ഒരു കുഞ്ഞ് ജനിച്ചാല്‍ എന്തെല്ലാം ചെയ്യണം?
അനസ് എടവനക്കാട്
മനുഷ്യ ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട കാര്യങ്ങളാണ് ജനനവും മരണവും. ജനനം സന്തോഷത്തിന്റെയും മരണം സങ്കടത്തിന്റെയും രംഗവേദിയാണ്. ഒരു കുട്ടി ജനിക്കുന്നതോടുകൂടി ചില കാര്യങ്ങള്‍ ചെയ്യാന്‍ ഇസ്‌ലാം നിര്‍ദേശിക്കുന്നുണ്ട്.
കുട്ടികള്‍ ജനിച്ചുകഴിഞ്ഞാല്‍ ഉടനെത്തന്നെ കുട്ടികളുടെ വലതു ചെവിയില്‍ ബാങ്കും ഇടതു ചെവിയില്‍ ഇഖാമത്തും കേള്‍പ്പിക്കുന്ന സമ്പ്രദായം നമ്മുടെ നാട്ടില്‍ നടന്നുവരുന്നുണ്ട്. അതിനുള്ള തെളിവായി ഉദ്ധരിക്കപ്പെടുന്നത് താഴെ പറയുന്ന നിര്‍മിത ഹദീസാണ്. ”ഒരാള്‍ക്ക് ഒരു കുട്ടി ജനിച്ചു. അപ്പോള്‍ അതിന്റെ വലതു ചെവിയില്‍ ബാങ്കും ഇടതു ചെവിയില്‍ ഇഖാമത്തും കൊടുത്താല്‍ കുട്ടികളെ ഉപദ്രവിക്കുന്ന പിശാച് അതിനെ ഉപദ്രവിക്കുകയില്ല” (ഇബ്‌നു അസാക്കീര്‍).
തെളിവിനു പറ്റാത്ത ബലഹീനമായ ഒന്നാണ് ഈ റിപ്പോര്‍ട്ട്. ഇതിന്റെ പരമ്പരയില്‍ ‘യഹ്‌യബ്‌നുല്‍ അലാഅ’ എന്ന വ്യക്തിയുണ്ട്. ബജലി എന്ന പേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്. ഇയാളെപ്പറ്റി ഹദീസ് പണ്ഡിതന്മാര്‍ പറയുന്നത് കാണുക: ഇബ്‌നു ഹജര്‍ അസ്ഖലാനി(റ) പറയുന്നു: ‘ഇയാള്‍ ഹദീസ് സ്വയം നിര്‍മിച്ചുണ്ടാക്കുന്ന വ്യക്തിയാണെന്ന് ആരോപിക്കപ്പെടുന്നു’ (തഖ്‌രീബ്, പേജ് 595). ‘അബൂഹാത്തിം പറയുന്നു: ‘ഇയാള്‍ പ്രബലനല്ല.’ ഇബ്‌നു മഈന്‍ പറയുന്നു: ‘ഇയാള്‍ ദുര്‍ബലനാണ്.’ ഇമാം ദാറഖുത്‌നി പറയുന്നു: ‘ഇയാള്‍ തീര്‍ത്തും ഉപേക്ഷിക്കപ്പെടേണ്ടുന്ന മനുഷ്യനാണ്.’ ഇമാം അഹ്മദ് ബിന്‍ ഹമ്പല്‍ പറയുന്നു: ‘ഇയാള്‍ വളരെയധികം നുണ പറയുന്നവനും ഹദീസുകള്‍ സ്വയം നിര്‍മിക്കുന്നവനുമാണ്’ (മീസാന്‍, വാല്യം 4, പേജ് 398).
