ഇസ്ഹാഖ് മൗലവി ജ്ഞാനിയായ മാര്‍ഗദര്‍ശി
ഹാറൂന്‍ കക്കാട്
അറബിക്കടലിന്റെ അഴിമുഖത്തേക്ക് ശാന്തമായൊഴുകുന്ന കടലപ്പുണ്ടിപ്പുഴയുടെ തീരത്ത്, മലപ്പുറം കലക്ടറേറ്റ് കെട്ടിട സമുച്ചയങ്ങള്‍ക്ക് പിന്നിലെ ചെമ്മങ്കടവിലെ ഓടിട്ട വീട്ടുകോലായില്‍ ചന്ദ്രിക ദിനപ്പത്രം വായിച്ചിരിക്കുന്ന വെളുത്ത വട്ടത്താടിയുള്ള ആ പണ്ഡിത സൂര്യനെ ഞാനൊരുപാട് തവണ ഇമ വെട്ടാതെ നോക്കിനിന്നിട്ടുണ്ട്. 2002-ല്‍ മലപ്പുറത്ത് പത്രപ്രവര്‍ത്തകനായിരുന്നപ്പോഴാണ് ആ സൗമ്യമനസ്സിന്റെ ഉടമയോട് പലവട്ടം സംവദിക്കാന്‍ സൗഭാഗ്യമുണ്ടായത്.
കേരളത്തില്‍ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ വേരുപിടിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ച പണ്ഡിതന്‍ ടി ഇസ്ഹാഖ് മൗലവിയുടെ ‘തറയില്‍’ തറവാട്ടില്‍ ഇടയ്ക്കിടെ കുടുംബസമേതം അന്തിയുറങ്ങുന്ന ആത്മബന്ധമായി അത് വളര്‍ന്നു. മൗലവിയുടെ ഒരു നൂറ്റാണ്ടോളം ദീര്‍ഘിച്ച ജീവിതയാത്രകള്‍ മഴവില്ലഴക് പോലെ ഇമ്പമാര്‍ന്ന അനുഭവങ്ങളാണ് ബൗദ്ധിക കൈരളിക്ക് സമ്മാനിച്ചത്.
പട്ടര്‍കടവിലായിരുന്നു ഇസ്ഹാഖ് മൗലവിയുടെ സ്‌കൂള്‍ പഠനം. പിന്നീട് പുളിയാട്ട് ദര്‍സില്‍ ചേര്‍ന്നു. അവിടെ അധ്യാപകനായിരുന്ന പെരിയമ്പലം ബന്താര്‍ പോക്കര്‍ മുസ്‌ലിയാരില്‍ നിന്നാണ് നവോത്ഥാന ആശയങ്ങള്‍ മൗലവി ആദ്യമായി അറിയാനിടയായത്. പിന്നീട് വെല്ലൂര്‍ ബാഖിയാത്ത് കോളജില്‍ പഠിച്ചു. ഇന്ത്യയിലെ പ്രമുഖ പണ്ഡിതന്മാരുടെ ശിഷ്യനാകാന്‍ അവസരം ലഭിക്കുക വഴി ഇസ്ഹാഖ് മൗലവിയിലെ പ്രതിഭാധനത കൂടുതല്‍ തിളക്കമുള്ളതായി.
വെല്ലൂരില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍ കെ എം മൗലവിയുടെ നിര്‍ദേശാനുസരണം തിരൂരങ്ങാടി യത്തീംഖാനയുടെ റസീവറായി ഏതാനും കാലം പ്രവര്‍ത്തിച്ചു. പറവണ്ണ കെ പി എം മൊയ്തീന്‍കുട്ടി മൗലവിയുമായുള്ള പരിചയമാണ് കെ എം മൗലവിയുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ നിമിത്തമായത്. പിന്നീട് ഏഴ് ദശാബ്ദക്കാലത്തോളം വിശ്രമമില്ലാതെ, പ്രബോധന സംരംഭങ്ങളുടെ മുന്‍നിരയില്‍ നിന്ന് മൗലവി ഒട്ടേറെ മാതൃകകള്‍ സൃഷ്ടിച്ചു.
കണ്ണൂര്‍ ജില്ലയില്‍ പുരോഗമന ആശയങ്ങള്‍ക്ക് ശക്തമായ അടിവേരുണ്ടാക്കുന്നതില്‍ മൂന്ന് ഓര്‍ഗനൈസര്‍മാര്‍ വഹിച്ച പങ്ക് നവോത്ഥാന ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ കാലം അടയാളപ്പെടുത്തിയതാണ്. കെ കെ എം ജമാലുദ്ദീന്‍ മൗലവി, കെ ഉമര്‍ മൗലവി, ടി ഇസ്ഹാഖ് മൗലവി എന്നിവരായിരുന്നു ആ വിഖ്യാത ‘ത്രിമൂര്‍ത്തികള്‍’.
