26 Tuesday
September 2023
2023 September 26
1445 Rabie Al-Awwal 11

നമ്മുടെ ഉത്തരവാദിത്തം

എം ടി അബ്ദുല്‍ഗഫൂര്‍


അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറയുന്നു: നബി(സ) പറഞ്ഞു: അല്ലാഹുവല്ലാതെ ആരാധ്യനില്ലന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും ജനങ്ങള്‍ സാക്ഷ്യം വഹിക്കുകയും നമസ്‌കാരം നിലനിര്‍ത്തുകയും സകാത്ത് കൊടുത്തുവീട്ടുകയും ചെയ്യുന്നതുവരെ അവരോട് യുദ്ധംചെയ്യാന്‍ ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. അവര്‍ അപ്രകാരം ചെയ്താല്‍ അവരുടെ ധനവും രക്തവും എന്നില്‍ സുരക്ഷിതമായിരിക്കും. ഇസ്‌ലാമികമായി അര്‍ഹതപ്പെട്ടെങ്കിലല്ലാതെ (അത് അനുവദനീയമാവുകയില്ല). അവരുടെ വിചാരണ അല്ലാഹുവിങ്കലാകുന്നു (ബുഖാരി, മുസ്‌ലിം)

ഇസ്‌ലാമിന്റെ അടിസ്ഥാന ആദര്‍ശവും അനുഷ്ഠാനകര്‍മങ്ങളും പ്രയോഗവല്‍ക്കരിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയാണ് ഈ നബിവചനം. ഈ പ്രപഞ്ചത്തിന്റെ അതിലെ ദൃശ്യവും അദൃശ്യവുമായ വസ്തുക്കളുടെയും സ്രഷ്ടാവ് അല്ലാഹുവാണ്. അവനു പുറമെയുള്ളതെല്ലാം അവന്റെ സൃഷ്ടികളാണ്. സൃഷ്ടിപ്പിലും നിയന്ത്രണത്തിലും അധികാരത്തിലും അവന് പങ്കുകാരുമില്ല. സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവാണ് ആരാധിക്കപ്പെടാന്‍ അര്‍ഹതയുള്ളവന്‍. അതിനാല്‍ അവനെ മാത്രം ആരാധിക്കുകയും അവനോട് മാത്രം പ്രാര്‍ഥിക്കുകയുമാണ് അല്ലാഹുവോട് നിര്‍വഹിക്കേണ്ട പരമപ്രധാനമായ ബാധ്യത. വിശ്വാസത്തിലും ആരാധനയിലും അവനില്‍ പങ്കുചേര്‍ക്കുന്നത് കടുത്ത അപരാധമാകുന്നു. പ്രവാചകന്മാരുടെ പ്രബോധനത്തിന്റെ പ്രഥമ വിഷയം ഇതായിരുന്നു. സാക്ഷ്യവചനത്തിന്റെ ഒന്നാം ഭാഗവും ഇതുതന്നെ.
ഈ പ്രാപഞ്ചിക സത്യം വസ്തുതാപരമായി ജനങ്ങളെ ബോധ്യപ്പെടുത്താനും അവരെ അതിലേക്ക് ക്ഷണിക്കാനും വേണ്ടി ഓരോ കാലത്തും മനുഷ്യരില്‍ നിന്ന് അല്ലാഹു തെരഞ്ഞെടുത്തവരാണ് പ്രവാചകന്മാര്‍. ആ ശൃംഖലയിലെ അവസാനത്തെ കണ്ണിയാണ് മുഹമ്മദ് നബി(സ). അല്ലാഹുവില്‍ നിന്ന് ലഭിച്ച ദിവ്യബോധനങ്ങളാണ് അദ്ദേഹത്തിന്റെ സംസാരങ്ങള്‍. അതനുസരിച്ചാണ് മുഹമ്മദ് നബി(സ) നിര്‍ദേശങ്ങള്‍ നല്‍കിയത്. അവ സത്യപ്പെടുത്തുകയും ഉള്‍ക്കൊള്ളുകയും ചെയ്യുകയെന്നത് സാക്ഷ്യവചനത്തിന്റെ രണ്ടാം ഭാഗമത്രെ.
തൗഹീദും രിസാലത്തും സ്വീകരിച്ച ഒരു വ്യക്തി പരലോക മോക്ഷത്തിന് കര്‍മ മണ്ഡലങ്ങള്‍ ചിട്ടപ്പെടുത്തേണ്ടത് അനിവാര്യമാകുന്നു. സ്രഷ്ടാവിനോടുള്ള അഭിമുഖ സംഭാഷണമായ നമസ്‌കാരം അതില്‍ പ്രധാനപ്പെട്ടതാകുന്നു. അതീവ ശ്രദ്ധയോടെയും കൃത്യതയോടെയും നിര്‍വഹിക്കുന്ന നമസ്‌കാരം വിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട ആരാധനയാകുന്നു. അതിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയാണ് ഈ നബിവചനം.
അല്ലാഹുവിന്റെ അനുഗ്രഹമായ സമ്പത്ത് അവന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ചെലവഴിക്കുകയെന്നത് അവനോടുള്ള നന്ദിപ്രകടനത്തിന്റെ ഭാഗമാകുന്നു. തന്റെ കയ്യിലുള്ള സമ്പത്തിന്റെ താല്‍ക്കാലിക ഉടമസ്ഥത മാത്രമേ തനിക്കുള്ളൂ എന്ന് ഉള്‍ക്കൊള്ളുന്ന വ്യക്തി തന്റെ സമ്പത്തില്‍ മറ്റുള്ളവര്‍ക്കു കൂടി അവകാശമുണ്ടെന്ന് വിശ്വസിക്കാന്‍ മടി കാണിക്കുകയില്ല. അവരുടെ അവകാശം കൊടുത്തുവീട്ടാന്‍ അവന്‍ ശ്രദ്ധിക്കുകയും ചെയ്യും.
ആദര്‍ശവും അനുഷ്ഠാനവും അംഗീകരിക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്യുന്നവരുടെ പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തേണ്ടത് സമൂഹ നേതൃത്വത്തിന്റെ ചുമതലയാണെന്ന് ഈ തിരുവചനം പഠിപ്പിക്കുന്നു. നിര്‍ബന്ധപൂര്‍വം ഒരാളില്‍ വരുത്തേണ്ട മാറ്റമല്ല ഇതെന്നും ശരിയായ വിചാരണ അല്ലാഹുവിങ്കലാണെന്നും രക്ഷാ ശിക്ഷകളൊക്കെ അവന്റെ ബാധ്യതയാണെന്നും ഈ വചനം ഓര്‍മിപ്പിക്കുന്നു. ബോധ്യപ്പെടുത്തുക എന്ന ഉത്തരവാദിത്തം മാത്രമാണ് നമുക്കുള്ളതെന്നാണ് ഈ തിരുവചനത്തിന്റെ സന്ദേശം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x