മറ്റൊരു വ്യക്തി ‘മര്‍വാനുബ്‌നു സാലിം’ ആണ്. ഗഫാരീ എന്ന പേരില്‍ ഇയാള്‍ അറിയപ്പെടുന്നു. ഇബ്‌നു ഹജര്‍ അസ്ഖലാനി പറയുന്നു: ‘ഇയാള്‍ തീര്‍ത്തും വര്‍ജിക്കപ്പെടേണ്ട മനുഷ്യനാണ്. ഇയാള്‍ ഹദീസുകള്‍ സ്വയം നിര്‍മിക്കുന്ന മനുഷ്യനാണ്. ഇമാം സാജിയും മറ്റും ഇപ്രകാരം ആരോപിക്കുന്നു’ (തഖ്‌രീബ്, പേജ് 526).
ഇമാം അഹ്മദ് (റ) പറയുന്നു: ‘ഇയാള്‍ വിശ്വസ്തനല്ല.’ ഇമാം ദാറഖുത്‌നി എഴുതുന്നു: ‘ഇയാള്‍ തീര്‍ത്തും ഉപേക്ഷിക്കപ്പെടേണ്ട മനുഷ്യനാണ്.’ ഇമാം ബുഖാരി പറയുന്നു: ‘ഇയാളുടെ ഹദീസുകള്‍ നിഷിദ്ധമാണ്’. ഇമാം മുസ്‌ലിം പറയുന്നു: ‘ഇയാളുടെ ഹദീസുകള്‍ നിഷിദ്ധമാണ്’ (മീസാന്‍, വാള്യം 4, പേജ് 91).
മറ്റൊരു ഹദീസും ഈ വിഷയത്തില്‍ അബൂയഅ്‌ലയില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്നു. എന്നാല്‍ മുകളില്‍ രണ്ടാമതായി വിവരിച്ച മര്‍വാന്‍ ഇബ്‌നു സാലിം ഇതിന്റെ പരമ്പരയിലുമുണ്ട്. ഇമാം ഇബ്‌നു ഹജര്‍ ഹൈത്തമി തന്റെ മജ്മൂഇല്‍ ഈ ഹദീസ് നിര്‍മിതമാണെന്ന് പറയുന്നു. ഇതുപോലെ ഇബ്‌നുല്‍ ഖയ്യിം തന്റെ ‘വാബില്‍’ എന്ന ഗ്രന്ഥത്തിലും ഈ ഹദീസ് ദുര്‍ബലമാണെന്ന് വിശദീകരിക്കുന്നു. സില്‍സിലത്തു ദഈഫയില്‍ ശൈഖ് അല്‍ബാനിയും ഇതിനെ അടിസ്ഥാനരഹിതമാക്കുന്നുണ്ട് (സില്‍സിലത്തു ദഈഫ 1:491). ചുരുക്കത്തില്‍, നവജാത ശിശുവിന്റെ ചെവിയില്‍ ബാങ്കിനോടൊപ്പം ഇഖാമത്തും കേള്‍പ്പിക്കാന്‍ പറയുന്ന ഹദീസുകള്‍ മനുഷ്യ നിര്‍മിതമാണ് (മൗദൂഅ്).
കാതില്‍ ബാങ്ക് കേള്‍പ്പിക്കല്‍
ബാങ്ക് മാത്രം കൊടുക്കാന്‍ പറയുന്ന ഹദീസുകളുണ്ട്. ചെറിയ ദുര്‍ബലതയുണ്ടെങ്കിലും അവലംബിക്കാവുന്ന ഹദീസുകളാണ് ഈ വിഷയത്തില്‍ വന്നിട്ടുള്ളത്. ഫാത്തിമ(റ) പുത്രന്‍ ഹസനുബ്‌നു അലിയെ പ്രസവിച്ച സന്ദര്‍ഭത്തില്‍ നബി(സ) അദ്ദേഹത്തിന്റെ ചെവിയില്‍ ബാങ്ക് വിളിക്കുന്നത് ഞാന്‍ കണ്ടു എന്ന് അബൂറാഫിഅ്(റ) ഉദ്ധരിക്കുന്ന പ്രസ്തുത ഹദീസില്‍ പ്രസ്താവിക്കുന്നുണ്ട്. അഹ്മദ്, തിര്‍മിദി, ബൈഹഖി തുടങ്ങിയവര്‍ ഇത് ഉദ്ധരിക്കുന്നു. എന്നാല്‍ ഇതിന്റെ പരമ്പരയില്‍ വന്നിട്ടുള്ള ആസ്വിമുബ്‌നു അബ്ദുല്ല എന്ന വ്യക്തിയെ സംബന്ധിച്ച് ആക്ഷേപമുണ്ട് (സാദുല്‍ മആദ് 1:388).
