2 Thursday
January 2025
2025 January 2
1446 Rajab 2

ഓസ്‌വിച്ച് ക്യാമ്പിലെ ‘വിനോദം’ മണിപ്പൂരിലുമെത്തുന്നു

കെ പി ഖാലിദ്‌


‘അവര്‍ ഞങ്ങളോട് വിവസ്ത്രകളാകാന്‍ പറഞ്ഞു: നഗ്നരായി നിര്‍ത്തിയ ഞങ്ങളെ അവര്‍ ശിരോമുണ്ഡനം ചെയ്തു. ക്രൂരന്മാരായ നാസി പട്ടാളക്കാര്‍ക്ക് മുന്നില്‍ നഗ്നരായി ഞങ്ങള്‍ വിറങ്ങലിച്ചുനിന്നു. എന്നോടൊപ്പം എന്റെ രണ്ട് സഹോദരിമാരുമുണ്ടായിരുന്നു. ഞാനൊരു മതബോധമുള്ള പെണ്ണായിരുന്നു. ജീവിതത്തില്‍ ഒരിക്കല്‍പോലും അങ്ങനെ നില്‍ക്കേണ്ടിവരുമെന്ന് സ്വപ്‌നത്തില്‍പോലും ഞാന്‍ കരുതിയതല്ല! ലജ്ജകൊണ്ടും ഭയംകൊണ്ടും ഞാന്‍ വിറക്കാന്‍ തുടങ്ങി. ചുറ്റുമുള്ള ജര്‍മന്‍ പട്ടാളക്കാര്‍ ഞങ്ങളുടെ ശരീരത്തിലേക്ക് നോക്കി നടത്തുന്ന പരിഹാസ വാചകങ്ങള്‍ എന്റെ കാതുകളില്‍ വേദനയോടെ തുളച്ചു കയറുന്നുണ്ടായിരുന്നു. ഒരു മൃഗമായി ഞാന്‍ മാറിക്കഴിഞ്ഞുവെന്ന് എനിക്ക് തോന്നിത്തുടങ്ങിയപ്പോള്‍ ഞാന്‍ മന്ത്രിച്ചുകൊണ്ടിരുന്നു; ദൈവമേ, നീ എവിടെയാണ്?’
നാസി ജര്‍മനിയിലെ ഏറ്റവും വലിയ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളിലൊന്നായ ഓഷ്‌വീച്ചിലെത്തപ്പെട്ട ഒരു ജൂത സ്ത്രീ, യുദ്ധാനന്തരം രൂപീകരിക്കപ്പെട്ട ന്യൂറംബര്‍ഗ് വിചാരണക്കോടതിയില്‍ നല്‍കിയ മൊഴിയാണിത്. വംശീയ വെറിയെന്താണെന്ന് പറഞ്ഞുതരുന്ന മൊഴി! സഖ്യസേന ജര്‍മനിയിലേക്ക് ഇരച്ചുകയറുന്നതുവരെ ആയുസ്സിന് ബലമുണ്ടായിരുന്നതുകൊണ്ടുമാത്രം രക്ഷപ്പെട്ട അനേകം പേരില്‍ ഒരാളായിരുന്നു ഈ യുവതി, ടോവബര്‍ഗര്‍.
