്‌കാര സൗരഭം എന്നിവയാണ് സെയ്ത് മുഹമ്മദിന്റെ പ്രധാന കൃതികള്‍. ഹിസ്റ്ററി ഓണ്‍ ദി മാര്‍ച്ച്, കേരള ചരിത്രം ഒന്നും രണ്ടും വാള്യങ്ങള്‍, നവകേരള ശില്പികള്‍ തുടങ്ങി കേരള ഹിസ്റ്ററി അസോസിയേഷന്‍ പ്രസിദ്ധീകരിച്ച സുവനീറുകളുടെയും ഗ്രന്ഥങ്ങളുടെയും സംശോധകനും എഡിറ്ററുമായിരുന്നു പി എ സെയ്തു മുഹമ്മദ്.
കൗമുദി, നവജീവന്‍, തനിനിറം, മലയാള രാജ്യം, ജനയുഗം തുടങ്ങിയ പത്രങ്ങളുടെ വിശേഷാല്‍ പ്രതികളിലെഴുതിയ ലേഖനങ്ങളുടെ സമാഹാരമായ ‘ചരിത്രത്തിലെ ശിലാ കുസുമങ്ങള്‍’ അദ്ദേഹത്തിന്റെ മികച്ച കൃതിയാണ്. ആര്‍ക്കിയോളജി ഏത് വിധം ചരിത്ര നിര്‍മിതിയെ സഹായിക്കുന്നുവെന്ന ഉപന്യാസം ഈ കൃതിയിലെ ശ്രദ്ധേയമായ രചനയാണ്.
1964-ല്‍ കോതപറമ്പ് അജന്താ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ‘കേരളം നൂറ്റാണ്ടുകള്‍ക്ക് മുമ്പ്’ എന്ന കൃതിയില്‍ ക്രിസ്താബ്ദം 70-ല്‍ ജറൂസലം ആക്രമിക്കപ്പെടുന്നതിനു മുമ്പുതന്നെ ജൂതന്മാര്‍ കേരളത്തിലുണ്ടായിരുന്നുവെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. അറക്കല്‍ രാജവംശത്തിലെ കയ്യെഴുത്തു രേഖകളെ ആസ്പദിച്ച് അറേബ്യയില്‍ നിന്ന് ഇസ്ലാമിക സന്ദേശവും വഹിച്ചു കേരളത്തിലെത്തിയ ആദ്യകാല ഇസ്ലാമിക പരിഷ്‌കര്‍ത്താക്കളായ മാലിക്ബ്നു ദീനാറിന്റെയും ശറഫ്ബ്നു മാലിക്കിന്റെയും കാലത്ത് തന്നെ രൂപീകൃതമായ രാജവംശമായി അറക്കലിനെ ഈ കൃതിയില്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. ചേരമാന്‍ പെരുമാളിന്റെ സഹോദരിയായ ശ്രീദേവിയുടെ മകന്‍ മഹാബലി എന്നറിയപ്പെടുന്ന മുഹമ്മദലിയാണ് അറക്കല്‍ വംശ സ്ഥാപകനെന്നും ശ്രീദേവിയുടെ മകന്‍ ഇസ്ലാം സ്വീകരിച്ചത് ഹിജ്റാബ്ദം 64-ലാണെന്ന് അറക്കല്‍ സ്വരൂപത്തിലെ ചേപ്പേടുകള്‍ വ്യക്തമാക്കുന്നുണ്ടെന്നും ഈ പുസ്തകത്തില്‍ അദ്ദേഹം പരാമര്‍ശിക്കുന്നു.
തിരസ്‌കരിക്കാന്‍ കഴിയാത്ത ചരിത്ര സത്യങ്ങള്‍ മുമ്പില്‍ വെച്ചുകൊണ്ട് തന്നെ മുഹമ്മദ് നബിയുടെ കാലത്ത് ഇസ്ലാം കേരളത്തില്‍ പ്രചരിച്ചുവെന്ന് സമര്‍ഥിക്കാനാകുമെന്ന് സെയ്തു മുഹമ്മദ് പറയുന്നു. പ്രവാചകന്റെ മരണാനന്തരം രണ്ട് നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് കേരളത്തില്‍ മുസ്‌ലിംകള്‍ വന്നതെന്ന അഭിപ്രായത്തെ ക്രിസ്താബ്ദം എട്ടാം നൂറ്റാണ്ടില്‍ അറക്കല്‍ രാജവംശം നടപ്പാക്കിയിരുന്ന വെള്ളിനാണയം തന്നെ ഖണ്ഡിക്കുന്നതായി അദ്ദേഹം ഈ പുസ്തകത്തില്‍ പറയുന്നു. കാലനിര്‍ണയത്തില്‍ ചരിത്രഗ്രന്ഥങ്ങളില്‍ പാകപ്പിഴ പറ്റിയിട്ടുണ്ട് എന്നദ്ദേഹം നിരീക്ഷിച്ചിട്ടുണ്ട്. തുഹ്ഫത്തുല്‍ മുജാഹിദീന്‍ (എ ഡി 1558) കേരളത്തിലെ ഇസ്ലാം മതപ്രചാരണകാലം എ ഡി 10-ാം നൂറ്റാണ്ടിലാണെന്ന് പറഞ്ഞതുകൊണ്ട് തുടര്‍ന്നുള്ള മിക്ക ചരിത്ര ഗ്രന്ഥങ്ങളിലും ഇത് പകര്‍ത്തപ്പെടുന്നുവെന്ന് സെയ്ത് മുഹമ്മദ് നിരൂപിക്കുന്നു.