എന്നാല്‍ ഇമാം നവവി എഴുതുന്നു: ‘നവജാത ശിശുവിന്റെ ചെവിയില്‍ ബാങ്ക് വിളിക്കല്‍ നബിചര്യയാണ്’ (ശറഹുല്‍ മുഹദ്ദബ് 8:442). നബിചര്യ വിവരിക്കുന്ന പണ്ഡിതന്മാരില്‍ ഭൂരിപക്ഷവും കുട്ടിയുടെ ചെവിയില്‍ ബാങ്ക് വിളിക്കല്‍ സുന്നത്താണെന്ന് പ്രസ്താവിക്കുന്നുമുണ്ട്. എന്നാല്‍ ബാങ്ക് വിളിക്കല്‍ നിര്‍ബന്ധമാണെന്ന (ഫര്‍ദ്) ധാരണ അടിസ്ഥാനരഹിതമാണ്.
പേരിടലും
പ്രാര്‍ഥിക്കലും
കുട്ടി ജനിക്കുന്നതിനു മുമ്പുതന്നെ നല്ല പേരുകള്‍ കണ്ടുവെക്കാവുന്നതാണ്. അല്ലാഹു പറയുന്നു: ‘ഹേ സകരിയ്യാ, തീര്‍ച്ചയായും നിനക്ക് നാം ഒരു ആണ്‍കുട്ടിയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര് യഹ്‌യ എന്നാകുന്നു’ (19:07).
‘കുട്ടിക്ക് ജനിക്കപ്പെട്ട ദിവസം തന്നെ പേരിടല്‍’ എന്നൊരു അധ്യായം ബുഖാരിയില്‍ കാണാം. അതില്‍ വന്ന ഒരു ഹദീസ് ഇപ്രകാരമാണ്: അബൂമൂസ(റ) നിവേദനം ചെയ്യുന്നു: ‘എനിക്കൊരു കുട്ടി ജനിച്ചു. ഞാന്‍ അവനെ നബിയുടെ സന്നിധിയില്‍ കൊണ്ടുവന്നു. അവിടന്ന് കുട്ടിക്ക് ഇബ്‌റാഹീം എന്നു പേരിടുകയും ഈത്തപ്പഴത്തിന്റെ നീര് വായില്‍ തൊട്ടുകൊടുക്കുകയും നന്മയ്ക്കു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു. ശേഷം എനിക്ക് തിരിച്ചുനല്‍കി (അബൂമൂസയുടെ ഏറ്റവും വലിയ കുട്ടി അവനായിരുന്നു).’ (ബുഖാരി).
