28 Thursday
March 2024
2024 March 28
1445 Ramadân 18

ഓര്‍മകളില്‍ ബിലാലിന്റെ ബാങ്ക്

എന്‍ജി. പി മമ്മദ് കോയ

ഹജ്ജ് അനുഭവം – 9

അസര്‍ നമസ്‌കാരത്തിന്റെ ബാങ്ക് ആരംഭിച്ചു. ശ്രവ്യ മധുരമാണ് മസ്ജിദ്ദുന്നബവിയിലെ ബാങ്കുകള്‍! മക്കയിലേയും ഖുദ്‌സിലേയും, ജോര്‍ദ്ദാന്‍, സിറിയ, ഈജിപ്ത്, യു എ ഇ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേയും ബാങ്കുകള്‍ നേരിട്ടു കേള്‍ക്കാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്. ഉരുവിടുന്ന വാചകങ്ങള്‍ ഒന്നാണെങ്കിലും വ്യത്യസ്ത ശൈലിയിലും താളാത്മകതയിലുമാണ് ഇസ്‌ലാമിക ലോകത്തെ ബാങ്കൊലികള്‍! ദിവസത്തിലെ 24 മണിക്കൂറും ഒരു സ്ഥലത്തെല്ലെങ്കില്‍ മറ്റൊരു സ്ഥലത്ത് ഈ ശബ്ദം കേട്ടുകൊണ്ടിരിക്കുന്നു.
ഇന്റര്‍നാഷണല്‍ ഡേറ്റ് ലൈനിനടുത്തുളള ഹവായ് ദ്വീപിലെ മസ്ജിദുറഹ്മാനില്‍ നിന്ന് പ്രഭാത നമസ്‌കാരത്തിന്റെ ബാങ്ക് ആരംഭിച്ചാല്‍ അവിടെ നിന്ന് പടിഞ്ഞാറോട്ട് ആസ്‌ത്രേലിയ, അന്റാര്‍ട്ടിക്ക, ഏഷ്യ, ആഫ്രിക്ക, സൗത്ത് അമേരിക്ക, നോര്‍ത്ത് അമേരിക്ക, യൂറോപ്പ് തുടങ്ങിയ ഭൂഖണ്ഡങ്ങളിലൂടെ അലാസ്‌ക്കയിലെ അര്‍റാഷിദ് മസ്ജിദിലത്തുമ്പോള്‍ വീണ്ടും മറ്റൊരു പ്രഭാത നമസ്‌കാരത്തിന്റെ ബാങ്ക് ആരംഭിച്ചിരിക്കും.
മസ്ജിദുന്നബവിയിലെ മുഅദ്ദിന്‍ ബാങ്ക് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇമ്പമാര്‍ന്ന സ്വരത്തില്‍ അശ്ഹദു അന്‍ലാഇലാഹ ഇല്ലല്ലാഹ്….. അശ്ഹദുഅന്ന മുഹമ്മദന്‍ റസൂലുല്ലാഹ്. അവിടെ നിന്ന് അല്ലാഹുവിന്റെ റസൂലിന്റെ പേരു കേട്ടപ്പോള്‍ എന്തോ അനിര്‍വ്വചനീയമായ ഉള്‍പുളകം! തൊട്ടടുത്ത മഖ്ബറയിലാണ് പുണ്യ റസൂല്‍ അന്ത്യ വിശ്രമം കൊളളുന്നത്! ആ സവിധത്തില്‍ നിന്ന് ബാങ്കിലൂടെ ആ പേരു കേള്‍ക്കുമ്പോള്‍ ബിലാലിന്റെ(റ) അനുഭവമാണ് മനസ്സിലേക്ക് വന്നത്!
പ്രവാചകന്റെ മരണശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ബിലാല്‍(റ) വീണ്ടും മദീനയിലെത്തിയത്! റസൂലിനോടുള്ള അടങ്ങാത്ത മുഹബ്ബത്ത് കാരണം മുഹമ്മദ് എന്ന പേര് കേള്‍ക്കുമ്പോള്‍ പോലും ബിലാല്‍ കരളുപൊട്ടി കരഞ്ഞു പോകും! ഖുറൈശി പ്രമാണിയായ ഉമയ്യത്തിന്റെ അടിമയായിരുന്നു ബിലാല്‍! ഇസ്ലാം സ്വീകരിച്ചപ്പോള്‍ മനുഷ്യത്വ രഹിതമായ പീഡനങ്ങള്‍ക്കും കൊടിയ മര്‍ദനങ്ങള്‍ക്കും ഉമയ്യത്ത് ബിലാലിനെ വിധേയനാക്കി! ചുട്ടുപഴുത്ത മണലാരണ്യത്തില്‍ നെഞ്ചില്‍ വലിയ കല്ല് കയറ്റി വെച്ച് മര്‍ദ്ദിച്ചവശനാക്കിയപ്പോഴും അല്ലാഹു ഏകനാണ് എന്ന് മന്ത്രിച്ചു കൊണ്ടിരുന്നു ആ ദൃഢവിശ്വാസിയായ എത്യോപ്യക്കാരന്‍.
അവസാനം നിഷ്ഠൂരനായ ഉമയ്യത്തില്‍ നിന്ന് പതിനായിരം ദിനാര്‍ കൊടുത്ത് ബിലാലിനെ അബൂബക്കര്‍ സിദ്ദിഖ്(റ) മോചിപ്പിച്ചു. മര്‍ദ്ദനമേറ്റ് അവശനായ ബിലാലിനെ(റ) ചുമലില്‍ താങ്ങി നടന്നുപോകുന്ന അബൂബക്കറിനോട് ഉമയ്യത്ത് പരിഹാസ രൂപത്തില്‍ പറഞ്ഞു: ”അബൂബക്കര്‍, നീ 500 ദിനാറാണ് തന്നിരുന്നതെങ്കില്‍ പോലും ഇയാളെ ഞാന്‍ നിങ്ങള്‍ക്ക് തരുമായിരുന്നു.”
”ഉമയ്യത്ത്, നീ ഒരു ലക്ഷം ദിനാറാണ് ചോദിച്ചിരുന്നതെങ്കില്‍ അത് തന്ന് ഞാന്‍ എന്റെ ഈ സഹോദരനെ മോചിപ്പിക്കുമായിരുന്നു” എന്നായിരുന്നു അബൂബക്കര്‍ സിദ്ദിഖിന്റെ മറുപടി.
ഈ കറുത്ത വര്‍ഗക്കാരനായ ബിലാലിനെയാണ് ഖുറൈശി ഗോത്ര പ്രമുഖരടങ്ങുന്ന ഇസ്‌ലാമിക സമൂഹത്തിന്റെ മുഅദ്ദിനായി റസൂല്‍ നിയോഗിച്ചത്. കറുത്തവരെയും അടിമകളെയും മനുഷ്യരായിപോലും കാണാത്ത ആ ഇരുണ്ട യുഗത്തില്‍ ഏക മാനവികതയുടെ പ്രായോഗിക പ്രഘോഷണമായിരുന്നു പ്രവാചകന്‍ ലോകത്തെ കേള്‍പ്പിച്ചത്.
ഇസ്ലാമിക വീക്ഷണത്തില്‍ മനുഷ്യന് വിവേചനങ്ങളോ വിഭാഗീയതയോ ഇല്ല. വെളുത്തവന് കറുത്തവനെക്കാളോ, ഉടമക്ക് അടിമയെക്കാളോ, പണക്കാരന് ദരിദ്രനേക്കാളോ മഹത്വമോ മുന്‍ഗണനയോ ഇല്ല. കുലമഹിമക്കും തറവാടിനും ഒരു പരിഗണനയും ഇസ്ലാം നല്കുന്നില്ല. ആ പ്രഖ്യാപനമാണ് നമസ്‌കാരത്തിന് അണിയൊപ്പിച്ചു നില്ക്കുമ്പോള്‍ കാണുന്നത്. മുതലാളിയും തൊഴിലാളിയും നിറമുള്ളവനും കറുത്തവനും പണ്ഡിതനും പാമരനും ഒരേ നിരയിലാണ് നില്ക്കുന്നത്. അവിടെ ഉച്ച നീചത്വങ്ങളില്ല.
ഇസ്ലാമിന്റെ ഈ മാനവികതയാണ് കുമാരനാശാനെകൊണ്ട് ഇങ്ങനെ പാടിച്ചത്:
എത്രയോ ദൂരം വഴി
തെറ്റി നില്‌ക്കേണ്ടോ
രേഴച്ചെറുമന്‍ പോയ് തൊപ്പിയിട്ടാല്‍
ചിത്രമവനെത്തി ചാരത്തിരുന്നിടാം
ചുറ്റും പേടിക്കേണ്ട
നമ്പൂരാരെ