പാലക്കാട് ടൗണ്‍ പള്ളിയില്‍ ഒരു ദിവസം മൗലവിയുടെ ഖുത്ബ ശ്രവിക്കാന്‍ മുസ്ലിംലീഗ് നേതാവ് മുഹമ്മദ് ഇസ്മായീല്‍ സാഹിബ് അവിചാരിതമായി എത്തി. മൗലവിയുടെ ഹൃദ്യമായ പ്രസംഗം കേട്ട അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: ”ഇതുപോലെയുള്ള പ്രസംഗങ്ങള്‍ ഇന്ത്യയൊട്ടുക്കുമുള്ള പള്ളികളില്‍ നടത്തിയാല്‍ മുസ്ലിം സമുദായത്തിന്റെ ഭാവി ശോഭനമാവും.”
വ്യക്തവും ക്രിയാത്മകവുമായിരുന്നു അദ്ദേഹത്തിന്റെ ശൈലി. കാര്യങ്ങളെ ഒതുക്കി, ചിട്ടയോടെ പറയാനുള്ള മൗലവിയുടെ സിദ്ധി പ്രശസ്തമായിരുന്നു. പ്രകോപനമില്ലാതെ ദീര്‍ഘവീക്ഷണത്തോടെ ആശയങ്ങള്‍ ബോധ്യപ്പെടുത്തുന്ന രീതി ശ്രോതാക്കളില്‍ ശക്തമായ സ്വാധീനം ചെലുത്തി. കേരളത്തില്‍ നിരവധി പൊതു പ്രഭാഷണങ്ങള്‍ നിര്‍വഹിക്കാന്‍ മൗലവിക്ക് സൗഭാഗ്യമുണ്ടായി. പി സൈദ് മൗലവി, എം ശൈഖ് മുഹമ്മദ് മൗലവി, എന്‍ വി അബ്ദുസ്സലാം മൗലവി തുടങ്ങിയവരോടൊപ്പം ഒട്ടേറെ പ്രഭാഷണ വേദികളില്‍ ഇസ്ഹാഖ് മൗലവിയുടെ അനുഗൃഹീത ശബ്ദവും കേരളത്തില്‍ നവോത്ഥാനത്തിന്റെ വ്യാപ്തി വികസിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.
എടവണ്ണ, മുവ്വാറ്റുപുഴ, കൊച്ചി, അരീക്കോട്, തലശ്ശേരി, ആലത്തൂര്‍, കോട്ടക്കല്‍, ചെമ്മാട്, മുണ്ടേങ്ങര, തൊടികപ്പുലം തുടങ്ങിയ പ്രധാന സ്ഥലങ്ങളിലെ പള്ളികളില്‍ ഇസ്ഹാഖ് മൗലവിയുടെ ത്യാഗ നിബദ്ധമായ പ്രവര്‍ത്തനങ്ങളുടെ കുളിര്‍മ പകരുന്ന അനന്തര ഫലങ്ങള്‍ പടര്‍ന്നുപന്തലിച്ചു.
പ്രബോധന സംരംഭങ്ങളെ സര്‍ഗാത്മകവും സൗന്ദര്യപ്രദവുമായ ധാര്‍മികതയുടെ പ്രക്രിയയായാണ് അദ്ദേഹം കണ്ടത്. മറ്റുള്ളവര്‍ എന്തു പറയുന്നു എന്നതിന്റെ അടിസ്ഥാനത്തിലല്ല, ഏകാകിയായാലും ഓരോ ശബ്ദത്തിനും സ്വാതന്ത്ര്യമുണ്ടെന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.
