ഒറ്റ തെരഞ്ഞെടുപ്പ് എന്ന കുതന്ത്രം
മുസ്ഫര്‍ അഹ്മദ്
‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം വലിയ ലക്ഷ്യങ്ങള്‍ ഉള്ളിലൊളിപ്പിച്ചാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. ഇന്ത്യയുടെ ദേശീയ സങ്കല്‍പത്തിനു തന്നെ വലിയ പരിക്കേല്‍പിക്കാന്‍ പോന്നതാണ് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന വാദം. ലോകത്തെ എല്ലാ ജനാധിപത്യ രാജ്യങ്ങളും വലിയ തുക ചെലവഴിച്ചാണ് തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ നടത്തുന്നത്. ജനാധിപത്യം എന്ന ആശയത്തിന്മേല്‍ പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്ന രാജ്യങ്ങളുടെ അടിത്തറ ശക്തിപ്പെടുത്താന്‍ കൂടിയാണ് ഈ ചെലവുകള്‍. ആ ചെലവുകള്‍ ഒരു ജനാധിപത്യ രാഷ്ട്രത്തിന് ഏറ്റവും അനിവാര്യവുമാണ്. ചെലവു ചുരുക്കല്‍ എന്ന വാദം ഉയര്‍ത്തിയാണ് ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയത്തിനു പിറകെ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ കൂടിയിരിക്കുന്നത്.
ചെലവ് ചുരുക്കല്‍ എന്ന പേരിലാണ് ഈ ആശയത്തെ സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തണമെങ്കില്‍ ഇരട്ടിയോളം വോട്ടിങ് മെഷീനുകള്‍ അധികമായി വാങ്ങേണ്ടിവരും. ഒറ്റയടിക്ക് 60 ശതമാനം വരെ ചെലവ് കൂട്ടുന്ന ഒരു പ്രക്രിയയാണിത്. തിരഞ്ഞെടുപ്പുകളില്‍ ചെലവഴിക്കപ്പെടുന്ന പണം അടിസ്ഥാനപരമായി രാജ്യത്തിന്റെ ഭരണഘടനാപരമായ നിലനില്‍പിനു വേണ്ടിയാണ്. അധികച്ചെലവ്, ഒന്നിപ്പിക്കുക എന്നീ വാദങ്ങള്‍ ഉയര്‍ത്തി ആര്‍എസ്എസ് അജണ്ട നടപ്പാക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. രാജ്യത്തിന്റെ സാംസ്‌കാരിക നാനാത്വത്തെ അതിന്റെ വൈവിധ്യപൂര്‍ണമായ വേരുകളില്‍ നിന്ന് അടര്‍ത്തിമാറ്റി ഹിന്ദുത്വ എന്ന ഒറ്റ വേരിലേക്ക് പരിവര്‍ത്തിപ്പിക്കുക എന്നതാണ് ആര്‍എസ്എസിന്റെ പ്രഖ്യാപിത ലക്ഷ്യം.
അതിന്റെ ഏറ്റവും വലിയ തടസ്സമായി അവര്‍ കാണുന്നത് ഫെഡറല്‍ സംവിധാനമാണ്. പ്രാദേശികമായ സാംസ്‌കാരിക വൈവിധ്യങ്ങളെയാണ് ഫെഡറലിസം ഉയര്‍ത്തിപ്പിടിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കൂടി ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ക്കൊപ്പം നടത്തുന്ന സാഹചര്യമുണ്ടായാല്‍ തിരഞ്ഞെടുപ്പ് പ്രക്രിയയെ മുഴുവനും സ്വന്തം കൈപ്പിടിയില്‍ ഒതുക്കാം എന്ന വ്യാമോഹം ബിജെപിക്കുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകേണ്ടത് സംസ്ഥാനത്തിന്റെ വിഷയങ്ങളും വികസനവുമാണ്. ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം പ്രാവര്‍ത്തികമായാല്‍ ഇത്തരം ചര്‍ച്ചകള്‍ക്കോ പ്രാദേശികമായ രാഷ്ട്രീയത്തിനോ പിന്നീട് പ്രസക്തിയില്ലാതാകും. യഥാര്‍ഥത്തില്‍ ഇന്ത്യന്‍ ഫെഡറല്‍ സംവിധാനങ്ങളുടെ അടിക്കല്ലിളക്കി നമ്മുടെ വൈവിധ്യങ്ങളെ തകര്‍ത്തുകളയാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്.