ടോവയെപ്പോലെ നിരവധി സ്ത്രീകള്‍ യുദ്ധകുറ്റങ്ങള്‍ക്കുവേണ്ടി രൂപീകരിച്ച വിവിധ സൈനികക്കോടതികളില്‍ അവരുടെ അനുഭവങ്ങള്‍ വിവരിച്ചപ്പോള്‍ രണ്ടാം ലോകമഹായുദ്ധാനന്തരമുള്ള ലോകം നടുങ്ങിപ്പോയി. ഓസ്‌വിച്ച് ക്യാമ്പിലെ ഏറ്റവും വലിയ നാസി വിനോദം സ്ത്രീകളുടെ നഗ്നമായ പരേഡായിരുന്നു. പരേഡിനു ശേഷമുള്ള കൂട്ട ബലാത്സംഗങ്ങള്‍! മാര്‍ഗരറ്റ് ഇല്‍സെകോഹ് (ങമൃഴമൃല േകഹലെ സീവ) എന്ന ജര്‍മന്‍ വനിതാ ജയില്‍ വാര്‍ഡനെ യുദ്ധക്കോടതി വിചാരണ ചെയ്തപ്പോള്‍ കിട്ടിയത് അതിലും നടുക്കുന്ന വിവരങ്ങളായിരുന്നു. തടവുകാരികളായ യുവതികളുടെ ശരീരത്തില്‍ തനിക്കിഷ്ടപ്പെട്ട ടാറ്റൂ (പച്ചകുത്തിയ രൂപം) കണ്ടാല്‍ അവരുടെ തൊലിയുരിഞ്ഞെടുത്ത് അത് ഉണക്കി മനുഷ്യത്തോല്‍ നിര്‍മിതമായ ടേബിള്‍മാറ്റും വാനിറ്റി ബാഗുമൊക്കെ ഇല്‍സെ കോഹ് നിര്‍മിച്ചിരുന്നുവെന്നാണ് സ്വയം വെളിപ്പെടുത്തിയത്. ലോകത്തിന് കേട്ടുനില്‍ക്കാനാവുന്നതിലപ്പുറമായിരുന്നു ഈ വെളിപ്പെടുത്തലുകള്‍! ഇല്‍സെ കോഹിന്റെ മകന്‍ പോലും ഈ വെളിപ്പെടുത്തലിനുശേഷം ഹൃദയം നുറുങ്ങി ആത്മഹത്യ ചെയ്തു എന്ന് ചരിത്രം പറയുന്നു.
ഇല്‍സെ കോഹിന് ജീവിതാന്ത്യം വരെ തടവിന് വിധിച്ചുകൊണ്ട് അന്നത്തെ ജഡ്ജ് നൂറ്റിപ്പതിനൊന്നു പേജുള്ള വിധിന്യായത്തില്‍ പറഞ്ഞു: ‘ജനങ്ങളെ ഭിന്നിപ്പിക്കുകയും അതിലൊരു വിഭാഗത്തെ എന്തു വേണമെങ്കിലും ചെയ്യാം എന്ന് മറുവിഭാഗത്തോട് പറയാതെ പറയുകയും അതിന് അനുവാദം നല്‍കുകയും ചെയ്താല്‍ ലോകത്ത് ഇനിയും ജര്‍മനി ആവര്‍ത്തിക്കുകതന്നെ ചെയ്യും.’
അറുപത് ലക്ഷത്തോളം മനുഷ്യരെ അരുംകൊല ചെയ്ത ഒരു ഭരണകൂടത്തിന്റെ സൈനിക മേധാവികളുടെ വിചാരണവേളയില്‍ കണ്ട ഞെട്ടിപ്പിക്കുന്ന സമാനത, ഒരാള്‍പോലും തങ്ങള്‍ ചെയ്ത കശാപ്പുകളില്‍ ഒരു തരിമ്പുപോലും മനസ്താപം കാണിച്ചില്ല എന്നതാണ്. അവരില്‍ പലരും പറഞ്ഞത് ‘ഞങ്ങള്‍ ചെയ്തത് ജര്‍മനി എന്ന ഞങ്ങളുടെ ജന്മഭൂമിയോടുള്ള ധര്‍മമാണ്’ എന്നാണ്! ജര്‍മന്‍ ജനതയിലേക്ക് ഹിറ്റ്‌ലറിന്റെ നാസി ദേശീയത കുത്തിയിറക്കിയ ജൂതവിരോധത്തിന്റെ വംശീയവൈരം മനുഷ്യ ചര്‍മത്തെ ഉരിഞ്ഞെടുത്ത് ടേബിള്‍മാറ്റ് വിരിക്കുന്നിടത്തെത്തിയപ്പോഴും അവര്‍ അതില്‍ നിന്ന് ദേശീയതയുടെ ന്യായങ്ങളെ ചികഞ്ഞെടുത്ത് പുറത്തുവച്ചു എന്നതാണ് അത്ഭുതകരം!

