21 Thursday
November 2024
2024 November 21
1446 Joumada I 19

ഒരു സമരത്തിന്റെ വേരുകള്‍ കണ്ടെടുക്കുന്നു

ഹാറൂന്‍ കക്കാട്‌

1921 മലബാര്‍ സമരം
ആറ് വാള്യങ്ങളില്‍
ജന. എഡിറ്റര്‍:
കെ കെ എന്‍ കുറുപ്പ്
77 ലേഖകര്‍
2552 പേജുകള്‍
യുവത ബുക്‌സ്‌


ഒരു നൂറ്റാണ്ട് പിന്നിട്ട 1921 ലെ മലബാര്‍ സമരത്തിന്റെ ചരിത്രങ്ങള്‍ പ്രതിപാദിക്കുന്ന എമ്പാടും ഗ്രന്ഥങ്ങള്‍ വിവിധ ഭാഷകളില്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. കൊളോണിയല്‍ ശക്തികളെ നിര്‍വീര്യമാക്കാന്‍ സഹായിച്ച മലബാര്‍ സമരം കേരളത്തിലെ വിപ്ലവകരമായ പല സാമൂഹിക മാറ്റത്തിന്റെയും രാസത്വരകം കൂടിയായിരുന്നു.
സമരം കേവലമൊരു കര്‍ഷക കലാപമോ വര്‍ഗീയ കലാപമോ ആയിരുന്നില്ല; പ്രത്യുത സമൂഹത്തിന്റെ നാനാ തുറകളിലുള്ളവരെല്ലാം പങ്കെടുത്ത ജനകീയ സമരമായിരുന്നു. ആറ് മാസങ്ങള്‍ മാത്രം നീണ്ടുനിന്ന ഒരു സമരം ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും സജീവ ചര്‍ച്ചാ വിഷയമാണ്. പരസ്പര വിരുദ്ധമായ പലതരം വായനകള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും വിധേയമായ ഒരു സമരം കൂടിയാണിത്.
ഒരു പ്രതിരോധ പോരാട്ടം എന്നതിനപ്പുറം സാമൂഹികമാറ്റങ്ങളുടെ ദര്‍പ്പണമെന്ന നിലയില്‍ പഠിക്കേണ്ടതാണ് ഈ വിഷയം. കേരളം കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ കൈവരിച്ച സാമൂഹിക പുരോഗതികളും പരിവര്‍ത്തനങ്ങളും മലബാര്‍ സമരത്തോടും അതു മുന്നോട്ടുവെച്ച ആശയാദര്‍ശങ്ങളോടും ഏറെ കടപ്പെട്ടിരിക്കുന്നുണ്ട്. സമര ചരിത്രങ്ങള്‍ക്ക് രാഷ്ട്രീയ പരിപ്രേക്ഷ്യത്തിലുള്ള അപഗ്രഥനത്തോടൊപ്പം സാമൂഹിക യാഥാര്‍ഥ്യങ്ങളില്‍ നിന്നുകൊണ്ടുള്ള ആഖ്യാനങ്ങളും ആവശ്യമാണ്. ഈയൊരു സാമൂഹിക പശ്ചാത്തലത്തിലാണ് യുവത ബുക്‌സ് 1921 മലബാര്‍ സമരം ആറ് വാല്യങ്ങളില്‍ എന്ന ഗ്രന്ഥപരമ്പര പുറത്തിറക്കിയത്.
