26 Thursday
December 2024
2024 December 26
1446 Joumada II 24

ഒരു രാഷ്ട്രം പത്ത് വര്‍ഷം അനുഭവിച്ചത്!

അര്‍ശദ് കാരക്കാട്‌

ഒരു രാഷ്ട്രത്തിന്റെ അസ്തിവാരം കീറിയ യുദ്ധത്തിന് പത്ത് വയസ്സാവുകയാണ്. 2011 മാര്‍ച്ച് 15ന് ജനാധിപത്യ നവീകരണം, രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക എന്നീ ആഹ്വാനങ്ങളുമായി ദര്‍ആ, ദമസ്‌കസ്, അലപ്പോ തെരുവുകളില്‍ വലിയ രീതിയില്‍ പ്രതിഷേധം പൊട്ടിപുറപ്പെടുന്നു. ദീര്‍ഘകാലമായി ഭരണത്തില്‍ തുടരുന്ന സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദിനെ വിമര്‍ശിച്ച് ഒരു കൂട്ടം ചെറുപ്പക്കാര്‍ ദര്‍ആ നഗരത്തില്‍ ചുമര്‍ചിത്രങ്ങള്‍ വരച്ചതിനെ തുടര്‍ന്ന് അറസ്റ്റും പീഡനവും ആരംഭിച്ചപ്പോഴാണ് സിറിയന്‍ വിപ്ലവത്തിന് നാന്ദി കുറിക്കുന്നത്. പിന്നീട് ഭരണകൂടം എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താനും അടിച്ചൊതുക്കാനും വ്യഗ്രത കാണിച്ചു. 2011 ജൂലൈയില്‍ സിറിയന്‍ സൈന്യത്തില്‍ നിന്ന് വേര്‍പ്പെട്ട് ഒരു വിഭാഗം ‘ഫ്രീ സിറിയന്‍ ആര്‍മി’ രൂപീകരിച്ചതായി പ്രഖ്യാപിക്കുന്നു. സിറിയന്‍ ഭരണകൂടത്തെ അധികാരത്തില്‍ നിന്ന് നീക്കണമെന്ന് ലക്ഷ്യംവെച്ച് പ്രവര്‍ത്തിച്ച വിമത വിഭാഗത്തിന്റെ പ്രവര്‍ത്തനം വിപ്ലവത്തെ ആഭ്യന്തര യുദ്ധമായി പരിവര്‍ത്തിപ്പിക്കുകയായിരുന്നു. 2012ലും പ്രക്ഷോഭം തുടര്‍ന്നു. 2013ല്‍ വ്യത്യസ്ത വിമത വിഭാഗങ്ങള്‍ രാജ്യത്തിന്റെ വ്യത്യസ്ത കോണില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
ഭരണകൂടത്തിന് അനുകൂലമായും പ്രതികൂലമായും ചെറിയ ചെറിയ വിഭാഗങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് രാജ്യത്തെ ശിഥിലമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. ഇപ്പോള്‍ രാജ്യത്ത് പല വിഭാഗങ്ങളും പരസ്പരം ഏറ്റുമുട്ടികൊണ്ടിരിക്കുകയാണ്. സിറിയന്‍ ഭരണകൂടം: 1970 മുതല്‍ 2000 വരെ ഹാഫിസ് അല്‍ അസദ് സിറിയന്‍ ഭരണചക്രം തിരിക്കുന്നു. പിതാവായ ഹാഫിസ് അല്‍ അസദില്‍ നിന്ന് 2000ല്‍ അനന്തരമായി ലഭിച്ച അധികാരം മകന്‍ ബശ്ശാര്‍ അല്‍ അസദ് ഏറ്റെടുക്കുന്നു. പ്രതിയോഗികളെ അടിച്ചമര്‍ത്തുക, ജനതക്കെതിരെ രാസായുധം പ്രയോഗിക്കുക, പതിനായിരങ്ങളെ പീഡിപ്പിക്കുകയും ജയിലിലടക്കുകയും ചെയ്യുക തുടങ്ങിയ കൗശലങ്ങളിലൂടെ ബശ്ശാര്‍ അല്‍ അസദ് ഭരണത്തൂടര്‍ച്ച നിലനിര്‍ത്തുന്നു.