അസ്മാഅ് (റ) നിവേദനം: ‘അവര്‍ അബ്ദുല്ലാഹിബ്‌നു സുബൈറിനെ(റ) ഗര്‍ഭം ധരിച്ചിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഹിജ്‌റ പുറപ്പെട്ടത്. മദീനയിലെത്തി ഖുബാഇല്‍ ഇറങ്ങി. അവിടെ വെച്ചാണ് ഞാന്‍ അവനെ പ്രസവിച്ചത്. ശേഷം അവനെയുമായി ഞാന്‍ പുറപ്പെട്ടു. നബിയുടെ മടിയില്‍ അവനെ വെച്ചു. അവിടന്ന് ഒരു ഈത്തപ്പഴം ആവശ്യപ്പെട്ടു. എന്നിട്ടത് ചവച്ചു. അതിന്റെ തുപ്പുനീര് കുട്ടിയുടെ വായില്‍ ഇറ്റിച്ചു, അങ്ങനെ അവന്റെ വയറ്റില്‍ ആദ്യമായി ചെന്നത് നബി(?)യുടെ തുപ്പുനീരായിരുന്നു. പിന്നീട് ഈത്തപ്പഴത്തിന്റെ നീരുകൊണ്ട് ശിശുവിന് മധുരം കൊടുത്തു. അവനു വേണ്ടി പ്രാര്‍ഥിച്ചു. അവനായിരുന്നു ഇസ്‌ലാമില്‍ ഹിജ്‌റയ്ക്കു ശേഷം ജനിച്ച ആദ്യ ശിശു’ (ബുഖാരി).
ഇമാം ബൈഹഖി എഴുതുന്നു: ‘ഏഴാം ദിവസം പേരിടാന്‍ നിര്‍ദേശിക്കുന്ന ഹദീസുകളേക്കാള്‍ പ്രബലമായത് ജനിച്ച ദിവസം തന്നെ കുട്ടിക്ക് പേരിടാന്‍ നിര്‍ദേശിക്കുന്ന ഹദീസുകളാണ്’ (ഫത്ഹുല്‍ബാരി 9:589). കുട്ടിക്ക് നല്ല പേരിടാന്‍ ഇസ്‌ലാം നിര്‍ദേശിക്കുന്നു. ചിലരുടെ പേരുകള്‍ മാറ്റി നബി(സ) അവര്‍ക്ക് നല്ല പേരുകള്‍ നല്‍കിയതായി ഹദീസുകളില്‍ കാണാം.
അഖീഖ അറുക്കലും
മുടി കളയലും
സല്‍മാനി(റ)ല്‍ നിന്ന് നിവേദനം: നബി(സ) അരുളി: ‘കുട്ടിക്ക് അഖീഖ അറുക്കേണ്ടതാണ്. അതിനാല്‍ അവനു വേണ്ടി ബലിമൃഗത്തിന്റെ രക്തം ഒഴുക്കുവിന്‍. ശരീരത്തില്‍ നിന്ന് ഉപദ്രവകരമായ (മുടി പോലുള്ള അസംസ്‌കൃത) സാധനങ്ങള്‍ നീക്കം ചെയ്യുവിന്‍’ (ബുഖാരി).
കുട്ടി ജനിച്ച അന്നുതന്നെ ഇതു രണ്ടും ചെയ്യാവുന്നതാണ്. എന്നാല്‍ അന്നുതന്നെ ഈ കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ പ്രയാസം നേരിട്ടേക്കാം (പ്രത്യേകിച്ച് മുടി കളയല്‍). എങ്കില്‍ ഏഴാം ദിവസം ഇത് നിര്‍വഹിക്കാവുന്നതാണ്.
ആയിശ(റ) പ്രസ്താവിക്കുന്നു: ‘നബി(സ) ഹസന്‍, ഹുസൈന്‍ എന്നീ കുട്ടികള്‍ക്ക് ഏഴാം ദിവസം ബലിമൃഗത്തെ അറുക്കുകയും കുട്ടികള്‍ക്ക് പേരിടുകയും ചെയ്തു’ (ബസ്സാര്‍, ഇബ്‌നു ഹിബ്ബാന്‍, ഹാകിം). ഇതിന്റെ നിവേദക പരമ്പര പ്രബലമാണെന്ന് ഫത്ഹുല്‍ബാരിയില്‍ പ്രസ്താവിക്കുന്നു (ഫത്ഹ് 9:589).
