1 Tuesday
July 2025
2025 July 1
1447 Mouharrem 5

ഒഴുക്കിലെ ചവറുകള്‍

എം ടി അബ്ദുല്‍ഗഫൂര്‍


സൗബാന്‍(റ) പറയുന്നു: നബി(സ) പറഞ്ഞിരിക്കുന്നു: വിശന്നു വലഞ്ഞവര്‍ ഭക്ഷണത്തളികയിലേക്ക് കൈ നീട്ടുന്നതുപോലെ ഇതര സമൂഹങ്ങള്‍ നിങ്ങള്‍ക്കെതിരില്‍ സംഘടിക്കുന്ന കാലം വരും. സതീര്‍ഥ്യന്‍ ചോദിച്ചു: അന്ന് ഞങ്ങള്‍ എണ്ണത്തില്‍ കുറവായതിനാലാണോ? നബി(സ) പറഞ്ഞു: അല്ല, നിങ്ങളന്ന് എണ്ണത്തില്‍ കൂടുതലായിരിക്കും; എന്നാല്‍ ഒഴുക്കില്‍പെട്ട ചവറുകള്‍ക്ക് സമാനമായിരിക്കും നിങ്ങള്‍. നിങ്ങളുടെ ശത്രുക്കളുടെ മനസ്സില്‍നിന്നും നിങ്ങളെക്കുറിച്ചുള്ള ഭീതി അല്ലാഹു നീക്കിക്കളയും, നിങ്ങളുടെ ഹൃദയങ്ങളിലേക്ക് അല്ലാഹു വഹന്‍ (ദുര്‍ബലത) ഇട്ടുതരികയും ചെയ്യും. അപ്പോള്‍ ഒരാള്‍ ചോദിച്ചു: തിരുദൂതരേ, എന്താണ് വഹ്ന്‍? നബി(സ) പറഞ്ഞു: ഐഹിക ജീവിതത്തോടുള്ള പ്രേമവും മരണത്തോടുള്ള വെറുപ്പുമാണത്” (അബൂദാവൂദ്)

ലക്ഷ്യബോധം നഷ്ടപ്പെടുന്നത് സമൂഹത്തിന്റെ കെട്ടുറപ്പിനെ പ്രതികൂലമായി ബാധിക്കുമെന്ന് വ്യക്തമാക്കുന്ന ഒരു തിരുവചനമാണിത്. മുസ്‌ലിം സമൂഹത്തിന്റെ ഐക്യവും ഭദ്രതയും നിലനിന്നിരുന്ന മുന്‍കാലങ്ങളില്‍ സമൂഹം അനുഭവിച്ചിരുന്ന ഔന്നത്യവും പ്രതാപവും ചരിത്രത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന അധ്യായമാണ്. മുന്‍ഗാമികളുടെ വിശ്വാസ ദൃഢതയും ആദര്‍ശ നിഷ്ഠയും ലക്ഷ്യബോധവുമാണ് ഇതര സമൂഹങ്ങള്‍ക്കിടയില്‍ അവര്‍ക്ക് പദവിയും പ്രതാപവും നേടിക്കൊടുത്തത്. ഇഹലോക ജീവിതം ക്ഷണികവും നശ്വരവുമാണെന്നും യഥാര്‍ഥ ജീവിതം പരലോകത്താണെന്നും വിശ്വസിക്കുന്ന മുസ്‌ലിമിന്റെ മനസ്സില്‍ ദുന്‍യാവിന്റെ അലങ്കാരങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും വലിയ സ്ഥാനമൊന്നുമുണ്ടാവില്ല.
എന്നാല്‍ പരസ്പരം ഭിന്നിക്കുകയും പൊതുശത്രുവിന്നെതിരില്‍ പോലും യോജിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ എതിരാളികളുടെ ആര്‍ത്തിയോടെയുള്ള കടന്നുകയറ്റത്തിന് ആക്കം കൂട്ടുന്നതാണ്.
ഇഹലോകത്തെ അലങ്കാരവും ആഡംബരവും ലക്ഷ്യമാക്കുകയും സ്വജനപക്ഷപാതവും സ്വാര്‍ഥതാല്പര്യങ്ങളും മനുഷ്യ മനസ്സിലേക്ക് കടന്നുവരികയും ചെയ്യുമ്പോള്‍ മനുഷ്യനില്‍ ഭൗതിക വിഭവങ്ങളോട് പ്രണയമുണ്ടാവുക സ്വാഭാവികമത്രെ. മരണത്തെയും അതിന് ശേഷമുള്ള ജീവിതത്തിലെ സുഖാനുഗ്രഹങ്ങളിലേക്കുള്ള മാര്‍ഗങ്ങളെയും വേണ്ടത്ര താല്പര്യപ്പെടാതിരിക്കുന്നതിലൂടെ മനസ്സ് ദുര്‍ബലമാവുമെന്നും വീര്യം ചോര്‍ന്നുപോവുമെന്നുമുള്ള യാഥാര്‍ഥ്യമാണ് ഈ തിരുവചനം ബോധ്യപ്പെടുത്തുന്നത്.
സമൂഹം ദുര്‍ബലമാവുമ്പോള്‍ അവരുടെ അവകാശങ്ങള്‍ ഓരോന്നോരോന്നായി ഹനിക്കപ്പെടുകയും മുസ്‌ലിംകള്‍ എന്ന നിലക്കുള്ള ഗാംഭീര്യം നഷ്ടപ്പെടുകയും ചെയ്യുന്നു. അത്തരം സമൂഹത്തെ കീഴ്‌പ്പെടുത്തുന്നത് എതിരാളികള്‍ക്ക് നിഷ്പ്രയാസം സാധിക്കുമെന്നതിന് ചരിത്രം സാക്ഷിയാണ്. അല്ലാഹുവില്‍ ദൃഢമായി വിശ്വസിക്കുകയും അവന്റെ മാര്‍ഗത്തില്‍ ത്യാഗപരിശ്രമം നടത്തുകയും ചെയ്യാന്‍ തയ്യാറുള്ളവര്‍ക്ക് പ്രതിസന്ധികളെ മറികടക്കുക എളുപ്പമാണ്. എന്നാല്‍ ലക്ഷ്യബോധം നഷ്ടപ്പെട്ട് ഐഹിക നേട്ടങ്ങള്‍ക്കായി നെട്ടോട്ടമോടുന്നത് ജനതയുടെ അന്തസ്സ് ചോര്‍ന്നുപോകാനിടയാക്കുന്നു.

Back to Top