മേല്‍ ജാതിക്കാരന്‍ വഴി നടന്നു വരുമ്പോള്‍ നാഴികകള്‍ മാറി നില്‌കേണ്ടവരാണ് കീഴ് ജാതിക്കാരായ ചെറുമന്‍മാര്‍. എന്നാല്‍ അയാള്‍ തൊപ്പിയിട്ട് മുസ്ലിമായാല്‍ അയാളെ പിന്നെ അടുത്ത് ഇരുത്താം, ആരെയും പേടിക്കേണ്ടതില്ലല്ലോ എന്ന് അക്കാലത്തെ ജാതി വ്യവസ്ഥയുടെ യുക്തിയേയാണ് ആശാന്‍ ചോദ്യം ചെയ്തത്.
വര്‍ഷങ്ങള്‍ക്ക് ശേഷം മസ്ജിദുന്നബവിയില്‍ ബിലാലിനെ (റ) കണ്ടപ്പോള്‍ മദീന നിവാസികള്‍ക്ക് വലിയ സന്തോഷമായി. അവര്‍ ബിലാലിന്റെ കര്‍ണ്ണാനന്ദകരമായ ബാങ്ക് ഒരിക്കല്‍കൂടി കേള്‍ക്കാന്‍ ആഗ്രഹിക്കുകയും ബിലാലിനെ നിര്‍ബന്ധിക്കുകയും ചെയ്തു. അനേക കാലം മക്കയിലും മദിനയിലും ഒരിക്കല്‍ മാത്രം ബൈത്തുല്‍ മുഖദ്ദിസ്സിലും ആ ശബ്ദ മധുരിമ ഇസ്‌ലാമിക ലോകം ആസ്വദിച്ചതാണ്. അത് ഒരിക്കല്‍ കൂടി കേള്‍ക്കാന്‍ മദീന നിവാസികള്‍ ആഗ്രഹിച്ചത് സ്വാഭാവികം മാത്രം.
”ഇല്ല എനിക്കതിന് കഴിയില്ല! ബാങ്ക് മുഴുവനാക്കാന്‍ എനിക്ക് കഴിയില്ല” – ബിലാല്‍ ഒഴിഞ്ഞു മാറാന്‍ നോക്കി.
പക്ഷെ മദീനയിലെ തന്റെ സഹചരുടെയും സഹോദരങ്ങളുടെയും നിര്‍ബന്ധത്തിന് മുന്നില്‍ അധിക നേരം പിടിച്ചു നില്‍ക്കാന്‍ ബിലാലിന് കഴിഞ്ഞില്ല.
അദ്ദേഹം മസ്ജിദ്ദുന്നബവിയുടെ മിനാരത്തിലേക്ക് കയറി.
അല്ലാഹു അക്ബര്‍
അല്ലാഹു അക്ബര്‍