നാസി വംശീയ വെറിയില്‍ അപരവത്കരിക്കപ്പെട്ട ജൂതന്‍ അതിക്രമിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്യണം, അവനെ പെറ്റിടുന്ന സ്ത്രീകള്‍ കൂട്ട ബലാത്സംഗങ്ങള്‍ക്ക് വിധേയമാവേണ്ടവരാണ്! രണ്ടോ മൂന്നോ പതിറ്റാണ്ടുകള്‍കൊണ്ട് ഹിറ്റ്‌ലറും ഗീബല്‍സും അ ഡോള്‍ഫ് ഐക്മാനും മറ്റു നാസികളും ജര്‍മനിയുടെ വംശശുചീകരണമെന്ന പേരില്‍ അവരുടെ ജനതയെ പഠിപ്പിച്ചെടുത്തത് ഈ തത്വമായിരുന്നു. വര്‍ത്തമാന ഇന്ത്യയില്‍ നാസിസത്തോട് ഏറെ സമാനതകളുള്ള ഈ പാഠങ്ങള്‍ നമ്മുടെ ജനതയിലൊരുവിഭാഗവും ദേശീയതയുടെ ഭാഗമാണെന്ന് കരുതിത്തുടങ്ങി എന്നത് നടുക്കുന്ന സത്യമാണ്. ഇതിന്റെ ലളിത പാഠമാണ് മുസ്‌ലിം പേരുള്ളവര്‍ക്കുപോലും തങ്ങളുടെ വീടുകള്‍ വാടകക്ക് നല്‍ കരുത് എന്നത്. നമ്മുടെ നാട്ടുപ്രദേശങ്ങളില്‍പോലും ഈ ആശയം പടരുമ്പോഴും രാജ്യ ത്തെ ജനാധിപത്യ വിശ്വാസികള്‍ക്ക് നന്നായി ഉറങ്ങാന്‍ കഴിയുന്നു എന്നത് ഒരു രാജ്യം ഭയാനകതയിലേക്ക് നടന്നുപോയിക്കൊണ്ടിരിക്കുന്നു എന്നതിന്റെ ലക്ഷണമാണ്.
നാസി ജര്‍മനിയില്‍ ഏറ്റവും കൂടുതല്‍ നടന്ന കടന്നാക്രമണങ്ങള്‍ സ്ത്രീകളുടെ ശരീരത്തിനു നേര്‍ക്കാണ്. നാസി ജര്‍മനിക്ക് ശേഷം ചില ആഫ്രിക്കന്‍ രാജ്യങ്ങളിലും കംബോഡിയയിലുമൊക്കെ പിന്നീടതാവര്‍ത്തിക്കുന്നത് നാം കണ്ടു! ഇപ്പോള്‍ മണിപ്പൂരിലെ കുക്കി ഗ്രാമങ്ങളില്‍ നാം വീണ്ടുമത് കാണുകയാണ്. ഗുജറാത്തിലെ നരോദപാട്യക്കും അഹമ്മദാബാദിനുമൊക്കെ ശേഷം വീണ്ടും! കൂട്ടബലാത്സംഗങ്ങള്‍ വംശവെറിയുടെ ഉല്‍പന്നമായി പുറത്തുവരുന്നത് എന്തുകൊണ്ടാണ്?