മലബാര്‍ സമരത്തെ ബഹുമുഖ പരിപ്രേക്ഷ്യത്തിന്‍ പഠന വിധേയമാക്കി ഈ ഗ്രന്ഥപരമ്പര ചരിത്രത്തോട് നീതി പുലര്‍ത്തിയിരിക്കുകയാണ്. ഈ ഗവേഷണാത്മക പഠനം കേരള ചരിത്രത്തെ മാത്രമല്ല, ബഹുമുഖ മുന്നേറ്റങ്ങളിലുടെ യാഥാര്‍ഥ്യമായ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം കൂടിയാണ് അനാവരണം ചെയ്യുന്നത്.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാട്ടം നയിച്ച സ്വാതന്ത്ര്യസമര നായകരെ ചരിത്ര പുസ്തകങ്ങളില്‍ നിന്ന് മായ്ച്ചുകളയുകയും അധിനിവേശശക്തികള്‍ക്ക് പാദസേവ ചെയ്തവരെ ദേശീയ നേതാക്കളായി ചിത്രീകരിക്കുകയും ചെയ്ത നമ്മുടെ രാജ്യത്ത് ഇത്തരമൊരു ഗവേഷണ പഠനത്തിന് വളരെയേറെ പ്രസക്തിയുണ്ട്.
പ്രതിരോധങ്ങളുടെ ചരിത്രവും പ്രത്യയശാസ്ത്രവും, ദേശം അനന്തരം അതിജീവനം, പോരാട്ടം; നാടുകള്‍ നാള്‍വഴികള്‍, പോരാളികള്‍: മണ്ണും മനസ്സും, ആവിഷ്‌കാരങ്ങളുടെ ബഹുസ്വരത, ഓര്‍മ അനുഭവം ചരിത്രം എന്നീ തലക്കെട്ടുകളില്‍ ആറ് വാല്യങ്ങളിലായാണ് ഗ്രന്ഥപരമ്പര പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മലബാര്‍ സമരത്തിന്റെ പ്രതിഫലനങ്ങള്‍, സമരാനന്തര മലബാറിലെ രാഷ്ടീയ സാമൂഹിക സാമ്പത്തിക സാംസ്‌കാരിക മേഖലകളിലെ വികാസങ്ങള്‍, മലബാര്‍ സമരത്തിന്റെ രാഷ്ട്രീയ ഭൂപടം, 1921 ന് മുമ്പുള്ള മലബാറിലെ കോളനിവിരുദ്ധ ചെറുത്തുനില്‍പ്പുകളെയും 1921ലെ മലബാര്‍ സമരത്തെയും അടയാളപ്പെടുത്തിയ സാഹിത്യം, സിനിമ, നാടകം, ഫോട്ടോഗ്രഫി, ഇതര ആവിഷ്‌കാരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പര്യാലോചന, പ്രദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള മലബാര്‍ സമര സംഭവങ്ങള്‍, വിവിധ ആഖ്യാനങ്ങളുടെ പൊരുള്‍, സമരത്തെക്കുറിച്ച് ലഭ്യമായ ഉപാദാനങ്ങള്‍ തുടങ്ങിയ ഉള്ളടക്കങ്ങള്‍ ഈ ഉദ്യമത്തിന്റെ മാറ്റ് വര്‍ധിപ്പിക്കുന്നു.
മബാറിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ നിര്‍ണായകമായ വഴിത്തിരിവായിരുന്നു മലബാര്‍ സമരം. ബ്രിട്ടീഷ് വിരുദ്ധ പോരാട്ട ചരിത്രത്തില്‍ കേരളം കണ്ട ഏറ്റവും രൂക്ഷമായ സമരം എന്നതിലുപരി വൈദേശികാധിപത്യത്തിനെതിരെ നൂറ്റാണ്ടുകള്‍ നീണ്ട മലബാറിലെ പ്രതിരോധ പോരാട്ട പരമ്പരയിലെ പ്രോജ്വല അധ്യായം കൂടിയാണിത്. ജന്മി വിരുദ്ധ കലാപങ്ങളില്‍ നിന്നും ഖിലാഫത്ത് പ്രക്ഷോഭത്തില്‍ നിന്നും പ്രചോദനങ്ങളുള്‍ക്കൊണ്ട മലബാര്‍ സമരം ഒരു നൂറ്റാണ്ട് പിന്നിട്ട ഘട്ടത്തില്‍, അതിന്റെ രാഷ്ട്രീയവും സാംസ്‌കാരികവും ചരിത്രപരവുമായ ഭിന്നവായനകളെ സൂക്ഷ്മമായി ഈ ഗ്രന്ഥപരമ്പരയിലൂടെ അപഗ്രഥിച്ചിരിക്കുന്നു.