പണ്ടെങ്ങോ കേട്ട മധുരിത ബാങ്ക്.. ശ്രവണ സുന്ദരമായ ബിലാലിന്റെ ആ പഴയ ബാങ്കൊലി.. മദീന നിവാസികള്‍ മസ്ജിദ്ദുന്നബവിയിലേക്ക് കൂട്ടം കൂട്ടമായി ഒഴുകിയെത്തി. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആ അനുഗൃഹീത ശബ്ദം അവര്‍ കേള്‍ക്കുന്നത്.
അശ്ഹദു അന്‍
ലാഇലാഹ ഇല്ലല്ലാഹ്

ബിലാലിന്റെ ആ മാസ്മരിക ശബ്ദം കാതോര്‍ത്ത് ഭക്ത്യാദരപൂര്‍വ്വം പളളിയിലും പരിസരത്തും ജനങ്ങള്‍ കൂട്ടംകൂടി നില്‍ക്കുന്നു.
അശ്ഹദു അന്ന
മുഹമ്മദന്‍….

ബിലാല്‍ ആ പേരു ഉരുവിട്ടതും പെട്ടെന്ന് പൊട്ടിക്കരഞ്ഞുപോയി. ഹൃദയം പൊട്ടിക്കരഞ്ഞ ബിലാല്‍ മിനാരത്തില്‍ നിന്ന് താഴെ മണലിലേക്ക് വീണു. ആ ബാങ്ക് മുഴുമിപ്പിക്കാന്‍ ആ പ്രവാചക സ്‌നേഹിക്ക് കഴിഞ്ഞില്ല.
തിരുദൂതരോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത സ്‌നേഹം! ആ വിടവാങ്ങല്‍ മറക്കാന്‍ കഴിയാത്ത സങ്കടം. പിന്നീട് മറ്റാരോ ആണ് ആ ബാങ്ക് മുഴുവനാക്കിയത്.
പുണ്യ റസൂലിനോട് അനുചരന്‍മാര്‍ക്കുള്ള അനുപമമായ സ്‌നേഹത്തിന്റെ പരിഛേദമായിരുന്നു അത്. അനുയായികള്‍ ഇത്രമേല്‍ നെഞ്ചേറ്റിയ ഒരു നേതാവും ലോക ചരിത്രത്തിലില്ല. മാത്രമല്ല ആ പേര് പ്രഘോഷണം ചെയ്യാത്ത ഒരു മിനിട്ടുപോലും ഭൂമിയില്‍ കടന്നു പോകുന്നുമില്ല. അല്ലാഹു ആ പുണ്യ നേതാവിന് രക്ഷയും സമാധാനവും നല്കട്ടെ! അല്ലാഹുമ്മ സല്ലി അലാ മുഹമ്മദ്!

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x