ഒരു ബസും നിയമലംഘനവും ആഘോഷമാക്കുന്നവര്‍
അബ്ദുല്‍മജീദ്
റോബിന്‍ ബസ് ആയിരുന്നു കഴിഞ്ഞ ആഴ്ചയിലെ ചര്‍ച്ചാ വിഷയം. ആര്‍ ടി ഒ യെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും വെല്ലുവിളിക്കുന്നു എന്നതുകൊണ്ടു തന്നെ റോബിന് പിന്തുണ സ്വാഭാവികമാണ്. എന്നാല്‍, അതിനപ്പുറത്ത് ഈ റോബിന്‍ തുടങ്ങിവെക്കുന്ന വലിയ അപകടങ്ങള്‍ നാം കാണുന്നുണ്ടോ എന്നതാണ്. നാട്ടില്‍ ഓടിക്കൊണ്ടിരിക്കുന്ന പ്രൈവറ്റ് ബസുകളൊക്കെ സ്റ്റേജ് കാര്യേജ് പെര്‍മിറ്റുകള്‍ കരസ്ഥമാക്കിയാണ് ഓടുന്നത്. അവര്‍ക്ക് അനുവദിക്കപ്പെട്ട റൂട്ടില്‍ നിശ്ചയിക്കപ്പെട്ട സമയത്ത് സ്റ്റേജിനനുസരിച്ച് പണം ഈടാക്കി മാത്രമേ ഇത്തരം വാഹനങ്ങള്‍ക്ക് ഓടാന്‍ സാധിക്കൂ. ഇവിടെ യാത്രക്കാരന് കൃത്യമായ ധാരണയുണ്ടാകും, ഇത് ഏത് സമയം പോകുമെന്നും എത്ര രൂപം നല്കണമെന്നുമൊക്കെ. എന്നാല്‍, ഈ സ്റ്റേജ് കാര്യേജ് നിബന്ധനകളൊന്നും പാലിക്കാതെ തോന്നിയ പണം ഈടാക്കി തോന്നിയ വഴികളില്‍ ഒരു വിഭാഗം സര്‍വീസ് നടത്തിയാല്‍ എന്താവും അവസ്ഥ. സമയനിരക്ക് ധാരണകളില്ലാതെ ജനം വലയും. ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹങ്ങള്‍ക്ക് ഓരോ സംസ്ഥാനങ്ങളിലും പ്രത്യേകം പെര്‍മിറ്റ് വേണ്ട എന്നതാണ് പുതിയ നിയമമുള്ളത്. ഈ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണ്. ഈ നിയമം ദുരുപയോഗം ചെയ്യുന്നവരെയാണ് മാലയും പൂവുമിട്ട് സ്വീകരിക്കാന്‍ ആളുകള്‍ മത്സരിക്കുന്നത്. ഭൂരിപക്ഷവും സാധാരണക്കാരായ ഒരു സമൂഹത്തിന്റെ യാത്രാമാര്‍ഗ വ്യവസ്ഥയുടെ ആണിക്കല്ലാണ് സ്റ്റേജ് കാര്യേജ് പെര്‍മിറ്റ് വ്യവസ്ഥ. എന്നാല്‍ കോണ്‍ട്രാക്റ്റ് കാര്യേജ് എന്നത് അതില്‍ യാത്ര ചെയ്യുന്നവരും അല്ലെങ്കില്‍ യാത്ര സംഘടിപ്പിക്കുന്ന ആളും വാഹനത്തിന്റെ ആളും തമ്മില്‍ ഏര്‍പ്പെടുന്ന ഒരു കരാര്‍ പ്രകാരമുള്ളതാണ്.