മലബാര്‍ സമരത്തിന്റെ വേരുകള്‍ നൂറ്റാണ്ടുകള്‍ പുറകോട്ട് നീളുന്നതാണെന്ന് ആധികാരികമായി ഇത് വിശകലനം ചെയ്യുന്നു. മലബാര്‍ പോരാട്ടത്തെ നയിച്ച പ്രചോദനങ്ങളും പ്രത്യയ ശാസ്ത്രങ്ങളും എന്തായിരുന്നുവെന്ന് വസ്തുനിഷ്ഠമായി പരിശോധിക്കുന്ന ഈ ഗ്രന്ഥം ഇന്നോളം നടന്നിട്ടുള്ള മലബാര്‍ സമര ചരിത്രാഖ്യാനങ്ങളെ സമഗ്രതയോടെ അവലോകനം ചെയ്യുന്നുണ്ട്.
ഒരു സമൂഹത്തിന്റെ സമരോന്മുഖത എന്ന് അവസാനിക്കുന്നുവോ അന്ന് മുതല്‍ ആ സമൂഹം നശിച്ചു തുടങ്ങുമെന്നതിന് കാലം സാക്ഷിയാണ്. സമരം ചെയ്യുന്നവരെ അറസ്റ്റ് ചെയ്‌തേക്കാം, സമര നേതാക്കളെ തോല്‍പിച്ചു കളഞ്ഞേക്കാം, സമരത്തെ തന്നെ തകര്‍ത്തേക്കാം, പക്ഷെ അതൊന്നും സമരം ചെയ്യുക എന്ന സര്‍ഗാത്മക ആവിഷ്‌കാരത്തെ ഇല്ലാതാക്കുന്നതിന് കാരണമാകരുത്. ചരിത്രം ഒരു സമരായുധമാണ്. ചരിത്രം ഇല്ലാതായാല്‍ സ്വാതന്ത്ര്യം അനുഭവിക്കാനാവില്ല എന്ന വലിയ സന്ദേശമാണ് ഈ ഗ്രന്ഥങ്ങള്‍ പ്രസരിപ്പിക്കുന്നത്.
1921 നെ ചരിത്രമാക്കിയവരുടെ കഥയാണിത്. പ്രഭുത്വത്തിനും രാജവാഴ്ചക്കുമെതിരെ മണ്ണിനും മനുഷ്യനും വേണ്ടി പോരിനിറങ്ങിയവരുടെ, രക്തസാക്ഷികളായവരുടെ, ജീവിതം ഹോമിച്ചവരുടെ വെട്ടിമാറ്റാനാവാത്ത ജീവചരിത്രങ്ങള്‍ പുനര്‍നിര്‍മിക്കുന്നതില്‍ യുവത ബുക്‌സ് ബഹുദൂരം സഞ്ചരിച്ചിരിക്കുന്നു എന്ന് ഉറക്കെ പറയുകയാണ് ഈ ഗ്രന്ഥങ്ങള്‍.
മലബാര്‍ സമരത്തെ സത്യസന്ധമായും വസ്തുനിഷ്ഠമായും അപഗ്രഥിച്ച ഈ ആദ്യ മലയാള ഗ്രന്ഥപരമ്പരയുടെ ജനറല്‍ എഡിറ്റര്‍ ഡോ. കെ കെ എന്‍ കുറുപ്പാണ്. ഡോ. കെ ഗോപാലന്‍കുട്ടി, ഡോ. പി പി അബ്ദുല്‍റസാഖ്, പ്രൊഫ. ഇ ഇസ്മാഈല്‍, ഡോ. ഉമര്‍ തറമേല്‍, ഡോ. ജി ഉഷാകുമാരി, ഡോ. സി എ ഫുക്കാര്‍ അലി, ഡോ. കെ ടി അന്‍വര്‍ സാദത്ത് എന്നിവരാണ് എഡിറ്റര്‍മാര്‍.
അടിമത്വത്തിനും അധിനിവേശത്തിനുമെതിരെ രക്തസാക്ഷിത്വം വരിച്ച ഒരു ജനതയുടെ വിപ്ലവമുന്നേറ്റമായിരുന്ന മലബാര്‍ സമരത്തിന്റെ സത്യസന്ധമായ നേര്‍ക്കാഴ്ചകളാണ് ഈ ഗ്രന്ഥപരമ്പരയില്‍ ഇതള്‍ വിരിയുന്നത്. ഏകശിലാത്മക സമരവായനകളില്‍ നിന്നു ചരിത്രത്തെ വിമോചിപ്പിച്ചിരിക്കുന്നു എന്നതാണ് ഇതു നിര്‍വഹിച്ച ഏറ്റവും വലിയ ദൗത്യം.

Back to Top