കലാപ ഭൂമികളിലെയും യുദ്ധഭൂമികളിലെയും കൂട്ട ബലാത്സംഗങ്ങള്‍ക്ക് തികഞ്ഞ രാഷ്ട്രീയമുണ്ട്. ഏതൊരു സമൂഹത്തിലും പുരുഷന്മാര്‍ അവരുടെ കുടുംബങ്ങളുടെ രക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കുന്നു. വീടുകളിലെ സ്ത്രീകള്‍ അക്രമിക്കപ്പെടുന്നു എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിന്റെ അടിവേരിനുമേല്‍ പതിക്കുന്ന കടുംവെട്ടാണ്. ഒരു സമൂഹത്തിന്റെ ആത്മാഭിമാനമാണ് ഇതുവഴി പിച്ചിച്ചീന്തപ്പെടുന്നത് എന്നത് അറിയുക. ആത്മാഭിമാനം നഷ്ടപ്പെടുന്ന ജനതയുടെ അന്യവത്ക്കരണം സമ്പൂര്‍ണമാണ്. ഉയര്‍ത്തെഴുന്നേല്‍ ക്കാനാവാത്ത വിധം ഒരു സമൂഹത്തെ തകര്‍ക്കാനാണ് വെറുപ്പിന്റെ വംശീയ രാഷ്ട്രീയം ലക്ഷ്യമിടുന്നതെങ്കില്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ ജര്‍മനിയെ അനുകരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു എന്ന് മനസ്സിലാക്കുക.
ജര്‍മനിയിലെ
ജൂതസ്ത്രീകളും ബോസ്‌നിയയിലെ മുസ്‌ലിം സ്ത്രീകളും

ബലാത്സംഗമെന്നത് ലൈംഗികതയല്ല. അത് അതിക്രൂരമായ കുറ്റകൃത്യമാണ്. തങ്ങള്‍ക്ക് യാതൊരു അവകാശവും നിലനില്ക്കാത്ത ഒരു ശരീരത്തിനു മേലുള്ള കടന്നാക്രമണമാണ് അത്. അപരവത്ക്കരിക്കപ്പെട്ട ഒരു വിഭാഗത്തിലെ സ്‌ത്രൈണതയോടുള്ള തികഞ്ഞ വിദ്വേഷം ആ സ്‌ത്രൈണതയെ കൂട്ടമായി ആക്രമിക്കപ്പെടുന്നതിലേക്ക് നയിക്കുന്നു. മനുഷ്യജന്മം ഉത്ഭവിക്കുന്ന നിര്‍മലവും പവിത്രവുമായ ഒരു പ്രക്രിയയെ തികഞ്ഞ അരാജകത്വംകൊണ്ട് കശിക്കിയെറിഞ്ഞ് പ്രത്യുല്‍പാദനം എന്ന ആശയത്തെത്തന്നെ ഒരു സമസ്യയാക്കി മാറ്റുന്നിടത്താണ് ബലാത്സംഗത്തിന്റെ രാഷ്ട്രീയം പതുങ്ങിയിരിക്കുന്നത്. ആവശ്യമുള്ള വേളകളിലെല്ലാം ഇരകളുടെ മേല്‍ ഈ രാഷ്ട്രീയം നെറുകമേല്‍ ചാടിവീഴുന്നു!
ബോസ്‌നിയന്‍ വംശഹത്യയ്ക്കിടെ തൊണ്ണൂറുകളില്‍ കണ്ടത് സെര്‍ബിയന്‍ പട്ടാളക്കാരാല്‍ ബലാത്സംഗം ചെയ്യപ്പെട്ട ബോസ്‌നിയന്‍ യുവതികള്‍ ഒഴിഞ്ഞ സ്‌കൂളുകളിലും പട്ടാള ക്യാമ്പുകളിലും തടവില്‍ വയ്ക്കപ്പെടുകയും അവര്‍ ഗര്‍ഭിണികളായെന്ന് ഉറപ്പുവരുത്തിയ ശേഷം സമൂഹത്തിലേക്ക് നടത്തിവിടുകയും ചെയ്തു എന്ന് കണ്ടെത്തിയത് 1994ല്‍ രൂപീകരിക്കപ്പെട്ട ഐക്യരാഷ്ട്ര സംഘടനയുടെ സമിതിയാണ്. ബോസ്‌നിയന്‍ മുസ്‌ലിം സ്ത്രീകള്‍ സെര്‍ബിയന്‍ കുഞ്ഞുങ്ങളെ പ്രസവിക്കട്ടെ എന്ന ആക്രോശത്തിനു പിന്നിലെ രാഷ്ട്രീയം വംശവെറിയുടെ ഉല്‍പന്നം തന്നെയായിരുന്നു. ജര്‍മനിയില്‍ അത് ജൂതസ്ത്രീകളായിരുന്നുവെങ്കില്‍ ബോസ്‌നിയയില്‍ അത് മുസ്‌ലിംകളായിരുന്നു എന്നുമാത്രം.