ഏഴാം ദിവസവും സൗകര്യപ്പെടാത്തപക്ഷം 14,21 എന്നീ ദിവസങ്ങളില്‍ നിര്‍വഹിക്കാമെന്നും അതിലും പറ്റിയില്ലെങ്കില്‍ സാധ്യമാകുമ്പോള്‍ നിര്‍വഹിക്കാമെന്നും ഫുഖഹാക്കള്‍ പറയുന്നു. (എന്നാല്‍ ഇതിനെ സാധൂകരിക്കുന്ന ബലപ്പെട്ട തെളിവൊന്നും കാണാന്‍ കഴിഞ്ഞിട്ടില്ല).
എന്താണ് ബലി
അറുക്കേണ്ടത്?
ആടിനെ അറുക്കലാണ് ഉത്തമം എന്നാണ് ഹദീസുകളില്‍ നിന്നു മനസ്സിലാകുന്നത്. ‘നബി(സ) ഹസന്‍, ഹുസൈന്‍ എന്നീ കുട്ടികള്‍ക്കു വേണ്ടി ഓരോ ആടു വീതമാണ് അറുത്തത്’ (അബൂയഅ്‌ലി 2945). സനദ് സ്വഹീഹാണ്. നസാഇയില്‍ നമ്പര്‍ 4219 പ്രകാരം ഇരുവര്‍ക്കും രണ്ടാടുകളെ വീതം അറുത്തു എന്നും ഉദ്ധരിക്കപ്പെടുന്നുണ്ട്. ഈ ഹദീസാണ് കൂടുതല്‍ സ്വഹീഹായത് എന്നാണ് ശൈഖ് അല്‍ബാനിയുടെ വീക്ഷണം). ‘കുട്ടിക്കു വേണ്ടി ഒട്ടകം, പശു, ആട് എന്നിവയെ ബലി അറുക്കാവുന്നതാണ്’ എന്നു പറയുന്ന ഒരു ഹദീസ് ഉദ്ധരിക്കപ്പെടുന്നുണ്ട് (ത്വബ്‌റാനി 278).
എന്നാല്‍ ഈ ഹദീസ് മൗദൂആണെന്ന് അല്‍ബാനി പറയുന്നു (ഇര്‍വാഉല്‍ ഖലീല്‍ 4:393). എന്നാല്‍ ഒട്ടകം, പശു പോലുള്ള സാധാരണ ബലിമൃഗങ്ങളെയും അഖീഖ അറുക്കാമെന്ന് ഫുഖഹാക്കള്‍ അഭിപ്രായപ്പെടുന്നുണ്ട്. ദരിദ്രന്മാരെ തീറ്റുക എന്നതാണ് ബലികര്‍മം കൊണ്ട് ഉദ്ദേശിക്കുന്നത്. അതുകൊണ്ട് കൂടുതല്‍ മാംസം ലഭിക്കുന്നവയെ അറുക്കലാണ് ഉത്തമമെന്ന് ഇമാം ശാഫിഈ(റ)യെ പോലുള്ളവര്‍ അഭിപ്രായപ്പെടുന്നു (അല്ലാഹു അഅ്‌ലം).
മുടി തൂക്കി വെള്ളി/ സ്വര്‍ണം ദാനം ചെയ്യല്‍
മുടി കളയുന്ന വേളയില്‍ കുട്ടിയുടെ മുടി തൂക്കി അതിനനുസരിച്ച് സ്വര്‍ണം ദാനം ചെയ്യാന്‍ പറയുന്ന ഹദീസുകള്‍ (ഇബ്‌നു അബ്ബാസില്‍ നിന്നു ത്വബ്‌റാനി ഉദ്ധരിക്കുന്നത്) മനുഷ്യ നിര്‍മിതമാണ്. ഇതിന്റെ പരമ്പരയില്‍ റവ്വാദ് ബിന്‍ ജറാഹ് എന്ന വളരെയധികം ദുര്‍ബലനായ ഒരു മനുഷ്യനുണ്ട് (തഹ്ദീബ് 3:250). മുടി തൂക്കി വെള്ളി ദാനം ചെയ്യാന്‍ പറയുന്ന ഹദീസുകളെ പറ്റി പണ്ഡിതന്മാര്‍ ഭിന്നിച്ചിരിക്കുന്നു. ഈ വിഷയത്തില്‍ വന്ന ഹദീസുകളെല്ലാം തന്നെ വളരെയധികം ദുര്‍ബലമാണെന്ന് ഇമാം നവവി(റ) അഭിപ്രായപ്പെടുന്നു (ശറഹുല്‍ മുഹദ്ദബ് 8:443). ഈ അഭിപ്രായമാണ് ശരിയായത്. വെള്ളി ദാനം ചെയ്യാന്‍ പറയുന്നവര്‍ തെളിവാക്കുന്ന ഹദീസ് ഇതാണ്.