1975-ല്‍ നാഷണല്‍ ബുക്സ്റ്റാള്‍ പ്രസിദ്ധീകരിച്ച ‘ചരിത്രം ഒരു കണ്ണാടി’യാണ് സെയ്തു മുഹമ്മദിന്റെ അവസാന കൃതി. ഇബ്‌നു ഖല്‍ദൂന്‍, അല്‍ബിറൂനി എന്നിവരുടെ ജീവിതം അപഗ്രഥിക്കുന്ന 29 മികച്ച പഠനങ്ങള്‍ ഇതിലുണ്ട്. ജെങ്കിസ് ഖാന്‍ ‘ഷാമായി’ എന്ന മത വിഭാഗത്തിന്റെ ഉപജ്ഞാതാവും വ്യാഖ്യാതാവുമായിരുന്നുവെന്ന കൗതുകകരമായ വിവരം ഈ കൃതിയിലുണ്ട്. 1965 മുതല്‍ കേരള ഹിസ്റ്ററി അസോസിയേഷന്റെ സെക്രട്ടറിയായി പി എ സെയ്ത് മുഹമ്മദ് നിയമിതനായി. അദ്ദേഹത്തിന്റെ ഒരു ദശാബ്ദ കാലത്തെ യത്നമാണ് കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥാപിച്ച വലിയ ഗ്രന്ഥാലയത്തിനും അനുബന്ധ സംരംഭങ്ങള്‍ക്കും നിമിത്തമായത്. ചരിത്രത്തിന്റെ ജനകീയവത്കരണത്തിന് വേണ്ടി ശ്രദ്ധേയമായ നിരവധി ചരിത്ര സെമിനാറുകള്‍ക്ക് സെയ്ത് മുഹമ്മദ് നേതൃത്വം നല്‍കി.
1965 മെയ് 16,17,18 തിയ്യതികളില്‍ എറണാകുളം മഹാരാജാസ് കോളജില്‍ നടന്ന ഹിസ്റ്ററി കണ്‍വെന്‍ഷന്‍, 1968 ഡിസംബര്‍ 15 മുതല്‍ 19 വരെ നടന്ന കൊച്ചി ജൂതപള്ളിയുടെ 100-ാം വാര്‍ഷികത്തോടനുബന്ധിച്ച പഠന ശിബിരം, 1969-ല്‍ കൊടുങ്ങല്ലൂരില്‍ നടന്ന ആര്‍ക്കിയോളജിക്കല്‍ സെമിനാര്‍, 1971-ല്‍ കൊച്ചിയില്‍ നടന്ന ഓറിയന്റല്‍ റിസര്‍ച്ച് സെമിനാര്‍, 1972-ല്‍ എറണാകുളത്ത് സംഘടിപ്പിച്ച ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ രജത ജൂബിലി സെമിനാര്‍, 1974-ല്‍ മട്ടാഞ്ചേരിയില്‍ സംഘടിച്ച മഹാവീരന്റെ നിര്‍വാണാഘോഷ സെമിനാര്‍, 1975-ല്‍ എറണാകുളത്ത് നടത്തിയ സെമിനാര്‍ എന്നീ പഠന സംവാദ വേദികളുടെ ബുദ്ധികേന്ദ്രം പി എ സെയ്ത് മുഹമ്മദ് എന്ന സംഘാടകന്റേതായിരുന്നു. സര്‍ക്കാര്‍ വകുപ്പുകളായ ഗസറ്റിയേഴ്സ്, ആര്‍ക്കൈവ്സ്, ആര്‍ക്കിയോളജി തുടങ്ങിയവയുടെ ഉപദേശക സമിതി അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചു. ചരിത്രകേരളം എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിന് 1952-ല്‍ ഏറ്റവും മികച്ച കൃതിക്കുള്ള മദ്രാസ് ഗവണ്‍മെന്റിന്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
1975 ഡിസംബര്‍ 20-ന്, 47-ാം വയസ്സില്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു പി എ സെയ്ത് മുഹമ്മദിന്റെ വിയോഗം. അദ്ദേഹത്തിന്റെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് എറണാകുളത്ത് നടത്തിയ യോഗത്തില്‍ കേരള ഹിസ്റ്ററി അസോസിയേഷന്‍ കെട്ടിടം പി എ സെയ്ത് മുഹമ്മദ് സ്മാരക മന്ദിരമായി മാറ്റി. ഡോ. സി കെ കരീം എഡിറ്ററായി പി എ സെയ്ത് മുഹമ്മദ് സ്മാരക ഗ്രന്ഥവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.