ഒരു പതിറ്റാണ്ടിനിപ്പുറം 2002-ല്‍ ഗുജറാത്തിലും നാം ഇതേ രാഷ്ട്രീയ സമീക്ഷ കാണുകയുണ്ടായി. വംശീയ രാഷ്ട്രീയത്തിന്റെ പ്രതികാരത്തിന് ബലാത്സംഗം എന്ന കടന്നാക്രമണത്തിന്റെ ആയുധം ഗുജറാത്തില്‍ വ്യാപകമായി പ്രയോഗിക്കപ്പെടുകയുണ്ടായി. വെറുപ്പിന്റെ ആധിക്യം ലൈംഗികതയെ ഒരായുധമാക്കി ഉപയോഗിക്കാന്‍ വംശീയ രാഷ്ട്രീയത്തിന് മടിയില്ലെന്ന് നമ്മുടെ നാട് നമ്മോട് പല തവണ വിളിച്ചുപറഞ്ഞിട്ടുണ്ട്. രാജഭരണകാലത്തെ തേരോട്ടങ്ങളില്‍ കണ്ടിരുന്ന ശത്രുനാടുകളിലെ കൂട്ടബലാത്സംഗങ്ങള്‍ പുതിയ കാലത്തെ പരിഷ്‌കൃതരെന്നറിയപ്പെടുന്ന മനുഷ്യരിലും യാതൊരു മാറ്റവുമില്ലാതെ പ്രയോഗവത്കരിക്കാന്‍ കഴിയുമെന്ന് വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയം നമുക്ക് കാണിച്ചുതരുന്നു. ആയുധബലമോ തിരിച്ചടിക്കാനുള്ള ശേഷിയോ ഇല്ലാത്ത ഈ വിഭാഗത്തെ മറുവിഭാഗം അക്രമിക്കുമ്പോള്‍ രാജാവ് ധര്‍മം പാലിക്കണമെന്ന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയോട് ഉപദേശിച്ച അല്‍പം മൃദുലനായ അടല്‍ ബിഹാരി വാജ്‌പേയില്‍ നിന്നും ബി ജെ പി അതിദൂരം മുന്നോട്ട് പോയിക്കഴിഞ്ഞു എന്നാണ് നാം മനസ്സിലാക്കേണ്ടത്.
മണിപ്പൂരിലെ കുക്കി ജനതയുടെ മാനാഭിമാനത്തെ പിച്ചിച്ചീന്തിയവരുടെ മുഖംനോക്കാതെ നടപടിയെടുക്കണമെന്ന് നമ്മുടെ രാജ്യത്തെ പ്രതിപക്ഷ നേതാക്കളിലൊട്ടുമിക്കവരും പറഞ്ഞുകഴിഞ്ഞു. എന്നാല്‍ അയല്‍പ്പക്കങ്ങളില്‍ സഹോദരിമാരെപ്പോലെ ജീവിച്ചുപോന്ന സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ വലിച്ചിഴച്ച് മൈതാനത്തിട്ട് മൃഗങ്ങളെപ്പോലെ കടന്നാക്രമിച്ചവരുണ്ടല്ലോ അവരെ ആ മൃഗീയ മനസ്സുകളാക്കി മാറ്റിയ വംശീയ രാഷ്ട്രീയത്തെ കണ്ടു തിരിച്ചറിയാനും ചൂണ്ടിക്കാട്ടി നിഷ്‌കാസിതമാക്കാനും ജനാധിപത്യത്തിന്റെ ഭരണഘടനക്ക് സാധിക്കേണ്ടതുണ്ട്.

