1 Tuesday
July 2025
2025 July 1
1447 Mouharrem 5

ഒറ്റക്ക് മത്സരിക്കുന്നത് ഗുണകരമോ?

ഇല്‍യാസ് മലപ്പുറം

രാജ്യം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. വര്‍ഗീയ ശക്തികളെ അധികാരത്തില്‍ നിന്ന് പുറംതള്ളണമെന്ന അതിയായ ആഗ്രഹം ഓരോ ജനാധിപത്യ വിശ്വാസിയുടെയും ഉള്ളിലുണ്ടാവും. എന്നാല്‍ അതെത്രത്തോളം പ്രായോഗികമാണ് എന്ന ചിന്തയാണ് ഓരോ ജനാധിപത്യ വിശ്വാസിയുടെയും മനസ്സിനെ മഥിക്കുന്നത്. എന്‍ഡിഎയുടെ 400 സീറ്റ് എന്ന സ്വപ്‌നത്തെ നേരിടാന്‍ ഇന്‍ഡ്യാ സഖ്യത്തിന്റെ കൈയിലെന്തുണ്ട് എന്നതിന്റെ ഉത്തരമായിരുന്നു മഹാരാഷ്ട്ര.
2019ല്‍ ബിജെപി-ശിവസേന സഖ്യം 48ല്‍ 41 സീറ്റാണ് നേടിയത്. എന്നാല്‍, അന്നത്തെ സഖ്യം അതേപടി ഇന്ന് നിലവിലില്ല. ശിവസേന പിളര്‍ന്ന് ഉദ്ധവ് താക്കറേയുടെ വിഭാഗം മഹാ വികാസ് അഘാഡിക്കൊപ്പമായി. എന്‍സിപിയും പിളര്‍ന്നു, പവാര്‍ പക്ഷമാണ് മഹാ വികാസ് അഘാഡി സഖ്യത്തിലുള്ളത്. പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജന്‍ അഘാഡിയും (വിബിഎ) ഈ സഖ്യത്തിലുണ്ടാകുമെന്ന ധാരണയുണ്ടായിരുന്നു. തുടക്കത്തില്‍ കാര്യമായ ഭിന്നതയുണ്ടാകാത്ത സ്ഥിതിക്ക് സംസ്ഥാനത്ത് ഇന്‍ഡ്യാ മുന്നണിക്ക് മുന്‍തൂക്കം നേടാവുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാല്‍, ഈ രാഷ്ട്രീയ സമവാക്യമാകെ ഒരൊറ്റ ദിവസം കൊണ്ട് തകിടം മറിഞ്ഞു. പ്രകാശ് അംബേദ്കര്‍ ഇന്‍ഡ്യാ സഖ്യത്തില്‍ നിന്നു മാറി ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചു. എട്ടു സ്ഥാനാര്‍ഥികളുടെ പട്ടികയും പുറത്തിറക്കി. വിബിഎയുടെ നിലപാട് ഇന്‍ഡ്യാ സഖ്യത്തിന് തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷണം. ജനാധിപത്യം ഏറ്റവും വലിയ ഭീഷണി നേരിടുന്ന ഇക്കാലത്തും രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തിതാല്‍പര്യങ്ങള്‍ക്കായി യാതൊരു തത്വദീക്ഷയുമില്ലാതെ പോരടിക്കുന്നത് ഗുണകരമാവില്ലെന്ന് ഇനി എന്നാണ് നാം പഠിക്കുക?

Back to Top