2011ല്‍ സിറിയന്‍ സൈന്യത്തില്‍ നിന്ന് വേര്‍പ്പെട്ടവരും, തുര്‍ക്കിയുടെയും വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളുടെയും പിന്തുണയുള്ള സിവിലിയന്മാരും ചേര്‍ന്ന് രൂപീകരിച്ച സായുധ ബ്രിഗേഡ് കൂട്ടായ്മയാണ് എഫ് എസ് എ. 2016 ഡിസംബറില്‍ അലപ്പോയില്‍ യുദ്ധം ആരംഭിച്ചത് മുതല്‍ എഫ് സി എ വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ഇദ്ലിബില്‍ പരിമിതമായ മേഖല കൈവശപ്പെടുത്തി. മുമ്പ് ജബ്ഹത്ത് ഫത്ഹ് അശ്ശാമും, ജബ്ഹത്ത് അന്നുസ്റയുമായിരുന്നു ഹയ്അത്ത് തഹ്രീര്‍ അശ്ശാം. അസദ് ഭരണകൂടത്തിനെതിരായി അല്‍ഖാഇദയുടെ ശാഖയെന്ന നിലയില്‍ 2011ലാണ് ജബ്ഹത്ത് അന്നുസ്റ സിറിയയില്‍ രൂപംകൊള്ളുന്നത്. 2017ല്‍ ഹയ്അത്ത് അത്തഹ്രീറിന് കീഴില്‍ വിവിധ വിഭാഗങ്ങളുമായി ലയിച്ച് ജബ്ഹത്ത് ഫത്ഹ് അശ്ശാം പുനര്‍നാമകരണം ചെയ്യുകയായിരുന്നു. ഒരു പാര്‍ട്ടിയെയോ സംഘടനയെയോ പിന്തുണയ്ക്കാതെ സ്വതന്ത്ര സാന്നിധ്യമായാണ് എച് ടി എസ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.
കുര്‍ദ്-അറബ് മിലീഷ്യ സഖ്യമായ എസ് ഡി എഫ് 2015 ലാണ് രൂപീകരിക്കപ്പെടുന്നത്. വൈ പി ജി പോരാളികളും, അറബ്-തുര്‍ക്ക്മാന്‍-അര്‍മേനിയന്‍ പോരാളികളുടെ ചെറിയ വിഭാഗവും ഇതില്‍ ഉള്‍പ്പെടുന്നു. കുര്‍ദുകളുടെ നിയന്ത്രണത്തിലുള്ള പ്രധാന നഗരങ്ങളാണ് റഖ, ഖമാലിഷി, ഹസക്ക. 2012 ന് ശേഷം, ആഭ്യന്തരമായി അസ്വസ്ഥത മൂര്‍ച്ഛിച്ച സാഹചര്യത്തിലാണ് ഐ എസ് ഐ എല്‍ സിറിയയില്‍ രൂപം കൊള്ളുന്നത്. 2014 ല്‍ സൈന്യത്തിന്റെ അകമ്പടിയോടെ സുപ്രധാനമായ സ്ഥലങ്ങള്‍ പിടിച്ചെടുത്ത് ‘ഖിലാഫത്ത്’ പ്രഖ്യാപിക്കുന്നു. 2019 മാര്‍ച്ചില്‍ ഐ.എസ് ഐ എല്‍ ‘ഖിലാഫത്ത്’ ഇല്ലാതാകുന്നു. പക്ഷേ, മേഖലയില്‍ അവരുടെ സാന്നിധ്യം നേരിയ തോതില്‍ പ്രത്യക്ഷമാണ്. 2014ല്‍ സിറിയയുടെയും ഇറാഖിന്റെയും മൂന്നിലൊന്ന് ഐസിസിന്റെ നിയന്ത്രണത്തിലായിരുന്നു.
യുദ്ധം രാജ്യത്ത് വിവിധ സായുധ വിഭാഗങ്ങളെ സൃഷ്ടിച്ചു. ദാരിദ്രം, തൊഴിലില്ലായ്മ, മോശപ്പെട്ട ജീവിത സാഹചര്യം നിത്യ അനുഭവമായി മാറുന്നു. പത്ത് വര്‍ഷം ഒരു രാജ്യത്തിന് വളരാന്‍ കഴിയില്ലെന്നതല്ല, മറിച്ച് നാശോന്മുഖമായ തീരുന്നുവെന്നതാണ് വേദനാജനകം. സാമ്പത്തിക സഹായം ചെറിയ അളവില്‍ സഹായിക്കുന്നുവെങ്കിലും, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ സുസ്ഥിത കൈവരിച്ചിട്ടില്ല. ഒരു രാഷ്ട്രത്തിന്റെ തകര്‍ച്ചയാണ് ലോകം ഇതിലൂടെ കാണുന്നത്. അതാണ് ഒരു രാഷ്ട്രം പത്ത് വര്‍ഷമായി അനുഭവിക്കുന്നതും!

Back to Top