2 Saturday
December 2023
2023 December 2
1445 Joumada I 19

ഒരു ഫഖീറിന്റെ പെരുന്നാള്‍

സുറാബ്‌


ഓണപ്പൂക്കളുണ്ട്
പെരുന്നാള്‍പ്പൂക്കളില്ല
എന്തുകൊണ്ട്?
ആധുനികന്‍ ചോദിച്ചു.

പെരുന്നാളിന് അത്തറുണ്ട്
പല പൂക്കളുടെ പരിമളം.

പൂക്കള്‍ കാഴ്ചകളുടെ സൗന്ദര്യമല്ലേ?
അത്തര്‍ വെറും മണവും?
ആധുനികന്‍ വീണ്ടും ഇടപെട്ടു.

ഓണത്തിന് പത്തു ദിവസം അവധി.
പെരുന്നാളിന് ഒരു ദിവസവും.
ആധുനികന്‍ കലുഷമായി.
ഇതിനൊക്കെ എന്തുത്തരം പറയും?
ആരോട് പറയും?

ഇതൊക്കെ കേട്ട് പള്ളിമുറ്റത്തിരുന്ന്
ആ ഫഖീര്‍ സങ്കടപ്പെട്ടു.

മക്കളേ, ഓണവും പെരുന്നാളും പറഞ്ഞ്
നിങ്ങള്‍ നാടിനെ മുറിക്കരുത്.
വീണ്ടും ഒരു വിഭജനം ഉണ്ടാക്കരുത്.
ഇന്ത്യ ഇന്ത്യയിലും
പാകിസ്താന്‍ പാകിസ്താനിലുമാണ്.
ഒന്ന് ആഗസ്ത് 14
മറ്റൊന്ന് ആഗസ്ത് 15.
എന്തിനായിരുന്നു ഇത്?

പെരുന്നാള്‍ സ്‌നേഹമാണ്.
ഓണം സൗഹൃദവും.
ക്രിസ്മസ് പോലെ
എല്ലാം ഒരേ സന്ദേശം.
മാനുഷരെല്ലാം ഒന്നുപോലെ.

ആധുനികന്റെ ഹൃദയത്തില്‍ ഇടി വെട്ടി.
അവന്‍ ഓണത്തിന് ഇലക്കറിയും
പെരുന്നാളിന് ബീഫും
ക്രിസ്മസിനു കേക്കും കഴിച്ചു.
വയറു നിറഞ്ഞു, മനസ്സും.

വയറു നിറച്ചും ഉണ്ണുന്നതാണ്
ആഘോഷങ്ങള്‍.
അന്നാരും വിശന്നിരിക്കരുത്,
പീഡിതരും ദുഃഖിതരും ദരിദ്രരും ആരും.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x