അബൂറാഫിയില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ‘ഫാത്തിമ(റ) ഹസനെ പ്രസവിച്ചപ്പോള്‍ മഹതി പറഞ്ഞു: ‘അല്ലയോ അല്ലാഹുവിന്റെ ദൂതരേ, ഒരാടിനെ ബലി കൊടുത്തുകൊണ്ട് എന്റെ മകന്റെ ജനനം ഞാന്‍ ആഘോഷിക്കെട്ടയോ?’ പ്രവാചകന്‍ (സ) മറുപടി നല്‍കി: ‘വേണ്ട, എന്നാല്‍ നീ അവന്റെ തല വടിക്കുക, എന്നിട്ട് അതിന്റെ തുല്യം തൂക്കത്തിനു വെള്ളി ദാനമായി അഹ്‌ലുസ്സുഫ്ഫക്കാര്‍ക്ക് (മദീനാ പള്ളിയില്‍ കഴിഞ്ഞിരുന്ന ദരിദ്രരായ സ്വഹാബിമാരായിരുന്നു ‘അഹ്‌ലുസ്സുഫ്ഫ’ എന്ന പേരില്‍ അറിയപ്പെട്ടിരുന്നവര്‍) കൊടുക്കുക, അല്ലെങ്കില്‍ പാവങ്ങള്‍ക്ക്’ (അഹ്മദ് 6:390, സുനനുല്‍ കുബ്‌റ, ബൈഹഖി 9:304).
മുഹമ്മദ് സുബി ബിന്‍ ഹസന്‍ ഹല്ലാഖിനെ പോലുള്ള ആധുനിക ഫിഖ്ഹീ പണ്ഡിതന്മാര്‍ ഈ ഹദീസു കൊണ്ടു തെളിവു പിടിക്കുന്നു (ലുബാബ ഫീ ഫിഖ്ഹുസ്സുന്ന വിവ: 2:383). എന്നാല്‍ മുകളില്‍ വന്ന ഹദീസിന്റെ പരമ്പരയില്‍ ഇബിനു അഖീല്‍ എന്ന മനുഷ്യനുണ്ട്. അയാള്‍ ദുര്‍ബലനാണ്. ഈ വിഷയത്തില്‍ വന്ന മറ്റു ഹദീസുകളും ദുര്‍ബലങ്ങള്‍ തന്നെ. ഉദാഹരണമായി, ഹസനും ഹുസൈനും മുടി തൂക്കി വെള്ളി ദാനം ചെയ്തു എന്ന് പറയപ്പെടുന്ന ഹദീസ്. പ്രസ്തുത ഹദീസ് അബൂദാവൂദും ഇമാം മാലികും ഉദ്ധരിക്കുന്നുവെങ്കിലും പരമ്പര മുറിഞ്ഞതാണ്.
അലി(റ)യില്‍ നിന്നു വന്ന സമാനമായ ഹദീസും ദുര്‍ബലം തന്നെ. ചുരുക്കത്തില്‍, കുട്ടിയുടെ മുടി തൂക്കി എന്തെങ്കിലും ദാനം ചെയ്യേണ്ടതില്ല എന്ന് മനസ്സിലാക്കാം.