ഹിറ്റ്‌ലര്‍ തന്റെ ഹൃദയത്തിലെ ജൂതവൈരത്തെ കോടിക്കണക്കിന് ജര്‍മന്‍കാരുടെ ഹൃദയങ്ങളിലേക്ക് ദേശാഭിമാനത്തിന്റെ നിറം ചാര്‍ത്തിയാണ് പകര്‍ന്നുകൊടുത്തത്. രാഷ്ട്രബോധമുള്ളവന് ദേശീയത മധുരം നിറയുന്ന ഹൃദ്യതയാണ്. ദേശീയതയുടെ മാധുര്യത്തില്‍ പൊതിഞ്ഞു വംശീയത കുത്തിവെക്കുമ്പോള്‍ മനുഷ്യര്‍ വ്യക്തികളല്ലാതാവുകയും വംശം മാത്രമായി ചുരുങ്ങുകയും ചെയ്യുന്നു. അങ്ങനെ വരുമ്പോള്‍ തുറന്ന ഭൂമിയിലെ ബലാത്സംഗങ്ങള്‍ അവര്‍ക്ക് കേവലം അപരനോടുള്ള രാഷ്ട്രീയ സന്ദേശമായി മാറുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ തുറന്ന ബലാത്സംഗങ്ങള്‍ക്ക് തുറന്ന രാഷ്ട്രീയവുമുണ്ട്.
പ്രവാചകന്റെ(സ) മക്കാ വിജയവേളയിലെ തന്റെ ഇസ് ലാം ആശ്ലേഷണത്തെക്കുറിച്ച് ഒരിക്കല്‍ അബൂസുഫ്‌യാന്റെ ഭാര്യയായ ഹിന്ദ് പ്രവചകനോട് വിവരിക്കുന്നത് ചരിത്രരേഖകളിലുണ്ട്: മക്കയിലേക്ക് പതിനായിരത്തോളം വരുന്ന പ്രവാചകന്റെ സംഘം ഇരച്ചുകയറിയെത്തിയത് സ്വഫാ കുന്നുകള്‍ക്ക് മുകളില്‍ നിന്നുകൊണ്ട് ഞാന്‍ കാണുന്നുണ്ടായിരുന്നു. ഒരു രാജ്യം മറ്റൊരു രാജ്യത്തെ കീഴടക്കിയാല്‍ അവിടുത്തെ യുവതികള്‍ ബലാത്സംഗം ചെയ്യപ്പെടുന്നതാണ് അധിനിവേശത്തിന്റെ ആദ്യത്തെ രാത്രിയിലെ ചടങ്ങ്. മുഹമ്മദിന്റെ സൈനികര്‍ വീടുകളില്‍ പതുങ്ങിയിരിക്കുന്ന ഞങ്ങളെ തേടിയെത്തുന്നതും കാത്ത് പേടിച്ചരണ്ട് ഞങ്ങള്‍ മക്കയിലെ സ്ത്രീകള്‍ വീടുകളില്‍ പതുങ്ങിയിരുന്നു.
ഇതില്‍ ആദ്യത്തെ ഇര പ്രവാചക പിതൃവ്യനെ കീറിമുറിച്ച ഞാനായിരിക്കുമെന്ന് എനിക്കുറപ്പായിരുന്നു. അര്‍ധരാത്രി കഴിഞ്ഞിട്ടും തെരുവുകളില്‍ ആര്‍ത്തനാദമുയരുന്നില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ പതുക്കെ പുറത്തിറങ്ങി. മക്കയിലെ നടപ്പാതകള്‍ ശൂന്യമായിരുന്നു. ഹറമിന്റെ നേര്‍ക്ക് ഞാന്‍ കുന്നിന്‍മുകളിലൂടെ നടന്നുചെന്നു. ഒച്ചവെക്കാതെ പാര്‍ത്തുചെന്നുനോക്കി. ഞാന്‍ സ്തംഭിച്ചുപോയി. മുഹമ്മദ് നബി(സ)യുടെ അനുയായികള്‍ ആ രാത്രിയുടെ രണ്ടാം യാമത്തിലും ഹറമില്‍ സുജൂദില്‍ കിടന്ന് പ്രാര്‍ഥിക്കുന്നതാണ് ഞാന്‍ കണ്ടത്. ഈ മതത്തില്‍ ഞാനെങ്ങനെ വിശ്വസിക്കാതിരിക്കും പ്രവാചകരേ?