ഖുര്‍ആനുമായി അഭേദ്യ ബന്ധം പുലര്‍ത്തിയ അദ്ദേഹം നിരവധി ഖുര്‍ആന്‍, ഹദീസ് ക്ലാസ്സുകളിലൂടെ പ്രവര്‍ത്തകര്‍ക്ക് പ്രചോദനമേകി. അദ്ദേഹത്തിന്റെ ചിട്ടയായ ജീവിതവും പണമിടപാടുകളിലെ കണിശതയും എടുത്തു പറയേണ്ടതാണ്. വിവിധ തലമുറകളിലായി ആയിരക്കണക്കില്‍ ശിഷ്യന്മാര്‍ക്ക് വിജ്ഞാനത്തിന്റെ പ്രഭ ചൊരിഞ്ഞുകൊടുക്കുകയും ജീവിത യാത്രയില്‍ ദിശാബോധം നല്‍കുകയും ചെയ്ത പണ്ഡിതനായിരുന്നു മൗലവി. അദ്ദേഹത്തിന്റെ അധ്യാപന ജീവിതം, സമകാലിക ലോകവുമായി സംവദിക്കാന്‍ കരുത്തുള്ള പണ്ഡിതന്മാരെ വാര്‍ത്തെടുക്കുന്നതില്‍ മഹത്തായ പങ്കാണ് വഹിച്ചത്. ആത്മീയ ഭൗതിക വിദ്യാഭ്യാസ ക്രമങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് ആധുനിക ഇസ്ലാമിക വിദ്യാഭ്യാസത്തിന്റെ സമന്വയിപ്പിച്ച പരിഷ്‌കരണ രീതിക്കാണ് അദ്ദേഹം മുന്‍ഗണന നല്‍കിയത്. മതത്തിന്റെ
മൗലിക പ്രമാണങ്ങളോടൊപ്പം അറബി ഭാഷ, വ്യാകരണ ശാസ്ത്രം, അലങ്കാര ശാസ്ത്രം, ഇസ്ലാമിക ചരിത്രം മുതലായ വിഷയങ്ങളിലെല്ലാം അവഗാഹമുണ്ടായിരുന്നു. ഇന്ത്യക്കകത്തും പുറത്തും വിലപ്പെട്ട സേവനങ്ങള്‍ നിര്‍വഹിച്ചു കൊണ്ടിരിക്കുന്ന പണ്ഡിതന്മാരുടെയും പ്രവര്‍ത്തകരുടെയുംഎഴുത്തുകാരുടെയും മാര്‍ഗദര്‍ശിയാകാന്‍ അദ്ദേഹത്തിന് സൗഭാഗ്യമുണ്ടായി.
മുസ്ലിംലീഗിന് ഒട്ടേറെ പ്രതിസന്ധികള്‍ നേരിട്ട കാലത്താണ് ഏറനാടിന്റെ ചങ്കൂറ്റം നെഞ്ചിലേറ്റി ഇസ്ഹാഖ് മൗലവി പാര്‍ട്ടിയുടെ ശ്രദ്ധേയനായ സാരഥിയായത്. മലബാര്‍ ജില്ല മുസ്‌ലിം ലീഗ് രൂപീകരിക്കുമ്പോള്‍ പാര്‍ട്ടി സന്ദേശം നാട്ടിന്‍പുറങ്ങളില്‍ എത്തിക്കാന്‍ നിശ്ചയിക്കപ്പെട്ട ഓര്‍ഗനൈസര്‍മാരില്‍ ഇസ്ഹാഖ് മൗലവിയും ഉണ്ടായിരുന്നു. വള്ളുവനാട് താലൂക്കിലായിരുന്നു മൗലവി പ്രവര്‍ത്തിച്ചത്. അക്കാലത്ത് ലീഗ് വേദികളില്‍ നിറസാന്നിധ്യമായിരുന്ന കെ എം സീതി സാഹിബ്, സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, പാണക്കാട് പൂക്കോയ തങ്ങള്‍, സദഖത്തുല്ല മൗലവി തുടങ്ങിയവരുമായി ഊഷ്മളമായ ബന്ധം പുലര്‍ത്തിയിരുന്നു ഇസ്ഹാഖ് മൗലവി. കമ്മിറ്റിയോഗങ്ങളില്‍ ഉത്‌ബോധന പ്രസംഗം നടത്താന്‍ പലപ്പോഴും ഇസ്ഹാഖ് മൗലവിയും ഉണ്ടായിരുന്നു.
മത രാഷ്ട്രീയ മേഖലകളില്‍ ഒരേ സമയം പ്രവര്‍ത്തിച്ച മികച്ച മാതൃകയാണ് ഇസ്ഹാഖ് മൗലവിയുടെ ജീവിതം. ചടുലവും ഐശ്വര്യപൂര്‍ണവുമായ എമ്പാടും അനുഭവങ്ങള്‍! കഷ്ടപ്പാടും പ്രയാസവും അതിജീവിച്ച് സാമൂഹിക സേവനവും സാമുദായിക പരിഷ്‌കരണവും ജീവിത സപര്യയാക്കിയ കര്‍മയോഗിയായിരുന്നു മൗലവി.
കെ എം മൗലവിയുമായുള്ള ആദര്‍ശ അടുപ്പം പിന്നീട് കുടുംബ ബന്ധത്തിലേക്ക് വഴിമാറി. കെ എം മൗലവിയുടെ മകന്‍ അബ്ദുസ്സമദ് കാതിബാണ് ഇസ്ഹാഖ് മൗലവിയുടെ മകള്‍ സൈനബയെ വിവാഹം ചെയ്തത്. 2008 ജൂണ്‍ 28ന് രാത്രി, തൊണ്ണൂറ്റിരണ്ടാം വയസ്സിലാണ് മലബാറില്‍ സൂര്യതേജസ്സായി നിറഞ്ഞുനിന്ന ടി ഇസ്ഹാഖ് മൗലവിയുടെ ജീവിതം അസ്തമിച്ചത്.