രാഷ്ട്രങ്ങളും യുദ്ധങ്ങളുമൊക്കെ നൈതികതയുടെ സംസ്ഥാനപനത്തിന്നായിരിക്കണമെന്നും രാഷ്ട്രീയം എന്നത് നൈതികതയുടെ പാവനത സംരക്ഷിക്കപ്പെടേണ്ട ഇടമാണെന്നും ഇസ്‌ലാം പഠിപ്പിച്ചതുകൊണ്ടാണ് മുസ്‌ലിം പടയോട്ടങ്ങളിലും മുസ്‌ലിം രാജനീതികളിലും കൂട്ട ബലാത്സംഗങ്ങള്‍ കടന്നുവരാതിരുന്നത്.
മഹാഭാരതത്തിലെ ശിബിയെന്ന ചക്രവര്‍ത്തി തന്റെ മുന്നില്‍ അഭയം തേടിയ പ്രാവിനെ സംരക്ഷിക്കാന്‍ കൂര്‍ത്ത കൊക്കുമായി നില്‍ക്കുന്ന പരുന്തിനോട് തര്‍ക്കിക്കുന്ന രംഗമുണ്ട്. ‘ഞാനൊരു രാജാവാണ്. ഈ പ്രാവ് നിന്റെ ഭക്ഷണമായിരിക്കാം. എന്നാല്‍ എനിക്ക് ഈ പ്രാവ് എന്റെ പ്രജയാണ്. പ്രജയെ സംരക്ഷിക്കേണ്ടത് രാജധര്‍മമാണ്. ക്ഷുഭിതനായ പരുന്ത് ശിബി ചക്രവര്‍ത്തിയോട് പറ ഞ്ഞു: ഞാനും അങ്ങയുടെ പ്രജയാണ്. പ്രജയുടെ അന്നം മുടക്കാതിരിക്കുക എന്നതും രാജധര്‍മമാണ്. പ്രാവും പരുന്തും പകച്ചുനില്‍ക്കെ സ്വന്തം തുടയില്‍ നിന്ന് പ്രാവിന്റെ തൂക്കത്തിനുള്ള മാംസം മുറിച്ചെടുത്ത് പരുന്തിന് നല്കിക്കൊണ്ട് ശിബി ചക്രവര്‍ത്തി പറഞ്ഞത്രേ: അതെ രാജധര്‍മം എന്നത് നീതിയാണ്.
മണിപ്പൂരിലെ തലതിരിഞ്ഞ വംശീയ രാഷ്ട്രീയത്തിന്റെ കിങ്കരന്മാര്‍ കൊല്ലും കൊലയും ബലാത്സംഗങ്ങളും തീവെപ്പും നടത്തി ആക്രോശിച്ചാര്‍ത്ത് നടക്കുമ്പോഴും എഴുപത്തി ഒന്‍പത് ദിവസത്തെ മൗനത്തിനു മേല്‍ അടയിരുന്ന് മുപ്പത്തിയാറു സെക്കന്റ് നീളുന്ന സങ്കടമുട്ട വിരിയിച്ചെടുത്ത നമ്മുടെ ഭരണാധികാരിക്ക് മുഹമ്മദ് നബി(സ)യുടെയും ശിബി ചക്രവര്‍ത്തിയുടെയുമൊക്കെ പാഠങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ ആര്‍ക്കാണ് കഴിയുക?

Back to Top